ത്വഹാറത് (ശുദ്ധീകരണം)

എപ്പോഴാണ് വെള്ളം ‘നജിസ്’ ആവുക?

വെള്ളം ശുദ്ധീകരിക്കാന്‍ കഴിവുള്ളതാണെന്ന് മനസ്സിലായി. എന്നാല്‍, വെള്ളത്തില്‍ എന്തെങ്കിലും നജിസായ വസ്തു വീഴുകയും, വെള്ളത്തിന്‍റെ നിറം, മണം, രുചി എന്നീ മൂന്ന് ഗുണങ്ങളിലേതെങ്കിലും ഒന്നിന് നജിസ് കാരണത്താല്‍ മാറ്റമുണ്ടാവുകയും ചെയ്താല്‍ ആ വെള്ളവും നജിസാകും. പിന്നെ അതു കൊണ്ട് ശുദ്ധീകരിക്കാന്‍ പാടില്ല.

മൂന്ന് കാര്യങ്ങളാണ് മേലെ പറഞ്ഞത്.

ഒന്ന്: മണം.

രണ്ട്: നിറം.

മൂന്ന്: രുചി.

ഇവയിലേതെങ്കിലും ഒന്നിന് -പ്രത്യേകം ശ്രദ്ധിക്കുക- ‘നജിസ്’ കൊണ്ട് മാറ്റം സംഭവിച്ചാല്‍ വെള്ളവും നജിസാകും. ‘നജിസ്’ കൊണ്ട് ഈ മൂന്ന് സ്വഭാവങ്ങള്‍ക്ക് നിറം മാറ്റം സംഭവിക്കണമെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട നിയമമാണ്.

ഉദാഹരണത്തിന്; ഒരു ബക്കറ്റ് വെള്ളത്തില്‍ കുറച്ച് മൂത്രമായി എന്ന് വിചാരിക്കുക. എന്നാല്‍, മൂത്രമായത് കൊണ്ട് വെള്ളത്തിന്‍റെ നിറത്തിനോ, മണത്തിനോ, രുചിക്കോ ഒരു മാറ്റവും സംഭവിച്ചിട്ടില്ലെങ്കില്‍ ആ വെള്ളം ഇപ്പോഴും ശുദ്ധിയുള്ളതാണ്. എന്നാല്‍, വെള്ളത്തിന് മൂത്രത്തിന്‍റെ മണമോ രുചിയോ നിറമോ വന്നാലോ; അപ്പോള്‍ വെള്ളവും ‘നജിസായി’ എന്ന് മനസ്സിലാക്കാം.

എന്നാല്‍, വെള്ളത്തില്‍ ശുദ്ധിയുള്ള എന്തെങ്കിലും വസ്തു വീണത് കാരണത്താല്‍ ഈ മൂന്ന് ഗുണങ്ങള്‍ക്കും മാറ്റം വന്നാലോ? ഉദാഹരണത്തിന്, വെള്ളത്തില്‍ മഷിയോ മറ്റോ ആയി എന്ന് വിചാരിക്കുക; മഷി ശുദ്ധിയുള്ളതാണ്. അതു കലര്‍ന്നത് കാരണത്താല്‍ വെള്ളത്തിന്‍റെ നിറം മാറിയെന്നത് കൊണ്ട് വെള്ളം നജിസാകില്ല. കാരണം, വെള്ളത്തില്‍ വീണിരിക്കുന്നത് ശുദ്ധിയുള്ള വസ്തുവാണ് എന്നത് തന്നെ.

മറ്റൊരു ഉദാഹരണം കുളത്തിലും മറ്റുമൊക്കെ കാണുന്ന വെള്ളമാണ്. സൂര്യ രഷ്മികള്‍ നിരന്തരമായി പതിക്കുന്നത് കാരണം ഇത്തരം സ്ഥലങ്ങളിലെ വെള്ളത്തിന് നിറം മാറ്റം സംഭവിച്ചേക്കാം. എന്നാല്‍ ഈ നിറം മാറ്റം കാരണം വെള്ളം നജിസാകില്ല; കാരണം മേലെ പറഞ്ഞത് തന്നെ. നജസ് കൊണ്ടല്ല അതിന് മാറ്റം സംഭവിച്ചിട്ടുള്ളത്.

മേലെ പറഞ്ഞ നിയമം എല്ലാ വെള്ളത്തിനും ബാധകമാണ്. അത് കുറച്ചാകട്ടെ കുറവാകട്ടെ. രണ്ട് ഖുല്ലത്തില്‍ കൂടുതലോ, കുറവോ ആകട്ടെ. നബി -ﷺ- യുടെ ഹദീഥാണ് അതിനുള്ള തെളിവ്. അവിടുന്ന് പറഞ്ഞു:

إِنَّ المَاءَ طَهُورٌ لَا يُنَجِّسُهُ شَيْءٌ»

“തീര്‍ച്ചയായും വെള്ളം ‘ത്വഹൂര്‍’ ആണ്; അതിനെ ഒന്നും നജിസാക്കുകയില്ല.” (അബൂദാവൂദ്: 66, തിര്‍മിദി: 66, അല്‍ബാനി സ്വഹീഹ് എന്ന് വിലയിരുത്തി)

وَهَذَا وَاللَّهُ تَعَالَى أَعْلَمُ بِالصَّوَابِ

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ

كَتَبَهُ: الاخُ عَبْدُ المُحْسِنِ بْنِ سَيِّد عَلِيّ عَيْدِيدُ

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

Leave a Comment