വെള്ളം

എപ്പോഴാണ് വെള്ളം ‘നജിസ്’ ആവുക?

മാലിന്യങ്ങൾ ശുദ്ധീകരിക്കാൻ കഴിവുള്ളതാണ് വെള്ളം. എന്നാല്‍, വെള്ളത്തില്‍ എന്തെങ്കിലും നജിസായ വസ്തു വീഴുകയും, വെള്ളത്തിന്‍റെ നിറം, മണം, രുചി എന്നീ മൂന്ന് ഗുണങ്ങളിലേതെങ്കിലും ഒന്നിന് നജിസ് കാരണത്താല്‍ മാറ്റമുണ്ടാവുകയും ചെയ്താല്‍ ആ വെള്ളവും നജിസാകും. പിന്നെ അതു കൊണ്ട് ശുദ്ധീകരിക്കാന്‍ പാടില്ല.

മൂന്ന് കാര്യങ്ങളാണ് മേലെ പറഞ്ഞത്. ഒന്ന്: മണം. രണ്ട്: നിറം. മൂന്ന്: രുചി.

ഇവയിലേതെങ്കിലും ഒന്നിന് ‘നജിസ്’ കൊണ്ട് മാറ്റം സംഭവിച്ചാല്‍ വെള്ളവും നജിസാകും.

ഈ പറഞ്ഞതിൽ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്ന്: ഈ പറഞ്ഞ മൂന്ന് കാര്യങ്ങൾക്കും -നിറത്തിനും മണത്തിനും രുചിക്കും- ഒരു പോലെ മാറ്റം സംഭവിക്കേണ്ടതില്ല. മറിച്ച് ഏതെങ്കിലും ഒരു കാര്യത്തിന് മാറ്റം സംഭവിച്ചാൽ തന്നെ അത് നജസായിത്തീരും. രണ്ട്: മാറ്റം സംഭവിക്കുന്നത് നജസ് കൊണ്ട് തന്നെയായിരിക്കണം. അല്ലാതെ മറ്റെന്തെങ്കിലും ‘നജിസ്’ കൊണ്ട് ഈ മാറ്റങ്ങൾ ഉണ്ടായാൽ അത് വെള്ളത്തിൻ്റെ ശുദ്ധിക്ക് കോട്ടം വരുത്തുകയില്ല.

ഉദാഹരണത്തിന്; ഒരു ബക്കറ്റ് വെള്ളത്തില്‍ മൂത്രത്തിൻ്റെ തുള്ളി തെറിച്ചു എന്ന് വിചാരിക്കുക. എന്നാല്‍, മൂത്രമായത് കൊണ്ട് വെള്ളത്തിന്‍റെ നിറത്തിനോ, മണത്തിനോ, രുചിക്കോ ഒരു മാറ്റവും സംഭവിച്ചിട്ടില്ലെങ്കില്‍ ആ വെള്ളം ഇപ്പോഴും ശുദ്ധിയുള്ളതാണ്. എന്നാല്‍, വെള്ളത്തിന് മൂത്രത്തിന്‍റെ മണമോ രുചിയോ നിറമോ വന്നാലോ; അപ്പോള്‍ വെള്ളവും ‘നജിസായി’ എന്ന് മനസ്സിലാക്കാം.

എന്നാല്‍, വെള്ളത്തില്‍ ശുദ്ധിയുള്ള എന്തെങ്കിലും വസ്തു വീണത് കാരണത്താല്‍ ഈ മൂന്ന് ഗുണങ്ങള്‍ക്കും മാറ്റം വന്നാലോ? ഉദാഹരണത്തിന്, വെള്ളത്തില്‍ മഷിയോ മറ്റോ ആയി എന്ന് വിചാരിക്കുക; മഷി ശുദ്ധിയുള്ളതാണ്. അതു കലര്‍ന്നത് കാരണത്താല്‍ വെള്ളത്തിന്‍റെ നിറം മാറിയെന്നത് കൊണ്ട് വെള്ളം നജിസാകില്ല. കാരണം, വെള്ളത്തില്‍ വീണിരിക്കുന്നത് ശുദ്ധിയുള്ള വസ്തുവാണ് എന്നത് തന്നെ.

മറ്റൊരു ഉദാഹരണം കുളത്തിലും മറ്റുമൊക്കെ കാണുന്ന വെള്ളമാണ്. സൂര്യ രഷ്മികള്‍ നിരന്തരമായി പതിക്കുന്നത് കാരണം ഇത്തരം സ്ഥലങ്ങളിലെ വെള്ളത്തിന് പച്ച നിറം വന്നേക്കാം. എന്നാല്‍ ഈ നിറം മാറ്റം കാരണം വെള്ളം നജിസാകില്ല; കാരണം മേലെ പറഞ്ഞത് തന്നെ. നജസ് കൊണ്ടല്ല അതിന് മാറ്റം സംഭവിച്ചിട്ടുള്ളത്.

മേലെ പറഞ്ഞ നിയമം എല്ലാ വെള്ളത്തിനും ബാധകമാണ്. അത് കുറച്ചു വെള്ളമാകട്ടെ, കൂടുതൽ വെള്ളമാകട്ടെ. രണ്ട് ഖുല്ലത്തില്‍ കൂടുതലോ, കുറവോ ആകട്ടെ. നബി -ﷺ- യുടെ ഹദീഥാണ് അതിനുള്ള തെളിവ്. അവിടുന്ന് പറഞ്ഞു:

إِنَّ المَاءَ طَهُورٌ لَا يُنَجِّسُهُ شَيْءٌ»

“തീര്‍ച്ചയായും വെള്ളം ‘ത്വഹൂര്‍’ ആണ്; അതിനെ ഒന്നും നജിസാക്കുകയില്ല.” (അബൂദാവൂദ്: 66, തിര്‍മിദി: 66, അല്‍ബാനി സ്വഹീഹ് എന്ന് വിലയിരുത്തി)

രണ്ട് ഖുല്ലത്തിൽ താഴെയുള്ള വെള്ളത്തിൽ നജസ് വീണാൽ അതോടെ തന്നെ അത് അശുദ്ധിയാകും എന്ന അഭിപ്രായം ചില പണ്ഡിതന്മാർക്കുണ്ട്. ഉദാഹരണത്തിന് രണ്ട് ഖുല്ലത്തിൽ താഴെയുള്ള വെള്ളത്തിൽ -അത് ഒരു ടാങ്ക് വെള്ളമുണ്ടെങ്കിലും- അതിൽ ഒരു തുള്ളി മൂത്രം വീണാലും അതോടെ ആ വെള്ളം നജിസാകും എന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. എന്നാൽ ഈ അഭിപ്രായമല്ല; മറിച്ച് മേലെ പറഞ്ഞ അഭിപ്രായമാണ് ശരിയോട് അടുത്തു നിൽക്കുന്നത് എന്നാണ് മനസ്സിലാകുന്നത്.

ഇമാം മാലികിൻ്റെ മദ്‌ഹബും, ഇമാം അഹ്മദിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു അഭിപ്രായവും ഇപ്രകാരമാണ്. ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ, ഇബ്നുൽ ഖയ്യിം, ശൈഖ് ഇബ്നു ബാസ്, ശൈഖ് ഇബ്നു ഉസൈമീൻ തുടങ്ങിയവരുടെ അഭിപ്രായവും ഇപ്രകാരമാണ്. ലജ്നതുദ്ദാഇമയുടെ ഫത്‌വയും ഇതിന് യോജിച്ചു കൊണ്ട് തന്നെ.

എന്നാൽ വെള്ളം വളരെ കുറച്ചേ ഉള്ളുവെങ്കിൽ -അതിൽ കുറഞ്ഞ രൂപത്തിൽ നജസ് വീണാലും- സൂക്ഷ്മതക്ക് വേണ്ടി അത്തരം വെള്ളം ശുദ്ധീകരണത്തിന് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. മറിച്ച്, ആ വെള്ളം ചെടികൾ നനക്കാനോ തറ വൃത്തിയാക്കാനോ മറ്റോ അവന് ഉപയോഗപ്പെടുത്താവുന്നതാണ്.  വല്ലാഹു അഅ്ലം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: