ചോദ്യം: ഒരാള്‍ വുദുവെടുക്കുന്നതിനിടയില്‍ ഒരവയവം കഴുകാന്‍ മറന്നു. എന്താണ് ചെയ്യേണ്ടത്?


ഉത്തരം: ഒരാള്‍ വുദുവെടുക്കുന്ന സന്ദര്‍ഭത്തില്‍ ഏതെങ്കിലും അവയവം കഴുകാന്‍ മറക്കുകയും, ഉടനെ തന്നെ ഓര്‍മ്മ വരുകയും ചെയ്താല്‍, മറന്ന അവയവം മുതല്‍ വീണ്ടും വുദുവെടുക്കുക.

ഉദാഹരണത്തിന്, ഒരാള്‍ വുദുവിനിടയില്‍ തന്റെ വലതു കൈ കഴുകിയതിന് ശേഷം ഇടതു കൈ കഴുകാന്‍ മറന്നു; അയാള്‍ നേരെ തല തടവുന്നതിലേക്കാണ് പിന്നെ പ്രവേശിച്ചത്. വുദു പൂര്‍ത്തീകരിച്ചതിന് ശേഷമാണ് അയാള്‍ക്ക് ഇടത് കൈ കഴുകിയിട്ടില്ലെന്ന കാര്യം ഓര്‍മ്മ വന്നത്. അയാള്‍ ചെയ്യേണ്ടത്: തന്റെ ഇടതു കൈ കഴുകി കൊണ്ട് പിന്നീടുള്ള വുദു അവസാനം വരെ ആവര്‍ത്തിക്കലാണ്.

എന്തു കൊണ്ടാണ് കഴുകാന്‍ മറന്ന അവയവം മുതല്‍ അയാള്‍ക്ക് വുദുവെടുക്കല്‍ നിര്‍ബന്ധമായത്? കാരണം വുദുവിന്റെ സന്ദര്‍ഭത്തില്‍ തര്‍തീബ് (ക്രമം പാലിക്കുക) എന്നത് നിര്‍ബന്ധമാണ്. അല്ലാഹു -تَعَالَى- ഖുര്‍ആനില്‍ ഓര്‍മ്മപ്പെടുത്തിയ അതേ ക്രമത്തില്‍ തന്നെ വുദുവെടുക്കണമെന്നത് നിര്‍ബന്ധമാണ്.

«يَاأَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُوا بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَيْنِ»

“മുഅ്മിനീങ്ങളേ! നിങ്ങള്‍ നിസ്കാരത്തിന് ഒരുങ്ങിയാല്‍, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടുകൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണിവരെ രണ്ട് കാലുകള്‍ കഴുകുകയും ചെയ്യുക.” (മാഇദ: 6)

എന്നാല്‍ വുദുവിനിടയില്‍ ചില അവയവങ്ങള്‍ കഴുകാന്‍ മറന്ന വ്യക്തി കുറച്ചു സമയം കഴിഞ്ഞതിന് ശേഷമാണ് അക്കാര്യം ഓര്‍മ്മിച്ചതെങ്കിലോ? എങ്കില്‍ അയാള്‍ വുദു ആദ്യം മുതല്‍ വീണ്ടും ആരംഭിക്കണം. നേരത്തെ പറഞ്ഞ ഉദാഹരണം തന്നെ എടുക്കാം. ഇടതു കൈ കഴുകാന്‍ മറന്ന വ്യക്തി പിന്നീടക്കാര്യം ഓര്‍ത്തത് കുറച്ചധികം സമയം കഴിഞ്ഞാണെങ്കില്‍ അയാള്‍ വുദു വീണ്ടും ആദ്യം മുതല്‍ തന്നെ ആവര്‍ത്തിക്കണം.

എന്താണിങ്ങനെ പറയാന്‍ കാരണം? മറ്റൊന്നുമല്ല; വുദുവില്‍ ‘മുവാലാത്’ (ഇടവേള ദീര്‍ഘിപ്പിക്കാതെ തുടര്‍ച്ചയായി ചെയ്യല്‍) നിര്‍ബന്ധമാണ് എന്നത് തന്നെ. അത് വുദു ശരിയാവാനുള്ള നിബന്ധനകളില്‍ -ശ്വര്‍തുകളില്‍- ഒന്നാണ്.

ഇനി മറ്റൊരു അവസ്ഥ കൂടി നോക്കാം. ഒരാള്‍ വുദുവിനിടയില്‍ ഒരവയവം കഴുകിയിട്ടുണ്ടോ എന്ന സംശയത്തിലാണ് എന്ന് വെക്കുക. ഉദാഹരണത്തിന്, വുദു കഴിഞ്ഞപ്പോള്‍ തന്റെ ഇടതു കൈ കഴുകിയിട്ടുണ്ടോ ഇല്ലേ എന്നതില്‍ അയാള്‍ക്ക് സംശയമുണ്ടയി എന്ന് വിചാരിക്കുക. എന്താണ് അയാള്‍ ചെയ്യേണ്ടത്?

ഉത്തരം: അയാള്‍ ആ സംശയത്തെ പരിഗണിക്കേണ്ടതേയില്ല. മറിച്ച്, അയാള്‍ക്ക് ആ വുദുവില്‍ തന്നെ തുടരുകയും, അതില്‍ തന്നെ നിസ്കരിക്കുകയും ചെയ്യാവുന്നതാണ്. അതില്‍ യാതൊരു കുഴപ്പവുമില്ല.

കാരണം ഇബാദതുകളില്‍ -അവ പൂര്‍ത്തീകരിച്ചതിന് ശേഷം- വരുന്ന സംശയങ്ങള്‍ പരിഗണിക്കേണ്ടതില്ല. കാരണം, ഇത്തരം സംശയങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്ന് നാം പറഞ്ഞു കഴിഞ്ഞാല്‍ ‘വസ്വാസിന്റെ’ ഒരു വലിയ വാതില്‍ തന്നെ ജനങ്ങള്‍ അതിലൂടെ ഉണ്ടാക്കി കളയും. എല്ലാ മനുഷ്യരും അതോടെ സംശയത്തിന്റെ പിടിയിലാകും.

ഈ നിയമം അല്ലാഹുവിന്റെ കാരുണ്യത്തില്‍ പെട്ടതാണ്. ഇബാദത് പൂര്‍ത്തീകരിച്ച് കഴിഞ്ഞാല്‍ പിന്നീട് അതില്‍ വരുന്ന സംശയങ്ങളെ പരിഗണിക്കേണ്ടതില്ല. എന്നാല്‍, ഇബാദതില്‍ എന്തെങ്കിലും പിഴവുണ്ടായിട്ടുണ്ട് എന്ന് ഉറപ്പുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ വേണ്ടത് ചെയ്യേണ്ടതുമുണ്ട്.

(മജ്മൂഉ ഫതാവ ഇബ്നി ഉഥൈമീന്‍: 11/143)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment