ലൈംഗികതയെ കുറിച്ച് ചിന്തിക്കുകയോ, ലൈംഗികബന്ധം ഉദ്ദേശിക്കുകയോ ചെയ്യുമ്പോൾ ഗുഹ്യസ്ഥാനത്ത് നിന്ന് പുറപ്പെടുന്ന, പശിമയുള്ള, വെള്ള നിറത്തിലുള്ള ദ്രാവകമാണ് മദ്‌യ്. മനിയ്യ് (ശുക്ളം) പുറപ്പെടുമ്പോൾ ഉണ്ടാകാറുള്ളതു പോലെ ആസ്വാദനമോ രതിമൂർച്ചയോ മദ്‌യ് പുറപ്പെടുമ്പോൾ ഉണ്ടായിക്കൊള്ളണമെന്നില്ല. മനിയ്യ് പുറപ്പെട്ടാൽ ശേഷം ക്ഷീണവും തളർച്ചയും ഉണ്ടാകാറുണ്ടെങ്കിൽ മദ്‌യ് പുറപ്പെട്ട ശേഷം അതുണ്ടാകുന്നതല്ല. ചിലപ്പോൾ മദ്‌യ് പുറത്തു പോകുന്നത് അറിഞ്ഞു കൊള്ളണമെന്ന് തന്നെയില്ല. പുരുഷനും സ്ത്രീക്കും മദ്‌യ് ഉണ്ടാകാമെങ്കിലും സ്ത്രീകളിലാണ് മദ്‌യ് കൂടുതലായി ഉണ്ടാവുക. [1]

മദ്‌യ് വന്നാൽ നിർബന്ധമായും ശുദ്ധീകരിക്കണം. ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം അതാണ്. മാലികീ, ശാഫിഈ, ഹമ്പലീ മദ്‌ഹബുകളുടെ അഭിപ്രായവും ഇപ്രകാരമാണ്. [2] അലി -رَضِيَ اللَّهُ عَنْهُ- നിവേദനം ചെയ്ത ഹദീഥാണ് ഈ വിഷയത്തിലെ തെളിവ്.

عَنْ عَلِيٍّ قَالَ: كُنْتُ رَجُلًا مَذَّاءً فَأَمَرْتُ رَجُلًا أَنْ يَسْأَلَ النَّبِيَّ -ﷺ- لِمَكَانِ ابْنَتِهِ، فَسَأَلَ فَقَالَ: «تَوَضَّأْ وَاغْسِلْ ذَكَرَكَ»

അലി -رَضِيَ اللَّهُ عَنْهُ- പറയുന്നു: ഞാൻ ധാരാളമായി മദ്‌യ് വന്നിരുന്ന വ്യക്തിയായിരുന്നു. നബി -ﷺ- യുടെ മകളുടെ സ്ഥാനം കാരണത്താൽ അവിടുത്തോട് ഇക്കാര്യത്തെ കുറിച്ച് ചോദിക്കാൻ ഞാനൊരാളെ ഏൽപ്പിച്ചു. [3] അദ്ദേഹം ചോദിച്ചപ്പോൾ നബി -ﷺ- പറഞ്ഞു: “നീ വുദു എടുക്കുകയും, നിന്റെ ലൈംഗികാവയവം കഴുകുകയും ചെയ്യുക.” (ബുഖാരി: 269, മുസ്‌ലിം: 303)

ഈ ഹദീഥിൽ ലൈംഗികാവയവം കഴുകാൻ നബി -ﷺ- കൽപ്പിച്ചിരിക്കുന്നു. മദ്‌യ് പുറത്തു വന്ന ഭാഗവും, അവിടെ നിന്ന് മദ്‌യ് പരന്നിട്ടുള്ള ഭാഗങ്ങളും നിർബന്ധമായും കഴുകണം എന്ന് ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം. ഇക്കാര്യത്തിൽ പണ്ഡിതന്മാർക്ക് അഭിപ്രായവ്യത്യാസമില്ല.

എന്നാൽ മദ്‌യ് പുറത്തു വന്ന ഭാഗവും, മദ്‌യ് പരന്ന ഭാഗവും കഴുകുന്നതിനൊപ്പം ലൈംഗികാവയവം മുഴുവനായും കഴുകുകയും, വൃഷ്ണസഞ്ചികളടക്കം മുഴുവനായി വെള്ളമൊഴിച്ചു ശുദ്ധീകരിക്കുകയും ചെയ്യുക എന്നത് നിർബന്ധമാണോ എന്നതിൽ അഭിപ്രായവ്യത്യാസമുണ്ട്. ബഹുഭൂരിപക്ഷവും അത് വേണ്ടതില്ല എന്ന് അഭിപ്രായപ്പെട്ടവരാണ്.

എന്നാൽ മദ്‌യ് വന്നാൽ ലൈംഗികാവയവം മുഴുവനായും കഴുകണമെന്നും, വൃഷ്ണസഞ്ചിയടക്കം ശുദ്ധീകരിക്കണമെന്നും അഭിപ്രായപ്പെട്ട ഒരു വിഭാഗം പണ്ഡിതന്മാരുമുണ്ട്. ഇമാ മാലിക്, ഇമാം അഹ്മദ് എന്നിവരിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട അഭിപ്രായങ്ങളിൽ ഒന്ന് ഇപ്രകാരമാണ്. [4] ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ [5], ശൈഖ് ഇബ്‌നു ബാസ് [6], ശൈഖ് ഇബ്‌നു ഉഥൈമീൻ [7] തുടങ്ങിയവർ ശരിയായി സ്വീകരിച്ച അഭിപ്രായവും, ലജ്നതുദ്ദാഇമയുടെ ഫത്‌വയും [8] ഇപ്രകാരമാണ്.

عَنْ عَلِيِّ بْنِ أَبِي طَالِبٍ: قَالَ لِلْمِقْدَادِ … فَقَالَ رَسُولُ اللَّهِ -ﷺ-: «لِيَغْسِلْ ذَكَرَهُ وَأُنْثَيَيْهِ»

അലി -رَضِيَ اللَّهُ عَنْهُ- വിൻ്റേതായി മേലെ നൽകിയ ഹദീഥിന്റെ നിവേദനങ്ങളിൽ ഒന്ന് ഈ അഭിപ്രായത്തെ പിന്താങ്ങുന്നു. പ്രസ്തുത ഹദീഥിൽ നബി -ﷺ- പറഞ്ഞു: “(മദ്‌യ് വന്നാൽ) അയാൾ തന്റെ ലൈംഗികാവയവും തന്റെ വൃഷ്ടസഞ്ചികളും കഴുകട്ടെ.” (അബൂദാവൂദ്: 208, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി.)

عَنْ عَبْدِ اللَّهِ بْنِ سَعْدٍ الْأَنْصَارِيِّ قَالَ: سَأَلْتُ رَسُولَ اللَّهِ -ﷺ- … عَنِ المَاءِ يَكُونَ بَعْدَ الْمَاءِ، فَقَالَ: «ذَاكَ الْمَذْيُ، وَكُلُّ فَحْلٍ يَمْذِي، فَتَغْسِلُ مِنْ ذَلِك فَرْجَكَ وَأُنْثَيَيْكَ، وَتَوَضَّأْ وُضُوءَكَ لِلصَّلَاةِ»

അബ്ദുല്ലാഹി ബ്നു സഅ്ദ് അൽ അൻസ്വാരി -رَضِيَ اللَّهُ عَنْهُ- വിന്റെ ഹദീഥും ഈ വിഷയത്തിൽ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: ഞാൻ നബി -ﷺ- യോട് തുടരെത്തുടരെ വരുന്ന വെള്ളത്തെ കുറിച്ച് ചോദിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു: “അത് മദ്‌യാണ്. എല്ലാ പുരുഷന്മാർക്കും മദ്‌യ് ഉണ്ടാകുന്നതാണ്. [9] അങ്ങനെ വന്നാൽ നിന്റെ ലൈംഗികാവയവവും വൃഷ്ണങ്ങളും കഴുകുക. അതോടൊപ്പം നിസ്കാരത്തിന് വേണ്ടി ചെയ്യുന്നത് പോലെ വുദു എടുക്കുകയും ചെയ്യുക.” (അബൂദാവൂദ്: 211, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി.)

[1]  شرح مسلم للنووي: 3/213.

[2]  المالكية: منح الجليل لعليش: 1/105، وينظر: التمهيد لابن عبدِ البَرِّ: 21/205، الذخيرة للقرافي: 1/206.

الشافعية: المجموع للنووي: 2/127، مغني المحتاج للشربيني: 1/43.

الحنابلة: كشاف القناع للبهوتي: 1/70، وينظر: المغني لابن قدامة: 1/111.

[3] നബി -ﷺ- യുടെ മകൾ ഫാത്വിമ -رَضِيَ اللَّهُ عَنْهَا- യെ ആയിരുന്നല്ലോ അലി -رَضِيَ اللَّهُ عَنْهُ- വിവാഹം ചെയ്തിരുന്നത്. തന്റെ പത്‌നിയുടെ പിതാവിനോട് ലജ്ജാകരമായ ഒരു കാര്യം ചോദിക്കാൻ അദ്ദേഹം മടിച്ചുവെന്നാണ് ഉദ്ദേശം.

[4]  فتح الباري لابن رجب: 1/304.

[5]  شرح العمدة لابن تيمية: 1/103.

[6]  فتاوى الشيخ ابن باز : 17/58.

[7]  تعليقات ابن عثيمين على الكافي.

[8]  فتاوى اللجنة الدائمة: 5/382.

[9]  പുരുഷന്മാർക്ക് മാത്രമേ മദ്‌യ് ഉണ്ടാകൂ എന്ന് ഈ ഹദീഥ് അറിയിക്കുന്നില്ല. (ബദ്‌ലുൽ മജ്‌ഹൂദ്: 2/168)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: