മത് ന്‍

وَمَعْنَى «اللَّهُ» ذُو الأُلْوهِيَّةِ وَالعُبُودِيَّةِ عَلَى خَلْقِهِ أَجْمَعِينَ.

അര്‍ഥം:

‘അല്ലാഹു’ എന്നതിന്റെ അര്‍ഥം ഉലൂഹിയ്യത്തും തന്റെ സര്‍വ്വ സൃഷ്ടികള്‍ക്കും മേല്‍ ഉബൂദിയ്യത്തും എന്നാണ്.

ശര്‍ഹ്

‘റബ്ബ്’ എന്നതിന്റെ അര്‍ഥമെന്താണെന്നായിരുന്നു രണ്ടാമത്തെ ചോദ്യം. അതിനുള്ള ഉത്തരവും കഴിഞ്ഞു: ‘റബ്ബ് എന്നാല്‍ മാലികും മഅ്ബൂദുമെന്നാണ് അര്‍ഥം.’ എന്നാല്‍ അദ്ദേഹം ‘റബ്ബ്’ എന്ന നാമത്തിന്റെ അര്‍ഥം മാത്രം നല്‍കി അവസാനിപ്പിച്ചില്ല. ‘അല്ലാഹു’ എന്ന നാമത്തിന്റെ അര്‍ഥം കൂടി അദ്ദേഹം അതിനൊപ്പം നല്‍കി.

ചോദ്യത്തിനുള്ള ഉത്തരവും, അടുത്തതായി ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യത്തിന്റെ ഉത്തരവുമാണ് ഇതിലൂടെ അദ്ദേഹം നല്‍കിയിരിക്കുന്നത്.

ഇതിന് നബി -ﷺ- യുടെ സുന്നത്തില്‍ മാതൃകയുണ്ട്. സ്വഹാബികളുടെ ചോദ്യത്തിന് അതേ നിലക്കുള്ള ഉത്തരം മാത്രമായിരുന്നില്ല അവിടുന്ന് നല്‍കിയിരുന്നത്; അതോടൊപ്പം ചിലത് അവിടുന്ന് കൂടുതലായി പഠിപ്പിച്ചു നല്‍കുമായിരുന്നു. നബി -ﷺ- യില്‍ നിന്ന് സ്ഥിരപ്പെട്ട ഈ അദ്ധ്യയന മാര്‍ഗം തന്നെയാണ് ശൈഖ് മുഹമ്മദും -رحمه الله تعالى- ഇവിടെ സ്വീകരിച്ചിരിക്കുന്നത്.

عَنْ أَبِي هُرَيْرَةَ قَالَ: سَأَلَ رَجُلٌ النَّبِىَّ -ﷺ- فَقَالَ: يَا رَسُولَ اللَّهِ إِنَّا نَرْكَبُ الْبَحْرَ وَنَحْمِلُ مَعَنَا الْقَلِيلَ مِنَ الْمَاءِ فَإِنْ تَوَضَّأْنَا بِهِ عَطِشْنَا أَفَنَتَوَضَّأُ بِمَاءِ الْبَحْرِ، فَقَالَ رَسُولُ اللَّهِ -ﷺ-: «هُوَ الطَّهُورُ مَاؤُهُ الْحِلُّ مَيْتَتُهُ»

അബൂഹുറൈറ നിവേദനം: നബി -ﷺ- യോട് ഒരാള്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ റസുലേ, ഞങ്ങള്‍ കടലില്‍ യാത്ര ചെയ്യാറുണ്ട്. ഞങ്ങളോടൊപ്പം കുറച്ച് വെള്ളവും കൊണ്ടുപോകാറുണ്ട്. അത് ഉപയോഗിച്ച് ‘വുദു’വെടുത്താല്‍ ഞങ്ങള്‍ക്ക് ദാഹിക്കും (അപ്പോള്‍ വെള്ളമുണ്ടാകില്ല). അതു കൊണ്ട് ഞങ്ങള്‍ കടലിലെ വെള്ളം കൊണ്ട് ‘വുദു’ എടുക്കട്ടെ?” നബി -ﷺ- പറഞ്ഞു: “കടല്‍; അതിലെ വെള്ളം ശുദ്ധമാണ്. അതിലെ മാംസം ഹലാലുമാണ്.” (അബൂദാവൂദ്: 83)

ചോദിക്കപ്പെട്ട ചോദ്യത്തിന് പുറമെ, അതുമായി ബന്ധമുള്ള മറ്റൊരു വിഷയത്തിന് കൂടി മറുപടി പറയുക എന്ന നബി-ﷺ-യുടെ അദ്ധ്യായനരീതിക്ക് ഈ ഹദീഥ് തെളിവാണ്. സ്വഹബികള്‍ കടലിലെ വെള്ളം ശുദ്ധമാണോ എന്നാണ് ചോദിച്ചത്; അത് ശുദ്ധമാണെന്ന് മാത്രമല്ല; അതില്‍ നിന്ന് ലഭിക്കുന്ന മാംസം -മത്സ്യം- അവ ഹലാലാണെന്നു കൂടി അവിടുന്ന് തന്റെ ഉത്തരത്തില്‍ അറിയിച്ചു.

ഈ രീതി ശൈഖ് മുഹമ്മദിന്റെ ഈ ഗ്രന്ഥത്തില്‍ പലയിടത്തും നമുക്ക് കാണാന്‍ കഴിയും. ചോദിക്കപ്പെട്ട ചോദ്യത്തിന്റെ ഉത്തരവും, അതുമായി ബന്ധപ്പെട്ട മറ്റു ചില ഭാഗങ്ങളും തന്റെ ഉത്തരത്തില്‍ അദ്ദേഹം ഉള്‍ക്കൊള്ളിക്കുന്നതായി കാണാന്‍ കഴിയും.

അല്ലാഹു എന്ന ഇസ്മിന്റെ -അറബിയില്‍ ഇസ്മെന്നാണ് നാമത്തിന് പറയുക- വിശദീകരണമാണ് അദ്ദേഹം നല്‍കിയിട്ടുള്ളത്. ഈ വിശദീകരണം ഇബ്‌നു അബ്ബാസ്-رضي الله عنهما-യില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. (തഫ്സീറുത്വബരി: 1/121)

അല്ലാഹുവിന് അനേകം നാമങ്ങളുണ്ട്. അവയെല്ലാം അത്യുത്തമമാണ്; മഹത്തായ അര്‍ഥവും നന്മയുടെ പരിപൂര്‍ണതയും ഉള്‍ക്കൊള്ളുന്നവയാണ് അവയെല്ലാം തന്നെ. ഇക്കാരണം കൊണ്ടാണ് അല്ലാഹുവിന്റെ നാമങ്ങള്‍ക്ക് ‘അസ്മാഉല്‍ ഹുസ്ന’ എന്ന് പറയുന്നത്.

അല്ലാഹു -تعالى- പറഞ്ഞു:

(( وَلِلَّهِ الْأَسْمَاءُ الْحُسْنَى فَادْعُوهُ بِهَا وَذَرُوا الَّذِينَ يُلْحِدُونَ فِي أَسْمَائِهِ سَيُجْزَوْنَ مَا كَانُوا يَعْمَلُونَ ))

“അല്ലാഹുവിന് അസ്മാഉല്‍ ഹുസനഃ (അത്ത്യുത്തമായ നാമങ്ങള്‍) ഉണ്ട്. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ അവനോട് ദുആ (പ്രാര്‍ഥന) ചെയ്യുക. അവന്റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തു വരുന്നതിന്റെ ഫലം അവര്‍ക്കു വഴിയെ നല്‍കപ്പെടും.” (അഅ്റാഫ്: 180)

അല്ലാഹുവിനെ കുറിച്ച് അറിയണമെങ്കില്‍ അതിനുള്ള വഴികളില്‍ പ്രധാനം അവന്റെ നാമങ്ങള്‍ -അസ്മാഉല്‍ ഹുസ്ന- പഠിക്കലാണ്. അല്ലാഹു -تعالى- ഖുര്‍ആനിലും നബി -ﷺ- അവിടുത്തെ ഹദീഥുകളിലുമായി അറിയിച്ചു തന്ന നാമങ്ങള്‍ ഒരാള്‍ യഥാരൂപത്തില്‍ പഠനവിധേയമാക്കിയാല്‍ അവന്‍ സ്വര്‍ഗപ്രവേശനത്തിന് അര്‍ഹനാണ് എന്ന് നബി -ﷺ- അറിയിച്ചിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «إِنَّ لِلَّهِ تِسْعَةً وَتِسْعِينَ اسْمًا مِائَةً إِلَّا وَاحِدًا، مَنْ أَحْصَاهَا دَخَلَ الجَنَّةَ»

അബൂഹുറൈറ നിവേദനം: നബി -ﷺ- പറഞ്ഞു: “തീര്‍ച്ചയായും അല്ലാഹുവിന് 99 നാമങ്ങളുണ്ട്; നൂറെണ്ണം; ഒന്നൊഴികെ. ആരെങ്കിലും അവ ‘ഇഹ്സ്വാഅ്’ നടത്തിയാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു.” (ബുഖാരി: 2736, മുസ്‌ലിം: 2677)

‘ഇഹ്സ്വാഅ്’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മൂന്ന് കാര്യങ്ങളാണ്.

ഒന്ന്: അല്ലാഹുവിന്റെ 99 നാമങ്ങള്‍ ഏതെല്ലാമാണെന്ന് മനസ്സിലാക്കി അവ കാണാതെ പഠിക്കല്‍.

രണ്ട്: അവയുടെ അര്‍ഥവും ആശയവും ശരിയാംവിധം മനസ്സിലാക്കല്‍.

മൂന്ന്: അല്ലാഹുവിന്റെ നാമങ്ങള്‍ കൊണ്ട് അവനോട് ദുആ ചെയ്യല്‍. (ബദാഇഉല്‍ ഫവാഇദ്: ഇബ്‌നുല്‍ ഖയ്യിം)

അസ്മാഉല്‍ ഹുസ്നയുടെ അടിസ്ഥാനം, അവയുടെയെല്ലാം അടിത്തറ ‘അല്ലാഹ്’ എന്ന ഇസ്മാണ്. ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ വന്നിട്ടുള്ള നാമവും അല്ലാഹു തന്നെ. രണ്ടായിരത്തി ഇരുന്നൂറിലധികം തവണ.

നബിമാരുടെയും ഔലിയാക്കന്മാരുടെയും ദുആകളില്‍ ബഹുഭൂരിപക്ഷവും ആരംഭിക്കുന്നത് ‘അല്ലാഹുമ്മ’ -അല്ലാഹുവേ- എന്ന വാക്കു കൊണ്ടാണെന്നതില്‍ നിന്ന് ഈ നാമവും പ്രാര്‍ഥനകളും തമ്മിലുണ്ടായിരിക്കേണ്ട ബന്ധം മനസ്സിലാക്കാവുന്നതാണ്. നബി -ﷺ- നമുക്ക് പഠിപ്പിച്ചു തന്ന ദിക്റുകളിലും ദുആകളിലുമെല്ലാം മൊത്തത്തില്‍ ഈ ഇസ്മ് നിറഞ്ഞു നില്‍ക്കുന്നുണ്ട്.

ശഹാദത് കലിമയിലും -ലാ ഇലാഹ ഇല്ലല്ലാഹ്-, ബസ്മലയിലും -ബിസ്മില്ലാഹ്-, തസ്ബീഹിലും -സുബ്ഹാനല്ലാഹ്-, തഹ്മീദിലും -അല്‍ഹംദുലില്ലാഹ്-, തശ്ബീറിലും -അല്ലാഹു അക്ബര്‍-, ഹൗഖലയിലും -ലാ ഹൗല വലാ ഖുവ്വത ഇല്ലാബില്ലാഹ്-, ഇസ്തിര്‍ജാഇലും -ഇന്നാ ലില്ലാഹി വഇന്നാ ഇലയ്ഹി റാജിഊന്‍-, ഇസ്തിഗ്ഫാറിലും -അസ്തഗ്ഫിറുല്ലാഹ്-; [note] ഓരോ ദിക്റുകളും അവയുടെ അറബിയിലുള്ള ചുരുക്ക പേരുകളമാണ് മേലെ നല്‍കിയിരിക്കുന്നത്. [/note]  മറ്റനേകം ദിക്റുകളിലും ഈ നാമമാണ് നിറഞ്ഞു നില്‍ക്കുന്നത്.

എന്താണ് ഈ നാമത്തിന്; അല്ലാഹ് എന്ന പേരിനുള്ള ശക്തി?

عَنْ عُثْمَانَ قَالَ: سَمِعْتُ رَسُولَ اللَّهِ -ﷺ- يَقُولُ «مَنْ قَالَ بِسْمِ اللَّهِ الَّذِى لاَ يَضُرُّ مَعَ اسْمِهِ شَىْءٌ فِى الأَرْضِ وَلاَ فِى السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ ثَلاَثَ مَرَّاتٍ لَمْ تُصِبْهُ فَجْأَةُ بَلاَءٍ حَتَّى يُصْبِحَ وَمَنْ قَالَهَا حِينَ يُصْبِحُ ثَلاَثَ مَرَّاتٍ لَمْ تُصِبْهُ فَجْأَةُ بَلاَءٍ حَتَّى يُمْسِىَ»

ഉഥ്മാന്‍ നിവേദനം: നബി -ﷺ- പറഞ്ഞു: “ആരെങ്കിലും:

«بِسْمِ اللَّهِ الَّذِى لاَ يَضُرُّ مَعَ اسْمِهِ شَىْءٌ فِى الأَرْضِ وَلاَ فِى السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ»

(സാരം: ‘അല്ലാഹുവിന്റെ ഇസ്മ് കൊണ്ട്; ആ ഇസ്മിനോടൊപ്പം ഭൂമിയിലോ ആകാശങ്ങളിലോ ഒന്നും തന്നെ ഉപദ്രവമേല്‍പ്പിക്കുകയില്ല; അവന്‍ സമീഉം (എല്ലാം കേള്‍ക്കുന്നവന്‍) ബസ്വീറു’മാണ് (എല്ലാം കാണുന്നവന്‍) എന്ന് (വൈകുന്നേരം) മൂന്ന് തവണ പറഞ്ഞാല്‍ രാവിലെ വരെ അവനെ ഒരു ഉപദ്രവും ബാധിക്കുകയില്ല. ആരെങ്കിലും വൈകുന്നേരം മൂന്ന് തവണ അപ്രകാരം പറഞ്ഞാല്‍ രാവിലെ വരെ അവനെ ഒരു കുഴപ്പവും ബാധിക്കുകയില്ല.” (അബൂദാവൂദ്: 5090)

‘അല്ലാഹ്’ എന്ന നാമത്തിന്റെ മഹത്വങ്ങള്‍ അനേകമാണ്. ആ നാമം ഉച്ചരിച്ചു കൊണ്ട് -ബിസ്മി ചൊല്ലിക്കൊണ്ട്- അടക്കപ്പെട്ട വാതിലുകള്‍ പിശാചിന് തുറക്കാനാകില്ല; ആ നാമത്താല്‍ അറുക്കപ്പെട്ടവ ഹലാലും അല്ലാത്തവ ഹറാമുമാണ്; ആ നാമം ചൊല്ലി കഴിക്കപ്പെടുന്ന ഭക്ഷണത്തില്‍ പിശാചിന് പങ്കില്ല; ആ നാമം ചൊല്ലി അടക്കപ്പെട്ട പാത്രങ്ങള്‍ ശ്വൈത്വാന്‍ തുറക്കുകയില്ല… അനേകമനേകം ശ്രേഷ്ഠതകള്‍ വേറെയും ആലോചിക്കുന്നവര്‍ക്ക് കണ്ടെത്താന്‍ കഴിയും.

ഈ നാമത്തിന്റെ ആശയപരമായ വിശാലതയും വ്യാപ്തിയും കുറിച്ചു വെക്കാന്‍ ലോകത്തുള്ള എല്ലാ സാഹിത്യകാരന്മാരും അവരുടെ തൂലികകള്‍ വര്‍ഷങ്ങള്‍ ചലിപ്പിച്ചാലും സാധിക്കുകയില്ല; പാടിപ്പുകഴ്ത്താന്‍ കഴിവുള്ള കവികളെല്ലാം അവരുടെ ഏറ്റവും മനോഹരമായ വാക്കുകള്‍ കൊണ്ട് വര്‍ണിച്ചാലും അവന്റെ മഹത്വവും ഭംഗിയും അവസാനിക്കുകയില്ല.

അല്ലാഹുവിനെ കുറിച്ച് ഏറ്റവും അറിവുള്ള; അവന് ഏറ്റവും ഇഷ്ടമുള്ള; അവന്റെ സൃഷ്ടികളില്‍ വെച്ചേറ്റവും ശ്രേഷ്ഠനായ, ഏതൊരു കവിയെയും സാഹിത്യകാരനെയും വെല്ലുന്ന സംസാരവൈഭവമുള്ള; ലോകത്തുള്ള ബുദ്ധിമാന്മാരെയെല്ലാം പരാജിതരാക്കുന്ന ബുദ്ധിയും വിവേകവും നിറഞ്ഞു നില്‍ക്കുന്ന; റസൂലുല്ലാഹി -ﷺ- ക്ക് പോലും അല്ലാഹുവിനെ പൂര്‍ണമായി വര്‍ണിക്കാന്‍ സാധിച്ചില്ല; തന്റെ അശക്തി അംഗീകരിച്ചു കൊണ്ട് അവിടുന്ന് പറഞ്ഞതു നോക്കൂ:

«لَا أُحْصِي ثَنَاءً عَلَيْكَ أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ»

“നിന്നെ കുറിച്ചുള്ള വര്‍ണന പൂര്‍ണമാക്കാന്‍ എനിക്ക് കഴിയില്ല. നീ നിന്നെ വര്‍ണിച്ചത് എപ്രകാരമാണോ; അപ്രകാരം തന്നെയാണ് നീ.” (ആഇഷ-رضي الله عنها-യുടെ ഹദീഥില്‍ നിന്ന് ഇമാം മുസ്‌ലിം ഉദ്ധരിച്ചത്: 486)

‘അല്ലാഹ്’ എന്ന നാമം അര്‍ഥമില്ലാത്ത, ഒരു പേരായി മാത്രം പരിഗണിക്കപ്പെടുന്ന വാക്കാണോ, അതല്ല; അറബിഭാഷാ നിയമങ്ങള്‍ക്ക് വഴങ്ങുന്ന, അര്‍ഥവും വിശദീകരണവും നല്‍കാന്‍ കഴിയുന്ന ഒരു പദമാണോ എന്നതില്‍ പണ്ഡിതന്മാര്‍ക്ക് രണ്ട് അഭിപ്രായങ്ങളുണ്ട്.

അതൊരു കേവല നാമം മാത്രമാണെന്നും, അതിന് അര്‍ഥമോ, അതില്‍ നിന്ന് പറ്റു പദങ്ങള്‍ നിര്‍ധാരണം ചെയ്യാനോ സാധ്യമല്ലെന്നും അഭിപ്രായപ്പെട്ട ഒരു വിഭാഗമുണ്ട്.

എന്നാല്‍, രണ്ടാമത്തെ അഭിപ്രായം, ഈ പദം അര്‍ഥവും വിശദീകരണവും നല്‍കാന്‍ കഴിയുന്ന, അറബി പദനിയമങ്ങള്‍ക്ക് വഴങ്ങുന്ന ഒരു വാക്കാണെന്നതാണ്. ഈ അഭിപ്രായമാണ് കൂടുതല്‍ ശരിയാണെന്ന് മനസ്സിലാകുന്നത്. ഇബ്‌നു തൈമിയ്യ, ഇബ്‌നുല്‍ ഖയ്യിം തുടങ്ങി അനേകം പണ്ഡിതന്മാര്‍ മുന്‍ഗണന നല്‍കിയ അഭിപ്രായമാണിത്.

ഇവരുടെ അഭിപ്രായപ്രകാരം ‘ഇലാഹ്’ (ആരാധ്യന്‍) എന്നര്‍ഥമുള്ള പദത്തില്‍ നിന്നാണ് ‘അല്ലാഹ്’ എന്ന വാക്ക് നിഷ്പന്നമായിട്ടുള്ളത്. [note] അല്ലാഹുവെന്ന നാമമോ, അതല്ലാത്ത മറ്റു നാമങ്ങളോ അറബി ഭാഷ ഉണ്ടായതിന് ശേഷമാണ് ഉണ്ടായതെന്നോ, ആദ്യം ഇലാഹ് എന്ന് വിളിക്കപ്പെടുകയും പിന്നീട് ‘അല്ലാഹ്’ എന്ന് വിളിക്കപ്പെടുകയാണുണ്ടായത് എന്നോ ഒന്നും ഈ പറയുന്നതില്‍ നിന്ന് മനസ്സിലാക്കരുത്. മറിച്ച്, ഇത് ഈ വാക്കിന്റെ ഭാഷാപരമായ അടിസ്ഥാനവും അര്‍ഥവും എന്ത് എന്ന് മനസ്സിലാക്കാനുള്ള ഒരു ചര്‍ച്ച മാത്രമാണ്. അറബി ഭാഷയോ, അത് സംസാരിക്കുന്ന മനുഷ്യരോ ജിന്നുകളോ ഒക്കെ ഉണ്ടാകുന്നതിനും മുന്‍പ് അവന്‍ അല്ലാഹു ആയിരുന്നു. ആരംഭമില്ലാത്ത, തുടക്കമില്ലാതെ, അവന്‍ അല്ലാഹുവായിരുന്നു. അവനോ അവന്റെ പേരുകള്‍ക്കോ തുടക്കമില്ല; ഒടുക്കവുമില്ല. ഇത് മറ്റു നാമങ്ങളുമായി ബന്ധപ്പെടുത്തി ആലോചിച്ചാല്‍ കൂടുതല്‍ മനസ്സിലാകും. അല്ലാഹു സമീഅ് (എല്ലാം കേള്‍ക്കുന്നവന്‍) ആണ് എന്ന് നമുക്കറിയാം. ‘സമീഅ്’ എന്ന അറബി പദം ‘സംഅ്’ (കേള്‍വി) എന്ന പദത്തില്‍ നിന്നാണ് ഉത്ഭവിച്ചിട്ടുള്ളത്. ഇതിന്റെ അര്‍ഥം മനസ്സിലാക്കുന്നതിന് വേണ്ടി മാത്രമാണ് ഇപ്രകാരം പറയുന്നത്. അല്ലാതെ, ഈ നാമം പിന്നീട് ഉണ്ടായി എന്ന അര്‍ഥത്തില്‍ അല്ല. വല്ലാഹു അഅ്ലം. [/note] ഇബാദതിന് അര്‍ഹതയുള്ളവന്‍ എന്ന അര്‍ഥമായിരിക്കും അപ്പോള്‍ ഈ നാമത്തിന്റെ വിശദീകരണമായി പറയാന്‍ കഴിയുക. ഇതേ അര്‍ഥം തന്നെയാണ് ഇബ്‌നു അബ്ബാസ്യു-رضي الله عنهما-ടെ വിശദീകരണത്തിലും തെളിഞ്ഞ് കാണാന്‍ സാധിക്കുന്നത്. അദ്ദേഹത്തിന്റെ വിശദീകരണം -ഓര്‍മ്മയിലുണ്ടാകുന്നതിന് വേണ്ടി- ഒരിക്കല്‍ കൂടി ഇവിടെ നല്‍കട്ടെ:

«ذُو الأُلُوهِيَّةِ وَالعُبُودِيَّةِ عَلَى خَلْقِهِ أَجْمَعِينَ»

“ഉലൂഹിയ്യതും തന്റെ സര്‍വ്വ സൃഷ്ടികള്‍ക്കും മേല്‍ ഉബൂദിയ്യതും ഉള്ളവന്‍.”

രണ്ട് അറബിപദങ്ങള്‍ വിവര്‍ത്തനം ചെയ്യാതെ നാം വിട്ടത് കേവലം ഒരു പദം കൊണ്ട് അത് വിശദീകരിക്കാന്‍ സാധിക്കാത്തതു കൊണ്ടാണ്.

ഉലൂഹിയ്യ: ഈ പദവും, ‘ഇലാഹിയ്യ’ എന്ന പദവും ഒരേ അര്‍ഥമാണ് ഉള്‍ക്കൊള്ളുന്നത്. ‘ഇലാഹ്’ എന്ന അല്ലാഹുവിന്റെ നാമത്തിലേക്ക് ചേര്‍ത്തിക്കൊണ്ടാണ് ‘ഇലാഹിയ്യ’ എന്ന് പറയുന്നത്. തൗഹീദുല്‍ ഉലൂഹിയ്യ, തൗഹീദുല്‍ ഇലാഹിയ്യ, തൗഹീദുല്‍ ഇബാദ എന്നിങ്ങനെയെല്ലാം പറയുന്നത് ഒരേ അര്‍ഥത്തിലാണ്.

ഈ പദങ്ങളുടെയെല്ലാം ഉദ്ദേശം ഒന്നാണ്; അതിപ്രകാരവും: ‘ഇലാഹ് ആക്കപ്പെടുവാന്‍ അര്‍ഹതയുള്ളത് അല്ലാഹുവിന് മാത്രം; ഇലാഹ് എന്നാല്‍ ഇബാദത് നല്‍കപ്പെടുന്നവന്‍ എന്നാണര്‍ഥം. അപ്പോള്‍; ഉലൂഹിയ്യ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ‘ഇബാദത് നല്‍കപ്പെടാനുള്ള അര്‍ഹത’യാണ്. അല്ലാഹു എന്നതിന്റെ വിശദീകരണം ഉലൂഹിയ്യത് ഉള്ളവന്‍ എന്നാണെങ്കില്‍ അതിന്റെ ഉദ്ദേശവും ഈ പറഞ്ഞതില്‍ നിന്ന് മനസ്സിലാക്കാം: ‘ഇബാദത് നല്‍കപ്പെടാന്‍ അര്‍ഹതയുള്ളവന്‍’.

ഉബൂദിയ്യ: അടിമക്ക് അറബിയില്‍ ‘അബ്ദ്’ എന്ന് പറയാറുണ്ട്. ഒരു മനുഷ്യന്‍ അല്ലാഹുവിന്റെ അടിമ ആയിരിക്കണം. അല്ലാഹുവിനോട് അങ്ങേയറ്റത്തെ വിനയവും താഴ്മയും കാണിക്കേണ്ടവനാണ് ഓരോ മനുഷ്യനും. ഈ അവസ്ഥയെ ആണ് ‘ഉബൂദിയ്യ’ എന്ന് വിശേഷിപ്പിക്കുന്നത്.

മനുഷ്യര്‍ അല്ലാഹുവിന്റെ അടിമകള്‍ ആയിരിക്കുകയും, അവനോട് അങ്ങേയറ്റത്തെ താഴ്മയും വിനയവും കാണിക്കേണ്ടവരാണ്. അവന്റെ മേലുള്ള ബാധ്യതയാണത്; ഒരിക്കലും അല്ലാഹുവിന്റെ അടിമയാവുക എന്നത് ഒരു മനുഷ്യന്‍ അല്ലാഹുവിന് കല്‍പ്പിച്ചു നല്‍കുന്ന ഔദാര്യമല്ല.

ചുരുക്കം; ഉബൂദിയ്യഃ ഉള്ളവനാണ് അല്ലാഹു എന്നാല്‍ മനുഷ്യരെല്ലാം അടിമകള്‍ ആയിരിക്കുക എന്നത് അവകാശമുള്ളവനാണ് അവന്‍ എന്നാണ്.

ഈ വിശദീകരണത്തില്‍ രണ്ട് കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

1 – ഇബാദത്തിന് അര്‍ഹതയുള്ളവന്‍ എന്ന അല്ലാഹുവിന്റെ വിശേഷണം.

2 – അല്ലാഹുവിന്റെ അടിമ എന്ന സൃഷ്ടികളുടെ വിശേഷണം. (ഫിഖ്ഹു അസ്മാഇല്ലാഹ്: 83)

ഈ രണ്ട് കാര്യങ്ങളും -അല്ലാഹു ഇലാഹാണെന്നതും, അതിനാല്‍ മനുഷ്യര്‍ അവന്റെ അടിമകള്‍ ആകണമെന്നതും പല ആയതുകളിലും അല്ലാഹു ഒരുമിപ്പിച്ച് പറഞ്ഞിരിക്കുന്നു.

അല്ലാഹു -تعالى- പറഞ്ഞു:

(( إِنَّنِي أَنَا اللَّهُ لَا إِلَهَ إِلَّا أَنَا فَاعْبُدْنِي وَأَقِمِ الصَّلَاةَ لِذِكْرِي ))

“തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ഇലാഹും ഇല്ല. അതിനാല്‍ നിങ്ങള്‍ എനിക്ക് ഇബാദത് ചെയ്യുക.” (ത്വാഹ: 14)

(( رَبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا فَاعْبُدْهُ وَاصْطَبِرْ لِعِبَادَتِهِ هَلْ تَعْلَمُ لَهُ سَمِيًّا ))

“നിനക്ക് മുന്‍പ് ഒരു റസൂലിനെയും നാം പറഞ്ഞയച്ചിട്ടില്ല; ‘ഞാനല്ലാതെ മറ്റൊരു ഇലാഹില്ല; അതിനാല്‍ നിങ്ങള്‍ എനിക്ക് ഇബാദത് ചെയ്യുക’ എന്ന് പറഞ്ഞു കൊണ്ടല്ലാതെ.” (മര്‍യം: 65)

വല്ലാഹു അഅലം.

وَكُلُّ مَا فِي هَذِهِ الرِّسَالَةِ مِنَ الصَّوَابِ فَمِنَ اللَّهِ وَحْدَهُ، وَمَا فِيهِ مِنَ الأَخْطَاءِ وَالزَّلَّاتِ فَمِنِّي وَمِنَ الشَّيْطَانِ، فَأَرْجُو مِمَّنْ وَجَدَ شَيْئًا مِنْهَا التَّنْبِيهَ وَالنَّصِيحَةَ، وَلَهُ مِنِّي خَالِصُ الدُّعَاءِ وَالشُّكْرِ.

وَاللَّهُ المُوَفِّقُ لِكُلِّ مَا يُحِبُّهُ وَيَرْضَاهُ، وَهُوَ السَّمِيعُ البَصِيرُ، الرَّحِيمُ الغَفُورُ.

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.

جَمَعَهُ الفَقِيرُ إِلَى عَفْوِ رَبِّهِ: أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيدُ

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

2 Comments

Leave a Comment