മത്ന്‍

أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
الحَمْدُ لِلَّهِ رَبِّ العَالَمِينَ
وَالصَّلَاةُ وَالسَّلَامُ عَلَى سَيِّدِ المُرْسَلِينَ، وَعَلَى آلِهِ وَأَصْحَابِهِ أَجْمَعِينَ
أَمَّا بَعْدُ

അര്‍ഥം

ശപിക്കപ്പെട്ട ശ്വൈത്വാനില്‍ നിന്ന് ഞാന്‍ അല്ലാഹുവിനെ കൊണ്ട് ശരണം തേടുന്നു.

റഹ്മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തില്‍.

ലോകങ്ങളുടെ റബ്ബായ അല്ലാഹുവിനാകുന്നു സര്‍വ്വ സ്തുതികളും.

റസൂലുകളുടെ നേതാവിന്റെ മേലും അവിടുത്തെ കുടുംബത്തിന്റെ മേലും, എല്ലാ സ്വഹാബികളുടെ മേലും (അല്ലാഹുവിന്റെ) സ്വലാതും സലാമും ഉണ്ടാകട്ടെ.

ശര്‍ഹ്

അഊദു; വിശദീകരണം:

മനുഷ്യനെ പിഴപ്പിക്കാന്‍ സദാ ശ്രമിച്ചു കൊണ്ടിരിക്കുന്ന ശ്വൈത്വാന്‍ -പിശാച്- അവന്റെ ഏറ്റവും കൊടിയ ശത്രുവാണ്. അവനില്‍ നിന്ന് രക്ഷ തേടുവാന്‍ അല്ലാഹു -تَعَالَى- കല്‍പ്പിച്ചിട്ടുണ്ട്.

(( فَإِذَا قَرَأْتَ الْقُرْآنَ فَاسْتَعِذْ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ ))

“നീ ഖുര്‍ആന്‍ പാരായണം ചെയ്താല്‍ ശപിക്കപ്പെട്ട ശ്വൈത്വാനില്‍ നിന്ന് അല്ലാഹുവിനെ കൊണ്ട് രക്ഷ തേടുക.” (നഹ്ല്‍: 98)

ജിന്നുകളില്‍ പെട്ട പിശാചുക്കളെ മനുഷ്യര്‍ക്ക് കാണാന്‍ സാധിക്കുകയില്ല; എന്നാല്‍ അവര്‍ക്കാകട്ടെ നമ്മെ കാണാന്‍ കഴിയുകയും ചെയ്യും. നമ്മുടെ കണ്ണുകള്‍ കൊണ്ട് കാണാന്‍ കഴിയാത്ത ശത്രുവില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏകവഴി അവന് കാണാന്‍ കഴിയാത്ത; അവനെ കണ്ടു കൊണ്ടിരിക്കുന്ന അല്ലാഹുവിനോട് രക്ഷ തേടലാണ്. ഖുര്‍ആനിലെ അവസാനത്തെ സൂറത്ത് മുഴുവനായും ഉള്‍ക്കൊള്ളുന്നത് ശ്വൈത്വാനില്‍ നിന്നുള്ള രക്ഷ തേടലാണെന്നത് മാത്രം മതി ഈ വാക്കിന്റെ പ്രാധാന്യവും ഗൗരവവും മനസ്സിലാക്കാന്‍.

നിസ്കാരത്തിലും, അല്ലാത്ത സന്ദര്‍ഭങ്ങളിലും ശ്വൈത്വാനില്‍ നിന്ന് രക്ഷ തേടാന്‍ നബി -ﷺ- നമ്മെ പഠിപ്പിച്ചിരിക്കുന്നു. കോപം വന്നാല്‍ നിയന്ത്രിക്കുന്നതിന് ‘അഊദു’ ചൊല്ലണമെന്ന് അവിടുന്ന് പഠിപ്പിച്ചത് ഒരുദാഹരണം.

ബിസ്മി; വിശദീകരണം:

ശേഷം ശൈഖ് മുഹമ്മദ് ‘ബിസ്മി’ രേഖപ്പെടുത്തി. ബിസ്മി കൊണ്ട് ഗ്രന്ഥം ആരംഭിക്കല്‍ ഗ്രന്ഥകാരന്മാരുടെ രീതിയാണ്. അതിന് അവര്‍ക്കുള്ള മാതൃക അല്ലാഹുവിന്റെ കിതാബായ ഖുര്‍ആനാണ്. തൗബ സൂറത്തില്‍ ഒഴികെ മറ്റെല്ലാ സൂറത്തുകളുടെ ആരംഭത്തിലും ബിസ്മിയുണ്ട്.

നബിമാര്‍ അവരുടെ കത്തുകളും എഴുത്തുകളും ആരംഭിച്ചിരുന്നതും ബിസ്മി കൊണ്ട് തന്നെയായിരുന്നു. സുലൈമാന്‍ നബി -عَلَيْهِ الصَّلَاةُ وَالسَّلَامُ- ബില്‍ഖീസ് രാജ്ഞിക്കെഴുതിയ കത്തിനെ കുറിച്ച് അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞത് ഇപ്രകാരമാണ്:

(( قَالَتْ يَاأَيُّهَا الْمَلَأُ إِنِّي أُلْقِيَ إِلَيَّ كِتَابٌ كَرِيمٌ (29) إِنَّهُ مِنْ سُلَيْمَانَ وَإِنَّهُ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ))

“അവള്‍ പറഞ്ഞു: ഹേ; പ്രമുഖന്‍മാരേ, എനിക്കിതാ മാന്യമായ ഒരു എഴുത്ത് നല്‍കപ്പെട്ടിരിക്കുന്നു. അത് സുലൈമാന്റെ പക്കല്‍ നിന്നുള്ളതാണ്. ആ കത്ത് ഇപ്രകാരമത്രെ: റഹ്മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തില്‍.” (നംല്: 29-30)

മുഹമ്മദ് നബി -ﷺ- യുടെ കത്തുകളും ആരംഭിച്ചിരുന്നത് ഇപ്രകാരം തന്നെയായിരുന്നു. അവിടുന്ന് റോമയുടെയും പേര്‍ഷ്യയുടെയും രാജാക്കന്മാര്‍ക്ക് എഴുതിയിരുന്ന കത്തുകളുടെയും ആരംഭം ബിസ്മി കൊണ്ടായിരുന്നു.

‘റഹ്മാന്‍’, ‘റഹീം’ എന്നിങ്ങനെ അല്ലാഹുവിന്റെ രണ്ടു നാമങ്ങള്‍ ‘ബിസ്മി’യിലുണ്ട്. ഈ രണ്ട് നാമങ്ങളും അല്ലാഹുവിന് റഹ്മത്ത് (കാരുണ്യം) എന്ന വിശേഷണം ഉണ്ടെന്നറിയിക്കുന്നു.

റഹ്മാന്‍ എന്നാല്‍ റഹ്മത്ത് തന്റെ വിശേഷണമായുള്ളവന്‍ എന്നാണ് ഉദ്ദേശം; റഹീം എന്നാല്‍ തന്റെ അടിമകള്‍ക്ക് റഹ്മത്ത് ചെയ്യുന്നവനെന്നും.

അല്ലാഹുവിന്റെ റഹ്മത്തിന്റെ പരിപൂര്‍ണതയെയും, വിശാലതയെയും ഈ നാമം അറിയിക്കുന്നു. ലോകത്താകമാനമുള്ള വസ്തുക്കളില്‍ കാണപ്പെടുന്ന ഉപകാരങ്ങളും നന്മകളും സന്തോഷകരമായ കാഴ്ച്ചകളുമെല്ലാം അല്ലാഹുവിന്റെ ഈ റഹ്മത്തിന്റെ അടയാളങ്ങളില്‍ പെട്ടതാണ്.” (മുഖ്തസറു ഫിഖ്ഹി അസ്മാഇല്ലാഹില്‍ ഹുസ്ന: 83-84)

ഹംദ്; വിശദീകരണം:

പിന്നീട് ശൈഖ് മുഹമ്മദ് -رَحِمَهُ اللَّهُ- അല്ലാഹുവിനെ സ്തുതിച്ചു. അല്‍ഹംദുലില്ലാഹി.. എന്ന വാക്കിലൂടെ.

‘ഹംദ്’ എന്ന പദത്തിനാണ് സ്തുതി എന്ന അര്‍ഥം നല്‍കിയിട്ടുള്ളത്. അറബി ഭാഷയിലെ മറ്റേതു പദങ്ങളെ പോലെയും വിശാലമായ അര്‍ഥവും ആശയവും ഈ പദവും ഉള്‍ക്കൊള്ളുന്നുണ്ട്.

ഒരാളിലുള്ള നല്ല വിശേഷണങ്ങള്‍ എടുത്തു പറഞ്ഞു കൊണ്ടു പുകഴ്ത്തുന്നതിനാണ് സ്തുതി എന്ന് പറയുക. അയാളോട് സ്നേഹവും ബഹുമാനവും മനസ്സില്‍ സൂക്ഷിച്ചു കൊണ്ടാണ് അപ്രകാരം ചെയ്യുന്നതെങ്കില്‍ അതിനാണ് അറബിയില്‍ ഹംദ് എന്ന് പറയുക. സ്നേഹവും ബഹുമാനവുമൊന്നുമില്ലാതെയുള്ള കേവല പുകഴ്ത്തലാണെങ്കില്‍ അത് മുഖസ്തുതിയാണ്; അറബിയില്‍ ‘മദ്ഹ്’ എന്ന് പറയാം. എന്നാല്‍ – ഒരിക്കല്‍ കൂടി ആവര്‍ത്തിക്കട്ടെ- ഒരു വ്യക്തിയെ കുറിച്ച് ബഹുമാനവും സ്നേഹവും ആദരവും മനസ്സില്‍ സൂക്ഷിച്ചു കൊണ്ട് അയാളെ കുറിച്ച് പുകഴ്ത്തി പറയുന്നതിനാണ് ‘ഹംദ്’ എന്ന് പറയുക.

അല്ലാഹു എല്ലാ ഹംദിനും അര്‍ഹതയുള്ളവനാണ്. കാരണം പുകഴ്ത്തപ്പെടാനുള്ള കാരണമായ എല്ലാ നല്ല വിശേഷണങ്ങളും അതിന്റെ പരിപൂര്‍ണമായ അവസ്ഥയില്‍ അവനിലുണ്ട്. കാരുണ്യത്തിന്റെയും, പ്രതാപത്തിന്റെയും, മഹത്വത്തിന്റെയും, ഭംഗിയുടെയും -മറ്റെല്ലാ നല്ല ഗുണങ്ങളുടെയും- പൂര്‍ണത അവനിലല്ലാതെ മറ്റാരിലുമില്ല.

അതോടൊപ്പം; ലോകരില്‍ ഒരാളും തന്നെ അവന്റെ മഹത്തരമായ കാരുണ്യത്തിന്റെ രുചിയും സൗന്ദര്യവും ആസ്വദിക്കാത്തവരായില്ല. എല്ലാവര്‍ക്കും അവന്റെ അനുഗ്രഹങ്ങള്‍ വേണ്ടുവോളം -എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്ത വണ്ണം- ലഭിച്ചിട്ടുണ്ട്.

(( وَمَا بِكُمْ مِنْ نِعْمَةٍ فَمِنَ اللَّهِ ثُمَّ إِذَا مَسَّكُمُ الضُّرُّ فَإِلَيْهِ تَجْأَرُونَ ))

“നിങ്ങളില്‍ എന്തൊരു അനുഗ്രഹമുണ്ടോ; അതെല്ലാം അല്ലാഹുവില്‍ നിന്നാണ്.” (നഹ്ല്‍: 53)

(( وَآتَاكُمْ مِنْ كُلِّ مَا سَأَلْتُمُوهُ وَإِنْ تَعُدُّوا نِعْمَتَ اللَّهِ لَا تُحْصُوهَا إِنَّ الْإِنْسَانَ لَظَلُومٌ كَفَّارٌ ))

“നിങ്ങള്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ എണ്ണുകയാണെങ്കില്‍; അത് തിട്ടപ്പെടുത്താന്‍ സാധ്യമല്ല.” (ഇബ്രാഹീം: 34)

‘ലില്ലാഹി’ എന്നതിന്റെ അര്‍ഥം ‘അല്ലാഹുവിന്’ എന്നാണ്. സര്‍വ്വ സ്തുതിയും അല്ലാഹുവിന് എന്നര്‍ഥം.

തുടര്‍ന്നു വായിക്കുക:

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

2 Comments

  • വഅലൈകസ്സല്ലാം വ റഹ്മതുല്ലാഹി വബറകാതുഹു.

    തഅലീമുസ്സ്വിബ്യാന്‍ എന്ന ഗ്രന്ഥത്തിന് പ്രത്യേകമായി ആരെങ്കിലും ശര്‍ഹ് എഴുതിയതായി ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ ശൈഖുല്‍ ഇസ്ലാം മുഹമ്മദ്‌ ബ്നു അബ്ദില്‍ വഹാബ് മറ്റു പല ഗ്രന്ഥങ്ങളിലും പറഞ്ഞ വിഷയങ്ങള്‍ തന്നെയാണ് ഈ ഗ്രന്ഥത്തിലുള്ളത്. പ്രധാനമായും ഉസ്വൂലുസ്സല്ലാസ, കിതാബുത്തൌഹീദ്, മഅനത്ത്വാഗൂത് പോലുള്ള ഗ്രന്ഥങ്ങളില്‍. ഇവയുടെ വിശദീകരണങ്ങള്‍ അവലംബിച്ചു കൊണ്ട് എഴുതിയതാണ് ഈ ലേഖന പരമ്പരകള്‍.

  • السلام عليكم ورحمة الله وبركاته

    തഅലീമുസ്സ്വിബ്യാന്‍റെ വിശദീകരണത്തില്‍ അഖി കൊടുത്ത ശര്‍ഹ് ആരെഴുതിയതാണ്?

Leave a Comment