പ്രാര്‍ത്ഥന അല്ലാഹുവിന് മാത്രം എന്ന് പറഞ്ഞു കേട്ടാല്‍ ഉടനെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ഒരു അടിസ്ഥാനവുമില്ലാത്ത ചില ന്യായീകരണങ്ങളുമായി വരുന്ന ചിലരെ കാണാം. അല്ലാഹുവിനോടൊപ്പം മറ്റു ചിലരെ കൂടി വിളിച്ച് പ്രാര്‍ഥിക്കാം എന്ന് പറയുന്നത് വരെ അവര്‍ക്ക് തൃപ്തി വരികയില്ല. അല്ലാഹു -تَعَالَى- മുശ്രിക്കുകളെ കുറിച്ച് പറഞ്ഞതു പോലെയാണ് ഇത്തരക്കാരുടെ കാര്യം.

وَإِذَا ذُكِرَ اللَّهُ وَحْدَهُ اشْمَأَزَّتْ قُلُوبُ الَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ ۖ وَإِذَا ذُكِرَ الَّذِينَ مِن دُونِهِ إِذَا هُمْ يَسْتَبْشِرُونَ ﴿٤٥﴾

“അല്ലാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാല്‍ പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ക്ക് അസഹ്യത അനുഭവപ്പെടുന്നതാണ്‌. അല്ലാഹുവിന് പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവര്‍ സന്തുഷ്ടരാകുന്നു.” (സുമര്‍: 45)

അല്ലാഹുവിനോടൊപ്പം നബിമാരെയും ഔലിയാക്കളെയും വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍ തങ്ങളുടെ പ്രവര്‍ത്തിക്ക് ന്യായീകരണമായി പറയുന്നത് കാണാം: ‘നിങ്ങള്‍ രോഗം മാറുന്നതിനു വേണ്ടി ഡോക്ടറോട് സഹായം തേടാറില്ലേ? മാതാപിതാക്കളോട് സഹായം തേടാറില്ലേ? മനുഷ്യര്‍ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും സഹായതേട്ടങ്ങള്‍ നടത്താറില്ലേ? അല്ലാഹുവിനോട് മാത്രമേ സഹായം തേടാവൂ എന്നു പറയുന്ന നിങ്ങളുടെ വാദപ്രകാരം ഇതെല്ലാം ശിര്‍കാവില്ലേ?’

ഉത്തരമായി പറയട്ടെ: അല്ലാഹുവല്ലാത്തവരോട് സഹായ തേട്ടം നടത്തുമ്പോള്‍ മൂന്ന് നിബന്ധനകള്‍ പാലിച്ചിട്ടുണ്ടെങ്കില്‍ അത് ശിര്‍കല്ല. താഴെ പറയുന്നവയാണ് ഈ മൂന്ന് കാര്യങ്ങള്‍:

ഒന്ന്: അവര്‍ക്ക് സഹായിക്കാന്‍ സാധിക്കുന്ന കാര്യങ്ങളിലായിരിക്കുക നീ സഹായം തേടുന്നത്.

രണ്ട്: സഹായം തേടപ്പെടുന്നവര്‍ ജീവിച്ചിരിക്കുന്നവരായിരിക്കുക.

മൂന്ന്: അവര്‍ നിന്റെ സഹായ തേട്ടം കേള്‍ക്കാന്‍ സാധിക്കുന്ന പരിധിയിലായിരിക്കുക.

മേല്‍ പറഞ്ഞ മൂന്ന് നിബന്ധനകള്‍ പാലിച്ച് കൊണ്ടുള്ള സഹായതേട്ടം ശിര്‍കല്ല എന്നതിനുള്ള തെളിവ് ഖുര്‍ആനിലും ഹദീസിലും ധാരാളം കാണാന്‍ കഴിയും. ഉദാഹരണത്തിന് മൂസ നബി -عَلَيْهِ السَّلَامُ- യുടെ ചരിത്രം പറയവെ അല്ലാഹു -تَعَالَى- പറഞ്ഞു:

وَدَخَلَ الْمَدِينَةَ عَلَىٰ حِينِ غَفْلَةٍ مِّنْ أَهْلِهَا فَوَجَدَ فِيهَا رَجُلَيْنِ يَقْتَتِلَانِ هَـٰذَا مِن شِيعَتِهِ وَهَـٰذَا مِنْ عَدُوِّهِ ۖ فَاسْتَغَاثَهُ الَّذِي مِن شِيعَتِهِ عَلَى الَّذِي مِنْ عَدُوِّهِ فَوَكَزَهُ مُوسَىٰ فَقَضَىٰ عَلَيْهِ ۖ قَالَ هَـٰذَا مِنْ عَمَلِ الشَّيْطَانِ ۖ إِنَّهُ عَدُوٌّ مُّضِلٌّ مُّبِينٌ ﴿١٥﴾

“പട്ടണവാസികള്‍ അശ്രദ്ധരായിരുന്ന സമയത്ത് മൂസാ അവിടെ കടന്നു ചെന്നു. അപ്പോള്‍ അവിടെ രണ്ടു പുരുഷന്‍മാര്‍ പരസ്പരം പൊരുതുന്നതായി അദ്ദേഹം കണ്ടു. ഒരാള്‍ തന്റെ കക്ഷിയില്‍ പെട്ടവന്‍. മറ്റൊരാള്‍ തന്റെ ശത്രുവിഭാഗത്തില്‍ പെട്ടവനും. അപ്പോള്‍ തന്റെ കക്ഷിയില്‍ പെട്ടവന്‍ തന്റെ ശത്രുവിഭാഗത്തില്‍ പെട്ടവന്നെതിരില്‍ അദ്ദേഹത്തോട് സഹായം തേടി.” (ഖസ്വസ്: 15)

മൂസ -عَلَيْهِ السَّلَامُ- യോട് അദ്ദേഹത്തിന്റെ ഗോത്രത്തില്‍ പെട്ടയാള്‍ നടത്തിയ സഹായതേട്ടം ശിര്‍കാണെന്നു മൂസ -عَلَيْهِ السَّلَامُ- പറഞ്ഞില്ല. കാരണം മൂസ -عَلَيْهِ السَّلَامُ- ക്ക് കേള്‍ക്കാവുന്ന പരിധിയില്‍, അദ്ദേഹം ജീവിച്ചിരിക്കെ, മൂസ -عَلَيْهِ السَّلَامُ- ക്ക് സാധിക്കുന്ന ഒരു കാര്യം മാത്രമാണ് അയാള്‍ ആവശ്യപ്പെട്ടത്. മേല്‍ പറഞ്ഞ മൂന്ന് നിബന്ധനകളില്‍ ഏതെങ്കിലും ഒന്ന് പാലിക്കപ്പെടാതെ പോകുമ്പോള്‍ അത്തരം സഹായതേട്ടങ്ങള്‍ ശിര്‍കായി മാറും. ഇങ്ങനെ സഹായതേട്ടങ്ങള്‍ ശിര്‍കാവുന്ന അവസ്ഥകളെ മൂന്നായി തിരിക്കാം.

ഒന്ന്: ഒരാള്‍ക്ക് സഹായിക്കാന്‍ കഴിയാത്ത കാര്യങ്ങളില്‍ സഹായം തേടിയാല്‍.

ഉദാഹരണത്തിന് ഹിദായത് നല്‍കുന്നതിന് വേണ്ടി അല്ലാഹുവല്ലാത്തവരോട് ചോദിക്കല്‍. കാരണം അല്ലാഹുവിന് മാത്രമാണ് ഹിദായത് നല്‍കാന്‍ കഴിയുക. മറ്റൊരാള്‍ക്കും അത് സാധ്യമല്ല. നബി -ﷺ- ക്ക് പോലും അവിടുത്തേക്ക് ഇഷ്ടമുള്ളവരെ ഹിദായതിലാക്കാന്‍ കഴിഞ്ഞിട്ടില്ല.

അല്ലാഹു -تَعَالَى- പറഞ്ഞു:

إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَـٰكِنَّ اللَّهَ يَهْدِي مَن يَشَاءُ ۚ وَهُوَ أَعْلَمُ بِالْمُهْتَدِينَ ﴿٥٦﴾

തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു.” (ഖസ്വസ്വ്: 56)

നബി -ﷺ- ക്ക് പോലും അവിടുത്തേക്ക് ഇഷ്ടമുള്ളവരെ ഹിദായതില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെങ്കില്‍ അവിടുത്തേക്ക് പുറമെയുള്ളവരുടെ കാര്യമെന്തായിരിക്കും?!

തിന്മകള്‍ പൊറുത്തു നല്‍കാന്‍ വേണ്ടിയോ സന്താനങ്ങളെ ലഭിക്കുന്നതിന് വേണ്ടിയോ, മഴ ലഭിക്കുന്നതിന് വേണ്ടിയോ അല്ലാഹുവല്ലാത്തവരോട് ചോദിക്കുന്നതും ഈ പറഞ്ഞതില്‍ പെടും. കാരണം ഈ പറഞ്ഞവയെല്ലാം അല്ലാഹു -تَعَالَى- ക്ക് മാത്രം സാധിക്കുന്ന കാര്യങ്ങളില്‍ പെട്ടതാണ്. അവ അല്ലാഹുവല്ലാത്തവരോട് ചോദിക്കല്‍ ഇസ്‌ലാമില്‍ നിന്ന് പുറത്തു പോകാന്‍ കാരണമാകുന്ന ശിര്‍കാണ്.

അല്ലാഹുവല്ലാതെ മറ്റൊരാളും തിന്മകള്‍ പൊറുത്തു നല്‍കില്ലെന്ന് ഖുര്‍ആനില്‍ അല്ലാഹു -تَعَالَى- വ്യക്തമായി പറഞ്ഞിട്ടുണ്ട്.

وَمَن يَغْفِرُ الذُّنُوبَ إِلَّا اللَّهُ

“പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്‌?” (ആലു ഇംറാന്‍: 135)

താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മക്കളെ നല്‍കുന്നവനും അല്ലാഹുവാണ്. അതും അവനോടല്ലാതെ മറ്റൊരാളോടും ചോദിക്കരുത്.

لِّلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ ۚ يَخْلُقُ مَا يَشَاءُ ۚ يَهَبُ لِمَن يَشَاءُ إِنَاثًا وَيَهَبُ لِمَن يَشَاءُ الذُّكُورَ ﴿٤٩﴾ أَوْ يُزَوِّجُهُمْ ذُكْرَانًا وَإِنَاثًا ۖ وَيَجْعَلُ مَن يَشَاءُ عَقِيمًا

“അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തികൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു.” (ശൂറാ: 49-50)

മഴ ഇറക്കുന്നതും അല്ലാഹു മാത്രമാണ്. അവനല്ലാതെ മറ്റൊരാള്‍ക്കും മഴ ഇറക്കാന്‍ കഴിയില്ല.

إِنَّ اللَّهَ عِندَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِي الْأَرْحَامِ ۖ وَمَا تَدْرِي نَفْسٌ مَّاذَا تَكْسِبُ غَدًا ۖ وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ

“തീര്‍ച്ചയായും അല്ലാഹുവിന്റെ പക്കലാണ് അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്‌. അവന്‍ മഴപെയ്യിക്കുന്നു. ഗര്‍ഭാശയത്തിലുള്ളത് അവന്‍ അറിയുകയും ചെയ്യുന്നു. നാളെ താന്‍ എന്താണ് പ്രവര്‍ത്തിക്കുക എന്ന് ഒരാളും അറിയുകയില്ല. താന്‍ ഏത് നാട്ടില്‍ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല.” (ലുഖ്മാന്‍: 34)

മേല്‍ പറഞ്ഞ കാര്യങ്ങളില്‍ ഏതെങ്കിലും ഒന്നിലോ, അതിന് സമാനമായ കാര്യങ്ങളിലോ അല്ലാഹുവല്ലാത്തവരോട് ഒരാള്‍ സഹായം തേടിയാല്‍ അവന്‍ ശിര്‍ക് ചെയ്യുകയും ഇസ്‌ലാമില്‍ നിന്ന് പുറത്തു പോവുകയും ചെയ്തിരിക്കുന്നു. കാരണം അല്ലാഹുവിന് മാത്രം സാധിക്കുന്ന, സൃഷ്ടികള്‍ക്ക് കഴിയാത്ത കാര്യങ്ങളില്‍ സഹായം തേടല്‍ -മുന്‍പ് വിശദീകരിച്ചത് പോലെ- ശിര്‍കാണ്.

രണ്ട്: മരിച്ചവരോട് സഹായം തേടിയാല്‍.

കാരണം മരിച്ചവര്‍ക്ക് നമ്മെ സഹായിക്കാനോ നമ്മുടെ പ്രയാസങ്ങള്‍ നീക്കിതരാനോ സാധിക്കുകയില്ലെന്ന കാര്യം ഖുര്‍ആനും സുന്നതും എത്രയോ തവണ ആവര്‍ത്തിച്ച് വിശദീകരിച്ചിട്ടുണ്ട്. മക്കയിലെ മുശ്രിക്കുകള്‍ ശിര്‍കില്‍ പതിക്കാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് മരിച്ചവരോടുള്ള സഹായതേട്ടവും പ്രാര്‍ത്ഥനയുമായിരുന്നു.

അല്ലാഹു -تَعَالَى- പറഞ്ഞു:

وَالَّذِينَ تَدْعُونَ مِن دُونِهِ مَا يَمْلِكُونَ مِن قِطْمِيرٍ ﴿١٣﴾ إِن تَدْعُوهُمْ لَا يَسْمَعُوا دُعَاءَكُمْ وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ ۖ وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ ۚ وَلَا يُنَبِّئُكَ مِثْلُ خَبِيرٍ ﴿١٤﴾

“അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍; അവര്‍ ഒരു ഈന്തപ്പഴക്കുരുവിന്റെ പാടപോലും ഉടമപ്പെടുത്തുന്നില്ല. നിങ്ങള്‍ അവരോട് ദുആ ചെയ്യുന്ന പക്ഷം അവര്‍ നിങ്ങളുടെ ദുആ കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാകട്ടെ; നിങ്ങളുടെ ശിര്‍കിനെ അവര്‍ നിഷേധിക്കുന്നതുമാണ്‌. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ) പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല.” (ഫാത്വിര്‍: 13-14)

ഈ ആയതില്‍ പരാമര്‍ശിക്കപ്പെട്ട, അല്ലാഹുവിന് പുറമെ വിളിച്ചു പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍ എന്നതില്‍ മരിച്ചു പോയ നബിമാരും സ്വാലിഹീങ്ങളും ഉള്‍പ്പെടും. അവരെ വിളിച്ചു പ്രാര്‍ഥിക്കുക എന്നത് ശിര്‍കില്‍ പെടുമെന്ന് അല്ലാഹു -تَعَالَى- ആയതിന്റെ അവസാനത്തില്‍ വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു.  മറ്റൊരു ആയത്തില്‍ അല്ലാഹു -تَعَالَى- പറഞ്ഞു:

وَمَنْ أَضَلُّ مِمَّن يَدْعُو مِن دُونِ اللَّهِ مَن لَّا يَسْتَجِيبُ لَهُ إِلَىٰ يَوْمِ الْقِيَامَةِ وَهُمْ عَن دُعَائِهِمْ غَافِلُونَ ﴿٥﴾ وَإِذَا حُشِرَ النَّاسُ كَانُوا لَهُمْ أَعْدَاءً وَكَانُوا بِعِبَادَتِهِمْ كَافِرِينَ ﴿٦﴾

“അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി അശ്രദ്ധരാകുന്നു. മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും.” (അഹ്ഖാഫ്: 5-6)

അല്ലാഹുവിന് പുറമെ വിളിച്ചു പ്രാര്‍ഥിക്കപ്പെടുന്ന ആരും ഈ പറഞ്ഞ ആയതില്‍ ഉള്‍പ്പെടും. അതില്‍ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാവരും ഉള്‍പ്പെടും. ഇപ്രകാരം വിളിച്ചു പ്രാര്‍ഥിക്കുന്നത് അല്ലാഹുവിന് പുറമെയുള്ളവരെ ഇബാദത് ചെയ്യലാണെന്നും ഈ ആയതില്‍ അല്ലാഹു -تَعَالَى- അറിയിച്ചിരിക്കുന്നു. ഇബാദതുകള്‍ അല്ലാഹുവല്ലാത്തവര്‍ക്ക് നല്‍കുക എന്നത് ഇസ്‌ലാമില്‍ നിന്ന് പുറത്തു പോകാന്‍ കാരണമാകുന്ന തനിച്ച കുഫ്റും രിദ്ദതും ശിര്‍കുമാണെന്ന് കഴിഞ്ഞ കുറിപ്പുകളില്‍ നാം ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.

മൂന്ന്: നിന്റെ തേട്ടം കേള്‍ക്കാന്‍ കഴിയാത്തവരെ വിളിച്ചു തേടുക:

എല്ലാ ശബ്ദങ്ങളും കേള്‍ക്കാന്‍ കഴിയുന്നവന്‍ അല്ലാഹു മാത്രമാണ്. എല്ലാ തേട്ടങ്ങളും സഹായാഭ്യര്‍ത്ഥനകളും അറിയുന്നവനും അവന്‍ മാത്രമാണ്. അല്ലാഹുവിന് പുറമെ മറ്റാര്‍ക്കും അത് കഴിയില്ല. കാരണം അല്ലാഹുവിന്റെ നാമമാണ് ‘അസ്സമീഉ’; എല്ലാം കേള്‍ക്കുന്നവന്‍ എന്നത് അതിന്റെ അര്‍ത്ഥങ്ങളില്‍ പ്രധാനപ്പെട്ട ഭാഗമാണ്. ഖുര്‍ആനിലെ എത്രയോ ആയതുകളില്‍ രഹസ്യവും പരസ്യവും കേള്‍ക്കാന്‍ കഴിയുക എന്നത് അല്ലാഹുവിന്റെ മഹത്തരമായ വിശേഷണങ്ങളില്‍ ഒന്നായി എടുത്തു പറഞ്ഞിട്ടുണ്ട്.

അല്ലാഹു -تَعَالَى- പറഞ്ഞു:

أَمْ يَحْسَبُونَ أَنَّا لَا نَسْمَعُ سِرَّهُمْ وَنَجْوَاهُم ۚ بَلَىٰ وَرُسُلُنَا لَدَيْهِمْ يَكْتُبُونَ ﴿٨٠﴾

“അതല്ല, അവരുടെ രഹസ്യവും ഗൂഢാലോചനയും നാം കേള്‍ക്കുന്നില്ല എന്ന് അവര്‍ വിചാരിക്കുന്നുണ്ടോ? അതെ, നമ്മുടെ ദൂതന്‍മാര്‍ (മലക്കുകള്‍) അവരുടെ അടുക്കല്‍ എഴുതിയെടുക്കുന്നുണ്ട്‌.” (സുഖ്റുഫ്: 80)

عَنْ عَائِشَةَ، أَنَّهَا قَالَتْ: «الْحَمْدُ لِلَّهِ الَّذِي وَسِعَ سَمْعُهُ الْأَصْوَاتَ، لَقَدْ جَاءَتْ خَوْلَةُ إِلَى رَسُولِ اللَّهِ -ﷺ- تَشْكُو زَوْجَهَا، فَكَانَ يَخْفَى عَلَيَّ كَلَامُهَا»، فَأَنْزَلَ اللَّهُ عَزَّ وَجَلَّ : «قَدْ سَمِعَ اللَّهُ قَوْلَ الَّتِي تُجَادِلُكَ فِي زَوْجِهَا وَتَشْتَكِي إِلَى اللَّهِ وَاللَّهُ يَسْمَعُ تَحَاوُرَكُمَا» [المجادلة: 1] الْآيَةَ.

ആഇഷ -رَضِيَ اللَّهُ عَنْهَا- പറഞ്ഞു: എല്ലാ ശബ്ദങ്ങളെയും ഉള്‍ക്കൊണ്ട കേള്‍വിയുള്ള അല്ലാഹുവിന് സര്‍വ്വ സ്തുതിയും. തന്റെ ഭര്‍ത്താവിനെ കുറിച്ച് പരാതി പറയുന്നതിനായി ഖൌല നബി -ﷺ- യുടെ അടുക്കല്‍ വന്നു സംസാരിക്കുമ്പോള്‍ (കുറച്ച് മാറിയിരിക്കുന്ന) എനിക്ക് അവളുടെ സംസാരം അവ്യക്തമായിരുന്നു.” അപ്പോള്‍ അല്ലാഹു -تَعَالَى- ഈ ആയതുകള്‍ അവതരിപ്പിച്ചു:

قَدْ سَمِعَ اللَّهُ قَوْلَ الَّتِي تُجَادِلُكَ فِي زَوْجِهَا وَتَشْتَكِي إِلَى اللَّهِ وَاللَّهُ يَسْمَعُ تَحَاوُرَكُمَا ۚ إِنَّ اللَّهَ سَمِيعٌ بَصِيرٌ ﴿١﴾

“(നബിയേ,) തന്റെ ഭര്‍ത്താവിന്റെ കാര്യത്തില്‍ നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവിങ്കലേക്ക് സങ്കടം ബോധിപ്പിക്കുകയും ചെയ്യുന്നവളുടെ വാക്ക് അല്ലാഹു കേട്ടിട്ടുണ്ട്‌. അല്ലാഹു നിങ്ങള്‍ രണ്ടു പേരുടെയും സംഭാഷണം കേട്ടുകൊണ്ടിരിക്കുകയാണ്‌. തീര്‍ച്ചയായും അല്ലാഹു സമീഉം (എല്ലാം കേള്‍ക്കുന്നവന്‍) ബസ്വീറും (എല്ലാം കാണുന്നവനും) ആണ്.” (മുജാദില: 1)

നബി -ﷺ- യുടെ പത്നിയും, അവിടുത്തേക്ക് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന അല്ലാഹുവിന്റെ ഔലിയാക്കളില്‍ പെട്ട ആഇഷ -رَضِيَ اللَّهُ عَنْهَا- ക്ക് കുറച്ചപ്പുറത്ത് നടക്കുന്ന സംസാരം കേള്‍ക്കാന്‍ -ആഗ്രഹിച്ചിട്ടും- സാധിച്ചില്ലെങ്കില്‍ അവരെക്കാള്‍ താഴെയുള്ളവരുടെ കാര്യമെന്താണ്?! ജീവിച്ചിരിക്കെ പോലും സാധിക്കാത്ത കാര്യം മരിച്ച ശേഷം അവര്‍ക്ക് കഴിയുമെന്നാണോ നാം വിശ്വസിക്കേണ്ടത്?!

മേല്‍ പറഞ്ഞ ആയതുകള്‍ വിഗ്രഹങ്ങളെ കുറിച്ചാണ് എന്ന് ആരെങ്കിലും പറയുന്നെങ്കില്‍, മരിച്ചവര്‍ കേള്‍ക്കുകയില്ലെന്ന് തന്നെ വ്യക്തമായി അറിയിച്ച ആയത്തുകളും ഉണ്ട്.

إِنَّمَا يَسْتَجِيبُ الَّذِينَ يَسْمَعُونَ ۘ وَالْمَوْتَىٰ يَبْعَثُهُمُ اللَّهُ ثُمَّ إِلَيْهِ يُرْجَعُونَ ﴿٣٦﴾

“കേള്‍ക്കുന്നവര്‍ മാത്രമേ ഉത്തരം നല്‍കുകയുള്ളൂ. മരിച്ചവരെയാകട്ടെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്‌. എന്നിട്ട് അവങ്കലേക്ക് അവര്‍ മടക്കപ്പെടുകയും ചെയ്യും.” (അന്‍ആം: 36)

وَمَا يَسْتَوِي الْأَحْيَاءُ وَلَا الْأَمْوَاتُ ۚ إِنَّ اللَّهَ يُسْمِعُ مَن يَشَاءُ ۖ وَمَا أَنتَ بِمُسْمِعٍ مَّن فِي الْقُبُورِ ﴿٢٢﴾

“ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല. തീര്‍ച്ചയായും അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ കേള്‍പിക്കുന്നു. നിനക്ക് ഖബ്‌റുകളിലുള്ളവരെ കേള്‍പിക്കാനാവില്ല.” (ഫാത്വിര്‍: 22)

ശാഫിഈ പണ്ഡിതനായ വാഹിദി (ഹി. 468) അദ്ദേഹത്തിന്റെ പ്രസിദ്ധമായ തഫ്സീറില്‍ പറഞ്ഞു: “നിനക്ക് ഖബ്‌റുകളിലുള്ളവരെ കേള്‍പിക്കാനാവില്ല’ എന്നു പറഞ്ഞത് കാഫിറുകളെ ഉദ്ദേശിച്ചാണ്. ഖബറിലുള്ളവര്‍ കേള്‍ക്കുകയില്ലെന്നത് പോലെ കാഫിറുകളും (ഈ ഉല്‍ബോധനം) കേള്‍ക്കുകയില്ല.” (അല്‍-വജീസ്: 892)

إِنَّكَ لَا تُسْمِعُ الْمَوْتَىٰ

“മരണപ്പെട്ടവരെ നിനക്ക് കേള്‍പിക്കാനാവുകയില്ല; തീര്‍ച്ച.” (നംല്‍: 80)

മരിച്ചവര്‍ കേള്‍ക്കുമെന്ന കാര്യത്തില്‍ വലിയ തര്‍ക്കങ്ങളും വാഗ്വാദങ്ങളും നടക്കുന്നത് കൊണ്ടു പറയട്ടെ; ഇനി മരിച്ചവര്‍ കേള്‍ക്കുമെന്ന് ഏതെങ്കിലും ചില തെളിവുകളുടെ അടിസ്ഥാനത്തില്‍ തെളിയിക്കാന്‍ സാധിച്ചെന്നു തന്നെ വന്നാലും, അവര്‍ക്ക് യാതൊരു സഹായവും ചെയ്യാന്‍ കഴിയില്ലെന്നും നമ്മുടെ വിളിക്ക് ഉത്തരം നല്‍കാന്‍ കഴിയില്ലെന്നും അറിയിക്കുന്ന തെളിവുകള്‍ വേറെ തന്നെയുണ്ട്. മുന്‍പ് നല്‍കിയ സൂറ. അഹ്ഖാഫിലെ ആയത് ഉദാഹരണം.

وَالَّذِينَ تَدْعُونَ مِن دُونِهِ مَا يَمْلِكُونَ مِن قِطْمِيرٍ ﴿١٣﴾ إِن تَدْعُوهُمْ لَا يَسْمَعُوا دُعَاءَكُمْ وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ ۖ وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ ۚ وَلَا يُنَبِّئُكَ مِثْلُ خَبِيرٍ ﴿١٤﴾

“അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍; അവര്‍ ഒരു ഈന്തപ്പഴക്കുരുവിന്റെ പാടപോലും ഉടമപ്പെടുത്തുന്നില്ല. നിങ്ങള്‍ അവരോട് ദുആ ചെയ്യുന്ന പക്ഷം അവര്‍ നിങ്ങളുടെ ദുആ കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാകട്ടെ; നിങ്ങളുടെ ശിര്‍കിനെ അവര്‍ നിഷേധിക്കുന്നതുമാണ്‌. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ) പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല.” (ഫാത്വിര്‍: 13-14)

അപ്പോള്‍ ആരെങ്കിലും തന്റെ ശബ്ദം കേള്‍ക്കാന്‍ കഴിയാത്ത പരിധിയിലുള്ള ഒരാളോട് -അവന് അല്ലാഹു പൊതുവെ സൃഷ്ടികള്‍ക്ക് നല്‍കിയ കഴിവുകളില്‍ നിന്ന് വ്യത്യസ്തമായി- കേള്‍ക്കാന്‍ കഴിയുമെന്ന വിശ്വാസത്തോടെ വിളിച്ചു തേടിയാല്‍ അത് ശിര്‍കില്‍ പെടും. മേല്‍ പറഞ്ഞ മൂന്ന് രൂപങ്ങള്‍ പഠിക്കുകയും, അവയുടെ അടിസ്ഥാനത്തില്‍ ചുറ്റുപാടുമുള്ള ജനങ്ങളെ നീ വീക്ഷിക്കുകയും ചെയ്‌താല്‍ എത്ര മാത്രം നമുക്കിടയില്‍ ശിര്‍ക് വ്യാപകമാണെന്ന കാര്യം നിനക്ക് ബോധ്യപ്പെടും.

മറക്കരുത്! അല്ലാഹു ഏറ്റവും ഗുരുതരമായ തിന്മയെന്നു വിശേഷിപ്പിച്ച കാര്യമാണ് ശിര്‍ക്. ഞങ്ങളും മുസ്‌ലിംകളാണ് എന്ന് അവകാശപ്പെടുന്നവരില്‍ പോലും ശിര്‍കിന്റെ കരാളഹസ്തങ്ങള്‍ പിടിമുറുക്കിയതായി നിനക്ക് മനസ്സിലാക്കാന്‍ കഴിയും. ഇസ്‌ലാമിനെ കുറിച്ചുള്ള അജ്ഞതയും ദീനിനെ കുറിച്ച് പഠിക്കുന്നതില്‍ നിന്ന് വളരെയധികം ജനങ്ങള്‍ അകന്നു പോയതുമൊക്കെ ശിര്‍കിന്റെ ഈ വ്യാപ്തിക്ക് കാരണമായിട്ടുണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ട കാരണം വഴിപിഴപ്പിക്കുന്ന ദുഷ്ടന്മാരായ പുരോഹിത വര്‍ഗത്തിന്റെ സാന്നിധ്യം തന്നെയാണ്.

എത്രയോ പേര്‍ അല്ലാഹുവിന് മാത്രം കഴിവുള്ള കാര്യങ്ങള്‍ ജാറങ്ങളിലും മഖ്ബറകളിലുമുള്ള മരിച്ചു പോയവരോട് ചോദിക്കുന്നു. എത്രയോ പേര്‍ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുള്ള -ഔലിയാക്കന്മാരെന്നു ധരിക്കപ്പെടുന്ന പലരെയും- വിളിച്ചു തേടുന്നു. ഇതെല്ലാം ഇസ്‌ലാമില്‍ നിന്ന് പുറത്തു പോകുന്ന ശിര്‍കല്ലെങ്കില്‍ പിന്നെ മറ്റെന്താണ് ശിര്‍ക്?!

‘പ്രാര്‍ഥന അല്ലാഹുവിനോട് മാത്രം എന്ന പ്രമേയം സാക്ഷാല്‍ ഇബ്‌ലീസിന്റെ പ്രമേയമാണെന്ന’ തനിച്ച കുഫ്ര്‍ പ്രചരിപ്പിച്ച സമസ്ത പുരോഹിതര്‍ നമ്മുടെ നാട്ടിലുണ്ടെന്ന് നിനക്കറിയുമോ?! (വഴി പിരിഞ്ഞവര്‍ക്ക് എന്തു പറ്റി?/ഹാഷിം നഈമി: 37)

സുബ്ഹാനല്ലാഹ്! അല്ലാഹുവിനോട് മാത്രം പ്രാര്‍ഥിക്കണമെന്ന് ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തുന്ന എത്രയോ ആയത്തുകള്‍ മേലെ വായിച്ച ഒരാള്‍ക്ക് എങ്ങനെയാണ് ഇത് തനിച്ച കുഫ്റാണ് എന്ന് മനസ്സിലാകാതിരിക്കുക. അല്ലാഹുവിന്റെ ഖുര്‍ആനിലെ എത്രയോ ആയതുകളെ നിഷേധിച്ച ഈ ധിക്കാരി കള്ളന്മാരുടെ നേതാവായ ഇബ്ലീസിന്റെ മേല്‍ വരെ കള്ളം കെട്ടിച്ചമക്കുകയാണ് ചെയ്തിരിക്കുന്നത്. ഇത്തരം പിഴച്ച പുരോഹിതന്മാരില്‍ നിന്ന് അല്ലാഹു മുസ്‌ലിം സമൂഹത്തെ കാത്തു രക്ഷിക്കട്ടെ!

കേരളത്തില്‍ തനിച്ച കുഫ്റും ശിര്‍കും അനിസ്ലാമികതയും പ്രചരിപ്പിക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഏപി അബൂബക്കര്‍ കാന്തപുരം -അല്ലാഹു അര്‍ഹമായത് അയാള്‍ക്ക് നല്‍കട്ടെ- എന്ന നേതാവിന്റെ മഹത്വമായി ഒരാള്‍ എടുത്തു പറഞ്ഞത് ‘മരിച്ചുപോയവരെ വിളിച്ചു പ്രാര്‍ഥിക്കാമെന്ന് ക്വുര്‍ആന്‍കൊണ്ട് തന്നെ അയാള്‍ സ്ഥാപിച്ചു’ എന്നതായിരുന്നു!!

മരിച്ചു പോയവരെ വിളിച്ചു തേടുന്നത് ഇസ്‌ലാമില്‍ നിന്ന് പുറത്തു പോകുന്ന കുഫ്രാണെന്ന് മേലെ നല്‍കിയ എത്രയോ ആയത്തുകളില്‍ നാം വായിച്ചു കഴിഞ്ഞു. ഇയാള്‍ പറയുന്നത് പോലെ ”മരിച്ചുപോയവരെ വിളിച്ചു പ്രാര്‍ഥിക്കാമെന്ന് ക്വുര്‍ആന്‍കൊണ്ട് തന്നെ അയാള്‍ സ്ഥാപിച്ചു’ എന്ന വാര്‍ത്ത ശരിയാണെങ്കില്‍ അല്ലാഹുവിന്റെ ഖുര്‍ആനില്‍ വൈരുദ്ധ്യമുണ്ടെന്നല്ലേ അതിന്റെ അര്‍ഥം?! ഖുര്‍ആനില്‍ വൈരുദ്ധ്യമുണ്ട് എന്നു പറയുന്നവനാകട്ടെ; അയാള്‍ കാഫിറും മുശ്രിക്കുമാണ് എന്നതില്‍ സംശയവുമില്ല.

അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാര്‍ഥിക്കുന്ന മുവഹ്ഹിദുകളില്‍ അവന്‍ നമ്മെ ഏവരെയും ഉള്‍പ്പെടുത്തുകയും, ഈ തൌഹീദിന്റെ പേരില്‍ നമ്മെ ഒരുമിപ്പിക്കുകയും, തൌഹീദിന് വേണ്ടി മരണം വരിക്കാന്‍ നമുക്ക് തൌഫീഖ് നല്‍കുകയും, ശിര്‍കിനെതിരെ നിലകൊണ്ടു എന്നതിനാല്‍ അവന്റെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യട്ടെ.

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.

كَتَبَهُ: أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيد

أَصْلُهُ: رِسَالَةٌ كَتَبَهَا الشَّيْخُ فَيْصَلُ بْنُ قَزَّار الجَاسِم

تَجْرِيدُ التَّوْحِيدِ مِنْ دَرَنِ الشِّرْكِ وَشُبَهِ التَّنْدِيدِ

-غَفَرَ اللَّهُ لَهُمَا وَلِوَالِدَيْهِمَا وَلِجَمِيعِ المُسْلِمِينَ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment