bismi-hamdഅല്ലാഹു ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നത് അതിനെ കുറിച്ച് ചിന്തിക്കുന്നതിനും ആലോചിക്കുന്നതിനും അതില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനുമാണ്.

അല്ലാഹു പറഞ്ഞു:

كِتَابٌ أَنزَلْنَاهُ إِلَيْكَ مُبَارَكٌ لِّيَدَّبَّرُوا آيَاتِهِ وَلِيَتَذَكَّرَ أُولُو الْأَلْبَابِ ﴿٢٩﴾

“നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്. ഇതിലെ ആയതുകളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി.” (സ്വാദ്: 29)

ഖുര്‍ആനിന്റെ ആശയത്തെ കുറിച്ച് ചിന്തിക്കാത്തവരെ അല്ലാഹു ആക്ഷേപിച്ചിട്ടുണ്ട്.

 أَفَلَا يَتَدَبَّرُونَ الْقُرْآنَ أَمْ عَلَىٰ قُلُوبٍ أَقْفَالُهَا ﴿٢٤﴾

“അപ്പോള്‍ അവര്‍ ഖുര്‍ആന്‍ ചിന്തിച്ചുമനസ്സിലാക്കുന്നില്ലേ? അതല്ല, ഹൃദയങ്ങളിന്‍മേല്‍ പൂട്ടുകളിട്ടിരിക്കയാണോ?” (മുഹമ്മദ്: 24)

ഖുര്‍ആനിലെ വാക്കുകളുടെ വിശദീകരണം മനസ്സിലാക്കിയും, അതിന്റെ അര്‍ഥമെന്താണെന്ന് അറിഞ്ഞുമാണ് ഖുര്‍ആനിലെ ആയത്തുകളെ കുറിച്ച് ചിന്തിക്കേണ്ടത്. അതിനാല്‍ തന്നെ ഖുര്‍ആനിന്റെ തഫ്സീര്‍ മനസ്സിലാക്കുക എന്നത് ഓരോ മുസ്‌ലിംകള്‍ക്കും ആവശ്യമായ കാര്യമാണ്.

<strong>എന്താണ് തഫ്സീര്‍?</strong>

ഖുര്‍ആനിന്റെ വിശദീകരണമാണ് തഫ്സീര്‍ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. തഫ്സീര്‍ പഠനം പൊതുവില്‍ മുസ്‌ലിം സമൂഹത്തിന്റെ മേല്‍ നിര്‍ബന്ധമാണ്. ഖുര്‍ആനിന്റെ വിശദീകരണം അറിയുന്ന പണ്ഡിതന്മാര്‍ ഇല്ലാത്ത അവസ്ഥ ഒരു കാലഘട്ടത്തിലും മുസ്‌ലിം സമൂഹത്തില്‍ ഉണ്ടാകുവാന്‍ പാടില്ല.

എന്നാല്‍, ഓരോ വ്യക്തികളും ഖുര്‍ആനിന്റെ തഫ്സീര്‍ മുഴുവനായും പഠിക്കല്‍ നിര്‍ബന്ധമില്ല. എങ്കിലും, നിത്യജീവിതത്തില്‍ അനിവാര്യമായും ആവശ്യം വരുന്ന, അവന്റെ വിശ്വാസ-കര്‍മ്മ-സ്വഭാവപരമായ മേഖലകളെ ശരിയാക്കാന്‍ വേണ്ട അറിവ് അവരും നേടേണ്ടതുണ്ട്.

കേവല ബുദ്ധി കൊണ്ടോ, തോന്നലുകള്‍ കൊണ്ടോ ഖുര്‍ആന്‍ വിശദീകരിക്കാന്‍ സാധിക്കില്ല; അങ്ങനെ ആരെങ്കിലും ചെയ്താല്‍ അതൊട്ട് സ്വീകാര്യവുമല്ല. അറബി ഭാഷയിലുള്ള അറിവുണ്ടായാല്‍ മാത്രം തഫ്സീര്‍ മനസ്സിലാക്കാമെന്ന ധാരണയും തെറ്റാണ്. മറിച്ച് ഖുര്‍ആന്‍ വിശദീകരിക്കുന്നതിന് പാലിച്ചിരിക്കേണ്ട ചില അടിസ്ഥാന നിയമങ്ങളും തത്വങ്ങളുമുണ്ട്. അവ അറിയുന്നതും മനസ്സിലാക്കുന്നത് ഖുര്‍ആന്‍ വിശദീകരണം പഠിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഉപകാരപ്രദമാണ്.

തഫ്സീറിന്റെ നിയമങ്ങളും അടിസ്ഥാന പാഠങ്ങളും ഉള്‍ക്കൊള്ളുന്ന ‘ഉസൂലുത്തഫ്സീര്‍’ എന്ന വിജ്ഞാനശാഖ ഈ വിഷയവുമായി ബന്ധപ്പെട്ടതാണ്.

പ്രധാനമായും രണ്ട് കാര്യങ്ങളാണ് ‘ഉസൂലുത്തഫ്സീര്‍’ എന്ന വിജ്ഞാനശാഖ ഉള്‍ക്കൊള്ളുന്നത്.

ഒന്ന്: എങ്ങനെയാണ് സലഫുകള്‍ -നബി-ﷺ-യും സ്വഹാബത്തും അവരുടെ മാര്‍ഗത്തില്‍ ചരിച്ചവരും- ഖുര്‍ആനിനെ വ്യാഖ്യാനിച്ചത്?

രണ്ട്: എങ്ങനെയാണ് നാം ഖുര്‍ആന്‍ വിശദീകരിക്കേണ്ടത്?

<strong>തഫ്സീര്‍; ഇനങ്ങളും വേര്‍തിരിവുകളും</strong>

ഖുര്‍ആന്‍ തഫ്സീറിനെ പണ്ഡിതന്മാര്‍ പല ഇനങ്ങളായി വേര്‍തിരിച്ചിട്ടുണ്ട്. മുഫസ്സിറുകളുടെ നേതാവായ ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُ- അതിനെ നാല് ഇനങ്ങളായി വേര്‍തിരിച്ചിട്ടുണ്ട്. അവയിതാണ്:

1- അറബികള്‍ക്ക് മനസ്സിലാക്കാവുന്നത്.

2- എല്ലാവരും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത്.

3- പണ്ഡിതന്മാര്‍ക്ക് മാത്രം അറിയുന്നത്.

4- അല്ലാഹുവിന് മാത്രം അറിയുന്നത്.

അറബികള്‍ക്ക് അറിയാന്‍ കഴിയുന്ന തഫ്സീര്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അറബികള്‍ പൊതുവെ ഉപയോഗിക്കുന്ന വാക്കുകളുടെയും, അറബി ഭാഷാ ശൈലികളുടെയും ഉദ്ദേശങ്ങളാണ്. കാരണം, ഖുര്‍ആന്‍ അവതരിച്ചത് അവരുടെ ഭാഷയിലും, അവരുടെ സംസാരരീതിയിലുമാണ്.

എന്നാല്‍, ഖുര്‍ആനില്‍ വന്ന വാക്കുകളില്‍ ചിലത്; അവരില്‍ ചിലര്‍ക്ക് മനസ്സിലാകാതെ പോയേക്കാം. കേള്‍വിക്കാരനെ സംബന്ധിച്ചിടത്തോളം ആ വാക്ക് പുതിയതായത് കൊണ്ടോ, അയാള്‍ ആ ഭാഷാരീതി പൊതുവെ ശീലിച്ചിട്ടെല്ലന്നതു കൊണ്ടോ ഒക്കെ ഇപ്രകാരം സംഭവിച്ചേക്കാം. ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- വിന് ‘ഫാത്വിര്‍’ എന്ന വാക്കിന്റെ അര്‍ഥം മനസ്സിലാകാതെ പോയ സംഭവം ഇതിന് ഒരു ഉദാഹരണമാണ്.

ഖുര്‍ആനിലെ എല്ലാ വാക്കുകളുടെ ഭാഷാര്‍ഥം മനസ്സിലാക്കുക എന്നത് ഓരോ മുസ്‌ലിമിന്റെയും മേല്‍ നിര്‍ബന്ധമുള്ള കാര്യമല്ല. എന്നാല്‍ ഒരു വിഭാഗം പണ്ഡിതന്മാര്‍ അവയെ കുറിച്ച് അറിവുള്ളവരായി നിലകൊള്ളല്‍ നിര്‍ബന്ധമാണ്.

എല്ലാവരും അറിഞ്ഞിരിക്കേണ്ട തഫ്സീര്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഖുര്‍ആനില്‍ വന്നിട്ടുള്ള നിര്‍ബന്ധ കല്‍പ്പനകളും വിലക്കുകളും, സ്വഭാവപരവും വിശ്വാസപരവുമായ അടിസ്ഥാനങ്ങളുമൊക്കെയാണ്.

ഉദാഹരണത്തിന് നിസ്കരിക്കണം, സകാത് കൊടുക്കണം, പലിശ ഭക്ഷിക്കരുത്, വ്യഭിചാരവും മോഷണവും തിന്മയാണ്, അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ, ശിര്‍ക്ക് അല്ലാഹു ഒരിക്കലും പൊറുക്കില്ല പോലുള്ള; ഖുര്‍ആനില്‍ വ്യക്തവും ഖണ്ഡിതവുമായി കല്‍പ്പിക്കപ്പെട്ട കാര്യങ്ങള്‍. ഈ തഫ്സീര്‍ മുസ്‌ലിമീങ്ങളില്‍ ഓരോ വ്യക്തിയും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതുണ്ട്.

പണ്ഡിതന്മാര്‍ക്ക് അറിയുന്ന തഫ്സീര്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സാധാരണക്കാര്‍ക്ക് അവ്യക്തതയുണ്ടായേക്കാവുന്ന ആയത്തുകളുടെ വിശദീകരണമാണ്. കര്‍മ്മശാസ്ത്ര വിധികളും ആയത്തിന്റെ ആന്തരികാര്‍ഥങ്ങളും മറ്റുമൊക്കെ ഇതില്‍ ഉള്‍പ്പെടും.

ഉദാഹരണത്തിന്; അനന്തരാവകാശവുമായി ബന്ധപ്പെട്ട നിയമങ്ങള്‍, ആയതുകള്‍ തമ്മിലുള്ള പരസ്പര ബന്ധങ്ങള്‍, പ്രയോഗങ്ങളിലെ സൂക്ഷ്മതയും അതിലടങ്ങിയിരിക്കുന്ന രഹസ്യങ്ങളും മറ്റുമൊക്കെ. ഇത്തരം കാര്യങ്ങള്‍ എല്ലാ മുസ്‌ലിമീങ്ങളും അറിഞ്ഞിരിക്കണമെന്ന നിര്‍ബന്ധമില്ല; ഒരു വിഭാഗം പണ്ഡിതന്മാര്‍ മനസ്സിലാക്കിയാല്‍ മതിയാകും.

അല്ലാഹുവിന് മാത്രം അറിയാവുന്ന തഫ്സീര്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഗൈബിയ്യായ (സൃഷ്ടികള്‍ക്ക് അറിയാന്‍ കഴിയാത്ത മറഞ്ഞ) കാര്യങ്ങളുടെ യാഥാര്‍ഥ്യങ്ങളാണ്. അന്ത്യനാളിന്റെ സമയം, മലകുകളുടെയും ജിന്നുകളുടെ യഥാര്‍ഥ രൂപം പോലുള്ളവ ഇതിന് ഉദാഹരണങ്ങളാണ്.

ഇത് പഠിക്കലും മനസ്സിലാക്കലും ആരുടെയും മേല്‍ നിര്‍ബന്ധമില്ല. ആരെങ്കിലും അവ അറിയാന്‍ ശ്രമിച്ചാല്‍ അവനത് സാധിക്കുകയുമില്ല. ഇത്തരം കാര്യങ്ങള്‍ അറിയാമെന്ന് ആരെങ്കിലും ജല്‍പ്പിച്ചാലാകട്ടെ; അവന്‍ അല്ലാഹുവിന്റെ മേല്‍ കള്ളം കെട്ടിച്ചമച്ചവനും അതിക്രമിയുമാണ്.

അവലംബം:

1- ഫുസ്വൂലുന്‍ ഫീ ഉസ്വൂലിത്തഫ്സീര്‍ – മുസാഇദ് ബ്നു സുലൈമാന്‍ അത്ത്വയ്യാര്‍

2- ഉസ്വൂലുന്‍ ഫിത്തഫ്സീര്‍ – ശൈഖ് മുഹമ്മദ്‌ ബ്നു സ്വാലിഹ് അല്‍-ഉസെമീന്‍

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

Leave a Comment