ത്വഹാറത് (ശുദ്ധീകരണം)

വെള്ളം; ചില കര്‍മ്മശാസ്ത്ര വിധികള്‍

വെള്ളം ശുദ്ധീകരിക്കാന്‍ കഴിവുള്ളതാണ്.

അല്ലാഹു വെള്ളം പടച്ചിരിക്കുന്നത് ശുദ്ധീകരിക്കാനുള്ള കഴിവോട് കൂടെയാണ്. ശുദ്ധീകരിക്കാന്‍ കഴിവുള്ള വെള്ളത്തിന് ‘ത്വഹൂര്‍’ എന്നാണ് അറബിയില്‍ പറയുക.

അല്ലാഹു -تَعَالَى- പറഞ്ഞു:

«وَيُنَزِّلُ عَلَيْكُمْ مِنَ السَّمَاءِ مَاءً لِيُطَهِّرَكُمْ بِهِ»

“നിങ്ങളെ ശുദ്ധീകരിക്കുന്നതിന് ആകാശത്ത് നിന്ന് നിങ്ങള്‍ക്ക് മേല്‍ അവന്‍ വെള്ളം വര്‍ഷിക്കുന്നു.” (അന്‍ഫാല്‍: 11)

അല്ലാഹു -تَعَالَى- പറഞ്ഞു:

«وَأَنْزَلْنَا مِنَ السَّمَاءِ مَاءً طَهُورًا»

“ആകാശത്ത് നിന്ന് ‘ത്വഹൂറായ’ ജലം നാം ഇറക്കുകയും ചെയ്തിരിക്കുന്നു.” (ഫുര്‍ഖാന്‍: 48)

സമുദ്രത്തിലെ വെള്ളത്തിനെ കുറിച്ച് നബി -ﷺ- പറഞ്ഞു:

«هُوَ الطَّهُورُ مَاؤُهُ، وَالحِلُّ مَيْتَتُهُ»

“അതിലെ വെള്ളം ‘ത്വഹൂറാണ്’; അതിലെ ശവം ഹലാലുമാണ്.” (അബൂദാവൂദ്: 4862, തിര്‍മിദി: 69, അല്‍ബാനി സ്വഹീഹ് എന്ന് വിലയിരുത്തി.)

വെള്ളം കൊണ്ട് ശുദ്ധീകരിക്കാവുന്നവ.

രണ്ട് കാര്യങ്ങളില്‍ നിന്ന് ശുദ്ധീകരിക്കാന്‍ വെള്ളം കൊണ്ട് സാധിക്കും.

ഒന്ന്: ഹദഥ് (الحدث).

സാധാരണ അശുദ്ധി എന്നാണ് ‘ഹദഥി’ന് പറയാറുള്ള അര്‍ഥം. നിസ്കാരം പോലുള്ള ഇബാദതുകളില്‍ നിന്ന് തടയുന്ന ഒരു അവസ്ഥയെ ആണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന്, കീഴ്ശ്വാസം പോയാല്‍ അയാള്‍ക്ക് ‘ഹദഥ്’ ഉണ്ടായി എന്ന് പറയും. പിന്നീട് ‘വുദു’ എടുക്കുന്നത് വരെ ഈ അശുദ്ധി അയാളില്‍ നിന്ന് നീങ്ങുകയില്ല.

‘ഹദഥ്’ രണ്ടു രൂപത്തിലുണ്ട്. വലിയ ‘ഹദഥും’, ചെറിയ ‘ഹദഥും’. ജനാബത്, ‘ഹയ്ദ്’ പോലുള്ളത് വലിയ ‘ഹദഥാ’ണ്. കീഴ്ശ്വാസം പോകല്‍, മൂത്രമൊഴിക്കല്‍ തുടങ്ങിയ ഉണ്ടായാല്‍ സംഭവിക്കുന്നത് ചെറിയ ‘ഹദഥാണ്’. വലിയ അശുദ്ധി ഇല്ലാതെയാകണമെങ്കില്‍ കുളിക്കണം. ചെറുത് ഇല്ലാതെയാകണമെങ്കില്‍ വുദുവെടുത്താല്‍ മതി.

രണ്ട്: നജസ്. (النجس)

‘നജസി’ന്‍റെ അര്‍ഥം മാലിന്യം എന്നാണെന്ന് പറയാറുണ്ട്. യഥാര്‍ഥത്തില്‍, മതപരമായ ഒരു സാങ്കേതിക പദമാണിത്. ഖുര്‍ആനിലോ ഹദീഥിലോ ‘നജസ്’ എന്ന് വിശേഷിപ്പിക്കപ്പെട്ടവ മാത്രമേ ‘നജസാ’കൂ; അല്ലാതെ മനുഷ്യര്‍ മാലിന്യമായി പരിഗണിക്കുന്ന പലതും മതത്തില്‍ ‘നജസാ’യി കൊള്ളണമെന്നില്ല.

ഉദാഹരണത്തിന്; മനുഷ്യന്‍റെ ലിംഗത്തില്‍ നിന്ന് പുറത്തു വരുന്ന മൂത്രം നജസാണ്. എന്നാല്‍, അവനില്‍ നിന്ന് പുറത്തു വരുന്ന ‘മനിയ്യ്’ (ഇന്ദിയം/ശുക്ലം) ‘നജസ’ല്ല. ഒന്നു ചിന്തിച്ചാല്‍, മൂത്രത്തെക്കാള്‍ കട്ടിയുള്ളതാണ് ‘മനിയ്യ്’. പക്ഷേ, മൂത്രം മതത്തിന്‍റെ ഭാഷയില്‍ നജസും, ‘മനിയ്യ്’ ‘ത്വാഹിറും’ (ശുദ്ധിയുള്ളത്) ആണ്.

ഒരു കാര്യം ‘നജസാണോ’ ‘ത്വാഹിറാണോ’ എന്ന് തീരുമാനിക്കുന്നതിന് അവലംബിക്കേണ്ടത് ബുദ്ധിയെ അല്ല; ഖുര്‍ആനും സുന്നത്തുമാകുന്ന തെളിവുകളെ മാത്രമാണെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.

ശുദ്ധീകരിക്കാന്‍ വെള്ളം നിര്‍ബന്ധമാകുക എപ്പോള്‍?

‘ഹദഥി’ല്‍ നിന്ന് ശുദ്ധീകരിക്കാന്‍ വെള്ളം നിര്‍ബന്ധമാണ്. വെള്ളം ലഭ്യമായ സ്ഥിതിയിലാണെങ്കില്‍, ‘ഹദഥ്’ ഒഴിവാക്കാന്‍ അത് നിര്‍ബന്ധമാണ്.

ഉദാഹരണത്തിന്; ഒരാള്‍ മൂത്രമൊഴിച്ചു. അതോടു കൂടെ അയാള്‍ ‘ഹദഥില്‍’ ആണ്. ഇനി അതില്‍ നിന്ന് ശുദ്ധിയാകണമെങ്കില്‍ അയാള്‍ക്ക് വുദു നിര്‍ബന്ധമാണ്. വെള്ളം ഉപയോഗിക്കാന്‍ കഴിയുന്ന രൂപത്തില്‍ ലഭ്യമാണെങ്കില്‍ വെള്ളം കൊണ്ട് തന്നെ വുദുവെടുക്കല്‍ അയാളുടെ മേല്‍ നിര്‍ബന്ധമാണ്. വെള്ളം ഉണ്ടായിട്ടും അതുപയോഗിക്കാന്‍ സാധ്യമായിട്ടും, അയാള്‍ ‘തയമ്മും’ ചെയ്യുകയോ മറ്റോ ചെയ്താല്‍ അയാളുടെ അശുദ്ധി നീങ്ങുകയില്ല.

അല്ലാഹു -تَعَالَى- പറഞ്ഞു:

«وَإِنْ كُنْتُمْ مَرْضَى أَوْ عَلَى سَفَرٍ أَوْ جَاءَ أَحَدٌ مِنْكُمْ مِنَ الْغَائِطِ أَوْ لَامَسْتُمُ النِّسَاءَ فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا»

“നിങ്ങള്‍ രോഗികളായിരിക്കുകയോ യാത്രയിലാവുകയോ ചെയ്താല്‍- അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞ് വരികയോ, സ്ത്രീകളുമായി സമ്പര്‍ക്കം നടത്തുകയോ ചെയ്തുവെങ്കില്‍ -എന്നിട്ട് നിങ്ങള്‍ക്ക് വെള്ളം കിട്ടിയതുമില്ലെങ്കില്‍ നിങ്ങള്‍ ശുദ്ധിയുള്ള ഭൂമുഖം തേടിക്കൊള്ളുക (തയമ്മും ചെയ്യുക). എന്നിട്ടതുകൊണ്ട് നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക.” (നിസാഅ്: 43)

മേലെ നല്‍കിയ ആയത്തില്‍, ‘നിങ്ങള്‍ക്ക് വെള്ളം കിട്ടിയില്ലെങ്കില്‍’ തയമ്മും ചെയ്തു കൊള്ളുക എന്നാണ് അല്ലാഹു കല്‍പ്പിച്ചത്. അതില്‍ നിന്ന് ‘ഹദഥ്’ നീങ്ങാന്‍ വെള്ളം നിര്‍ബന്ധമാണെന്ന് മനസ്സിലാക്കാം.

എന്നാല്‍, മേലെ പറഞ്ഞ നിര്‍ബന്ധാവസ്ഥ ‘നജസി’ന്‍റെ കാര്യത്തിലില്ല. ‘നജസ്’ നീക്കുന്നതിന് വെള്ളം നിര്‍ബന്ധമില്ല; അവിടെ ‘നജസ്’ നീങ്ങുന്നുണ്ടോ ഇല്ലേ എന്നത് മാത്രമേ പരിഗണിക്കേണ്ടതുള്ളൂ. അത് വെള്ളം കൊണ്ടാണെങ്കില്‍ അങ്ങനെ; മറ്റു വല്ല വഴിയിലൂടെയുമാണെങ്കില്‍ അങ്ങനെ.

ഉദാഹരണത്തിന്, ഒരാളുടെ ശരീരത്തില്‍ മൂത്രം ആയെന്നു കരുതുക. അയാള്‍ക്ക് വേണമെങ്കില്‍ വെള്ളം കൊണ്ട് അത് കഴുകി വൃത്തിയാക്കാം. അല്ലെങ്കില്‍, ടവ്വലോ മറ്റോ പോലുള്ളത് കൊണ്ട് പൂര്‍ണമായി തുടച്ചു കളയുകയുമാവാം. രണ്ടായാലും കുഴപ്പമില്ല. ‘നജസ്’ നീങ്ങുന്നുണ്ടോ എന്നത് മാത്രമാണ് വിഷയം.

സ്ത്രീകളുടെ വസ്ത്രത്തിന് അടിയില്‍ പറ്റിപ്പിടിക്കുന്ന ‘നജസ്’ ഭൂമിയില്‍ തട്ടുമ്പോള്‍ വൃത്തിയായി കൊള്ളുമെന്ന് അറിയിക്കുന്ന നബി -ﷺ- യുടെ ഹദീഥും, ‘ഇസ്തിജ്മാറി’ന്‍റെ (കല്ല് കൊണ്ടും മറ്റും മല-മൂത്ര വിസര്‍ജ്യങ്ങള്‍ വൃത്തിയാക്കല്‍) ഹദീഥുമെല്ലാം ഇതിന് തെളിവായി പണ്ഡിതന്മാര്‍ സ്വീകരിച്ചിട്ടുണ്ട്.

وَهَذَا وَاللَّهُ تَعَالَى أَعْلَمُ بِالصَّوَابِ

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ

كَتَبَهُ: الاخُ عَبْدُ المُحْسِنِ بْنِ سَيِّد عَلِيّ عَيْدِيدُ

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

Leave a Comment