വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പഠനവിധേയമാക്കുകയും, സിഹ്റുമായി ബന്ധപ്പെട്ട് ഉണ്ടായ അനുഭവങ്ങളെ വിലയിരുത്തുകയും ചെയ്ത പണ്ഡിതന്മാര്‍ സിഹ്റിനെ ധാരാളം ഇനങ്ങളായി തരംതിരിച്ചിട്ടുണ്ട്.   സിഹ്റിന്റെ ലക്ഷണങ്ങള്‍ മനസ്സിലാക്കുവാനും, തുടക്കം മുതല്‍ തന്നെ മുന്‍കരുതലുകള്‍ സ്വീകരിക്കാനും ഇവ അറിയുന്നത് ഉപകരിക്കും. അവ ചുരുക്കി ഈ അധ്യായത്തില്‍ വിശദീകരിക്കാം.

1 – സിഹ്റുത്തഫ്രീഖ്.

ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നതിന് വേണ്ടി ചെയ്യപ്പെടുന്ന സിഹ്റാണിത്. സിഹ്ര്‍ ഏറ്റവും കൂടുതല്‍ ഇതിന് വേണ്ടിയാണ് ചെയ്യപ്പെടുന്നത് എന്ന് സൂറ. ബഖറയിലെ 102 ാം ആയത്തിന്റെ അടിസ്ഥാനത്തില്‍ പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. (തഫ്സീറുല്‍ ഖുര്‍ത്വുബി:2/55)  കൂട്ടുകാര്‍ തമ്മിലോ, ബന്ധുക്കള്‍ പരസ്പരമോ അകല്‍ച്ചയുണ്ടാക്കുവാന്‍ വേണ്ടിയും ഈ സിഹ്ര്‍ ചെയ്യാറുണ്ട്. സിഹ്റിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളില്‍ ഒന്ന് ഇപ്രകാരം ഭിന്നിപ്പുണ്ടാക്കലാണെന്ന് അല്ലാഹു അറിയിച്ചിട്ടുണ്ട്.

فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ

അങ്ങനെ അവരില്‍ നിന്ന് ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുവാനുള്ള (സിഹ്ര്‍) ജനങ്ങള്‍ പഠിച്ച് കൊണ്ടിരുന്നു. (2:102)

സിഹ്റിന്റെ ബഹുഭൂരിപക്ഷം ഇനങ്ങളും പിശാചിന്റെ സഹായത്തോടെ ആണെന്ന് മുന്‍പ് പറഞ്ഞുവല്ലോ. പിശാചിന് ഏറ്റവും ഇഷ്ടമുള്ള പ്രവര്‍ത്തനം ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കലാണെന്ന് നബി -ﷺ- നമ്മെ അറിയിച്ചിട്ടുണ്ട്.

عَنْ جَابِرٍ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «إِنَّ إِبْلِيسَ يَضَعُ عَرْشَهُ عَلَى الْمَاءِ، ثُمَّ يَبْعَثُ سَرَايَاهُ، فَأَدْنَاهُمْ مِنْهُ مَنْزِلَةً أَعْظَمُهُمْ فِتْنَةً، يَجِيءُ أَحَدُهُمْ فَيَقُولُ: فَعَلْتُ كَذَا وَكَذَا، فَيَقُولُ: مَا صَنَعْتَ شَيْئًا، قَالَ ثُمَّ يَجِيءُ أَحَدُهُمْ فَيَقُولُ: مَا تَرَكْتُهُ حَتَّى فَرَّقْتُ بَيْنَهُ وَبَيْنَ امْرَأَتِهِ، قَالَ: فَيُدْنِيهِ مِنْهُ وَيَقُولُ: نِعْمَ أَنْتَ»

ജാബിര്‍ ബ്നു അബ്ദില്ലാഹ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ഇബ്ലീസ് അവന്റെ സിംഹാസനം വെള്ളത്തിന് മീതെ വെച്ചിരിക്കുന്നു. ശേഷം അവന്‍ തന്റെ സൈന്യത്തെ നിയോഗിക്കുന്നു. അവരില്‍ ഏറ്റവും കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നവനാണ് അവനോട് ഏറ്റവും സാമീപ്യമുള്ളത്. അവരില്‍ പെട്ട ഒരുവന്‍ വന്നു പറയും : “ഞാന്‍ ഇന്നയിന്ന പ്രകാരമെല്ലാം പ്രവര്‍ത്തിച്ചു.” അപ്പോള്‍ അവന്‍ (ഇബ്ലീസ്) പറയും: “നീ ഒന്നും തന്നെ ചെയ്തിട്ടില്ല.” (അവന്റെ സൈന്യത്തില്‍ പെട്ട) മറ്റൊരാള്‍ വന്നു പറയും : “ഞാന്‍ അവനും അവന്റെ ഭാര്യക്കുമിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നത് വരെ അവനെ (മനുഷ്യനെ) വെറുതെ വിട്ടില്ല.” അപ്പോള്‍ ഇബ്ലീസ് അവന്റെ അടുത്തേക്ക് ചെന്ന് പറയും : “നീ എത്ര നല്ലവനാണ്!”  (മുസ്‌ലിം:2813)

എങ്ങനെയാണ് സിഹ്ര്‍ മൂലം ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്നതെന്ന് ഇമാം ഇബ്‌നു കഥീര്‍ വിശദീകരിക്കുന്നു: “ഭാര്യക്കോ ഭര്‍ത്താവിനോ തന്റെ ഇണയില്‍ അഭംഗി അനുഭവപ്പെടുകയോ, സ്വഭാവദൂഷ്യം തോന്നിപ്പിക്കപ്പെടുകയോ, ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് തടസ്സം ഉണ്ടാവുകയോ, ഇണയോട് ദേഷ്യം തോന്നിപ്പിക്കുകയോ ചെയ്യുന്നതിലൂടെയാണ് സിഹ്ര്‍ മൂലമുള്ള ഭിന്നിപ്പ് ഉണ്ടാകുന്നത്.” (ഇബ്‌നു കഥീര്‍:1/144.)

വര്‍ഷങ്ങളോളം സ്നേഹത്തിലും പരസ്പരബഹുമാനത്തിലും കഴിഞ്ഞു പോന്നിരുന്ന എത്രയെത്ര ഭാര്യാഭര്‍ത്താക്കന്മാര്‍ അങ്ങനെയൊരു കാലം അവര്‍ക്കിടയില്‍ കഴിഞ്ഞു പോയിട്ടേയില്ലെന്ന മട്ടില്‍ പരസ്പരം വെറുപ്പും വിദ്വേഷവുമുള്ളവരായി തീര്‍ന്നത് നാം കണ്ടിട്ടുണ്ട്. വളരെ നിസ്സാരമെന്ന് തോന്നാവുന്ന ചെറിയ ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ വലിയ പ്രശ്നങ്ങളിലേക്കും വിവാഹമോചനത്തിലേക്കും വരെ എത്തിക്കുന്നതില്‍ ചിലപ്പോള്‍ അവരോട് അസൂയ വെച്ചു പുലര്‍ത്തിയവര്‍ ചെയ്ത സിഹ്റിന് വലിയ പങ്കുണ്ടായേക്കാം.

ഇത്രയും കാലം ‘ലോകത്തിലേറ്റവും സുന്ദരി നീയാണെന്ന്’ പറഞ്ഞിരുന്ന ഭര്‍ത്താവിന്റെ കണ്ണില്‍ പിന്നെ ഭാര്യ കണ്‍വെട്ടത്ത് വരുന്നത് പോലും വലിയ വെറുപ്പുണ്ടാക്കുന്നു; പ്രത്യേകിച്ച് വൈരൂപ്യമൊന്നുമുണ്ടാകാതെ തന്നെ ഭാര്യയെ ഭര്‍ത്താവിന്റെ കണ്ണില്‍ വിരൂപിയാക്കുന്നത് സിഹ്റിന്റെ ഫലമായിരിക്കാം ചിലപ്പോള്‍.

മറ്റു ചിലര്‍ക്കാകട്ടെ, തന്റെ ഇണ തൊടുന്നതും പിടിക്കുന്നതുമെല്ലാം പ്രശ്നമാണ്. എല്ലാത്തിനും പിന്നില്‍ നടന്ന് കുറ്റപ്പെടുത്താനും, ആക്ഷേപിക്കാനും ഇത്തരക്കാര്‍ മെനക്കെടുന്നത് കാണാം. പ്രത്യേകിച്ചൊരു കാരണവുമില്ലാതെ ഇത്തരം മാറ്റങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ കാണുന്നുണ്ടെങ്കില്‍ അത് സിഹ്റാണെന്ന് സംശയിക്കാവുന്നതാണ്. വീട്ടിന് പുറത്ത് മാന്യവും വിശാലമനസ്കരുമായി കഴിയുന്ന ചിലര്‍ വീട്ടില്‍ കയറിയാല്‍ അങ്ങേയറ്റം ദേഷ്യമുള്ളവരും, എന്തിനും ദേഷ്യം പിടിക്കുന്നവരുമായിത്തീരുന്നതും സിഹ്ര്‍ ബാധിച്ചതിന്റെ ലക്ഷണമായിരിക്കാം.

ആര്‍ക്കെതിരെയാണോ സിഹ്ര്‍ ചെയ്യുന്നത്, അയാളുടെ പേരും, അയാളുടെ ഉമ്മയുടെ പേരും എടുത്തതിന് ശേഷം ഈ വ്യക്തിയുടെ എന്തെങ്കിലും അവിശിഷ്ടങ്ങള്‍ -മുടിയോ, വസ്ത്രമോ പോലുള്ളവ- എടുത്ത് അത് കൊണ്ട് സിഹ്ര്‍ ചെയ്യുന്ന രീതിയാണ് ബഹുഭൂരിപക്ഷം സാഹിറന്മാരില്‍ നിന്നും കണ്ടെടുത്തിട്ടുള്ളത്. ഇതല്ലെങ്കില്‍ സിഹ്ര്‍ ചെയ്ത വസ്തു ഭക്ഷണത്തിലോ വെള്ളത്തിലോ കലര്‍ത്തി നല്‍കാറുമുണ്ട്.

2 – സിഹ്റുല്‍ മഹബ്ബ (അത്തിവലഃ)

ഭര്‍ത്താവിന് ഭാര്യയോട് സ്നേഹമുണ്ടാക്കുന്നതിന് വേണ്ടി ചെയ്യുന്ന സിഹ്റില്‍ പെട്ട ഒരു പ്രവൃത്തിയാണ് തിവലത്. അല്ലാഹുവിന്റെ തീരുമാനത്തിന് വിരുദ്ധമായി സ്വാധീനം ചെലുത്താന്‍ തിവലത്തിന് സാധിക്കുമെന്ന വിശ്വാസം ബഹുദൈവാരാധകര്‍ക്ക് ഉണ്ടായിരുന്നുവെന്നത് കൊണ്ട് നബി -ﷺ- ഈ പ്രവൃത്തി ശിര്‍ക്കാണെന്ന് അറിയിച്ചു. (ഇബ്‌നുല്‍ അഥീറിന്റെ അന്നിഹായ:1/199)  അവിടുന്ന് പറഞ്ഞു :

عَنْ عَبْدِ اللَّهِ قَالَ سَمِعْتُ رَسُولَ اللَّهِ -ﷺ- يَقُولُ « إِنَّ الرُّقَى وَالتَّمَائِمَ وَالتِّوَلَةَ شِرْكٌ »

“നിശ്ചയമായും (ശിര്‍ക്കന്‍) മന്ത്രങ്ങളും ഉറുക്കും തിവലത്തും ശിര്‍ക്കാണ്.”

തന്റെ പങ്കാളിക്ക് തന്നോടുള്ള സ്നേഹം പതിന്മടങ്ങ് വര്‍ദ്ധിക്കുവാനും, താനില്ലാതെ ജീവിക്കാന്‍ സാധിക്കില്ലെന്ന അതിരു കടഞ്ഞ ചിന്തയുണ്ടാക്കുവാനും വേണ്ടി ഈ പ്രവൃത്തി ചെയ്യാറുണ്ട്. പങ്കാളി അന്തമായി തന്നെ അനുസരിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നതിന് വേണ്ടിയും ചിലര്‍ ഈ സിഹ്ര്‍ ചെയ്യാറുണ്ട്.

ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായഭിന്നതകള്‍ പരിഹരിക്കുവാനുള്ള കുറുക്കുവഴി എന്ന നിലക്ക് ചിലര്‍ ഈ സിഹ്റിനെ മനസ്സിലാക്കാറുണ്ട്. രണ്ടു ഭാര്യമാരുള്ള ഭര്‍ത്താവിന് തന്നോടുള്ള സ്നേഹം കൂടുതല്‍ ഉണ്ടാകണമെന്ന ഉദ്ദേശത്തോടെയും ചിലപ്പോള്‍ തിവലത്ത് ചെയ്യപ്പെടാറുണ്ട്. തന്റെ ഭര്‍ത്താവ് ബഹുഭാര്യത്വത്തിലേക്ക് പോകുന്നത് തടയലും ചിലപ്പോള്‍ ഇപ്രകാരം പ്രവര്‍ത്തിക്കുന്നതിന്റെ പിന്നിലുള്ള ലക്ഷ്യമാകാം.

എന്നാല്‍ പല സന്ദര്‍ഭങ്ങളിലും ഈ സിഹ്ര്‍ എതിരായ ഫലം കാണിക്കാറുണ്ട്. സ്നേഹം വര്‍ദ്ധിക്കാന്‍ വേണ്ടി ചെയ്ത സിഹ്ര്‍ മൂലം ഉള്ള സ്നേഹം കൂടി ഇല്ലാതാവുകയും, വെറുപ്പ് വര്‍ദ്ധിക്കുകയും ചെയ്യുന്ന അവസ്ഥകളുണ്ടാകാറുണ്ട്. ചില സംഭവങ്ങള്‍ ഭാര്യയെ ത്വലാഖ് ചെല്ലുന്നതിലേക്ക് വരെ എത്തുമെങ്കില്‍ മറ്റു ചിലത് സിഹ്ര്‍ ചെയ്യപ്പെട്ട വ്യക്തിയെ രോഗാതുരനായി തീര്‍ക്കുകയും, അവശനാകുകയും ചെയ്യും. സ്ത്രീകളുടെ കൂട്ടത്തില്‍ തന്നെ മാത്രം സ്നേഹിക്കണമെന്ന ഉദ്ധ്യേശത്തോടെ ചെയ്ത സിഹ്ര്‍ ചിലപ്പോള്‍ ഭാര്യയൊഴികെ എല്ലാ സ്ത്രീകളെയും – മാതാവ്, സഹോദരി, ബന്ധുക്കള്‍- വെറുക്കുന്നതിനും കാരണമായിത്തീരാറുണ്ട്.

എന്തു കൊണ്ട് ഇപ്രകാരം സിഹ്ര്‍ എതിരായി ഭവിക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം ലളിതമാണ്. മനുഷ്യരെ നാശത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം തന്റെ ജീവിതനിയോഗമെന്നോണം ഏറ്റെടുത്തിട്ടുള്ള പിശാചിന്റെ സഹായത്തോടെ ചെയ്യപ്പെടുന്ന പ്രവൃത്തികള്‍ ഒരിക്കലും മനുഷ്യര്‍ക്ക് നന്മ ഉണ്ടാക്കുന്നതല്ല. അവന്‍ ഒരു നന്മ നല്‍കുന്നെങ്കില്‍ ആയിരം തിന്മകള്‍ അവയില്‍ ഒളിപ്പിച്ചു വെക്കാതിരിക്കില്ല; ഇഹലോകത്തേക്കും പരലോകത്തും.

അതോടൊപ്പം, സിഹ്ര്‍ എന്ന പ്രവൃത്തിയിലൂടെ താനുദ്ദേശിക്കുന്ന എല്ലാം നേടിയെടുക്കാന്‍ അല്ലാഹു പിശാചുക്കള്‍ക്കോ അവരെ പൂജിക്കുന്ന സാഹിറന്മാര്‍ക്കോ കഴിവു നല്‍കിയിട്ടുമില്ല. അതു കൊണ്ടാണ് സിഹ്ര്‍ കൊണ്ട് ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ അവര്‍ ഭിന്നിപ്പുണ്ടാക്കുന്നു എന്ന് പറഞ്ഞയുടനെ, അല്ലാഹുവിന്റെ ഉദ്ദേശം കൂടാതെ അവര്‍ക്ക് ആരെയും ഉപദ്രവിക്കാന്‍ സാധിക്കില്ല (2:102) എന്ന് അല്ലാഹു ഓര്‍മ്മിപ്പിച്ചത്.

3 – സിഹ്റുത്തഖ്യീല്‍ (കണ്‍കെട്ട്)

യാഥാര്‍ഥ്യങ്ങള്‍ക്ക് വിരുദ്ധമായ തോന്നലുകള്‍ സിഹ്ര്‍ ബാധിക്കപ്പെട്ടവനുണ്ടാക്കുകയാണ് സിഹ്റുത്തഖ്യീലിന്റെ ലക്ഷ്യം. ചെറിയ വസ്തു വലുതായും നേരെ മറിച്ചും ഈ ഇനം സിഹ്ര്‍ ബാധിച്ചവന് തോന്നിക്കപ്പെടും. ഫിര്‍ഔന്‍ കൊണ്ടു വന്ന സാഹിറന്മാര്‍ ചെയ്ത സിഹ്ര്‍ അതിന് ഉദഹാരണമാണ്.

അല്ലാഹു പറയുന്നത് നോക്കൂ :

قَالُوا يَا مُوسَىٰ إِمَّا أَن تُلْقِيَ وَإِمَّا أَن نَّكُونَ أَوَّلَ مَنْ أَلْقَىٰ ﴿٦٥﴾ قَالَ بَلْ أَلْقُوا ۖ فَإِذَا حِبَالُهُمْ وَعِصِيُّهُمْ يُخَيَّلُ إِلَيْهِ مِن سِحْرِهِمْ أَنَّهَا تَسْعَىٰ ﴿٦٦﴾

അവര്‍ (ജാലവിദ്യക്കാര്‍) പറഞ്ഞു: ഹേ; മൂസാ, ഒന്നുകില്‍ നീ ഇടുക. അല്ലെങ്കില്‍ ഞങ്ങളാകാം ആദ്യമായി ഇടുന്നവര്‍. അദ്ദേഹം പറഞ്ഞു: അല്ല, നിങ്ങളിട്ട് കൊള്ളുക. അപ്പോഴതാ അവരുടെ ജാലവിദ്യ നിമിത്തം അവരുടെ കയറുകളും വടികളുമെല്ലാം ഓടുകയാണെന്ന് അദ്ദേഹത്തിന് തോന്നുന്നു. (20:65-66)

യഥാര്‍ഥത്തില്‍ നിശ്ചലമായിക്കിടക്കുന്ന വടികള്‍ ചലിക്കുന്നതായി കാഴ്ച്ചക്കാര്‍ക്ക് അനുഭവിപ്പിക്കാന്‍ സിഹ്റിലൂടെ അവര്‍ക്ക് സാധിച്ചുവെന്നാണ് അല്ലാഹു പറഞ്ഞത്. മജീഷ്യന്‍, മാന്ത്രികന്‍ എന്നിത്യാദി പേരില്‍ അറിയപ്പെടുന്നവര്‍ ഇന്നു ചെയ്തു കൊണ്ടിരിക്കുന്നതില്‍ ബഹുഭൂരിപക്ഷവും ഈ ഇനത്തില്‍ പെട്ട സിഹ്റാണ്. അവരില്‍ നിന്ന് കേള്‍ക്കുന്ന മന്ത്രങ്ങളും ജപങ്ങളും പരിശോധിച്ചാല്‍ പിശാചുക്കളുടെ പേരുകളോ മറ്റോ ആണവയെന്ന് ആര്‍ക്കും ബോധ്യപ്പെടും.

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ -رَحِمَهُ اللَّهُ- പറയുന്നു : “അനറബിയിലുള്ള (ബഹുഭൂരിപക്ഷം) മന്ത്രങ്ങളും ജപങ്ങളും (സാഹിറന്മാര്‍) വിളിച്ച് പ്രാര്‍ഥിക്കുകയും സഹായം തേടുകയും ആദരിക്കുകയും ചെയ്യുന്ന ജിന്നുകളുടെ പേരുകള്‍ ഉള്‍ക്കൊള്ളുന്നവയാണ്. ഇപ്രകാരം (അവരെ വിളിച്ചു പ്രാര്‍ഥിക്കുകയും സഹായം തേടുകയും) ചെയ്യുന്നതു കൊണ്ട് പിശാചുക്കള്‍ അവരെ ചില വിഷയങ്ങളില്‍ അനുസരിച്ചേക്കാം.”  (മജ്മൂഉല്‍ ഫതാവ:1/362)

ജനങ്ങള്‍ക്കിടയില്‍ അതിവേഗം പടര്‍ന്നു പിടിക്കുന്ന പല അത്ഭുതസംഭവങ്ങളും പലപ്പോഴും തനിച്ച സിഹ്റാണ്. ഇത്തരം അത്ഭുതസംഭവങ്ങളും ‘കാര്യകാരണബന്ധങ്ങള്‍ക്കതീതമായ’ കാഴ്ച്ചകളും മജീഷ്യന്മാരില്‍ നിന്ന് മാത്രമല്ല കാണാറുള്ളത്. ഖബറാരാധകരും ആള്‍ദൈവപൂജകരും വിഗ്രഹാരാധകരുമായ എത്രയോ പേര്‍ ഇത്തരം അത്ഭുതങ്ങള്‍ ഖബറുകളുടെയും വിഗ്രഹങ്ങളുടെയും ആള്‍ദൈവങ്ങളുടെ അരികില്‍ സാക്ഷ്യം വഹിച്ചവരാണ്. ശക്തമായ ദൈവനിഷേധം വെച്ചുപുലര്‍ത്തിയിരുന്ന എത്രയോ പേര്‍ ഇവര്‍ സൃഷ്ടിക്കുന്ന മായികദൃശ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചു പോവുകയും, ആള്‍ദൈവ പൂജകരായി മാറുകയും ചെയ്ത സംഭവങ്ങള്‍ നാം എത്രയോ തവണ കേട്ടിരിക്കുന്നു.

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ -رَحِمَهُ اللَّهُ- പറയുന്നു : “ചിലര്‍ ഖബറില്‍ നിന്ന് അവനെ ഒരാള്‍ വിളിച്ചതായി കേട്ടു, അത്ഭുതപ്പെടുത്തുന്ന ചില അനുഭവങ്ങള്‍ അവനുണ്ടായി എന്നിങ്ങനെ പറയുകയും, അത് മരണപ്പെട്ട വ്യക്തിയില്‍ നിന്നാണ് എന്ന് ധരിക്കുകയും ചെയ്യാറുണ്ട്. ചിലപ്പോള്‍ അത് ജിന്നില്‍ നിന്നോ ശ്വൈത്വാനില്‍ നിന്നോ ആയിരിക്കാം. ഉദാഹരണത്തിന് ഒരാള്‍ ഖബര്‍ തുറന്ന് പുറത്ത് വരികയും, അതില്‍ നിന്ന് മരണപ്പെട്ട വ്യക്തി എഴുന്നേറ്റ് വന്ന് തന്നോട് സംസാരിക്കുകയും, തന്നെ കെട്ടിപ്പിടിക്കുകയും ചെയ്തു എന്ന് പറയുന്നെങ്കില്‍ -ഇത്തരം സംഭവങ്ങള്‍ അമ്പിയാക്കളുടെയും അല്ലാത്തവരുടെയും ഖബറിന്റെ അടുക്കല്‍ നടക്കാറുണ്ട്-, തീര്‍ച്ചയായും അത് പിശാചില്‍ നിന്നുള്ളതാണ്… അറിവില്ലാത്ത വിഢിയാണ് ഈ സംഭവം കാണുന്നതെങ്കില്‍ ഖബറില്‍ നിന്ന് പുറത്ത് വന്ന് തന്നോട് സംസാരിക്കുകയും തന്നെ കെട്ടിപ്പിടിക്കുകയും ചെയ്തത് ഖബറില്‍ മറമാടപ്പെട്ട വ്യക്തിയോ നബിയോ ഔലിയയോ ആണെന്ന് ധരിച്ചു വശാകും. എന്നാല്‍ ശരിയായ വിശ്വാസിക്ക് അത് പിശാചാണെന്ന് മനസ്സിലാകും. ”  (മജ്മൂഉല്‍ ഫതാവ:1/168)

പൈശാചിക സഹായത്തോടെ ചെയ്യുന്ന മന്ത്രവാദത്തെ ആയത്തുല്‍ കുര്‍സിയ്യ് പാരായണം ചെയ്യുക, പിശാചിനെ അകറ്റുന്ന മന്ത്രങ്ങള്‍ ചൊല്ലുക പോലുള്ളവ ചെയ്തു കഴിഞ്ഞാല്‍ നിഷ്ഫലമാക്കുവാന്‍ സാധിക്കും. എന്നാല്‍ കയ്യടക്കമോ, മജീഷ്യന്‍ പഠിച്ചെടുത്തിട്ടുള്ള മറ്റെന്തെങ്കിലും സൂത്രങ്ങളോ കൊണ്ട് നടത്തുന്നവയോ ഈ പറഞ്ഞ സിഹ്റിന്റെ ഇനത്തില്‍ പെടുകയില്ല; അവ ഖുര്‍ആന്‍ പാരായണം കൊണ്ട് തടസ്സപ്പെടുകയുമില്ല.

ഇത്തരം അത്ഭുതസംഭവങ്ങള്‍ പൈശാചികമോ കേവലം കയ്യടക്കമോ ആണെന്ന് മനസ്സിലാക്കാനുള്ള വഴി ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ -رَحِمَهُ اللَّهُ- വിശദീകരിക്കുന്നു: “ആയത്തുല്‍ കുര്‍സിയ്യ് പാരായണം ചെയ്യുക, പിശാചില്‍ നിന്ന് അല്ലാഹുവില്‍ ശരണം തേടുക, ഇസ്‌ലാമികമായ മന്ത്രങ്ങള്‍ പാരായണം ചെയ്യുക, ഇത് കാണുന്ന വ്യക്തി സത്യാവസ്ഥ വ്യക്തമാക്കി നല്‍കാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുക പോലുള്ളവ ചെയ്തു കഴിഞ്ഞാല്‍ അക്കാര്യം വ്യക്തമാകും.”  (മജ്മൂഉല്‍ ഫതാവ:1/169, ആശയമൊഴിമാറ്റം)

4 – സിഹ്റുല്‍ ജുനൂന്‍ (ഭാന്തിന് വേണ്ടിയുള്ള സിഹ്ര്‍)

സിഹ്ര്‍ ബാധിപ്പിക്കാനുദ്ധേശിക്കുന്ന വ്യക്തിയെ ഭാന്തനോ ബുദ്ധിഭ്രമമുള്ളവനോ ആക്കിത്തീര്‍ക്കാനാണ് ഇത്തരം സിഹ്ര്‍ ചെയ്യുന്നത്. ശക്തമായ മറവി, പരസ്പര ബന്ധമില്ലാത്ത സംസാരം, ഒരു സ്ഥലത്ത് ഉറച്ചു നില്‍ക്കാന്‍ സാധിക്കാതിരിക്കുക, ഒരു പ്രത്യേക പ്രവര്‍ത്തിയില്‍ തുടരാന്‍ സാധിക്കാതെ വരിക, വേഷവിധാനത്തില്‍ തീര്‍ത്തും ശ്രദ്ധ പാലിക്കാതെ വരിക പോലെ ഭാന്ത്രന്മാരോട് സാദൃശ്യം വെച്ചു പുലര്‍ത്തുന്ന ഇത്തരം പ്രവര്‍ത്തികള്‍ സിഹ്ര്‍ ബാധിച്ചതിന്റെ ലക്ഷണങ്ങളില്‍ പെട്ടതാണ്. സിഹ്ര്‍ ബാധിപ്പിക്കുവാന്‍ ഏല്‍പ്പിക്കപ്പെട്ടിട്ടുള്ള ജിന്ന് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുകയും, സിഹ്ര്‍ ബാധിച്ച വ്യക്തിയുടെ ബുദ്ധിയെ കീഴടക്കുകയുമാണ് ഈ സിഹ്റിലൂടെ സംഭവിക്കുന്നത്.

നബി-ﷺ-യുടെ കാലത്ത് ഇപ്രകാരം ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

عَنْ خَارِجَةَ بْنِ الصَّلْتِ التَّمِيمِىِّ عَنْ عَمِّهِ قَالَ أَقْبَلْنَا مِنْ عِنْدِ رَسُولِ اللَّهِ -ﷺ- فَأَتَيْنَا عَلَى حَىٍّ مِنَ الْعَرَبِ فَقَالُوا إِنَّا أُنْبِئْنَا أَنَّكُمْ جِئْتُمْ مِنْ عِنْدِ هَذَا الرَّجُلِ بِخَيْرٍ فَهَلْ عِنْدَكُمْ مِنْ دَوَاءٍ أَوْ رُقْيَةٍ فَإِنَّ عِنْدَنَا مَعْتُوهًا فِى الْقُيُودِ قَالَ فَقُلْنَا نَعَمْ. قَالَ فَجَاءُوا بِمَعْتُوهٍ فِى الْقُيُودِ – قَالَ – فَقَرَأْتُ عَلَيْهِ فَاتِحَةَ الْكِتَابِ ثَلاَثَةَ أَيَّامٍ غُدْوَةً وَعَشِيَّةً كُلَّمَا خَتَمْتُهَا أَجْمَعُ بُزَاقِى ثُمَّ أَتْفُلُ فَكَأَنَّمَا نُشِطَ مِنْ عِقَالٍ قَالَ فَأَعْطَوْنِى جُعْلاً فَقُلْتُ لاَ حَتَّى أَسْأَلَ رَسُولَ اللَّهِ -ﷺ- فَقَالَ « [خُذْهَا] كُلْ فَلَعَمْرِى مَنْ أَكَلَ بِرُقْيَةِ بَاطِلٍ لَقَدْ أَكَلْتَ بِرُقْيَةِ حَقٍّ »

ഖാരിജത്തു ബ്ന്‍ അസ്സ്വലത്ത് അത്തമീമി തന്റെ പിതൃവ്യനില്‍ (അലാഖതുബ്നു തയ്മി) നിന്ന് ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു : ഞങ്ങള്‍ നബി-ﷺ-യുടെ അടിക്കല്‍ നിന്നും മടങ്ങിവരുമ്പോള്‍ അറബികളില്‍ പെട്ട ഒരു ഗോത്രക്കാരുടെ അടുക്കലെത്തി. അപ്പോള്‍ അവര്‍ പറഞ്ഞു : “നിങ്ങള്‍ ആ മനുഷ്യന്റെ (നബി -ﷺ- അടുക്കല്‍ നിന്നും നന്മകളുമായി വരികയാണെന്ന് ഞങ്ങള്‍ക്ക് വിവരം നല്‍കപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ അടുക്കല്‍ വല്ല മരുന്നോ മന്ത്രമോ ഉണ്ടോ?

ഞങ്ങള്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അവര്‍ ആ ഭാന്ത്രനുമായി വന്നു. മൂന്നു ദിവസങ്ങളോളം രാവിലെയും വൈകുന്നേരവുമായി ഞാന്‍ അയാളുടെ മേല്‍ സൂറത്തുല്‍ ഫാതിഹ പാരായണം ചെയ്തു കൊണ്ടിരുന്നു. ഓരോ തവണ പാരായണം അവസാനിക്കുമ്പോഴും ഞാന്‍ എന്റെ ഉമിനീര്‍ ഒരുമിച്ചു കൂട്ടി, അതിന്റെ നനവോടെ അയാളുടെ മേല്‍ ഊതിക്കൊടുക്കുകയും ചെയ്യും. അങ്ങനെ അയാള്‍ക്ക് എഴുന്നേറ്റു നില്‍ക്കാന്‍ കഴിയുമെന്ന അവസ്ഥയിലായി.

അപ്പോള്‍ അവര്‍ എനിക്ക് പാരിതോഷികം തന്നു. നബി-ﷺ-യോട് ചോദിക്കുന്നതു വരെ ഞാന്‍ (സ്വീകരിക്കുക) ഇല്ല എന്നു പറഞ്ഞു. അവിടുന്ന് പറഞ്ഞു : “(നീ അത് സ്വീകരിച്ചു കൊള്ളുക.) തീര്‍ച്ചയായും തെറ്റായ മന്ത്രം കൊണ്ട് കഴിക്കുന്നവര്‍ക്കാണ് (ശിക്ഷയുള്ളത്). നിങ്ങള്‍ ശരിയായ മന്ത്രം കൊണ്ടാണ് കഴിച്ചിട്ടുള്ളത്.”  (അബൂദാവൂദ്:3903, അല്‍ബാനി സ്വഹീഹ് എന്ന് വിലയിരുത്തി)

പിശാച് ബാധ മനുഷ്യന്റെ ബുദ്ധിയെ മാറ്റിമറിക്കുമെന്ന കാര്യം ഖുര്‍ആന്‍ കൊണ്ടും ഹദീഥ് കൊണ്ടും സ്ഥിരപ്പെട്ടിട്ടുണ്ട്. യഹൂദന്മാര്‍ നബി-ﷺ-യുടെ ബുദ്ധി ഇല്ലാതാക്കുവാന്‍ വേണ്ടി സിഹ്ര്‍ ചെയ്തതും, അല്ലാഹു അദ്ദേഹത്തെ അതിന്റെ കെടുതിയില്‍ നിന്ന് രക്ഷിച്ചതുമായ സംഭവം പ്രസിദ്ധവും അനേകം ഹദീഥ് ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കപ്പെട്ടതുമാണ്.

5 – സിഹ്റുന്നസീ’ഫ്

ആര്‍ത്തവകാലം കഴിഞ്ഞതിന് ശേഷവും തുടര്‍ച്ചയായി രക്തം പോകുന്നതിനാണ് അറബിയില്‍ നസീ’ഫ് എന്ന് പറയുക. ചിലര്‍ക്ക് മാസങ്ങളോളം ഇപ്രകാരം നീണ്ടുനില്‍ക്കാറുണ്ട്. രക്തത്തിന്റെ അളവ് പലരിലും കൂടിയും കുറഞ്ഞും കാണപ്പെട്ടേക്കാം. ചിലപ്പോള്‍ ശാരീരികമായ എന്തെങ്കിലും കാരണം കൊണ്ട് ഇപ്രകാരം സംഭവിച്ചേക്കാം. എന്നാല്‍ പൈശാചികമായ ഉപദ്രവവും ഈ അവസ്ഥക്ക് കാരണമായേക്കാമെന്ന് നബി-ﷺ-യുടെ ഹദീഥുകളില്‍ നിന്ന് മനസ്സിലാക്കാം.

عَنْ حَمْنَةَ بِنْتِ جَحْشٍ قَالَتْ كُنْتُ أُسْتَحَاضُ حَيْضَةً كَثِيرَةً شَدِيدَةً فَأَتَيْتُ رَسُولَ اللَّهِ -ﷺ- أَسْتَفْتِيهِ وَأُخْبِرُهُ فَوَجَدْتُهُ فِى بَيْتِ أُخْتِى زَيْنَبَ بِنْتِ جَحْشٍ فَقُلْتُ يَا رَسُولَ اللَّهِ إِنِّى امْرَأَةٌ أُسْتَحَاضُ حَيْضَةً كَثِيرَةً شَدِيدَةً فَمَا تَرَى فِيهَا قَدْ مَنَعَتْنِى الصَّلاَةَ وَالصَّوْمَ فَقَالَ « أَنْعَتُ لَكِ الْكُرْسُفَ فَإِنَّهُ يُذْهِبُ الدَّمَ » قَالَتْ هُوَ أَكْثَرُ مِنْ ذَلِكَ. قَالَ « فَاتَّخِذِى ثَوْبًا ». فَقَالَتْ هُوَ أَكْثَرُ مِنْ ذَلِكَ إِنَّمَا أَثُجُّ ثَجًّا. قَالَ رَسُولُ اللَّهِ -ﷺ- « سَآمُرُكِ بِأَمْرَيْنِ أَيَّهُمَا فَعَلْتِ أَجْزَأَ عَنْكِ مِنَ الآخَرِ وَإِنْ قَوِيتِ عَلَيْهِمَا فَأَنْتِ أَعْلَمُ » فَقَالَ لَهَا « إِنَّمَا هَذِهِ رَكْضَةٌ من رَكَضَاتِ الشَّيْطَانِ … »

ഹംനതു ബിന്‍ത് ജഹ്ഷ് -رَحِمَهُ اللَّهُ- പറയുന്നു: എനിക്ക് ശക്തമായ രക്തസ്രാവം ഉണ്ടാകവുകയും ധാരാളം രക്തം പോവുകയും ചെയ്യാറുണ്ടായിരുന്നു. ഈ വിഷയം നബി-ﷺ-യെ അറിയിക്കുകയും, ചോദ്യം ചോദിക്കുകയും ചെയ്യുന്നതിന് വേണ്ടി ഞാന്‍ അവിടുത്തെ അരികിലേക്ക് പോയി. എന്റെ സഹോദരി സയ്നബ് ബിന്‍ത് ജഹ്ഷിന്റെ വീട്ടിലായിരുന്നു അപ്പോള്‍ നബി-ﷺ-. ഞാന്‍ പറഞ്ഞു: “നബിയേ! ശക്തമായ രക്തസ്രാവം ഉണ്ടാവുന്ന ഒരു സ്ത്രീയാണ് ഞാന്‍. അത് എന്റെ നമസ്കാരവും നോമ്പും തടഞ്ഞു വെച്ചിരിക്കുന്നു. (ഞാന്‍) എന്താണ് ചെയ്യേണ്ടത്?”

അവിടുന്ന് പറഞ്ഞു : “(നീ) പരുത്തി വെക്കുക. അത് ചോര ഇല്ലാതാക്കും.” ഞാന്‍ പറഞ്ഞു : “(രക്തം) അതിനെക്കാള്‍ കൂടുതലുണ്ട്.” നബി -ﷺ- പറഞ്ഞു : “നീ (അതോടൊപ്പം) തുണി ചേര്‍ത്തുവെക്കുക.” ഞാന്‍ പറഞ്ഞു : “(രക്തം) അതിനെക്കാള്‍ കൂടുതലുണ്ട്. ധാരയായി ഒഴുകുന്നുണ്ട്.” നബി -ﷺ- പറഞ്ഞു : “ഞാന്‍ നിന്നോട് രണ്ട് കാര്യം കല്‍പ്പിക്കാം. രണ്ടിലേത് ചെയ്താലും നീ പ്രതിഫലാര്‍ഹയാണ്…” നബി -ﷺ- അവരോട് പറഞ്ഞു : “ഇത് പിശാചില്‍ ചവിട്ടുകളില്‍ പെട്ട ഒരു ചവിട്ടാണ്…”   ശേഷം അവിടുന്ന് ആ സ്ത്രീ ചോദിച്ച വിഷയത്തിനുള്ള മറുപടി നല്‍കി. (അബൂദാവൂദ്:287, അല്‍ബാനി ഹസന്‍ എന്ന് വിലയിരുത്തി.)

പൈശാചിക ബാധ മൂലമോ, സിഹ്ര്‍ ബാധിച്ചതിന്റെ ഫലമായോ ഈ ബുദ്ധിമുട്ട് സ്ത്രീകള്‍ക്ക് അനുഭവിച്ചേക്കാം. ചിലപ്പോള്‍ അത് ഭൗതികമായ കാരണങ്ങള്‍ കൊണ്ടുമുണ്ടായേക്കാം. പിശാച് മനുഷ്യന്റെ രക്തത്തിലൂടെ സഞ്ചരിക്കുമെന്ന നബി-ﷺ-യുടെ ഹദീഥ് (ബുഖാരി:4/271, മുസ്‌ലിം:2175)  ഇതിനോട് കൂട്ടി വായിക്കുമ്പോള്‍ മേല്‍ ഹദീഥിലും വിശദീകരണത്തിലും പ്രത്യേകിച്ച് അത്ഭുതം തോന്നേണ്ട കാര്യമില്ല.

എന്നാല്‍ ‘പിശാചിന്റെ ചവിട്ട്’ എന്ന് നബി -ﷺ- പറഞ്ഞതിന്റെ ഉദ്ദേശം സ്ത്രീക്ക് അവളുടെ ആര്‍ത്തവസമയത്തിന്റെ കണക്കില്‍ ആശയക്കുഴപ്പമുണ്ടാക്കലാണെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ നബി -ﷺ- പറഞ്ഞ വാക്കുകളെ അതിന്റെ ബാഹ്യാര്‍ഥത്തില്‍ തന്നെ സ്വീകരിക്കണം എന്ന അഹ്ലുസ്സുന്നയുടെ അടിസ്ഥാന നിയമത്തിന് ഈ വ്യാഖ്യാനം എതിരു നില്‍ക്കുന്നു. ആയത്തുകളിലോ ഹദീഥുകളിലോ വന്ന പദങ്ങള്‍ക്ക് അതിന്റെ ബാഹ്യാര്‍ഥമല്ലാത്ത മറ്റൊരര്‍ഥം നല്‍കണമെങ്കില്‍ മറ്റു വല്ല ഖണ്ഡിതമായ തെളിവും ഉണ്ടാകേണ്ടതുണ്ട് എന്നത് നാം ഏതു വിഷയങ്ങളിലും പാലിക്കേണ്ട അടിസ്ഥാനമാണെന്ന് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുക.

മേല്‍ പറഞ്ഞതല്ലാത്ത ചില വേര്‍തിരിവുകള്‍ കൂടി പണ്ഡിതന്മാരില്‍ ചിലര്‍ നല്‍കിയിട്ടുണ്ട്. അവയില്‍ ചിലതിന് വ്യക്തമായ തെളിവുകളുടെ അഭാവമുണ്ടെങ്കില്‍, മറ്റ് ചിലത് സിഹ്റിന്റെ ഏതെങ്കിലും ഒരിനത്തെ മാത്രം പരിഗണിച്ചു കൊണ്ട്   നല്‍കിയിട്ടുള്ള വിഭജനങ്ങളാണ്. പ്രധാനപ്പെട്ടവ നാം മേല്‍ പറഞ്ഞു കഴിഞ്ഞു. കൂടുതല്‍ അറിയുന്നവന്‍ അല്ലാഹുവാണ്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

2 Comments

  • ‘കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതമായ’ എന്നത് പ്രത്യേകം ക്വട്ടേഷന്‍ നല്‍കിയിട്ടാണ് എഴുതിയിരിക്കുന്നത്. അത് മലയാള ഭാഷയില്‍ ഒരു പ്രയോഗത്തെ പരിഹസിക്കുന്നതിനും, അത് തെറ്റാണെന്ന് വ്യംഗമായി സൂചിപ്പിക്കാനുമാണ് ഉപയോഗിക്കുക എന്നാണു മനസ്സിലാക്കുന്നത്. ‘കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതം’ എന്ന്‍ ജനങ്ങള്‍ വിളിക്കുന്ന കാഴ്ച്ചകള്‍ എന്നാണു ഉദ്ദേശം. യഥാര്‍ഥത്തില്‍ അവ അപ്രകാരമല്ല. ലേഖനത്തിന്‍റെ ആദ്യ ഭാഗങ്ങളില്‍ വ്യക്തമായി അക്കാര്യം സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ടല്ലോ?

    വല്ലാഹു അഅലം.

  • =============ഇത്തരം അത്ഭുതസംഭവങ്ങളും ‘കാര്യകാരണബന്ധങ്ങള്‍ക്കതീതമായ’ കാഴ്ച്ചകളും മജീഷ്യന്മാരില്‍ നിന്ന് മാത്രമല്ല കാണാറുള്ളത്. ഖബറാരാധകരും ആള്‍ദൈവപൂജകരും വിഗ്രഹാരാധകരുമായ എത്രയോ പേര്‍ ഇത്തരം അത്ഭുതങ്ങള്‍ ഖബറുകളുടെയും വിഗ്രഹങ്ങളുടെയും ആള്‍ദൈവങ്ങളുടെ അരികില്‍ സാക്ഷ്യം വഹിച്ചവരാണ്.===========================

    കാര്യ കാരണ ബന്ധങ്ങൾക്ക് അതീതമായതു ചെയ്യാൻ അല്ലാഹുവിനല്ലാതെ മറ്റാർക്കും കഴിയില്ലല്ലോ ?????

    അപ്പൊ മുകളിൽ കൊടുത്തത് കാര്യകാരണ ബന്ധങ്ങൾക്ക് അതീതമായ കാര്യങ്ങൾ മജീഷ്യന്മാരിൽ നിന്നും ആൾ ദൈവങ്ങളിൽ നിന്നും സാക്ഷ്യം വഹിച്ചവർ ആണ് എത്രയോ പേർ എന്ന് കൊടുത്തത് തെറ്റി പോയതാണോ , ? അതോ ഞാൻ മനസിലാക്കിയതിൽ ഉള്ള പിഴവ് ആണോ ?

Leave a Comment