ത്വഹാറത് (ശുദ്ധീകരണം)

നജസ്: ചില ആമുഖങ്ങള്‍

അറബിയില്‍ ശുദ്ധിയുടെ വിപരീതമായാണ് നജിസ് എന്ന വാക്ക് ഉപയോഗിക്കുക. ഇസ്ലാമിന്‍റെ ഭാഷയില്‍ ‘മതപരമായി മാലിന്യം എന്ന് വിശേഷിപ്പിക്കപ്പെട്ടവ’യാണ് നജിസുകള്‍.

ഖുര്‍ആനിലോ സുന്നത്തിലോ നജിസ് എന്ന് വിശേഷിപ്പിക്കപ്പെട്ടവ മാത്രമേ മതത്തിന്‍റെ ഭാഷയില്‍ നജിസാവുകയുള്ളൂ. ദുനിയാവിലുള്ള എല്ലാ വസ്തുക്കളും ‘ത്വാഹിര്‍’ -ശുദ്ധിയുള്ളത്- ആണെന്നും, നജിസ് എന്ന് പ്രമാണങ്ങളില്‍ വിശേഷിപ്പിക്കപ്പെട്ടവ മാത്രമേ നജിസുകളുടെ പരിധിയില്‍ പെടൂ എന്നും ഈ പറഞ്ഞതില്‍ നിന്ന് മനസ്സിലാക്കാം.

നജസിന്‍റെ ഇനങ്ങള്‍:

നജസിനെ മൂന്നായി വേര്‍തിരിക്കാം.

ഒന്ന്: കടുത്ത നജസ്. നായയുടെ ഉമിനീര്‍ ഇതില്‍ പെടും. അതിന്‍റെ കാഠിന്യം കാരണത്താല്‍ അത് ഏഴു തവണ കഴുകണമെന്ന് നബി -ﷺ- അറിയിച്ചിട്ടുണ്ട്.

രണ്ട്: മദ്ധ്യമാവസ്ഥയിലുള്ള നജസ്. മൂത്രം, മലം, ആര്‍ത്തവ രക്തം പോലുള്ളവ. ഇവയെല്ലാം നജസ് നീങ്ങുന്നത് വരെ കഴുകല്‍ നിര്‍ബന്ധമാണ്.

മൂന്ന്: കടുപ്പം കുറഞ്ഞ നജസ്. മുലപ്പാല്‍ മാത്രം കഴിക്കുന്ന ആണ്‍കുട്ടികളുടെ മൂത്രം, മദ് യ് പോലുള്ളവ ഇതില്‍ ഉള്‍പ്പെടും. ഇത്തരം നജസ് വൃത്തിയാക്കാന്‍ അത് പതിച്ച ഇടത്ത് വെള്ളം കുടഞ്ഞാല്‍ മതിയാകും; കഴുകേണ്ടതില്ല.

ഇവയുടെ വിശദീകരണങ്ങള്‍ വഴിയെ വരുന്നതാണ്. ഇന്‍ഷാ അല്ലാഹ്.

നജിസും ചില തെറ്റിദ്ധാരണകളും:

1- അല്ലാഹു ഉപയോഗിക്കല്‍ ഹറാമാക്കിയ എല്ലാം നജിസാണ് എന്ന് ധരിച്ചു വെച്ചിട്ടുള്ള ചിലരുണ്ട്. അത് ശരിയല്ല. എല്ലാ നജിസും ഹറാമാണ് എന്ന് പറയാമെങ്കിലും, എല്ലാ ഹറാമും നജിസാവുന്നില്ല. ഉദാഹരണത്തിന്; മനുഷ്യരുടെ മൃതദേഹം നജിസല്ലെങ്കില്‍ കൂടി ഭക്ഷിക്കല്‍ അനുവദനീയമല്ല. ഇക്കാര്യം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.

2- വെറുപ്പു തോന്നുന്ന വസ്തുക്കളെല്ലാം നജിസാണ് എന്ന് മനസ്സിലാക്കിയ ചിലരുണ്ട്. എന്നാല്‍ ഈ പറഞ്ഞതും തെറ്റാണ്. നമുക്ക് -മനുഷ്യനെന്ന നിലക്ക്- അറപ്പു തോന്നിക്കുന്ന കാര്യങ്ങള്‍ ഇസ്ലാമിന്‍റെ ഭാഷയില്‍ നജസായി കൊള്ളണമെന്നില്ല. ഉദാഹരണത്തിന്; കഫം, ചെളി, മനിയ്യ് പോലുള്ള കാര്യങ്ങള്‍ മനുഷ്യര്‍ക്ക് കാണുന്നത് അറപ്പുണ്ടാക്കുമെങ്കിലും അവയൊന്നും ഇസ്ലാമിന്‍റെ ഭാഷയില്‍ നജിസല്ല.

وَهَذَا وَاللَّهُ تَعَالَى أَعْلَمُ بِالصَّوَابِ

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ

كَتَبَهُ: الاخُ عَبْدُ المُحْسِنِ بْنِ سَيِّد عَلِيّ عَيْدِيدُ

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: