വെള്ളം

കടൽ വെള്ളം ശുദ്ധീകരണത്തിന് ഉപയോഗിക്കാമോ?

കടൽ വെള്ളം ശുദ്ധിയുള്ളതാണ്. അത് കൊണ്ട് ശുദ്ധീകരിക്കുകയും ചെയ്യാം. വുദ്വുവെടുക്കാനും കുളിക്കാനും നജസുകൾ വൃത്തിയാക്കാനും ഈ വെള്ളം ഉപയോഗപ്പെടുത്താവുന്നതാണ്. ഈ വിഷയത്തിൽ വ്യക്തമായ ഹദീഥ് തന്നെ നബി -ﷺ- യിൽ നിന്ന് വന്നിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ قَالَ: سَأَلَ رَجُلٌ النَّبِىَّ -ﷺ- فَقَالَ: يَا رَسُولَ اللَّهِ إِنَّا نَرْكَبُ الْبَحْرَ وَنَحْمِلُ مَعَنَا الْقَلِيلَ مِنَ الْمَاءِ فَإِنْ تَوَضَّأْنَا بِهِ عَطِشْنَا أَفَنَتَوَضَّأُ بِمَاءِ الْبَحْرِ، فَقَالَ رَسُولُ اللَّهِ -ﷺ-: «هُوَ الطَّهُورُ مَاؤُهُ الْحِلُّ مَيْتَتُهُ»

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരാൾ നബി -ﷺ- യോട് ചോദിച്ചു: ‘അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങൾ കടലിൽ യാത്ര ചെയ്യാറുണ്ട്. അപ്പോൾ വളരെ കുറച്ചു (ശുദ്ധ) വെള്ളമേ ഞങ്ങളോടൊപ്പം വഹിക്കാറുള്ളൂ. അത് കൊണ്ട് ഞങ്ങൾ വുദ്വു എടുത്താൽ (പിന്നീട്) ഞങ്ങൾക്ക് ദാഹിക്കും. അതിനാൽ ഞങ്ങൾ കടൽവെള്ളം കൊണ്ട് വുദ്വുവെടുക്കട്ടെ?’ നബി -ﷺ- പറഞ്ഞു: “തീർത്തും ശുദ്ധമാണ് അതിലെ വെള്ളം. ഭക്ഷിക്കാൻ അനുവദനീയമാണ് അതിലെ ശവം (മത്സ്യം).” (അബൂദാവൂദ്: 83, ഇബ്നു മാജ: 59, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി.)

സമുദ്രത്തിലെ വെള്ളത്തിൻ്റെ കാര്യത്തിൽ പ്രത്യേകം ഈ തെളിവ് വന്നതിനോടൊപ്പം തന്നെ വുദ്വുവെടുക്കാനും മറ്റും വെള്ളം ഉപയോഗിക്കണമെന്ന് അറിയിക്കുന്ന പൊതുവായ തെളിവുകളും സമുദ്രജലം ശുദ്ധമാണെന്ന് അറിയിക്കുന്നുണ്ട്. കാരണം അതും വെള്ളത്തിൽ ഉൾപ്പെടുന്നത് തന്നെയാണ്. ഉപ്പ് കലർന്നതിനാൽ അതിൻ്റെ രുചി സാധാരണയിൽ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നെങ്കിലും, ഉപ്പ് ശുദ്ധിയുള്ള വസ്തുവാണെന്നതിനാൽ അത് വെള്ളത്തെ നജസാക്കുന്നില്ല. മുൻപ് ചില ചോദ്യങ്ങളിൽ നാം വിശദീകരിച്ചതു പോലെ, എല്ലാ വെള്ളവും ശുദ്ധീകരിക്കാൻ കഴിവുള്ളതാണ്. നജസ് കലർന്നതിനാൽ നിറമോ മണമോ രുചിയോ മാറിയവ ഒഴികെ.

അതിനാൽ ഒരാൾക്ക് സമുദ്രജലം വുദ്വുവെടുക്കാനും നജസ് വൃത്തിയാക്കാനും ഉപയോഗപ്പെടുത്താം. യാതൊരു തകരാറും അതു കൊണ്ട് ഇല്ല. വല്ലാഹു അഅ്ലം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: