വെള്ളം

സോപ്പോ മറ്റോ കലർന്ന വെള്ളം ശുദ്ധീകരിക്കാൻ ഉപയോഗിക്കാമോ?

ജനാബത്തിൽ നിന്ന് കുളിക്കുന്നതിനോ, ഹയ്ദ്വ് നിഫാസ് പോലുള്ളവയിൽ നിന്ന് ശുദ്ധിയാകാൻ കുളിക്കുമ്പോഴോ, നജസ് ശുദ്ധീകരിക്കുന്ന വേളയിലോ സോപ്പ്, ശാംപൂ പോലുള്ളവ ഉപയോഗിക്കുന്നത് അനുവദനീയമാണ്. ശരീരത്തിൽ സുഗന്ധം ഉണ്ടാകുന്നതിനോ കൂടുതൽ വൃത്തിയാകുന്നതിനോ വേണ്ടി ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നതിന് നബി -ﷺ- യുടെ സുന്നത്തിൽ അടിസ്ഥാനവുമുണ്ട്.

«اغْسِلُوهُ بِمَاءٍ وَسِدْرٍ»

ഇഹ്രാമിലായിരിക്കെ മരണപ്പെട്ട ഒരു സ്വഹാബിയെ കുളിപ്പിക്കാൻ കൽപ്പിച്ചു കൊണ്ട് നബി -ﷺ- പറഞ്ഞു: “അദ്ദേഹത്തെ നിങ്ങൾ വെള്ളവും സിദ്റും (ഇലന്തമരത്തിൻ്റെ ഇല ഇടിച്ചു പിഴിഞ്ഞത്) കൊണ്ട് കുളിപ്പിക്കുക.” (ബുഖാരി: 1265, മുസ്ലിം: 1206)

«تَأْخُذُ إِحْدَاكُنَّ مَاءَهَا وَسِدْرَتَهَا، فَتَطَهَّرُ»

ആർത്തവത്തിൽ നിന്ന് ശുദ്ധിയാകുന്നതിൻ്റെ രൂപത്തെ കുറിച്ച് നബി -ﷺ- യോട് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: “നിങ്ങൾ വെള്ളവും സിദ്റും കൊണ്ട് (കുളിച്ച്) ശുദ്ധിയാവുക.” (മുസ്ലിം: 332)

ശുദ്ധീകരിക്കാൻ സഹായിക്കുന്ന, വെള്ളമല്ലാത്ത എന്തെങ്കിലും അതിൽ കലർത്തുന്നത് കൊണ്ട് കുഴപ്പമില്ല എന്ന് ഈ പറഞ്ഞതിൽ നിന്നെല്ലാം ബോധ്യപ്പെടും. അതിനാൽ ജനാബത്തിൽ നിന്നോ മറ്റോ ശുദ്ധിയാകാൻ കുളിക്കുമ്പോൾ സോപ്പോ മറ്റോ ഉപയോഗപ്പെടുത്തുന്നതും തെറ്റാകില്ല എന്ന് മനസ്സിലാക്കാം. (അവലംബം: മജ്മൂഅ് ഇബ്നി ബാസ്: 10/173)

എന്നാൽ വലിയൊരു വിഭാഗം പണ്ഡിതന്മാർ തീർത്തും ശുദ്ധമായ വെള്ളം തന്നെ ഉപയോഗിക്കണം എന്ന് നിർബന്ധം വെച്ചിട്ടുണ്ട്. അതിനാൽ -അഭിപ്രായവ്യത്യാസത്തിൽ സൂക്ഷ്മത പുലർത്തുന്നതിന് വേണ്ടി- ഒരു തവണ വെറുംവെള്ളം മാത്രം ഉപയോഗപ്പെടുത്തി കുളിക്കുന്നതാണ് നല്ലത്. അതിന് ശേഷം അയാൾക്ക് സോപ്പും മറ്റുമെല്ലാം ഉപയോഗപ്പെടുത്താം. വല്ലാഹു അഅ്ലം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: