വെള്ളം

കിണറ്റിൽ ജീവികൾ ചത്തു പൊങ്ങിയാൽ അത് ശുദ്ധീകരിക്കേണ്ടത് എങ്ങനെ?

കിണറ്റിൽ ജീവികൾ ചത്തു പൊങ്ങിയാൽ വെള്ളത്തിൻ്റെ നിറത്തിനോ മണത്തിനോ രുചിക്കോ അത് കൊണ്ട് വല്ല മാറ്റവും സംഭവിച്ചിട്ടുണ്ടൊ എന്ന് പരിശോധിക്കണം. നജസ് കൊണ്ട് അതിന് പ്രത്യേകിച്ച് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെങ്കിൽ ആ വെള്ളം ശുദ്ധിയുള്ളതാണ്. അത് ശുദ്ധീകരിക്കാൻ പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യേണ്ടതില്ല. ഈ പറഞ്ഞത് എല്ലാ ജീവികൾക്കും -എലി, നായ, പൂച്ച പോലുള്ളവക്കെല്ലാം- ബാധകമാണ്.

عَنْ أَبِى سَعِيدٍ الْخُدْرِىِّ قَالَ: سَمِعْتُ رَسُولَ اللَّهِ -ﷺ- وَهُوَ يُقَالُ لَهُ: إِنَّهُ يُسْتَقَى لَكَ مِنْ بِئْرِ بُضَاعَةَ، وَهِىَ بِئْرٌ يُلْقَى فِيهَا لُحُومُ الْكِلاَبِ وَالْمَحَايِضُ وَعَذِرُ النَّاسِ، قَالَ رَسُولُ اللَّهِ -ﷺ-: «إِنَّ الْمَاءَ طَهُورٌ لاَ يُنَجِّسُهُ شَىْءٌ»

നബി -ﷺ- യുടെ കാലത്ത് ഉണ്ടായിരുന്ന ‘ബുദ്വാഅ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു കിണറ്റിൽ പലതരം നജസുകൾ -നായയുടെ ചത്ത ശരീരവും വൃത്തികേടുകളും മറ്റുമെല്ലാം- വന്നുവീഴാറുണ്ടായിരുന്നു. അതിൽ നിന്ന് ഞങ്ങൾ വുദ്വു എടുത്തു കൊള്ളട്ടെ? എന്ന് ചോദിക്കപ്പെട്ടപ്പോൾ നബി -ﷺ- പറഞ്ഞു: “തീർച്ചയായും വെള്ളം ശുദ്ധീകരിക്കാൻ കഴിവുള്ളതാണ്. അതിനെ ഒന്നും നജസാക്കുകയില്ല.” (തിർമിദി: 66)

എന്നാൽ കിണറ്റിലെ വെള്ളത്തിന് നജസ് കാരണത്താൽ മാറ്റം സംഭവിച്ചിട്ടുണ്ട് എങ്കിൽ വെള്ളം ശുദ്ധീകരിക്കേണ്ടതുണ്ട്. കിണറ്റിലെ വെള്ളം ശുദ്ധീകരിക്കാൻ വ്യത്യസ്ത വഴികളുണ്ട്. നജസിൻ്റെ മണവും രുചിയും നിറവുമെല്ലാം നീങ്ങുന്ന രൂപത്തിൽ കിണറ്റിലെ വെള്ളം അധികരിപ്പിക്കുന്നത് ഒരു വഴിയാണ്. ഉറവ ധാരാളമുള്ള വെള്ളമാണെങ്കിൽ കിണറ്റിൽ -കുറച്ച് സമയമോ ദിവസമോ കഴിഞ്ഞാൽ- വെള്ളം സ്വയം തന്നെ അധികരിക്കുകയും, അങ്ങനെ നജസിൻ്റെ അടയാളങ്ങൾ സ്വയം നീങ്ങിപ്പോവുകയും ചെയ്താൽ അതിലൂടെയും വെള്ളം ശുദ്ധിയാകും.

കിണറ്റിലെ വെള്ളത്തിലെ നജസിൻ്റെ അടയാളങ്ങൾ നീങ്ങിപ്പോകുന്നത് വരെ വെള്ളം പുറത്തേക്ക് എടുത്തു കളയുകയുമാകാം. അതുമല്ലെങ്കിൽ കിണറ്റിലെ വെള്ളം മുഴുവൻ പുറത്തെടുത്ത് കിണർ ശുദ്ധീകരിക്കാം. (അവലംബം: അൽ-മസാഇൽ വൽ അജ്‌വിബ/ഇബ്നു തൈമിയ്യ: 133) വെള്ളം ശുദ്ധീകരിക്കാനുള്ള ആധുനിക വഴികളും ഉപയോഗപ്പെടുത്താവുന്നതാണ്. ക്ലോറിൻ, ബ്ലീച്ചിംഗ് പൗഡർ പോലുള്ളവ ഉപയോഗിക്കാം. ചുരുക്കത്തിൽ വെള്ളം ശുദ്ധമാകുന്നുണ്ടോ എന്നതാണ് ശ്രദ്ധിക്കേണ്ടത്. അതിന് അനുവദനീയമായ മാർഗങ്ങൾ ഏതും ഉപയോഗപ്പെടുത്താം. വല്ലാഹു അഅ്ലം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: