വെള്ളം

എലി, കോഴി പോലുള്ള ജീവികൾ ചത്തുപൊങ്ങിയ വെള്ളം എന്തു ചെയ്യണം?

വെള്ളത്തിൽ എലിയോ പൂച്ചയോ പോലുള്ള ജീവികൾ ചത്തു പൊങ്ങിയാൽ അവയെ ഉടൻ തന്നെ വെള്ളത്തിൽ നിന്ന് എടുത്തു മാറ്റണം. കാരണം കൂടുതൽ സമയം വെള്ളത്തിൽ കിടന്നാൽ അവ അതിൽ കിടന്ന് ചീഞ്ഞളിയാനും, അങ്ങനെ വെള്ളത്തിന് നജസിലൂടെ മാറ്റം സംഭവിക്കാനും സാധ്യതയുണ്ട്.

ഇത്തരം ജീവികൾ വെള്ളത്തിൽ ചത്തു പൊങ്ങുകയും, അവയെ വെള്ളത്തിൽ നിന്ന് നീക്കുന്നതിന് മുൻപായി വെള്ളത്തിൻ്റെ നിറത്തിനോ മണത്തിനോ രുചിക്കോ മാറ്റമുണ്ടായിട്ടുണ്ടെങ്കിൽ ആ വെള്ളം നജസായിട്ടുണ്ട്. അത് ശുദ്ധീകരണത്തിന് ഉപയോഗിക്കാൻ പാടില്ല. എന്നാൽ വെള്ളത്തിന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെങ്കിൽ ആ വെള്ളം ശുദ്ധിയുള്ളതാണ്; അത് കൊണ്ട് വുദ്വുവെടുക്കുകയോ ജനാബത്തിൽ നിന്ന് കുളിക്കുകയോ മറ്റ് ആവശ്യങ്ങൾ നിർവ്വഹിക്കുകയോ ചെയ്യാം.

عَنْ أَبِى سَعِيدٍ الْخُدْرِىِّ قَالَ: سَمِعْتُ رَسُولَ اللَّهِ -ﷺ- وَهُوَ يُقَالُ لَهُ: إِنَّهُ يُسْتَقَى لَكَ مِنْ بِئْرِ بُضَاعَةَ، وَهِىَ بِئْرٌ يُلْقَى فِيهَا لُحُومُ الْكِلاَبِ وَالْمَحَايِضُ وَعَذِرُ النَّاسِ، قَالَ رَسُولُ اللَّهِ -ﷺ-: «إِنَّ الْمَاءَ طَهُورٌ لاَ يُنَجِّسُهُ شَىْءٌ»

നബി -ﷺ- യുടെ കാലത്ത് ഉണ്ടായിരുന്ന ‘ബുദ്വാഅ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു കിണറ്റിൽ പലതരം നജസുകൾ -നായയുടെ ചത്ത ശരീരവും വൃത്തികേടുകളും മറ്റുമെല്ലാം- വന്നുവീഴാറുണ്ടായിരുന്നു. അതിൽ നിന്ന് ഞങ്ങൾ വുദ്വു എടുത്തു കൊള്ളട്ടെ? എന്ന് ചോദിക്കപ്പെട്ടപ്പോൾ നബി -ﷺ- പറഞ്ഞു: “തീർച്ചയായും വെള്ളം ശുദ്ധീകരിക്കാൻ കഴിവുള്ളതാണ്. അതിനെ ഒന്നും നജസാക്കുകയില്ല.” (തിർമിദി: 66)

ഈ ഹദീഥിൽ നിന്ന് നജസ് വെള്ളത്തിൽ വീഴുകയും, അത് കാരണത്താൽ വെള്ളത്തിൻ്റെ നിറത്തിനോ മണത്തിനോ രുചിക്കോ മാറ്റം സംഭവിക്കുകയും ചെയ്തിട്ടില്ലെങ്കിൽ ആ വെള്ളം ശുദ്ധീകരണത്തിന് ഉപയോഗിക്കാവുന്നതാണ് എന്ന് മനസ്സിലാക്കാൻ സാധിക്കും. വെള്ളം എത്ര കുറവാണെങ്കിലും കൂടുതലാണെങ്കിലും ഈ നിയമത്തിൽ മാറ്റമില്ല. എന്നാൽ വെള്ളത്തിൽ നജസ് വീഴുകയും, അത് കൊണ്ട് വെള്ളത്തിൻ്റെ നിറത്തിനോ മണത്തിനോ രുചിക്കോ മാറ്റം സംഭവിക്കുകയും ചെയ്താൽ ആ വെള്ളം ശുദ്ധീകരണത്തിന് ഉപയോഗിക്കാൻ പാടില്ല. (അവലംബം: ശർഹുൽ-കാഫീ/ഇബ്നു ഉസൈമീൻ: 5/23)

മഅ്മർ -رَحِمَهُ اللَّهُ- പറയുന്നു: കിണറ്റിൽ ഒരു കോഴി ചത്തു പൊങ്ങിയതിനെ കുറിച്ച് ഞാൻ ഇമാം സുഹ്‌രിയോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: “അതിൽ നിന്ന് വുദ്വുവെടുക്കുകയോ, ആ വെള്ളം കുടിക്കുകയോ ചെയ്യുന്നതിൽ യാതൊരു കുഴപ്പവുമില്ല. എന്നാൽ വെള്ളത്തിൽ കിടന്ന് അത് ചീഞ്ഞളിയുകയും, വെള്ളത്തിന് ചീഞ്ഞ മണം വരികയും ചെയ്താൽ (പറ്റില്ല). അപ്പോൾ കിണറ്റിലെ വെള്ളം വറ്റിച്ചു കളയേണ്ടതുണ്ട്.” (മുസ്വന്നഫ് അബ്ദി റസാഖ്: 269)

വല്ലാഹു അഅ്ലം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: