ചെറിയ അശുദ്ധിയിൽ നിന്ന് വുദു എടുത്തു കൊണ്ട് ശുദ്ധിയാകാനും, വലിയ അശുദ്ധിയിൽ നിന്ന് കുളിച്ച് ശുദ്ധിയാകാനും വെള്ളം അനിവാര്യമാണല്ലോ? എന്നാൽ ഏതെല്ലാം വെള്ളം കൊണ്ടാണ് വുദു എടുക്കാനും കുളിക്കാനും കഴിയുക എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ രണ്ട് പ്രബലമായ അഭിപ്രായങ്ങളുണ്ട്.

ഒന്ന്: ത്വഹൂർ (المَاءُ الطَّهُورُ), ത്വാഹിർ (المَاءُ الطَّاهِرُ), നജിസ് (المَاءُ النَّجِسُ) എന്നിങ്ങനെ മൂന്ന് രൂപത്തിൽ വെള്ളം തരംതിരിക്കാം. നാല് മദ്‌ഹബുകളുടെയും പൊതുവെയുള്ള അഭിപ്രായം ഇതാണ്. [1]

ത്വഹൂർ എന്നാൽ ശുദ്ധീകരിക്കാൻ ഉപയോഗിക്കാവുന്ന വെള്ളം; ഉദാഹരണത്തിന് മഴവെള്ളം. ത്വാഹിർ എന്നാൽ സ്വയം ശുദ്ധിയുള്ളതാണെങ്കിലും, വുദുവെടുക്കാനോ കുളിക്കാനോ ഉപയോഗിക്കാൻ സാധ്യമല്ലാത്ത വെള്ളം; പാൽവെള്ളമോ സുർക്കയിലെ വെള്ളമോ ഉദാഹരണം. നജിസ് എന്നാൽ മലിനമായ, ശുദ്ധീകരിക്കാൻ ഉപയോഗിക്കുക സാധ്യമല്ലാത്ത വെള്ളം.

ഇപ്രകാരം വെള്ളം മൂന്ന് ഇനങ്ങളുണ്ട് എന്ന് തരംതിരിക്കാനുള്ള തെളിവുകളിൽ ഒന്ന് അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- വിന്റെ പ്രസിദ്ധമായ ഹദീഥാണ്.

عَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ-: أَنَّ النَّبيَّ -ﷺ- سُئِلَ عَنْ مَاءِ البَحْرِ، فَقَالَ: «هُوَ الطَّهُورُ مَاؤُهُ»

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യോട് സമുദ്രത്തിലെ വെള്ളത്തെ കുറിച്ച് ചോദിക്കപ്പെട്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു: “അതിലെ വെള്ളം; അത് ത്വഹൂറാണ്.” (അബൂദാവൂദ്: 83, തിർമിദി: 69, ഇബ്‌നു മാജഃ: 386, നസാഈ: 59, അഹ്മദ്: 8720, ഹദീഥിന്റെ സനദുകളിൽ വ്യത്യസ്ത ചർച്ചകളുണ്ടെങ്കിലും പണ്ഡിതന്മാർ പൊതുവെ സ്വീകാര്യതയോടെ നിവേദനം ചെയ്ത ഹദീഥുകളിലൊന്നാണിത് എന്ന് ഇബ്‌നു അബ്ദിൽ ബർറ് -رَحِمَهُ اللَّهُ- പറഞ്ഞിട്ടുണ്ട്. (തംഹീദ്: 16/217))

ഈ ഹദീഥിനെ അടിസ്ഥാനപ്പെടുത്തി കൊണ്ട് ചിലർ പറഞ്ഞു: സമുദ്രത്തിലെ വെള്ളം നജിസല്ല; ശുദ്ധിയുള്ളതാണ് എന്ന കാര്യം സ്വഹാബികൾക്ക് അറിയാമായിരുന്നു എന്നതിൽ സംശയമില്ല. സമുദ്രവെള്ളം വുദു എടുക്കാൻ സാധിക്കുന്ന ത്വഹൂറാണോ, സാധ്യമല്ലാത്ത ത്വാഹിറാണോ എന്ന് അറിയുന്നതിന് വേണ്ടിയാണ് അവർ നബി -ﷺ- യോട് ഇപ്രകാരം ചോദിച്ചത്. അതിൽ നിന്ന് വെള്ളം ത്വഹൂറും നജിസും എന്നതിനൊപ്പം ത്വാഹിർ എന്ന ഇനം കൂടി ഉണ്ട് എന്ന് മനസ്സിലാക്കാം. [2]

ഇതല്ലാതെയും മറ്റു ചില തെളിവുകൾ ഈ അഭിപ്രായം പറഞ്ഞവർക്കുണ്ട്. അവ കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ വിശദീകരിക്കപ്പെട്ടതായി കാണാം.

രണ്ട്: ത്വഹൂർ (المَاءُ الطَّهُورُ), നജിസ് (المَاءُ النَّجِسُ) എന്നിങ്ങനെ രണ്ട് രൂപത്തിൽ വെള്ളം തരംതിരിക്കാം. ഹനഫികളിൽ ചിലരുടെ അഭിപ്രായം ഇപ്രകാരമാണ്. ഇബ്‌നു തൈമിയ്യഃ, ഇബ്‌നു ബാസ്, ഇബ്‌നു ഉസൈമീൻ തുടങ്ങിയവർ സ്വീകരിച്ച അഭിപ്രായം ഇതാണ്. [3]

ഖുർആനിലും ഹദീഥിലും ശുദ്ധീകരിക്കാനുള്ള വെള്ളത്തെ കുറിച്ച് നിരുപാധികമായി വെള്ളം (المَاءُ المُطْلَقُ) എന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിച്ചിട്ടില്ല. അതിൽ ശുദ്ധീകരിക്കാവുന്നതും അല്ലാത്തതുമുണ്ടെന്ന് ഖുർആനോ സുന്നത്തോ അറിയിക്കുന്നില്ല. അതിനാൽ നിരുപാധികമായി വെള്ളം എന്ന് ഏതൊന്നിനെ കുറിച്ച് പറയാമോ, അതെല്ലാം ത്വഹൂറാണ്.

വെള്ളത്തിൽ ശുദ്ധിയുള്ള ഇലകളോ പാനീയമോ മറ്റെന്തെങ്കിലും വീഴുകയും, അതിന്റെ നിറത്തിനോ മണത്തിനോ മറ്റോ വ്യത്യാസം വരികയും ചെയ്താലും -വെള്ളം എന്ന് അതിനെ കുറിച്ച് പറയാവുന്നിടത്തോളം- അത് ത്വഹൂർ തന്നെയാണ്. ഉദാഹരണത്തിന് കിണറ്റിലെ വെള്ളത്തിൽ ഇലകൾ വീണത് കാരണത്താൽ അതിന്റെ നിറം മാറിയാലും വെള്ളം എന്ന് വിളിക്കാവുന്ന രൂപത്തിലാണ് അതുള്ളത് എങ്കിൽ ശുദ്ധീകരിക്കാൻ അത് ഉപയോഗപ്പെടുത്താം. [4]

എന്നാൽ വെള്ളത്തിൽ ശുദ്ധിയുള്ള എന്തെങ്കിലും കൂടിക്കലർന്നത് കാരണത്താൽ അതിന്റെ രൂപം മാറുകയും, വെള്ളം എന്ന പേര് അതിന് നഷ്ടപ്പെടുകയും ചെയ്തുവെന്നാണെങ്കിൽ അത് കൊണ്ട് ശുദ്ധീകരിക്കാനാവില്ല. എന്നാൽ അതിനെ വെള്ളം എന്ന് വിളിക്കാൻ പറ്റില്ലെന്നത് കൊണ്ട് വെള്ളത്തിന്റെ ഇനങ്ങളിൽ അതിനെ ഉൾപ്പെടുത്തേണ്ടതുമില്ല. ഉദാഹരണത്തിന് കുറച്ച് വെള്ളം പാലിൽ കലക്കിയാൽ പിന്നെ അതിനെ വിളിക്കുക പാൽ എന്നാണ്; വെള്ളമെന്നല്ല. അതു കൊണ്ട് ശുദ്ധീകരിക്കാൻ കഴിയുമോ എന്ന ചർച്ചക്കേ പ്രസക്തിയില്ല; കാരണം അത് വെള്ളത്തിൽ ഉൾപ്പെടുന്നില്ല. [5] ഇപ്രകാരം ഈ ചർച്ചയുടെ വിശദാംശങ്ങൾ ഫിഖ്‌ഹിന്റെ ഗ്രന്ഥങ്ങളിൽ സുവിസ്തരം രേഖപ്പെടുത്തപ്പെട്ടതായി കാണാം.

ഇത്രയും ചുരുക്കി പറയാം: ശുദ്ധീകരിക്കാവുന്ന വെള്ളവും, ശുദ്ധീകരിക്കാൻ കഴിയാത്ത വെള്ളവുമുണ്ട്. ത്വഹൂർ ശുദ്ധീകരിക്കാൻ ഉപയോഗിക്കാവുന്ന വെള്ളമാണ് എന്നതിൽ അഭിപ്രായവ്യത്യാസമില്ല. നജിസ് ശുദ്ധീകരിക്കാൻ കഴിയാത്ത വെള്ളവും. ഇതിനിടയിൽ ത്വാഹിറായ വെള്ളം ഉണ്ടോ എന്നതിൽ അഭിപ്രായവ്യത്യാസമുണ്ട്. സ്വയം ശുദ്ധിയുണ്ടെങ്കിലും ശുദ്ധീകരിക്കാൻ കഴിയാത്ത വെള്ളമാണ് ത്വാഹിർ. വല്ലാഹു അഅ്ലം.

[1]  الحنفية: حاشية الطحطاوي على مراقي الفلاح: ص 17، وينظر: بدائع الصنائع للكاساني: 1/67.

المالكية: الكافي لابن عبدِ البَرِّ: 1/155، مواهب الجليل للحطَّاب 1/82.

الشافعية: المجموع للنووي: 1/80.

الحنابلة: كشاف القناع للبُهوتي: 1/24.

[2]  المجموع للنووي: 1/85.

[3]  ابن تيميَّة: مجموع الفتاوى: 19/236، ابن باز: مجموع فتاوى ابن باز: 10/14، ابن عثيمين: مجموع فتاوى ورسائل العثيمين: 11/86.

[4]  مجموع الفتاوى: 19/236.

[5] مجموع فتاوى ابن باز: 10/14.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: