താബിഈങ്ങളിലെ പ്രമുഖപണ്ഡിതന്‍. ഇമാം. ഹാഫിദ്. മുഫസ്സിര്‍. മുഖ് രിഅ. വിശേഷണങ്ങള്‍ അനേകമുണ്ട് അദ്ദേഹത്തിന്. ശരിയായ പേര് റുഫൈഉ ബ്നു മിഹ്റാന്‍. അബുല്‍ ആലിയ എന്ന പേരിലാണ് അദ്ദേഹം പ്രസിദ്ധനായത്‌.

സ്വഹാബികളിലെ തലമുതിര്‍ന്നവരും അല്ലാത്തവരുമായ അനേകം പേരില്‍ നിന്ന് അദ്ദേഹം വിജ്ഞാനം നേടി. അബൂ ബക്ര്‍, ഉമര്‍, അലി, ഉബയ്യ്, ഇബ്‌നു മസ്ഊദ്, ഇബ്‌നു അബ്ബാസ്‌ -റദിയല്ലാഹു അന്‍ഹും- തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം.

قَالَ أَبُو بَكْرٍ بنُ أَبِي دَاوُدَ: (( لَيْسَ أَحَدٌ بَعْدَ الصَّحَابَةِ أَعْلَمَ بِالقُرْآنِ مِنْ أَبِي العَالِيَةِ ))

“സ്വഹാബികള്‍ കഴിഞ്ഞാല്‍ ഖുര്‍ആനില്‍ ഇത്ര മാത്രം അവഗാഹമുണ്ടായിരുന്ന മറ്റൊരാള്‍ അന്നുണ്ടായിരുന്നില്ല” അദ്ദേഹത്തെ കുറിച്ച് അബൂബകര്‍ ബ്നു അബീ ദാവൂദിന്റെ വാക്കുകളാണിത്.

ഇതു കൊണ്ട് തന്നെയായിരിക്കണം; ഖുറൈഷികളിലെ വലിയ നേതാക്കന്മാര്‍ സദസ്സില്‍ സന്നിഹിതരാണെങ്കിലും ഇബ്‌നു അബ്ബാസ് അദ്ദേഹത്തെ തന്നോടൊപ്പം ഉയര്‍ന്ന സ്ഥലത്ത് -കട്ടിലില്‍- ഇരുത്തുമായിരുന്നു: ഖുറൈഷികളിലെ ചിലര്‍ക്ക് ഇത് രസിച്ചില്ല; അവരോടായി ഇബ്‌നു അബ്ബാസ്‌ പറഞ്ഞു:

“ഇല്‍മ് (മതവിജ്ഞാനം) ഇങ്ങനെയാണ്; മാന്യനുള്ള മാന്യത അത് വര്‍ദ്ധിപ്പിക്കും; ചിലപ്പോള്‍ അടിമയെ കട്ടിലില്‍ ഇരുത്തുകയും ചെയ്യും!”

എന്നാല്‍ അദ്ദേഹമാകട്ടെ; പ്രശസ്തിയില്‍ നിന്നും സ്ഥാനമാനങ്ങളില്‍ നിന്നും അകന്നുനിന്നു.

ആസ്വിം അല്‍-അഹ് വല്‍ പറഞ്ഞു: “നാലില്‍ കൂടുതല്‍ ആളുകള്‍ തന്റെ ചുറ്റും ഇരുന്നാല്‍ അബുല്‍ ആലിയ ആ സദസ്സില്‍ നിന്ന് എഴുന്നേറ്റു പോകാറുണ്ടായിരുന്നു.”

അദ്ദേഹത്തിന്റെ ചില മൊഴിമുത്തുകള്‍:

(( أَنْتُم أَكْثَرُ صَلاَةً وَصِيَاماً مِمَّنْ كَانَ قَبْلَكُم، وَلَكِنَّ الكَذِبَ قَدْ جَرَى عَلَى أَلْسِنَتِكُم ))

“നിങ്ങള്‍ മുന്‍ഗാമികളെക്കാള്‍ നിസ്കാരവും നോമ്പുമുള്ളവരാണ്; എന്നാല്‍ കളവ് നിങ്ങളുടെ നാവുകളിലൂടെ ഓടിനടക്കുന്നു.”

(( يَأْتِي عَلَى النَّاسِ زَمَانٌ تَخْرُبُ صُدُورُهُمْ مِنَ الْقُرْآنِ وَلَا يَجِدُونَ لَهُ حَلَاوَةً وَلَا لَذَاذَةً إِنْ قَصَّرُوا عَمَّا أُمِرُوا بِهِ قَالُوا: إِنَّ اللَّهَ غَفُورٌ رَحِيمٌ، وَإِنْ عَمِلُوا بِمَا نُهُوا عَنْهُ قَالُوا: سَيَغْفِرُ لَنَا إِنَّا لَمْ نُشْرِكْ بِاللَّهِ شَيْئًا، أَمْرُهُمْ كُلُّهُ طَمَعٌ لَيْسَ مَعَهُ صِدْقٌ يَلْبَسُونَ جُلُودَ الضَّأْنِ عَلَى قُلُوبِ الذِّئَابِ، أَفْضَلُهُمْ فِي دِينِهِ الْمُدَاهِنُ ))

“ജനങ്ങള്‍ക്ക് ഒരു കാലം വരും. ഖുര്‍ആനിന്റെ കാര്യത്തില്‍ അവരുടെ ഹൃദയങ്ങള്‍ തകര്‍ന്നടിയും. ഖുര്‍ആനില്‍ മധുരമോ ആസ്വാദനമോ അവര്‍ കണ്ടെത്തുകയില്ല.

അല്ലാഹു കല്‍പ്പിച്ച കാര്യങ്ങള്‍ ഒഴിവാക്കിയാല്‍ അവര്‍ പറയും: തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കാരുണ്യം ചോരിയുന്നവനുമാണ്. അല്ലാഹു വിലക്കിയത് വല്ലതും പ്രവര്‍ത്തിച്ചാല്‍ അവര്‍ പറയും: നമ്മള്‍ ശിര്‍ക്ക് ചെയ്തിട്ടില്ല; അതിനാല്‍ അല്ലാഹു നമുക്ക് പൊറുത്തു നല്‍കും.

കേവലം ആഗ്രഹങ്ങള്‍ മാത്രമാണ് അവരുടെ കാര്യം; ഒട്ടും സത്യസന്ധത അതിലൊന്നുമുണ്ടാകില്ല. ചെന്നായ്ക്കളുടെ ഹൃദയങ്ങള്‍ക്ക് മീതെ ആട്ടിന്‍ തോലണിഞ്ഞവര്‍. അവരുടെ അടുക്കല്‍ ഏറ്റവും ദീനുള്ളവര്‍ ദുനിയാവിന് വേണ്ടി ദീന്‍ വിറ്റുതുലക്കുന്നവനാണ്.”

(( إِنِّي لأَرْجُو أَنْ لاَ يَهْلِكَ عَبْدٌ بَيْنَ نِعْمَتَيْنِ: نِعْمَةٍ يَحْمَدُ اللَّهُ عَلَيْهَا، وَذَنْبٍ يَسْتَغْفِرُ اللَّهَ مِنْهُ ))

“രണ്ട് അനുഗ്രഹങ്ങള്‍ ഉണ്ടെങ്കില്‍ ഒരടിമ ഒരിക്കലും നശിക്കുകയില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു: അനുഗ്രഹത്തിന് നന്ദി പറയലും, തിന്മകള്‍ക്ക് പാപമോചനം തേടലുമാണത്.”

(( فَقَدْ أَنْعَمَ اللَّهُ عَلَيَّ بِنِعْمَتَيْنِ، لاَ أَدْرِي أَيُّهُمَا أَفَضْلُ: أَنْ هَدَانِي لِلإِسْلاَمِ، وَلَمْ يَجْعَلْنِي حَرُوْرِيّاً ))

“അല്ലാഹു എനിക്ക് രണ്ട് അനുഗ്രഹങ്ങള്‍ നല്‍കിയിട്ടുണ്ട്; ഏതാണ് കൂടുതല്‍ മഹത്തരം എന്നെനിക്കറിയില്ല; എന്നെ ഇസ്‌ലാമിലേക്ക് നയിച്ചു എന്നതാണ് ഒന്ന്; എന്നെ ഒരു ഖവാരിജ് ആക്കിയില്ല എന്നതാണ് രണ്ടാമത്തേത്.”

(( كُنْتُ أَرْحَلُ إِلَى الرَّجُلِ مَسِيْرَةَ أَيَّامٍ لأَسْمَعَ مِنْهُ، فَأَتَفَقَّدُ صَلاَتَهُ، فَإِنْ وَجَدْتُهُ يُحْسِنُهَا، أَقَمْتُ عَلَيْهِ، وَإِنْ أَجِدْهُ يُضِيِّعُهَا، رَحَلْتُ وَلَمْ أَسْمَعْ مِنْهُ، وَقُلْتُ: هُوَ لِمَا سِوَاهَا أَضْيَعُ ))

ഞാന്‍ ചിലരില്‍ നിന്ന് ദീന്‍ കേള്‍ക്കുന്നതിനായി ദിവസങ്ങള്‍ നീണ്ട യാത്ര ചെയ്യുമായിരുന്നു. അയാളുടെ നിസ്കാരമായിരുന്നു ഞാന്‍ ശ്രദ്ധിച്ചിരുന്നത്. അതയാള്‍ നന്നാക്കുന്നത് കണ്ടാല്‍ ഞാന്‍ അയാളില്‍ നിന്ന് പഠിക്കുമായിരുന്നു. എന്നാല്‍ അതില്‍ ശ്രദ്ധയില്ലാത്തതായി കണ്ടാല്‍ ഞാന്‍ അയാളില്‍ നിന്ന് പഠിക്കാതെ തിരിച്ച് യാത്ര തുടങ്ങും. ഞാന്‍ പറയുമായിരുന്നു: “(അയാള്‍ നിസ്കാരം പാഴാക്കുന്നുണ്ടെങ്കില്‍) മറ്റു കാര്യങ്ങള്‍ എന്തായാലും പാഴാക്കുന്നവനായിരിക്കും.”

(( تَعَلَّمُوا القُرْآنَ، فَإِذَا تَعْلَّمْتُمُوْهُ، فَلاَ تَرْغَبُوا عَنْهُ، وَإِيَّاكُم وَهَذِهِ الأَهْوَاءَ، فَإِنَّهَا تُوْقِعُ العَدَاوَةَ وَالبَغْضَاءَ بَيْنَكُم ))

“നിങ്ങള്‍ ഖുര്‍ആന്‍ പഠിക്കുക. നിങ്ങള്‍ അത് പഠിച്ചാല്‍ പിന്നെ അതിനോട് നിങ്ങള്‍ വെറുപ്പ്‌ കാണിക്കാതിരിക്കുക. ഇക്കാണുന്ന ബിദ്അതുകളെ (പുത്തനാചാരങ്ങള്‍) നിങ്ങള്‍ സൂക്ഷിക്കുക. അത് നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉണ്ടാക്കും.”

ഖുര്‍ആന്‍ പഠിക്കുന്നവരോട് അദ്ദേഹത്തിന്റെ ഉപദേശം:

ഖുര്‍ആനുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്നു അബുല്‍ ആലിയക്ക്. അദ്ദേഹം പറയാറുണ്ടായിരുന്നു: “ഞങ്ങള്‍ അടിമകളായിരുന്നു. ഞങ്ങളില്‍ ചിലര്‍ മോചനത്തിനായുള്ള പണം അടക്കുന്നവരായിരുന്നു. വേറെ ചിലര്‍ തന്റെ ഉടമസ്ഥരെ സഹായിക്കുന്നവരും ആയിരുന്നു.

ഞങ്ങള്‍ എല്ലാ രാത്രിയിലും ഖുര്‍ആന്‍ ഖത് മ് (പൂര്‍ണമായി പാരായണം ചെയ്യുക) തീര്‍ക്കാറുണ്ടായിരുന്നു. (എന്നാല്‍ അത് തുടര്‍ന്നു കൊണ്ട് പോവുക എന്നത് ഞങ്ങള്‍ക്ക് പ്രയാസമുള്ളതായി). അങ്ങനെ ഞങ്ങള്‍ പരസ്പരം പ്രയാസം പറയാന്‍ തുടങ്ങി.

ആയിടക്ക് ഞങ്ങള്‍ നബി -ﷺ- യുടെ സ്വഹാബികളെ കണ്ടുമുട്ടി. അവര്‍ ഞങ്ങള്‍ക്ക് ഓരോ ആഴ്ച്ചയിലും ഖത്മ് തീര്‍ക്കണമെന്ന് പഠിപ്പിച്ചു തന്നു. പിന്നീട് ഞങ്ങള്‍ രാത്രി നിസ്കരിക്കുകയും, കുറച്ച് ഉറങ്ങുകയും ചെയ്തു. അതോടെ ഞങ്ങളുടെ പ്രയാസവും നീങ്ങി.”

ഖുര്‍ആന്‍ പഠിക്കുന്നവര്‍ക്ക് അദ്ദേഹം നല്‍കിയ ഒരു ഉപദേശം ഈ കുറിപ്പിന്റെ അവസാനമെന്നോണം നല്‍കട്ടെ.

അദ്ദേഹം പറഞ്ഞു:

(( تَعَلَّمُوا القُرْآنَ خَمْسَ آيَاتٍ، خَمْسَ آيَاتٍ، فَإِنَّهُ أَحْفَظُ عَلَيْكُم، وَجِبْرِيْلُ كَانَ يَنْزِلُ بِهِ خَمْسَ آيَاتٍ، خَمْسَ آيَاتٍ ))

“നിങ്ങള്‍ ഖുര്‍ആനില്‍ നിന്ന് അഞ്ചു ആയത്തുകള്‍ പഠിക്കുക; ശേഷം അഞ്ച് ആയത്തുകള്‍ പഠിക്കുക; ഇങ്ങനെ പഠിക്കുന്നതാണ് നിങ്ങളുടെ ഹിഫ്ദ് (മനപാഠം) നിലനില്‍ക്കാന്‍ കൂടുതല്‍ നല്ലത്. ജിബ്രീല്‍ നബി -ﷺ-യുടെ അടുക്കല്‍ ഇറങ്ങാറുണ്ടായിരുന്നത് അഞ്ച് ആയത്തുകള്‍ കൊണ്ടായിരുന്നു.”

ഖുര്‍ആന്‍ മനപാഠമാക്കുന്ന വിഷയത്തില്‍ വലിയൊരു ഉപദേശമാണ് ഈ പറഞ്ഞത്. ഖുര്‍ആന്‍ പഠനത്തില്‍ അനാവശ്യമായ മത്സരങ്ങള്‍ നിലനില്‍ക്കുന്ന ഒരു കാലഘട്ടമായിരിക്കുന്നു ഇത്.

ഒന്നും രണ്ടും വര്‍ഷത്തിനുള്ളില്‍ എന്റെ കുട്ടിയെ ഹാഫിദ് ആക്കി തിരിച്ചേല്‍പ്പിക്കണമെന്ന അപേക്ഷയുമായി വരുന്ന രക്ഷിതാക്കള്‍; ഹിഫ്ദിന് വേഗം പോരെന്നു പറഞ്ഞു പഠനം പാതിവഴിയില്‍ നിര്‍ത്തുന്ന കുട്ടികള്‍; വേഗതയില്‍ ഹിഫ്ദ് തീര്‍ക്കാത്ത കുട്ടിയെ മര്‍ദ്ദിക്കുന്ന അദ്ധ്യാപകര്‍; ഒരു ദിവസം തന്നെ രണ്ടും മൂന്നും പേജ് ഹിഫ്ദാക്കണമെന്ന് വാശി പിടിക്കുന്നവര്‍; ഇവര്‍ക്കെല്ലാം അബുല്‍ ആലിയുടെ ഉപദേശത്തില്‍ പാഠമുണ്ട്.

ഓരോ വര്‍ഷവും കേരളത്തില്‍ നിന്ന് ഹിഫ്ദ് പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന ആയിരക്കണക്കിന് കുട്ടികളുടെ ‘തിരോധാനങ്ങള്‍’ ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുമ്പോള്‍; ഹിഫ്ദിന് പഠിക്കുന്ന കുട്ടികളിലെ സ്വഭാവദൂഷ്യങ്ങളെ കുറിച്ച് പലരും പരാതി പറയുമ്പോള്‍; അവരില്‍ വലിയൊരു ബഹുഭൂരിപക്ഷവും പഠിച്ചതെല്ലാം ഒന്നും രണ്ടും മാസങ്ങള്‍ക്കുള്ളില്‍ മറക്കുന്നത് കാണുമ്പോള്‍; പണ്ടിതന്മാരാകുമെന്ന് പ്രതീക്ഷിക്കാവുന്നവരെ വളരെ കുറച്ചല്ലാതെ ഇക്കൂട്ടത്തില്‍ കണ്ടെത്താനാകാതെ വരുമ്പോള്‍; അതിനെല്ലാമുള്ള പരിഹാരം അബുല്‍ ആലിയുടെ വാക്കുകളില്‍ ഉണ്ട്.

ഹിജ്റ 93 ല്‍ അബുല്‍ ആലിയ മരണപ്പെട്ടു. അല്ലാഹു അദ്ദേഹത്തിന്റെ മേല്‍ റഹ്മത് ചൊരിയട്ടെ.

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى رَسُولِنَا وَنَبِيِّنَا مُحَمَّدِ بْنِ عَبْدِ اللَّهِ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ

وَآخِرُ دَعْوَانَا أَنِ الحَمْدُ لِلَّهِ رَبِّ العَالَمِينَ.

كَتَبَهُ : أَبُو تُرَاب عَبْد المُحْسِن بْن سَيِّد عَلِيّ عَيْدِيدُ

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment