മത് ന്‍

فَهَذِهِ رِسَالَةٌ نَافِعَةٌ فِيمَا يَجِبُ عَلَى الإِنْسَانِ أَنْ يُعَلِّمَ الصِّبْيَانَ قَبْلَ تَعْلِيمِهِمُ القُرْآنَ.
حَتَّى يَصِيرَ مُسْلِماً كَامِلاً عَلَى فِطْرَةِ الإِسْلَامِ، وَمُوَحِّداً جَيِّداً عَلَى طَرِيقَةِ الإِيمَانِ.
وَرَتَّبْتُهُ عَلَى طَرِيقَةِ سُؤَالٍ وَجَوَابٍ.

അര്‍ഥം

ഖുര്‍ആന്‍ പഠിപ്പിക്കുന്നതിന് മുന്‍പ് കുട്ടികളെ പഠിപ്പിച്ചിരിക്കേണ്ട വിഷയത്തിലുള്ള ഒരു ലേഖനമാണിത്.
ഇസ്‌ലാമിന്റെ ഫിത്വ്റത്തില്‍ ഒരു പരിപൂര്‍ണ മുസ്‌ലിമായും, ഈമാനിന്റെ വഴിയില്‍ ഒരു നല്ല മുവഹ്ഹിദ് ആയും അവര്‍ മാറുന്നതിന് വേണ്ടി(യാണ് ഇത് പഠിപ്പിക്കുന്നത്).
ചോദ്യോത്തര രീതിയിലാണ് ഞാന്‍ ഈ പുസ്തകം ക്രോഡീകരിച്ചിട്ടുള്ളത്.

ശര്‍ഹ്

ഇത് വായിക്കുന്ന ഏതൊരു വ്യക്തിയും പരലോകത്ത് രക്ഷപ്പെടുന്നതിന് വേണ്ടിയായിരിക്കും ഈ ഗ്രന്ഥം വായിക്കുന്നതും മനസ്സിലാക്കാന്‍ ശ്രമിക്കുന്നതും. പരലോകത്ത് നമുക്ക് രക്ഷപ്പെടാനുതകുന്ന വഴികളില്‍ വളരെ മഹത്തരമായ മാര്‍ഗമാണ് നല്ല സന്താനങ്ങള്‍. മതപരമായ ചിട്ടകള്‍ പാലിച്ചു ജീവിക്കുന്ന നല്ല മക്കളെ ലഭിക്കുവാന്‍ ആഗ്രഹിക്കാത്ത ഒരു മുസ്‌ലിമും ഇല്ല. മരണത്തിന് ശേഷവും നിലക്കാത്ത പ്രതിഫലം ലഭിക്കാനുള്ള കാരണമാണ് അവര്‍.

abuhuraira

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ഒരു മനുഷ്യന്‍ മരണപ്പെട്ടാല്‍ അവന്റെ എല്ലാ പ്രവര്‍ത്തനങ്ങളും മുറിഞ്ഞു പോകും; മൂന്ന് കാര്യങ്ങളില്‍ നിന്നൊഴികെ. നിലനില്‍ക്കുന്ന സ്വദഖ (ദാനദര്‍മ്മം), ഉപകാരപ്പെടുത്തപ്പെട്ടു കൊണ്ടിരിക്കുന്ന ഇല്‍മ് (വിജ്ഞാനം), തനിക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന നല്ല മകന്‍.” (മുസ്‌ലിം: 1631)

abuhuraira

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ഒരു വ്യക്തിക്ക് സ്വര്‍ഗത്തിലെ തന്റെ പദവികള്‍ ഉയര്‍ത്തപ്പെട്ടു കൊടുക്കും. അപ്പോള്‍ അയാള്‍ ചോദിക്കും: ഇതെങ്ങനെ (എനിക്ക് ലഭിച്ചു?) അപ്പോള്‍ മറുപടി നല്‍കപ്പെടും: “നിന്റെ മകന്‍ നിനക്ക് വേണ്ടി പാപമോചനം തേടിയതിനാല്‍.” (ഇബ്‌നു മാജ: 3660)

മക്കളെ ഏറ്റവും ആദ്യം പഠിപ്പിക്കേണ്ടത് തൌഹീദ്:

ഇങ്ങനെയുള്ള മക്കളെ ലഭിക്കണമെങ്കില്‍ ആദ്യം അവര്‍ക്ക് ദീന്‍ പഠിപ്പിച്ചു നല്‍കേണ്ടതുണ്ട്; അവര്‍ നന്നാകുന്നതിന് വേണ്ടി പ്രാര്‍ഥിക്കുകയും അതിനായി അങ്ങേയറ്റം ആഗ്രഹിക്കുകയും ചെയ്യേണ്ടതുണ്ട്.

കുട്ടികളെ നല്ലവരായി വളര്‍ത്തണമെങ്കില്‍ ആദ്യം അവരെ പഠിപ്പിക്കേണ്ടത് തൗഹീദും ശിര്‍ക്കുമാണ്. കുട്ടികളെ മാത്രമല്ല -ആരെയും- ആദ്യം പഠിപ്പിക്കേണ്ടത് തൗഹീദാണ്. വഴിപിഴവില്‍ ജീവിച്ചിരുന്ന ജാഹിലിയ്യ സമൂഹത്തെ നേര്‍വഴിക്ക് നബി -ﷺ- നടത്തിയത് തൗഹീദ് പഠിപ്പിച്ചു കൊടുത്തതു കൊണ്ടായിരുന്നല്ലോ? ആദ്യം അവരോട് മദ്യം കഴിക്കരുതെന്നും, വ്യഭിചരിക്കരുതെന്നും പറഞ്ഞിരുന്നെങ്കില്‍ അവര്‍ നന്നാവില്ലായിരുന്നു.

ayishaആയിശ -رَضِيَ اللَّهُ عَنْهَا- പറഞ്ഞു: “ഖുര്‍ആനില്‍ ആദ്യമാദ്യം അവതരിച്ചത് ‘മുഫസ്സ്വല്‍’ ആയ സൂറത്തുകളായിരുന്നു. അതില്‍ സ്വര്‍ഗ നരകങ്ങളെ കുറിച്ചാണുള്ളത്. അങ്ങനെ ജനങ്ങള്‍ ഇസ്‌ലാമിലേക്ക് അധികമായി വന്നു തുടങ്ങിയപ്പോള്‍ ഹലാല്‍ ഹറാമുകളെ കുറിച്ചുള്ള ആയതുകള്‍ ഇറങ്ങി. ആദ്യം ഖുര്‍ആനില്‍ അവതരിച്ചത് ‘നിങ്ങള്‍ മദ്യം കഴിക്കരുത്’ എന്നായിരുന്നെങ്കില്‍ അവര്‍ പറഞ്ഞേനേ: “ഞങ്ങള്‍ മദ്യം ഒരിക്കലും ഒഴിവാക്കില്ല.” ആദ്യം ഇറങ്ങിയത് ‘നിങ്ങള്‍ വ്യഭിചരിക്കരുത്’ എന്നായിരുന്നെങ്കില്‍ അവര്‍ പറയുമായിരുന്നു: “ഞങ്ങള്‍ വ്യഭിചാരം ഒരിക്കലും ഒഴിവാക്കുകയില്ല.” (ബുഖാരി: 4993)

കുട്ടികള്‍ നന്നാകണമെങ്കില്‍ അവരെ ആദ്യം പഠിപ്പിക്കേണ്ടത് അല്ലാഹുവിനെ കുറിച്ചാണ്; റസൂലിന്റെ -ﷺ- ചരിത്രവും പരലോകത്തിന്റെ യാഥാര്‍ഥ്യവുമാണ് അവര്‍ മനസ്സിലാക്കേണ്ടത്.

പല രക്ഷിതാക്കളും മക്കളെ ഭയപ്പെടുത്താറുള്ളത് അല്ലാഹുവിനെ കൊണ്ടല്ല. അവരില്‍ ചിലര്‍ പറയും: “ഇനി നീ ഇങ്ങനെ ചെയ്താല്‍ നല്ല അടി കിട്ടും!” യഥാര്‍ഥത്തില്‍ നല്ല ശിക്ഷണമല്ല ഇത്. ഇതോടു കൂടി കുട്ടി മനസ്സിലാക്കുന്നത് ഒരു കാര്യത്തിന് ശിക്ഷ ലഭിക്കുക അത് മാതാപിതാക്കള്‍ കണ്ടാല്‍ മാത്രമാണെന്നാണ്. അതോടെ, മാതാപിതാക്കളെ കാണിക്കാതെ തിന്മകള്‍ ചെയ്യാന്‍ അവര്‍ പഠിച്ചു തുടങ്ങും. എന്നാല്‍ ഇതിന് പകരം ‘മോനെ, ഇനി നീ ഈ തിന്മ ചെയ്യരുത്. അല്ലാഹു നിന്നെ കാണുന്നുണ്ട്; ഞാന്‍ കണ്ടില്ലെങ്കില്‍ കൂടി’ എന്ന ബോധ്യമാണ് അവന്റെ മനസ്സില്‍ പകര്‍ന്നു കൊടുക്കുന്നതെങ്കിലോ? അത് മരണം വരെ നശിച്ചു പോവുകയില്ല.

ചെറിയ കുട്ടിയായിരിക്കെ നബി -ﷺ- ഇബ്‌നു അബ്ബാസിന് പഠിപ്പിച്ചു കൊടുത്ത വാക്കുകള്‍ നോക്കൂ; എന്തു മാത്രം മനോഹരമാണത്!

ibnuabbasഅബ്ദുല്ലാഹിബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി-ﷺ-യോടൊപ്പം ആയിരുന്നു ഒരിക്കല്‍ ഞാന്‍. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ” ഹേ കുഞ്ഞു മോനേ! ഞാന്‍ നിനക്ക് ചില വാക്കുകള്‍ പഠിപ്പിച്ചു നല്‍കാം. നീ അല്ലാഹുവിനെ സൂക്ഷിക്കുക; അല്ലാഹു നിന്നെ സംരക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കുക; അവന്‍ നിനക്ക് വഴികാണിക്കും. നീ ചോദിക്കുകയാണെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക; നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട് സഹായം തേടുക. അറിയുക! ലോകം മുഴുവന്‍ നിനക്ക് ഒരു ഉപകാരം ചെയ്യുന്നതിന് വേണ്ടി ഒരുമിച്ചാലും അല്ലാഹു നിനക്ക് അത് രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ അവര്‍ നിനക്ക് യാതൊരു ഉപകാരവും ചെയ്യില്ല. അവര്‍ നിനക്ക് ഒരു ഉപദ്രവം ചെയ്യാന്‍ ഒരുമിച്ചു കൂടിയാല്‍ അല്ലാഹു നിനക്ക് ഉപദ്രവമായി അത് രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ അവര്‍ നിനക്ക് യാതൊരു ഉപദ്രവും ചെയ്യുകയില്ല. (വിധി രേഖപ്പെടുത്തുന്ന) പേനകള്‍ ഉയര്‍ത്തപ്പെട്ടിരിക്കുന്നു; (വിധി രേഖപ്പെടുത്തപ്പെട്ട) ഏടുകള്‍ ഉണങ്ങിയിരിക്കുന്നു.” (തിര്‍മിദി: 2516)

നബി -ﷺ- ജീവിച്ചിരിക്കെ ചെറിയ കുട്ടിയായിരുന്ന ഇബ്‌നു അബ്ബാസ് പിന്നീട് വളര്‍ന്നു. ‘തഫ്സീറുല്‍ മുഫസ്സിരീന്‍’ (ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ നേതാവ്) എന്ന പദവി മുസ്‌ലിം ലോകം ഒന്നടങ്കം അദ്ദേഹത്തിന് നല്‍കി. അദ്ദേഹത്തിന്റെ ആ വളര്‍ച്ചക്ക് പിന്നില്‍ അല്ലാഹുവിന്റെ തീരുമാനം കഴിഞ്ഞാല്‍, നബി -ﷺ- യുടെ പ്രാര്‍ഥനയും, ഇതു പോലുള്ള ഉപദേശങ്ങളുമല്ലാതെ മറ്റെന്താണുള്ളത്?!

അതു കൊണ്ട് നമ്മുടെ മക്കള്‍ക്ക് മറ്റെന്തു പഠിപ്പിച്ചു നല്‍കുന്നതിനെക്കാളും മുന്‍പ്; -അല്ലാഹുവിന്റെ കലാമായ -സംസാരം- ഖുര്‍ആന്‍ പോലും പഠിപ്പിക്കുന്നതിന് മുന്‍പ്- ഇത്തരം അടിസ്ഥാന പാഠങ്ങള്‍ പകര്‍ന്നു നല്‍കണമെന്നാണ് ശൈഖ് ഈ ഗ്രന്ഥത്തിന്റെ ആമുഖമായി പറഞ്ഞു വെക്കുന്നത്.

നബിമാരും അവരുടെ മക്കളും:

നബിമാരുടെയും സ്വാലിഹീങ്ങളുടെയും ചരിത്രം അനേകം ഇതിന് ഉദാഹരണമായി ഇനിയും എടുത്തു കാണിക്കാന്‍ കഴിയും.

2_133

“എനിക്ക് ശേഷം ഏതൊരു ഇലാഹിനെയാണ് (ആരാധിക്കപ്പെടുന്നവന്‍) നിങ്ങള്‍ ആരാധിക്കുക ? എന്ന് യഅ്ഖൂബ് മരണം ആസന്നമായ സന്ദര്‍ഭത്തില്‍ തന്റെ സന്തതികളോട് ചോദിച്ചപ്പോള്‍ നിങ്ങളവിടെ സന്നിഹിതരായിരുന്നോ? അവര്‍ പറഞ്ഞു: താങ്കളുടെ ഇലാഹായ, താങ്കളുടെ പിതാക്കളായ ഇബ്രാഹീമിന്റെയും ഇസ്മാഈലിന്റെയും ഇസ്ഹാഖിന്റെയും ഇലാഹായ ഏകഇലാഹിനെ (അല്ലാഹുവിനെ) മാത്രം ഞങ്ങള്‍ ആരാധിക്കും. ഞങ്ങള്‍ അവന്ന് കീഴ്പെട്ട് ജീവിക്കുന്നവരുമായിരിക്കും.” (ബഖറ: 133)

യഅ്ഖൂബ് നബി -عَلَيْهِ السَّلَامُ- യുടെ ചോദ്യത്തില്‍ നിന്ന് തന്റെ മക്കള്‍ മരണത്തിന് ശേഷവും തൗഹീദില്‍ നിലകൊള്ളുമോ എന്ന ആകുലതയും, അദ്ദേഹത്തിന്റെ മക്കളുടെ മറുപടിയില്‍ നിന്ന് ആ പിതാവ് പകര്‍ന്നു നല്‍കിയ തൗഹീദിന്റെ സ്ഥൈര്യവും മനസ്സിലാക്കാന്‍ കഴിയും.

ലുഖ്മാന്‍-عَلَيْهِ السَّلَامُ-യെ കുറിച്ച് അല്ലാഹു -تَعَالَى- പറഞ്ഞു:

33_13“ലുഖ്മാന്‍ തന്റെ മകന് സദുപദേശം നല്‍കികൊണ്ടിരിക്കെ അവനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു); എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവില്‍ ശിര്‍ക്ക് ചെയ്യരുത്. തീര്‍ച്ചയായും ശിര്‍ക്ക് വളരെ വലിയ അതിക്രമം തന്നെയാകുന്നു.” (ലുഖ്മാന്‍: 13)

അല്ലാഹു -تَعَالَى- ഖുര്‍ആനില്‍ ലുഖ്മാനിന്റെ ഈ ഉപദേശം പ്രത്യേകം ഓര്‍മ്മപ്പെടുത്തിയതിലുള്ള പാഠം ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ആദ്യമായി തന്റെ മകന് നല്‍കേണ്ട ഉപദേശം തൗഹീദും ശിര്‍ക്കുമാണ് എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.

അനേകം വര്‍ഷങ്ങള്‍ സമൂഹത്തെ ശിര്‍ക്കില്‍ നിന്ന് താക്കീത് ചെയ്യുകയും, തൗഹീദിലേക്ക് ക്ഷണിക്കുകയും ചെയ്ത നൂഹ് നബി -عَلَيْهِ السَّلَامُ- തന്റെ മകന് നല്‍കുന്ന ഉപദേശം നോക്കൂ:

ibnuamr

അബ്ദുല്ലാഹിബ്നു അംര്‍ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: “അല്ലാഹുവിന്റെ നബിയായ നൂഹ് -عَلَيْهِ السَّلَامُ- അദ്ദേഹത്തിന് മരണം ആസന്നമായപ്പോള്‍ തന്റെ മകനോട് പറഞ്ഞു:

“ഞാന്‍ നിനക്ക് (ചില കാര്യങ്ങള്‍) വസ്വിയ്യത്ത് നല്‍കട്ടെ. രണ്ട് കാര്യങ്ങള്‍ ഞാന്‍ നിന്നോട് കല്‍പ്പിക്കുന്നു. രണ്ട് കാര്യങ്ങള്‍ ഞാന്‍ നിന്നോട് വിലക്കുന്നു.

ലാ ഇലാഹ ഇല്ലല്ലാഹ് ഞാന്‍ നിന്നോട് കല്‍പ്പിക്കുന്നു. ഏഴ് ആകാശങ്ങളും ഏഴ് ഭൂമികളും തുലാസിന്റെ ഒരു തട്ടില്‍ വെക്കപ്പെടുകയും, ലാ ഇലാഹ ഇല്ലല്ലാഹ് മറുതട്ടില്‍ വെക്കപ്പെടുകയും ചെയ്താല്‍ അവയെക്കാളെല്ലാം ‘ലാ ഇലാഹ ഇല്ലല്ലാഹ്’ കനം തൂങ്ങും. ഏഴ് ആകാശങ്ങളും ഏഴ് ഭൂമികളും ഒരു ഗോളാകൃതിയിലായിരുന്നെങ്കില്‍ ‘ലാ ഇലാഹ ഇല്ലല്ലാഹു’വും ‘സുബ്ഹാനല്ലാഹി വബി ഹംദിഹി’യും അതിനെ രണ്ടായി പിളര്‍ത്തിക്കളയും. എല്ലാ വസ്തുക്കളുടെയും പ്രാര്‍ഥനകളാണ് അവ (രണ്ടും); അവ കാരണത്താലാണ് സൃഷ്ടികള്‍ക്ക് ഉപജീവനം നല്‍കപ്പെടുന്നത്.

ശിര്‍ക്കില്‍ നിന്നും കിബ്റില്‍ (അഹങ്കാരം) നിന്നും ഞാന്‍ നിന്നെ വിലക്കുന്നു.” (അഹ്മദ്: 6583)

മക്കളെ തൗഹീദില്‍ അടിയുറച്ചവരായി വളര്‍ത്തേണ്ടതിന്റെ പ്രാധാന്യം ഇതില്‍ നിന്നെല്ലാം അര്‍ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം മനസ്സിലാക്കാന്‍ കഴിയും. അക്കാര്യം ഈ ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ തന്നെ ഓര്‍മ്മപ്പെടുത്തുകയാണ് ശൈഖ് മുഹമ്മദ് -رَحِمَهُ اللَّهُ- ചെയ്തിട്ടുള്ളത്.

തുടര്‍ന്നു വായിക്കുക:

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment