ത്വഹാറത് (ശുദ്ധീകരണം)

വെള്ളം ശുദ്ധിയുള്ളതാണോ എന്ന സംശയമുണ്ടായാല്‍ എന്തു ചെയ്യണം?

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - പ്രചരിപ്പിക്കുക:

വെള്ളം നജിസാണോ അല്ലേ എന്ന സംശയം പലപ്പോഴും പലര്‍ക്കും ഉണ്ടാകാറുള്ളതാണ്. വെള്ളം നിറച്ചു വെച്ച ബക്കറ്റില്‍ കുട്ടി മൂത്രമൊഴിച്ചിട്ടുണ്ടോ, വെള്ളത്തില്‍ വല്ല ‘നജിസും’ വീണിട്ടുണ്ടോ എന്നൊക്കെ സംശയമുണ്ടാകുന്നത് പോലെ.

ഇത്തരം സന്ദര്‍ഭങ്ങളില്‍, മുന്‍പുള്ള പാഠത്തില്‍ പറഞ്ഞതു പോലെ, ‘നജസ്’ കാരണം വെള്ളത്തിന്‍റെ നിറം, മണം, രുചി എന്നീ മൂന്ന് ഗുണങ്ങള്‍ക്ക് മാറ്റം വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് ആദ്യം വേണ്ടത്. വെള്ളം നജിസാണെന്ന് ബോധ്യപ്പെട്ടാല്‍ അതൊഴിവാക്കുക; അത് ശുദ്ധിയുള്ളതാണെന്ന് ഉറപ്പായാല്‍ ആ വെള്ളം ഉപയോഗിക്കുക. കേവല സംശയത്തിന്‍റെ പേരില്‍ വെള്ളം ഒഴുക്കി കളയരുത്.

ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ (رَحِمَهُ اللَّهُ) പറഞ്ഞു: “കേവല സംശയത്തിന്‍റെ പേരില്‍ വെള്ളം ഉപേക്ഷിക്കുക എന്നതും, അതില്‍ സൂക്ഷ്മത കാണിക്കുക എന്നതും സുന്നത്തല്ല. അല്ല! അത് അനുവദനീയം പോലുമല്ല. മാത്രമല്ല, വെള്ളം നജിസാണോ ത്വാഹിറാണോ എന്ന് ചോദിച്ചറിയല്‍ പോലും സുന്നത്തല്ല. മറിച്ച്, സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയാണ് ചെയ്യേണ്ടത്. വെള്ളം നജിസാണെന്ന് ബോധ്യപ്പെടുത്തുന്ന എന്തെങ്കിലും തെളിവ് ഉണ്ടെങ്കില്‍ അത് നജസാണെന്ന് മനസ്സിലാക്കാം. ഇല്ലയെങ്കില്‍, കേവല സംശയത്തിന്‍റെ പേരില്‍ ആ വെള്ളം ഉപേക്ഷിക്കേണ്ടതില്ല.”

ഈ പറഞ്ഞതിനോട് ബന്ധമുള്ള മറ്റൊരു വിഷയം കൂടി ഇവിടെ പരാമര്‍ശിക്കുന്നത് നന്നായിരിക്കും. ഒരാളുടെ മുന്നില്‍ രണ്ട് ബക്കറ്റുകളിലായി വെള്ളം ഉണ്ട് എന്ന് വെക്കുക. അതിലൊന്ന് ശുദ്ധിയുള്ളതും, മറ്റൊന്ന് നജിസുമാണെന്ന് വിചാരിക്കുക. എന്നാല്‍, ഏതാണ് നജിസ്, ഏതാണ് ശുദ്ധിയുള്ളത് എന്ന് അയാള്‍ക്ക് അറിയുകയുമില്ല. എന്താണ് ഇയാള്‍ ചെയ്യേണ്ടത്?

ശൈഖ് ഇബ്നു ഉഥൈമീന്‍ (رَحِمَهُ اللَّهُ) യെ പോലുള്ള പണ്ഡിതന്മാര്‍ പറഞ്ഞു: ‘അയാള്‍ സാധ്യമാകും വിധം രണ്ട് വെള്ളവും പരിശോധിക്കട്ടെ. അയാളുടെ പരിശോധനയില്‍ ത്വാഹിറാകാന്‍ കൂടുതല്‍ സാധ്യത ഏതിനാണോ അത് അയാള്‍ ശുദ്ധീകരണത്തിന് ഉപയോഗിക്കട്ടെ.”

ഇതല്ലാത്ത അഭിപ്രായങ്ങളുമുണ്ട്. പക്ഷേ, കൂടുതല്‍ ശരിയായ അഭിപ്രായമായി മനസ്സിലാകുന്നത് മേലെ പറഞ്ഞ അഭിപ്രായമാണ്. വല്ലാഹു അഅ്ലം.

നബി -ﷺ- യുടെ ഹദീഥാണ് മേല്‍ പറഞ്ഞതിനുള്ള തെളിവ്. നിസ്കാരത്തില്‍ വുദു നഷ്ടപ്പെടുന്നുണ്ടെന്ന സംശയം അധികരിച്ച വ്യക്തിയോട് നബി -ﷺ- പറഞ്ഞു:

«لاَ يَنْصَرِفُ حَتىَّ يَسْمَعَ صَوْتًا أَوْ يَجِدَ رِيْحًا»

“(കീഴ്ശ്വാസം പോകുന്ന) ശബ്ദം കേള്‍ക്കുകയോ, മണം അനുഭവപ്പെടുകയോ ചെയ്യുന്നത് വരെ അയാള്‍ നിസ്കാരത്തില്‍ നിന്ന് പിന്തിരിയേണ്ടതില്ല.” (മുസ്ലിം: 571)

ഈ ഹദീഥില്‍, വുദു പോയിട്ടുണ്ടോ എന്ന സംശയം ഉണ്ടായ വ്യക്തിയോട് ഉറപ്പ് ലഭിക്കുന്നത് വരെ നിസ്കാരത്തില്‍ നിന്ന് പിന്തിരിയരുതെന്നാണ് നബി -ﷺ- ഉപദേശിച്ചത്. കാരണം, തനിക്ക് വുദു ഉണ്ട് എന്ന ദൃഢവിശ്വാസം അയാള്‍ക്കുണ്ട്; അതിനെ ഇല്ലാതെയാക്കണമെങ്കില്‍ സമാനമായ ദൃഢവിശ്വാസം -വുദു പോയിട്ടുണ്ട് എന്ന ഉറപ്പ്- തന്നെ വേണം. അല്ലാതെ, കേവല സംശയം മാത്രം പോര.

ചുരുക്കത്തില്‍, വെള്ളത്തിന്‍റെ കാര്യത്തില്‍ സംശയമുണ്ടായാല്‍ അയാള്‍ക്ക് ഉറപ്പുള്ള കാര്യം സ്വീകരിക്കുക. ഉറപ്പ് ഉണ്ടാകുന്നില്ലെങ്കില്‍, സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ അയാള്‍ക്ക് കൂടുതല്‍ ശരിയാണെന്ന് മനസ്സിലാകുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കുക.

വല്ലാഹു അഅ്ലം.

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

1 Comment

Leave a Reply

%d bloggers like this: