bismi-hamd

സിഹ്റിന് യാഥാര്‍ഥ്യമുണ്ടെന്നതില്‍ അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ യോജിച്ചിരിക്കുന്നു. എന്നാല്‍ സിഹ്റിന് ഉണ്ടാക്കാന്‍ സാധിക്കുന്ന സ്വാധീനം ഏതു വരെയെന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. ശരീരത്തില്‍ രോഗങ്ങളുണ്ടാക്കുവാനും, ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാനും സിഹ്റിന് സാധിക്കുമെന്നല്ലാതെ, അതിനപ്പുറത്തേക്ക് സിഹ്റിന് സ്വാധീനമില്ലെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മറ്റു ചിലരാകട്ടെ -സിഹ്റിന്റെ ശക്തിയുടെ തോതനുസരിച്ച്- യാഥാര്‍ഥ്യങ്ങളെ മാറ്റിമറിക്കാന്‍ മാത്രം സ്വാധീനശക്തി സിഹ്റിനുണ്ടെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഈ വിഷയത്തിലുള്ള അഭിപ്രായഭിന്നതകളും അവ്യക്തതകളും ഒരുവേള നമ്മുടെ നാട്ടില്‍ നടക്കുന്ന ചര്‍ച്ചകളെയും സ്വാധീനിച്ചിട്ടുണ്ട്. സിഹ്റിന് സ്വാധീനങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്ന് അഭിപ്രായപ്പെടുന്ന ചിലര്‍ തന്നെ അതെന്തു മാത്രം സ്വാധീനമാണുണ്ടാക്കുക എന്ന ചോദ്യത്തിന് മുന്‍പില്‍ വ്യത്യസ്ത ഉത്തരങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഇമാം ഖറാഫി ഈ വിഷയത്തിലുള്ള പണ്ഡിതാഭിപ്രായങ്ങള്‍ ഉദ്ധരിക്കുന്നത് വായിക്കുക: “സാഹിറിന് ചെറിയ ജനലിലൂടെ ശരീരം കടക്കുന്നത്ര സ്വന്തം ശരീരം ചെറുതാക്കുവാനും, ചെറിയ നൂലിന്റെ മുകളിലൂടെ നടക്കാനും, ആകാശത്തു കൂടെ പറക്കാനും, അപരനെ കൊലപ്പെടുത്താനും സാധിക്കുമെന്ന് (മാലികി മദ്ഹബിലെ) നമ്മുടെ പണ്ഡിതന്മാര്‍ പറഞ്ഞതായി ഇബ്‌നുല്‍ ജുവയ്നി ഉദ്ധരിക്കുന്നു.

ഖാദി ഇയാദ് പറയുന്നു: മനുഷ്യര്‍ക്ക് സാധിക്കുന്നവയല്ലാതെ സിഹ്ര്‍ കൊണ്ടും സാധിക്കുകയില്ല. മരിച്ചവരെ ജീവിപ്പിക്കുവാനോ, പാണ്ഡ് സുഖപ്പെടുത്താനോ, സമുദ്രം പിളര്‍ത്താനോ, മൃഗങ്ങളെ സംസാരിപ്പിക്കുവാനോ സിഹ്ര്‍ കൊണ്ട് സാധിക്കുകയില്ലെന്നതില്‍ മുസ്‌ലിം ഉമ്മത്ത് യോജിച്ചിരിക്കുന്നു.

ഞാന്‍ (ഖറാഫി) പറയുന്നു: ഒരാളെ കൊലപ്പെടുത്തുന്നതിലേക്കും, രൂപം മാറ്റുന്നതിലേക്കും, മനുഷ്യരൂപം മൃഗത്തിന്റെ കോലത്തിലേക്ക് മാറ്റിമറിക്കുന്നതിലേക്കും സിഹ്റിന്റെ സ്വാധീനം എത്തുമെന്നത് അവരില്‍ നിന്ന് (പണ്ഡിതന്മാര്‍) ഉദ്ധരിക്കപ്പെട്ടു വന്നവയാണ്.” (അല്‍-ഫുറൂഖ്:4/139)

മനുഷ്യര്‍ക്ക് സാധിക്കുന്ന കാര്യങ്ങള്‍ മാത്രമേ സിഹ്ര്‍ കൊണ്ട് സാധിക്കുകയുള്ളൂ എന്ന ഖറാഫിയുടെ അഭിപ്രായത്തോട് ഇമാം ഖുര്‍ത്വുബി യോജിക്കുന്നില്ല. അദ്ദേഹം പറയുന്നു: “മനുഷ്യകഴിവുകള്‍ക്ക് അതീതമായ രോഗം, പരസ്പരബന്ധത്തില്‍ വിള്ളലുണ്ടാക്കുക, ബുദ്ധി ഇല്ലാതാക്കുക, അവയവ രൂപം മാറ്റിമറിക്കുക പോലുള്ള പ്രകൃതിപ്രതിഭാസങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ സാഹിറിന്റെ കയ്യിലൂടെ സംഭവിക്കുമെന്നത് നിഷേധിക്കാന്‍ കഴിയില്ലെന്നാണ് നമ്മുടെ പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത്.

സിഹ്ര്‍ കൊണ്ട് സാഹിറിന്റെ ശരീരം ചെറിയ വിടവുകളിലൂടെ കടക്കുന്നത്ര ചെറുതാക്കുവാനും, സൂക്ഷ്മമായ നൂലിലൂടെ നടക്കാനും, ആകാശത്തിലൂടെ പറക്കാനും, വെള്ളത്തിന് മീതെ നടക്കാനും, നായയുടെ മേലെ സഞ്ചരിക്കാനും സാധിക്കുമെന്നും അവര്‍ (പണ്ഡിതന്മാര്‍) അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും ഉണ്ടാകുന്നതിനുള്ള അത്യന്തികകാരണം സിഹ്റല്ല; സാഹിറിന്റെ മാത്രം കഴിവുമല്ല ഇത്. സിഹ്ര്‍ (എന്ന പ്രവര്‍ത്തി) ഉണ്ടാകുമ്പോള്‍ അല്ലാഹു സൃഷ്ടിക്കുന്ന കാര്യങ്ങളാണ് ഇവയെല്ലാം; ഭക്ഷണം കഴിക്കുമ്പോള്‍ വിശപ്പ് ശമിക്കുക, വെള്ളം കുടിക്കുമ്പോള്‍ ദാഹം കെടുക പോലുള്ളവ സംഭവിക്കുന്നത് പോലെ.” (തഫ്സീറുല്‍ ഖുര്‍ത്വുബി:1/47)

മനുഷ്യര്‍ക്ക് സാധിക്കാത്തവ സിഹ്ര്‍ ചെയ്യുന്നതിലൂടെ അല്ലാഹു സൃഷ്ടിക്കുമെന്നതിന്റെ അര്‍ഥം എന്തും സിഹ്ര്‍ ചെയ്യുന്നതിലൂടെ ഉണ്ടാക്കാമെന്നല്ല. ഇത് ഇമാം ഖുര്‍ത്വുബി തന്നെ വിശദീകരിച്ചിട്ടുണ്ട്. “വെട്ടുകിളി, പേന്‍, തവള (എന്നിവയെ ഇറക്കുക), സമുദ്രത്തെ പിളര്‍ത്തുക, വടി (പാമ്പായി) രൂപം മാറ്റുക, മരിച്ചവരെ ജീവിപ്പിക്കുക, ഊമകളെ കൊണ്ട് സംസാരിപ്പിക്കുക പോലുള്ള നബിമാര്‍ക്ക് നല്‍കപ്പെട്ട അതിമഹത്തരമായ ദൃഷ്ടാന്തങ്ങള്‍ സിഹ്റിലൂടെ സംഭവിക്കില്ലെന്നതില്‍ മുസ്‌ലിംകള്‍ ഏകോപിച്ചിരിക്കുന്നു. ഇത്തരം കാര്യങ്ങളൊന്നും സിഹ്റിലൂടെ സംഭവിക്കില്ലെന്ന് ഖണ്ഡിതമായി പറയല്‍ നിര്‍ബന്ധമാണ്; സാഹിര്‍ (സിഹ്ര്‍ ചെയ്യുന്ന) ഉദ്ദേശമനുസരിച്ച് ഇവയൊന്നും അല്ലാഹു സൃഷ്ടിക്കുകയില്ല.” (തഫ്സീറുല്‍ ഖുര്‍ത്വുബി:2/42)

ഈ വിഷയത്തില്‍ അഹ്ലുസ്സുന്നയുടെ തന്നെ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നത് ബോധ്യപ്പെടുത്താനാണ് മേല്‍ ഉദ്ധരണികള്‍ നാം കൊടുത്തത്. എന്തായാലും, എല്ലാ സിഹ്റും ശ്വൈത്വാന്റെ സഹായത്തോടെയാണോ സംഭവിക്കുന്നത്, അതല്ല, പിശാചിന്റെ സഹായമില്ലാതെയും സിഹ്റിന് മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുമോ എന്നതില്‍ നിന്നാണ് ഈ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തിട്ടുള്ളത്. ശൈഖ് സ്വാലിഹ് അല്‍-ഫൗസാര്‍ -حَفِظَهُ اللَّهُ- പറഞ്ഞതു പോലെ: “സിഹ്റിന്റെ ബഹുഭൂരിപക്ഷം ഇനങ്ങളും പിശാചിന്റെ സഹായത്തോടെയാണ് നടക്കുന്നത്. അല്ലാതെയുള്ള ചിലതുമുണ്ട്.” (അഖീദതുത്തൗഹീദ്)

പിശാചിന്റെ സഹായത്തോടെ നടക്കുന്ന സിഹ്ര്‍ കുഫ്ര്‍ ചെയ്തും, ഖുര്‍ആനിനെ അപമാനിച്ചും പിശാചിനെ തൃപ്തിപ്പെടുത്തിയാണ് സാധിച്ചെടുക്കുന്നത്. ഇത് സിഹ്റിന്റെ ഇനങ്ങളില്‍ താരതമ്യേന എളുപ്പമുള്ള ഇനമാണ്; അല്ലാഹുവിങ്കല്‍ അതിന്റെ ശിക്ഷയാകട്ടെ വളരെ ഗൗരവമുള്ളതും. എന്നാല്‍, പിശാചിന്റെ സഹായമില്ലാതെ നടക്കുന്ന സിഹ്റിനെ കുറിച്ച്, എന്താണ് സിഹ്ര്‍? എന്ന ലേഖനത്തില്‍ നാം സൂചിപ്പിച്ചിരുന്നു. സിഹ്റിന്റെ നിര്‍വചനം പറഞ്ഞപ്പോള്‍ ചില പണ്ഡിതന്മാര്‍ പറഞ്ഞതു പോലെ: ‘ചില മന്ത്രങ്ങളും ജപങ്ങളും ഹോമങ്ങളുമാണത്. അവ ഉച്ചരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അല്ലാഹു ചില മാറ്റങ്ങള്‍ ഭൂമിയില്‍ ഉണ്ടാക്കുന്നു.’

ഇത് തീര്‍ത്തും ഭൗതികമാണ്. അഭൗതികമെന്ന് പറയാവുന്ന ഒരു കാര്യവും ഇതിലില്ല. അല്ലാഹു അവനുദ്ദേശിക്കുന്നത് പ്രവര്‍ത്തിക്കുന്നു. അതില്‍ അവന് പരിപൂര്‍ണമായ ഹിക്മതുണ്ട്. അതിനെ ചോദ്യം ചെയ്യുക എന്നത് അനുവദനീയമല്ല.

അല്ലാഹുവിനെ നിഷേധിക്കുകയും, പിശാചിന് തൃപ്തികരമായ മ്ലേഛവൃത്തികള്‍ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അവന്‍ ചില പ്രത്യുപകാരങ്ങള്‍ ചെയ്തു കൊടുക്കുമെന്ന് പറഞ്ഞല്ലോ? യഥാര്‍ഥത്തില്‍ പിശാചുക്കള്‍ സാഹിറന്മാരെ സഹായിക്കുന്നുവെന്ന വ്യാജേന അവര്‍ക്ക് ഉപകാരങ്ങള്‍ നല്‍കുന്നതെന്തിനാണ്?

പിശാചിന്റെ ഏറ്റവും വലിയ ലക്ഷ്യം അല്ലാഹുവിനുള്ള ആരാധനയില്‍ നിന്ന് ജനങ്ങളെ വഴിപിഴപ്പിച്ച് അവരെ ശിര്‍ക്കിലേക്കും, അതു വഴി ശാശ്വതമായ നരകത്തിലേക്കും എത്തിക്കുക എന്നതാണ്. ഇതിനു വേണ്ടി വഴികേടിന്റെ അനേകം മാര്‍ഗങ്ങള്‍ അവന്‍ ഒരുക്കിവെച്ചിരിക്കുന്നു. ഈ വ്യത്യസ്ത വഴികളെല്ലാം യഥാര്‍ഥത്തില്‍ മനുഷ്യരെ കൊണ്ടുചെന്നെത്തിക്കുന്നത് ശിര്‍ക്കിലേക്കും, അതു വഴി അല്ലാഹുവിന്റെ കോപത്തിന് പാത്രീഭൂതരാവുന്നതിലേക്കുമാണ്.

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ -رَحِمَهُ اللَّهُ- പറയുന്നു: “പിശാച് അവന്റെ കഴിവനുസരിച്ച് മനുഷ്യനെ വഴിപിഴപ്പിക്കുന്നു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയുമാണ് ഒരാള്‍ ആരാധിക്കുന്നതെങ്കില്‍, അവനോട് പിശാച് ചില കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുകയും സംസാരിക്കുകയും ചെയ്യും; (നക്ഷത്രങ്ങളെ ആരാധിക്കുന്നവരാകട്ടെ പിശാചിനെ) നക്ഷത്രങ്ങളുടെ ആത്മാവ് എന്ന് വിശേഷിപ്പിക്കുകയും ചെയ്യും! യഥാര്‍ഥത്തില്‍ അവന്‍ പിശാചാണ്. വിഗ്രഹങ്ങളെ ആരാധിക്കുന്നവരോടും ഇതേ പ്രകാരം പിശാച് സംസാരിച്ചേക്കാം. മരിച്ചു പോയവരോടോ, മറഞ്ഞവരോടോ സഹായം തേടുന്നവരോടും, മരിച്ചവരെ വിളിച്ചു പ്രാര്‍ഥിക്കുന്നവരോടും, മരിച്ചവരെ കൊണ്ട് വിളിച്ചു പ്രാര്‍ഥിക്കുന്നവരോടും അവന്‍ സംസാരിച്ചേക്കാം.” (മജ്മൂഉല്‍ ഫതാവ: 11/292)

പിശാചുക്കള്‍ മ്ലേഛജീവികളാണ്. അവര്‍ മ്ലേഛതയെയും തിന്മകളെയും കുഴപ്പത്തെയും ഇഷ്ടപ്പെടുകയും, അതുണ്ടാകുന്നതില്‍ സന്തോഷിക്കുകയും ചെയ്യുന്നു. അത്തരം കാര്യങ്ങളെ ഇഷ്ടപ്പെടുന്നവരെയും അവര്‍ക്ക് ഇഷ്ടമാണ്. തങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ അവരുടെ ചില ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സഹായങ്ങള്‍ നല്‍കിയും വിവരങ്ങള്‍ പറഞ്ഞു കൊടുത്തും പിശാചുക്കള്‍ കൂടുതല്‍ തിന്മകളിലേക്ക് നയിക്കുകയും, അവരെ കൊണ്ട് മറ്റു മനുഷ്യരെ കൂടി വഴികേടിലാക്കുകയും ചെയ്യുന്നു.

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ -رَحِمَهُ اللَّهُ- പറയുന്നു: “പ്രവാചകത്വം വാദിച്ച അസ്വദുല്‍ അന്‍സിക്ക് ചില മറഞ്ഞ വിവരങ്ങള്‍ അറിയിച്ചു കൊടുത്തിരുന്ന പിശാചുക്കള്‍ ഉണ്ടായിരുന്നു. അവനുമായി മുസ്‌ലിംകള്‍ യുദ്ധം ചെയ്തപ്പോള്‍ തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ഈ പിശാചുക്കള്‍ അവന് അറിയിച്ചു കൊടുക്കുമോ എന്ന് അവര്‍ ഭയന്നിരുന്നു. പിന്നീട് ഇയാളുടെ സത്യനിഷേധം ബോധ്യപ്പെട്ടപ്പോള്‍ അവന്റെ ഭാര്യ അവനെ വധിക്കുവാന്‍ മുസ്‌ലിംകളെ സഹായിക്കുകയും, മുസ്‌ലിംകള്‍ അവനെ കൊന്നുകളയുകയും ചെയ്തു. ഇതു പോലുള്ള മറ്റൊരു വ്യക്തിയാണ് മുസൈലിമത്തുല്‍ കദ്ദാബ്. അവനോടൊപ്പവും ചില മറഞ്ഞ കാര്യങ്ങള്‍ അറിയിച്ചു നല്‍കുകയും, ചില കാര്യങ്ങളില്‍ അവനെ സഹായിക്കുകയും ചെയ്തിരുന്ന പിശാചുക്കള്‍ ഉണ്ടായിരുന്നു.” (മജ്മൂഅ് ഫതാവ:11/284)

അദ്വൈതസിദ്ധാന്തം ഇസ്‌ലാമികവല്‍ക്കരികാന്‍ ശ്രമിച്ച, ഇബ്‌നു അറബിയുടെ അല്‍-ഫുതൂഹാതുല്‍ മക്കിയ്യ എന്ന പുസ്തകത്തിന് മറുപടി പറയുന്ന വേളയില്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ -رَحِمَهُ اللَّهُ- പറഞ്ഞു: “ഇബ്‌നു ഉമറിനോടും ഇബ്‌നു അബ്ബാസിനോടും മുഖ്താര്‍ അസ്സഖഫിയുടെ മേല്‍ മലക്കുകള്‍ ഇറങ്ങുന്നുണ്ടെന്ന് പറയപ്പെട്ടു. അപ്പോള്‍ അവര്‍ പറഞ്ഞു: ‘അല്ലാഹു സത്യം പറഞ്ഞിരിക്കുന്നു.

«هَلْ أُنَبِّئُكُمْ عَلَى مَنْ تَنَزَّلُ الشَّيَاطِينُ * تَنَزَّلُ عَلَى كُلِّ أَفَّاكٍ أَثِيمٍ * يُلْقُونَ السَّمْعَ وَأَكْثَرُهُمْ كَاذِبُونَ»

“ആരുടെ മേലാണ് പിശാചുക്കള്‍ ഇറങ്ങുന്നതെന്ന് ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചു തരട്ടെയോ? പെരും നുണയന്‍മാരും പാപികളുമായ എല്ലാവരുടെ മേലും അവര്‍ (പിശാചുക്കള്‍) ഇറങ്ങുന്നു.” (ശുഅറാഅ്: 221-222)

മറ്റൊരാള്‍ പറഞ്ഞത് ഇപ്രകാരമാണ്:

«وَإِنَّ الشَّيَاطِينَ لَيُوحُونَ إِلَى أَوْلِيَائِهِمْ لِيُجَادِلُوكُمْ»

“നിങ്ങളോട് തര്‍ക്കിക്കുവാന്‍ വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക് തീര്‍ച്ചയായും ദുര്‍ബോധനം നല്‍കിക്കൊണ്ടിരിക്കും.” (അന്‍ആം: 121)” (മജ്മൂഅ് ഫതാവ:11/238)

മേല്‍ ഉദ്ധരണികള്‍ സാഹിറന്മാരും പിശാചുക്കളും തമ്മിലുള്ള ബന്ധം വ്യക്തമാക്കി നല്‍കുന്നവയാണ്. പിശാചിന്റെ കഴിവുകളും കഴിവുകേടുകളും അറിയാന്‍ കഴിഞ്ഞാല്‍ സിഹ്റിന്റെ സ്വാധീനപരിധി -ഏറെക്കുറെ- എന്താണെന്ന് മനസ്സിലാക്കുവാനും കഴിയും.  വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പിശാചുക്കളെ സംബന്ധിച്ച് -വിശിഷ്യ ജിന്നുകളെ സംബന്ധിച്ച്- അറിയിച്ചിട്ടുള്ള കാര്യങ്ങള്‍ അറിയേണ്ടത് അവശ്യമായി വരുന്നത് ഈ സന്ദര്‍ഭത്തിലാണ്. ഇസ്‌ലാമിക പ്രമാണങ്ങള്‍ പിശാചുക്കളെയും ജിന്നുകളെയും സംബന്ധിച്ച് മനുഷ്യര്‍ അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ നമ്മെ അറിയിച്ചിട്ടുണ്ട്.

അല്ലാഹുവിന്റെ സൃഷ്ടികളില്‍ പെട്ട, ബുദ്ധി നല്‍കപ്പെട്ട സൃഷ്ടിവര്‍ഗമാണ് ജിന്നുകള്‍. അല്ലാഹുവിനെ ആരാധിക്കുവാനും അനുസരിക്കുവാനും മനുഷ്യരെ പോലെ അവരും ബാധ്യസ്ഥരാണ്. അവരില്‍ മുസ്‌ലിംകളും കാഫിറുകളുമുണ്ട്. അവര്‍ക്ക് നമ്മെ കാണാന്‍ സാധിക്കുമെന്നും, നമുക്ക് അവരെ കാണാന്‍ കഴിയില്ലെന്നും അല്ലാഹു അറിയിച്ചിട്ടുണ്ട്.

വളരെ വേഗത്തില്‍ സഞ്ചരിക്കുവാനുള്ള കഴിവും, ഭാരമുള്ള വസ്തുക്കള്‍ ചുമക്കുവാനുള്ള ശക്തിയും അവര്‍ക്ക് നല്‍കപ്പെട്ടിട്ടുണ്ട് എന്ന് ഖുര്‍ആനിക ആയത്തുകളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും. വിവിധങ്ങളായ രൂപങ്ങള്‍ സ്വീകരിക്കാനുള്ള കഴിവും അവര്‍ക്ക് നല്‍കപ്പെട്ടിട്ടുണ്ട്. മനുഷ്യ രൂപത്തിലും, പാമ്പിന്റെ രൂപത്തിലും ജിന്നുകള്‍ പ്രത്യക്ഷപ്പെട്ട സംഭവങ്ങള്‍ സ്വഹീഹായ ഹദീഥുകളില്‍ വന്നിട്ടുണ്ട്. സുലൈമാന്‍ നബി-عَلَيْهِ السَّلَامُ-ക്ക് ജിന്നു വര്‍ഗത്തെ അല്ലാഹു കീഴ്പ്പെടുത്തിക്കൊടുത്തിരുന്നു. അദ്ദേഹത്തിന് വേണ്ടി കൊട്ടാരങ്ങള്‍ പണിതു കൊടുക്കാന്‍ അവര്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നു.

മനുഷ്യര്‍ക്ക് ഉപദ്രവങ്ങള്‍ വരുത്താന്‍ -അല്ലാഹുവിന്റെ അനുമതിയോടെ- അവര്‍ക്ക് സാധിക്കും. നിസ്കാരത്തിലായിരുന്ന നബി-ﷺ-യെ ഉപദ്രവിക്കാന്‍ ശ്രമിച്ച പിശാചുക്കളില്‍ പെട്ട ഇഫ്രീതിന്റെ സംഭവം ഹദീഥുകളില്‍ വന്നിട്ടുള്ളത് ഓര്‍ക്കുക. ആദമിന്റെ രക്തം സഞ്ചരിക്കുന്ന ഇടങ്ങളില്‍ പിശാച് സഞ്ചരിക്കുമെന്ന് നബി -ﷺ- അറിയിച്ചിട്ടുണ്ട്.

ഇതോടൊപ്പം ധാരാളം കഴിവുകേടുകളും, ദുര്‍ബലതകളും അവര്‍ക്കുണ്ട്. വിശുദ്ധ ഖുര്‍ആനിനെ പോലൊരു വേദഗ്രന്ഥം ജിന്നുകളും മനുഷ്യരും ഒരുമിച്ചു ശ്രമിച്ചാലും കൊണ്ടുവരാന്‍ സാധിക്കില്ലെന്ന് അല്ലാഹു അറിയിച്ചിട്ടുണ്ട്. സ്വപ്നത്തില്‍ നബി-ﷺ-യുടെ യഥാര്‍ഥ രൂപത്തില്‍ പ്രത്യക്ഷപ്പെടാന്‍ പിശാചിന് കഴിയില്ല. അല്ലാഹുവിന്റെ നാമം ഉച്ചരിച്ച് കൊണ്ട് അടച്ച വാതില്‍ തുറക്കാന്‍ അവര്‍ക്ക് സാധിക്കില്ലെന്ന് നബി-ﷺ-യുടെ ഹദീഥുകളില്‍ കാണാം. ഇങ്ങനെ ധാരാളം പരാമര്‍ശങ്ങള്‍ പ്രമാണങ്ങളില്‍ വായിക്കാന്‍ സാധിക്കും. ഇവ മനസ്സിലാക്കുന്ന ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ഏതൊക്കെയാണ് സിഹ്ര്‍ എന്നും, എത്ര വരെയാണ് അതിന്റെ പരിധി എന്നും, സിഹ്റിനെ നശിപ്പിക്കാന്‍ എങ്ങനെ സാധിക്കുമെന്നുമെല്ലാം മനസ്സിലാക്കുന്നത് എളുപ്പമായിരിക്കും.

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.

كَتَبَهُ: أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيد

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment