വെള്ളം

ധാരാളം പ്രാണികൾ വീണ വെള്ളം ശുദ്ധീകരണത്തിന് ഉപയോഗപ്പെടുത്താമോ?

വെള്ളത്തിൽ ഉറുമ്പോ ഈച്ചയോ കൊതുകോ പോലുള്ള ചെറുപ്രാണികൾ വീഴുകയും, വെള്ളത്തിൽ കിടന്ന് ചാവുകയും ചെയ്താൽ അത് കൊണ്ട് വെള്ളം അശുദ്ധമാകില്ല എന്നതാണ് ശരിയായ അഭിപ്രായമായി മനസ്സിലാകുന്നത്. കാരണം രക്തമില്ലാത്ത ജീവികളിൽ പെട്ട ഇവ ജീവനുള്ളപ്പോഴോ ചത്തു കഴിഞ്ഞാലോ നജസായി പരിഗണിക്കപ്പെടില്ല.

ഇബ്നു ഖുദാമ -رَحِمَهُ اللَّهُ- പറയുന്നു: “ഒഴുകുന്ന രക്തമില്ലാത്ത എല്ലാ ജീവികളും -അവ കടലിലെയോ കരയിലെയോ ജീവികളാകട്ടെ-; അവ ചത്തു കഴിഞ്ഞാൽ നജസാവുകയില്ല. അട്ട, വിരകൾ, ഞണ്ട് പോലുള്ള ജീവികൾ ഉദാഹരണം. ഇവ വെള്ളത്തിൽ ചത്തു പൊങ്ങിയാൽ അത് കൊണ്ട് വെള്ളം നജസാവുകയുമില്ല. പൊതുവെ ഫുഖഹാക്കളുടെ (കർമ്മശാസ്ത്ര പണ്ഡിതന്മാർ) അഭിപ്രായം ഇപ്രകാരമാണ്. ഇമാം ശാഫിഇക്ക് -رَحِمَهُ اللَّهُ- ഈ വിഷയത്തിലുണ്ടായിരുന്ന രണ്ട് അഭിപ്രായങ്ങളിൽ ഒന്നല്ലാതെ ഈ വിഷയത്തിൽ അഭിപ്രായവ്യത്യാസമുള്ളതായി തനിക്കറിയില്ലെന്ന് ഇബ്നുൽ മുൻദിർ -رَحِمَهُ اللَّهُ- പറഞ്ഞിട്ടുണ്ട്.” (അൽ മുഗ്നി: 1/33)

ഇത്തരം ജീവികൾ ധാരാളമായി വെള്ളത്തിൽ ചത്തു പൊങ്ങുകയും, വെള്ളത്തിൻ്റെ നിറത്തിനോ മണത്തിനോ രുചിക്കോ മാറ്റമുണ്ടാവുകയും ചെയ്താലും വെള്ളം നജസാവില്ല എന്ന് തന്നെയാണ് മനസ്സിലാകുന്നത്. കാരണം വെള്ളത്തിന് സംഭവിച്ച ഈ മാറ്റം നജസ് കൊണ്ടല്ല, മറിച്ച് -നേരത്തെ പറഞ്ഞ പോലെ, ഒഴുകുന്ന രക്തമില്ലാത്ത ജീവികളായതിനാൽ- നജസല്ലാത്ത വസ്തുക്കൾ കൊണ്ട് സംഭവിച്ചതാണ്. അത് വെള്ളം നജസാക്കുകയില്ല. ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ -رَحِمَهُ اللَّهُ- യെ പോലുള്ള പണ്ഡിതന്മാർ ഈ അഭിപ്രായമാണ് ശരിയായി സ്വീകരിച്ചിട്ടുള്ളത്.

എന്നാൽ ഒഴുകുന്ന രക്തമില്ലാത്ത ജീവികളും ചത്താൽ നജസാകുമെന്ന അഭിപ്രായമുള്ള പണ്ഡിതന്മാരുടെ വീക്ഷണത്തിൽ ഈ വെള്ളം നജസായി മാറുന്നതാണ്. അപ്രകാരം അഭിപ്രായപ്പെട്ട ധാരാളം ഫുഖഹാക്കളുമുണ്ട്. അതിനാൽ അഭിപ്രായവ്യത്യാസത്തിൽ നിന്ന് പുറത്തു കടക്കുക എന്ന ഉദ്ദേശത്തോടെ ആരെങ്കിലും ഈ വെള്ളം -ധാരാളം പ്രാണികൾ വീണതിനാൽ മാറ്റം സംഭവിച്ച വെള്ളം- വുദ്വുവിനും മറ്റും ഉപയോഗിക്കാതിരുന്നാൽ അത് നല്ലത് തന്നെ. വല്ലാഹു അഅ്ലം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: