ത്വഹാറത് (ശുദ്ധീകരണം)

നായയുടെ നജിസും ചില മതവിധികളും

ശരീരത്തിലോ വസ്ത്രത്തിലോ മറ്റോ നജസ് ആയാല്‍ വെള്ളം കൊണ്ട് അവ കഴുകുകയാണ് ചെയ്യേണ്ടത് എന്ന് കഴിഞ്ഞ പാഠങ്ങളില്‍ നിന്ന് മനസ്സിലായി. എന്നാല്‍ നജസുകളുടെ കൂട്ടത്തില്‍ ചിലത് വെള്ളം കൊണ്ട് ഒരു തവണ കഴുകിയാല്‍ മാത്രം വൃത്തിയാവുകയില്ല. അതില്‍ പെട്ട ഒന്നാണ് നായയുടെ ‘നജിസ്’.

നായ പൂര്‍ണമായി ‘നജിസാ’ണോ അല്ലേ എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്ക് മൂന്ന് അഭിപ്രായങ്ങളുണ്ട്.

ഒന്ന്: നായ മുഴുവനായും ശുദ്ധിയുള്ളതാണ്; അതിന്‍റെ ഉമിനീരടക്കം. ഇതാണ് ഇമാം മാലികിന്‍റെ അഭിപ്രായം.

രണ്ട്: നായ പൂര്‍ണമായും നജിസാണ്; അതിന്‍റെ രോമങ്ങളടക്കം. ഇതാണ് ഇമാം ശാഫിഇയുടെ അഭിപ്രായം.

മൂന്ന്: നായയുടെ രോമം ശുദ്ധിയുള്ളതാണ്; എന്നാല്‍ ഉമിനീര്‍ നജസുള്ളതുമാണ്. ഇതാണ് അബൂ ഹനീഫയുടെയും അഹ്മദിന്‍റെയും -ഒരു രിവായതിലുള്ള- അഭിപ്രായം.

മൂന്നാമത്തെ അഭിപ്രായമാണ് കൂടുതല്‍ ശരിയാണെന്ന് മനസ്സിലാകുന്നത്. നായയുടെ ഉമിനീര്‍ മാത്രമാണ് നജിസാകുന്നത്; അതിന്‍റെ രോമമോ മറ്റോ നജിസല്ല. ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ -رحمه الله- തിരഞ്ഞെടുത്തതും ഈ അഭിപ്രായമാണ്.

മേലെ പറഞ്ഞതിനുള്ള തെളിവുകളെ കുറിച്ച് ഇവിടെ ചുരുക്കി വിവരിക്കാം.

തെളിവ് ഒന്ന്: ഭൂമിയിലുള്ള എല്ലാ വസ്തുക്കളും ‘ത്വാഹിര്‍’ -ശുദ്ധിയുള്ളത്- ആണ്; അല്ലാഹുവും റസൂലും നജസാണെന്ന് വിശേഷിപ്പിച്ചവ ഒഴികെ. ഈ വിഷയത്തില്‍ നാം മനസ്സിലാക്കേണ്ട അടിസ്ഥാന നിയമമാണിത്. ഏതൊരു വസ്തുവിനെ കുറിച്ച് ചോദിച്ചാലും -പ്ലാസ്റ്റിക്, മരത്തടി, മൃഗങ്ങള്‍, പക്ഷികള്‍ എന്നിങ്ങനെ ഭൂമിയിലുള്ള എന്താകട്ടെ- അവയെല്ലാം ശുദ്ധിയുള്ളതാണ്; അല്ലാഹുവോ റസൂലോ അവയിലേതെങ്കിലും ഒന്നിനെ കുറിച്ച് നജസാണെന്ന് പറയുന്നത് വരെ.

മനുഷ്യരുടെ മൂത്രവും മലവും നജസാണെന്നത് നമ്മുടെ ബുദ്ധി കൊണ്ട് നിശ്ചയിച്ചതല്ല. മറിച്ച്, അല്ലാഹുവും റസൂലും അറിയിച്ചതില്‍ നിന്നാണ് നമുക്കത് മനസ്സിലായത്. ഇത് പോലെ തന്നെയാണ് ‘നജിസാ’യ മറ്റനേകം കാര്യങ്ങളും. അവയൊന്നും നമ്മുടെ ബുദ്ധിയില്‍ നിന്നോ, അഭിപ്രായങ്ങളില്‍ നിന്നോ അല്ല നജിസാണെന്ന് കണ്ടെത്തിയത്. മറിച്ച്, ഖുര്‍ആനിലോ സുന്നത്തിലോ വന്ന തെളിവുകളില്‍ നിന്നാണ്.

നായയുടെ കാര്യത്തിലും ഇത് ബാധകമാണ്. നായ നജിസാണെന്ന് അറിയിക്കുന്ന തെളിവ് നമ്മുടെ പക്കലില്ല. എന്നാല്‍ അതിന്‍റെ ഉമിനീര്‍ നജിസാണെന്ന് അറിയിക്കുന്ന തെളിവ് വന്നിട്ടുണ്ട് താനും. അപ്പോള്‍ എന്തിനെ കുറിച്ചാണോ നജിസ് എന്ന് വിശേഷിപ്പിക്കപ്പെട്ടത്, അതിനെ കുറിച്ച് നാം നജിസ് എന്ന് വിശേഷിപ്പിക്കും. അതിന് പുറത്തുള്ളതിനെ നാം ആ വിശേഷണത്തില്‍ നിന്ന് ഒഴിവാക്കും. (അവലംബം: മജ്മൂഉല്‍ ഫതാവ: 21/530, 21/617, 619)

നായയുടെ ഉമിനീര്‍ നജിസാണെന്ന് പറയാനുള്ള തെളിവ് നബി -ﷺ- യുടെ ഹദീഥാണ്. അവിടുന്ന് പറഞ്ഞു:

«إِذَا وَلَغَ الْكَلْبُ فِي الْإِنَاءِ فَاغْسِلُوهُ سَبْعَ مَرَّاتٍ، وَعَفِّرُوهُ الثَّامِنَةَ فِي التُّرَابِ»

“നായ പാത്രത്തില്‍ തലയിട്ടാല്‍ നിങ്ങള്‍ അത് (പാത്രം) ഏഴ് തവണ കഴുകുക. എട്ടാമത്തെ തവണ മണ്ണ് കലര്‍ത്തിയും കഴുകുക.” (മുസ്ലിം: 280)

ഈ വിഷയത്തില്‍ വന്ന ഹദീഥുകളിലെല്ലാം നായ തലയിട്ടാല്‍ ഏഴു തവണ കഴുകണമെന്നാണ് വന്നിട്ടുള്ളത്. എവിടെയും നായയുടെ ശരീരങ്ങളിലെവിടെയെങ്കിലും സ്പര്‍ശിച്ചാല്‍ എന്നില്ല. അതില്‍ നിന്ന് നായയുടെ ഉമിനീര്‍ മാത്രമേ കൃത്യമായ പ്രമാണം കൊണ്ട് നജിസിന്‍റെ പരിധിയില്‍ പെടുത്താന്‍ കഴിയൂ എന്ന് മനസ്സിലാക്കാം.

മാത്രവുമല്ല, നബി -ﷺ- കൃഷിക്കും, അന്ധര്‍ക്ക് വഴികാട്ടുന്നതിനും, വേട്ടക്കും നായകളെ ഉപയോഗിക്കുന്നത് അനുവദിച്ചിട്ടുണ്ട്. ഇപ്രകാരം നായയുമായി ഇടപഴുകേണ്ടി വരുന്നവര്‍ക്ക് നായയെ സ്പര്‍ശിക്കേണ്ടി വരുമെന്നതില്‍ സംശയമില്ല. എന്നാല്‍, നബി -ﷺ- അവരോടൊന്നും ഏഴു തവണ കഴുകണമെന്നോ മറ്റോ കല്‍പ്പിച്ചിട്ടില്ല. ഇതും മേല്‍ പറഞ്ഞ അഭിപ്രായത്തെ ബലപ്പെടുത്തുന്നതാണ്. വല്ലാഹു അഅ്ലം.

തെളിവുകളോട് കൂടുതല്‍ യോജിച്ച അഭിപ്രായം ഇതാണെന്നാണ് മനസ്സിലാകുന്നത്. എന്നാല്‍, നായ പൂര്‍ണമായി നജിസാണെന്ന് പറഞ്ഞ വലിയൊരു വിഭാഗം പണ്ഡിതന്മാരുണ്ട് എന്നത് വിസ്മരിക്കരുത്. നനവുള്ള നായയെ തൊട്ടാല്‍ ഏഴു തവണ കഴുകുകയാണ് വേണ്ടതെന്ന് ശൈഖ് ഇബ്നു ഉഥൈമീനെ പോലുള്ളവര്‍ അഭിപ്രായപ്പെട്ടതും ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്.

ചുരുക്കത്തില്‍, നായയുടെ ഉമിനീര്‍ നജിസാണെന്ന് മനസ്സിലായി. നായ പാത്രത്തില്‍ തലയിട്ടാല്‍ ഏഴു തവണ വെള്ളം കൊണ്ട് കഴുകണമെന്നും, എട്ടാമത്തെ തവണ മണ്ണു കലര്‍ത്തി കഴുകണമെന്നും ഹദീഥില്‍ വന്നത് മേലെ വായിക്കുകയും ചെയ്തു. ഏഴു തവണ കഴുകി, ഏഴാമത്തെ തവണ മണ്ണ് കലര്‍ത്തിയാല്‍ മതിയെന്നും അഭിപ്രായപ്പെട്ട പണ്ഡിതന്മാരുമുണ്ട്. എന്നാല്‍ ആദ്യം പറഞ്ഞ അഭിപ്രായമാണ് ശരിയായി മനസ്സിലാകുന്നത്. വല്ലാഹു അഅ്ലം.

മണ്ണ് കലര്‍ത്തിയ വെള്ളം കൊണ്ട് കഴുകേണ്ടതിന്‍റെ രൂപം വളരെ ലളിതമാണ്. ഒന്നല്ലെങ്കില്‍, നായ തലയിട്ട പാത്രത്തില്‍ കുറച്ച് വെള്ളം ഒഴിച്ചതിന് ശേഷം അതില്‍ മണ്ണ് കലര്‍ത്തി പാത്രം കഴുകുക. പാത്രത്തില്‍ ആദ്യം കുറച്ച് മണ്ണിട്ടതിന് ശേഷം അതില്‍ വെള്ളമൊഴിച്ച് കഴുകിയാലും മതി.

സാന്ദര്‍ഭികമായി ചില കാര്യങ്ങള്‍ കൂടി ഓര്‍മ്മപ്പെടുത്തട്ടെ:

1- നായ തലയിട്ട പാത്രം മണ്ണ് കൊണ്ട് തന്നെ കഴുകണം. സോപ്പോ മറ്റോ ഉപയോഗിക്കുന്നതിനെക്കാള്‍ നല്ലത് അതാണ്.

2- വേട്ടപ്പട്ടി പിടിച്ചു കൊണ്ടു വരുന്ന മൃഗത്തെ ഏഴ് തവണ കഴുകുകയോ, അതിനെ കഴുകുമ്പോള്‍ മണ്ണ് കലര്‍ത്തുകയോ ഒന്നും വേണ്ട.

3- ഏഴു തവണ കഴുകുക എന്ന നിയമം പാത്രങ്ങള്‍ക്ക് മാത്രം ബാധകമല്ല. മറിച്ച്, വസ്ത്രത്തിലോ ശരീരത്തിലോ മറ്റോ നായ നക്കിയാലും ഈ നിയമം ബാധകമാണ്.

വല്ലാഹു അഅ്ലം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: