ബിസ്മി

0

തഫ്സീർ മുഖ്തസ്വർ :

മക്കയിൽ അവതരിച്ചത്.

സൂറതിന്റെ അവതരണലക്ഷ്യങ്ങളിൽ ചിലത്:

അല്ലാഹുവിനെ മാത്രം ആരാധിച്ചു കൊണ്ട്, അവന്റെ പരിപൂർണ്ണ അടിമയാകേണ്ടത് എങ്ങനെയെന്ന് പഠിപ്പിക്കുകയും, അതിലേക്ക് നയിക്കുകയും ചെയ്യുന്നു ഖുർആനിലെ ആദ്യത്തെ അദ്ധ്യായമായ ഈ സൂറത്.

സൂറതിന്റെ ശ്രേഷ്ഠതകളിൽ ചിലത്:

ഈ അദ്ധ്യായം കൊണ്ടാണ് അല്ലാഹുവിന്റെ ഗ്രന്ഥമായ ഖുർആനിന്റെ പ്രാരംഭം എന്നതു കൊണ്ടാണ് സൂറതുൽ ഫാതിഹ (പ്രാരംഭം) എന്ന് ഈ അദ്ധ്യായത്തിന് പേര് നൽകപ്പെട്ടത്. ഖുർആനിലെ അടിസ്ഥാനപരമായ വിഷയങ്ങളിലേക്കുമുള്ള സൂചനകൾ ഉൾക്കൊള്ളുന്നതിനാൽ ‘ഉമ്മുൽ ഖുർആൻ’ എന്നും ഈ അദ്ധ്യായത്തിന് പേരുണ്ട്. ഓരോ മുസ്ലിമും നിത്യേന നിർവ്വഹിക്കുന്ന നിസ്കാരങ്ങളിൽ ആവർത്തിച്ചു പാരായണം ചെയ്യപ്പെടുന്നതിനാൽ ‘അൽ-മഥാനീ’ (ആവർത്തിക്കപ്പെടുന്നത്) എന്നും പേര് പറയാറുണ്ട്. ഇതല്ലാതെ മറ്റു ചില പേരുകളുമുള്ള ഈ അദ്ധ്യായം ഖുർആനിലെ ഏറ്റവും മഹത്തരമായ അദ്ധ്യായമാണ്.

0
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ ﴿١﴾

അങ്ങേയറ്റം വിശാലമായ കാരുണ്യമുള്ളവനും (റഹ്മാൻ) ധാരാളമായി കരുണ ചൊരിയുന്നവനുമായ (റഹീം) അല്ലാഹുവിന്റെ നാമം കൊണ്ട്.

തഫ്സീർ മുഖ്തസ്വർ :

അല്ലാഹുവിന്റെ എല്ലാ നാമങ്ങളും ഉച്ചരിച്ചു കൊണ്ട് ഞാൻ ഈ ഖുർആൻ പാരായണം ആരംഭിക്കുന്നു എന്നാണ് ഈ പറഞ്ഞത് കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാഹുവിന് ധാരാളം നാമങ്ങളുണ്ട്. അവയെല്ലാം ഈ വാക്കിൽ ഉൾപ്പെടും.

ഈ വാക്ക് ഉച്ചരിക്കുന്നതോടെ തന്റെ ഖുർആൻ പാരായണത്തിൽ അല്ലാഹുവിന്റെ സഹായം അവൻ തേടുകയും ചെയ്യുന്നു. അല്ലാഹുവിന്റെ നാമം ഉച്ചരിക്കുന്നത് അതിലുള്ള ബറകത് (അനുഗ്രഹം) നേടിത്തരുകയും ചെയ്യുന്നു.

മൂന്ന് നാമങ്ങളാണ് മേലെ നൽകിയ വചനത്തിലുള്ളത്.

ഒന്ന്: അല്ലാഹു (اللَّهُ): യഥാർഥ ആരാധ്യൻ എന്നാണ് ഈ നാമത്തിന്റെ ഉദ്ദേശം. ലോകങ്ങളുടെ സ്രഷ്ടാവായ അല്ലാഹുവിന്റെ ഏറ്റവും പ്രത്യേകമായ നാമം ഇതാണ്. ഈ പേരിൽ അവനെയല്ലാതെ മറ്റാരെയും വിളിക്കുവാൻ പാടില്ല.

രണ്ട്: റഹ്മാൻ (الرَّحْمَنُ): അങ്ങേയറ്റം വിശാലമായ കാരുണ്യമുള്ളവൻ എന്നാണ് ഈ നാമത്തിന്റെ ഉദ്ദേശം. ആകാശഭൂമികളെയും സർവ്വ സൃഷ്ടികളെയും അല്ലാഹുവിന്റെ കാരുണ്യം വലയം ചെയ്തിരിക്കുന്നു. ഒരാൾക്കും -നിനക്കോ നിന്റെ ചുറ്റുമുള്ളവർക്കോ- അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്ന് ഞാൻ പുറത്താണ് എന്ന് പറയാൻ കഴിയില്ല.

മൂന്ന്: റഹീം (الرَّحِيمُ): ധാരാളമായി തന്റെ സൃഷ്ടികൾക്ക് കാരുണ്യം ചൊരിയുന്നവൻ എന്നാണ് ഈ നാമത്തിന്റെ ഉദ്ദേശം. ഈ രണ്ട് നാമങ്ങളും അല്ലാഹുവിന് കാരുണ്യം എന്ന വിശേഷണം ഉണ്ടെന്ന് അറിയിക്കുന്നു. അല്ലാഹുവിന് യോജിച്ച രൂപത്തിൽ അല്ലാഹുവിന് സ്ഥിരപ്പെട്ട എല്ലാ വിശേഷണങ്ങളും ഉണ്ട് എന്ന് വിശ്വസിക്കൽ നിർബന്ധമാണ്.

അല്ലാഹു തന്റെ ദാസന്മാരിൽ അവൻ ഉദ്ദേശിക്കുന്നവർക്കെല്ലാം മേൽ തന്റെ കാരുണ്യം വാരിച്ചൊരിയുന്നു. എന്നാൽ പരലോകത്ത് അവന്റെ കാരുണ്യം ആസ്വദിക്കാൻ കഴിയുക അവനിൽ വിശ്വസിച്ച -ഇസ്ലാം സ്വീകരിച്ച- അവന്റെ ഇഷ്ടദാസന്മാർക്ക് മാത്രമായിരിക്കും.

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്