രണ്ട്: മുഅ്ജിസത്തും കറാമത്തും ഒരു തെമ്മാടിയില്‍ ഒരിക്കലും സംഭവിക്കുകയില്ല; സിഹ്ര്‍ ഒരു തെമ്മാടിയില്‍ നിന്ന് മാത്രമേ ഉണ്ടാവൂ.

മാലികീ പണ്ഡിതനായ ഇമാം ഖറാഫി പറഞ്ഞു: “ജനങ്ങളില്‍ ഏറ്റവും നല്ല ജീവിതവും, ജനനവും, രൂപവും, സ്വഭാവവും, സത്യസന്ധതയും, മര്യാദകളും വിശ്വസ്തതയും ജീവിതവിരക്തിയും അനുകമ്പയും നൈര്‍മല്യതയും ഉള്ളവരും, കള്ളങ്ങളില്‍ നിന്നും വഞ്ചനകളില്‍ നിന്നും അങ്ങേയറ്റം വിട്ടുനില്‍ക്കുന്നവരുമാണ് നബിമാരെല്ലാവരും.

എന്നാല്‍ ഒരു സാഹിര്‍ ഇതിനെല്ലാം വിപരീതമാണ്. ജനങ്ങള്‍ അവഗണിക്കുകയും, വെറുക്കുകയും ചെയ്യുന്നയിടങ്ങളിലല്ലാതെ അവരെ നീ കാണുകയില്ല. മനസ്സുകള്‍ അകുന്നു പോകുവോളം അവനും അവന്റെ അനുയായികളും പിന്‍ഗാമികളും തീര്‍ത്തും സൗന്ദര്യമോ, സന്തോഷമോ ഇല്ലാത്തവരായിരിക്കും. നന്മകളോ സൗഭാഗ്യങ്ങളോ അവരില്‍ യാതൊരു സ്വാധീനവും ഉണ്ടാക്കുകയില്ല.” (അന്‍വാറുല്‍ ബുറൂഖ് ഫീ അന്‍വാഇല്‍ ഫുറൂഖ്:4/170)

ഇബ്‌നു ഹജര്‍ അല്‍-അസ്ഖലാനി -رَحِمَهُ اللَّهُ- പറഞ്ഞു: “അത്ഭുതകരങ്ങളായ സംഭവങ്ങള്‍ സംഭവിക്കുന്നവന്റെ അവസ്ഥ പരിഗണിക്കേണ്ടത് അനിവാര്യമാണ്. അവന്‍ മതനിയമങ്ങള്‍ പാലിക്കുന്നവനും, തിന്മകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നവനുമാണെങ്കില്‍ അവനില്‍ സംഭവിച്ചിട്ടുള്ളത് കറാമത്താണ്. അത്തരക്കാരനല്ല അവനെങ്കില്‍ അത് സിഹ്റാണ്. പിശാചിന്റെ സഹായത്തോടെ ഉണ്ടായ, സിഹ്റിന്റെ ഇനങ്ങളില്‍ പെട്ട കാര്യമായിരിക്കാം അത്.” (ഫത്ഹുല്‍ ബാരി:10/223)

നമ്മുടെ നാട്ടില്‍ പലപ്പോഴായി പ്രചരിക്കാറുള്ള അത്ഭുതസംഭവങ്ങളുടെ പിന്നില്‍ പലപ്പോഴും ഉണ്ടാകാറുള്ളത് നിസ്കരിക്കുകയോ, നോമ്പ് നോല്‍ക്കുകയോ മറ്റോ ചെയ്യാത്തവരാണ്. ചിലപ്പോഴെല്ലാം സാമാന്യബുദ്ധിയോ പൊതുമര്യാദകളോ പാലിക്കാത്തവരെ കുറിച്ചായിരിക്കും അയാൾ ‘ധാരാളം കറാമതുള്ള ഔലിയ’ ആണെന്ന് പറയപ്പെടുക. ലഹരിക്ക് അടിമകളാവുകയും, പരസ്ത്രീ ബന്ധങ്ങൾ വെച്ചു പുലർത്തുകയും ചെയ്യുന്നവരെ വരെ ഔലിയ എന്ന ഗണത്തിൽ ഉൾപ്പെടുത്തുന്ന സ്വൂഫികൾ അനേകമുണ്ട്.

ഉദാഹരണത്തിന് കേരളത്തിലെ ഏറ്റവും വലിയ വലിയ്യുകളിലൊരാളായി സമസ്തക്കാർ പ്രചരിപ്പിക്കുന്ന സി. എം. മടവൂർ നോമ്പെടുക്കാറില്ലായിരുന്നു എന്നാണ് അയാളുടെ അനുയായികൾ തന്നെ എഴുതിവിട്ടിരിക്കുന്നത്. നോമ്പെടുത്തവരുടെ നോമ്പ് ഇദ്ദേഹം നിർബന്ധിച്ച് മുറിപ്പിക്കാറുണ്ടായിരുന്നു എന്നും ഇവരുടെ ‘കറാമത് പുസ്തകങ്ങളിൽ’ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

യഥാര്‍ഥത്തില്‍ ഇത്തരക്കാർ തനിച്ച സാഹിറന്മാർ മാത്രമായിരുന്നു എന്നാണ് അവരുടെ ചരിത്രം വായിച്ചാൽ മനസ്സിലാവുക. അതു കൊണ്ടായിരുന്നു അവരിൽ പലരും നിസ്കരിക്കുകയോ നോമ്പെടുക്കുകയോ ചെയ്യാതിരുന്നത്. സാഹിറന്മാരുടെ കേന്ദ്രങ്ങൾ പൊതുവെ വൃത്തിഹീനമായി കാണപ്പെടാറുണ്ടായിരുന്നു എന്നത് പോലെ, ഇക്കൂട്ടരുടെ ഭവനങ്ങളും കേന്ദ്രങ്ങളും വൃത്തികേടുകളുടെയും അശ്ളീലതയുടെയും കേദാരമായി കണ്ടെത്താൻ കഴിയും.

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ -رَحِمَهُ اللَّهُ- പറഞ്ഞു: “സാഹിറന്മാര്‍ മുഴുവനും കളവു പറയുന്നവരായിരിക്കും. അവരുടെ പ്രവര്‍ത്തങ്ങളില്‍ ശിര്‍ക്കോ, അതിക്രമമോ, നീചവൃത്തികളോ, മതത്തില്‍ അതിരുകവിയലുകളോ, ബിദ്അത്തുകള്‍ പ്രവര്‍ത്തിക്കലോ പോലുള്ള തിന്മകളും തെമ്മാടിത്തങ്ങളും നിര്‍ബന്ധമായും ഉണ്ടായിരിക്കും. അതിനാലാണ് പിശാച് അവരുടെ മേല്‍ ഇറങ്ങിയിരിക്കുന്നതും, അവനുമായി ഇവര്‍ ബന്ധം വെച്ചു പുലര്‍ത്തിയിരിക്കുന്നതും. അവര്‍ പിശാചിന്റെ ഔലിയാക്കളാണ്; പരമകാരുണികന്റെ ഔലിയാക്കളേയല്ല.

അല്ലാഹു പറഞ്ഞിരിക്കുന്നു:

وَمَن يَعْشُ عَن ذِكْرِ الرَّحْمَـٰنِ نُقَيِّضْ لَهُ شَيْطَانًا فَهُوَ لَهُ قَرِينٌ ﴿٣٦﴾

“പരമകാരുണികന്റെ ഉല്‍ബോധനത്തിന്റെ നേര്‍ക്ക് വല്ലവനും അന്ധത നടിക്കുന്ന പക്ഷം അവന്നു നാം ഒരു പിശാചിനെ ഏര്‍പെടുത്തികൊടുക്കും. എന്നിട്ട് അവന്‍ (പിശാച്) അവന്ന് കൂട്ടാളിയായിരിക്കും.” (സുഖ്റുഫ്: 36)

പരമകാരുണികനെ കുറിച്ചുള്ള സ്മരണ (ദിക്ര്‍) എന്നാല്‍ നബി-ﷺ-ക്ക് അല്ലാഹു അവതരിപ്പിച്ച ഖുര്‍ആന്‍ പോലുള്ളവയാണ്. ഖുര്‍ആനില്‍ അവിശ്വസിക്കുകയും, അതിനെ സത്യപ്പെടുത്താതിരിക്കുകയും, അതിലെ കല്‍പ്പനകള്‍ പാലിക്കണമെന്ന് വിശ്വസിക്കാതിരിക്കുകയും ചെയ്തവന്‍ (അല്ലാഹുവിന്റെ സ്മരണയില്‍ നിന്ന്) തിരിഞ്ഞ് കളഞ്ഞിരിക്കുന്നു. അതിനാല്‍ അവന് പിശാചിനെ ഏര്‍പ്പെടുത്തിക്കൊടുക്കുന്നതാണ്; അവനുമായാണ് ഇത്തരക്കാര്‍ക്ക് ബന്ധമുണ്ടാവുക.

അതിനാല്‍ ഒരു മനുഷ്യന്‍ അങ്ങേയറ്റത്തെ ഭൗതികവിരക്തിയോടെ രാത്രിയും പകലും മുഴുവന്‍ അല്ലാഹുവിന് ദിക്‌ർ ചൊല്ലുന്നത് നീ കണ്ടെങ്കിലും, അവന്റെ ദിക്റുകളോടൊപ്പം അല്ലാഹുവിന്റെ ഖുര്‍ആനിനെ അവൻ പിന്‍പറ്റുന്നത് നീ കാണുന്നില്ലെങ്കില്‍ അവന്‍ പിശാചിന്റെ ഔലിയാക്കളില്‍ പെട്ടവനാണ്. അവന്‍ ആകാശത്തിലൂടെ പറന്നാലും, വെള്ളത്തിന് മീതെ നടന്നാലും- അവനെ വഹിക്കുന്നത് പിശാചാണ്!” (മജ്മൂഅ് ഫതാവ:11/173)

ചുരുക്കത്തില്‍ ഒരാള്‍ അല്ലാഹുവിന്റെ കല്‍പ്പനകള്‍ അനുസരിക്കുകയും, അവന്റെ വിധിവിലക്കുകള്‍ പാലിച്ച് ജീവിക്കുകയും ചെയ്യുന്നതായി നീ കാണുന്നുണ്ടെങ്കില്‍ അവനാണ് യഥാര്‍ത്ഥ വലിയ്യ്‌. അവന്റെ ജീവിതത്തില്‍ എന്തെങ്കിലും അത്ഭുതകരമായ സംഭവങ്ങള്‍ ഉണ്ടായാല്‍ അത് കറാമത് ആയേക്കാം. എന്നാല്‍ അല്ലാഹുവിനെ അനുസരിക്കാത്ത, അവന്റെ വിധിവിലക്കുകള്‍ ജീവിതത്തില്‍ പാലിക്കാത്ത ഒരുവന്റെ അടുക്കല്‍ നിന്നാണ് അത്ഭുതങ്ങള്‍ സംഭവിക്കുന്നതെങ്കില്‍ അത് പിശാചിന്റെ സഹായത്തോടെ സംഭവിക്കുന്നതാണ്. അത്തരം കാര്യങ്ങള്‍ കണ്ട് ഒരിക്കലും അയാളില്‍ വഞ്ചിതനായി പോകരുത്.

മൂന്ന്: സിഹ്ര്‍ പ്രകൃതിപ്രതിഭാസങ്ങള്‍ക്ക് വിരുദ്ധമായ ഒന്നല്ല; എന്നാല്‍ മുഅ്ജിസത്തുകള്‍ക്ക് പ്രകൃതിപരമായ കാരണങ്ങളൊന്നുമില്ല.

ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും സിഹ്റിനെ സംബന്ധിച്ച് അവ്യക്തത ഉണ്ടാക്കുന്നത് ഈ വിഷയത്തിലുള്ള അറിവില്ലായ്മ കാരണത്താലാണ്. കത്തി കൊണ്ട് ഒരാളെ കുത്തിക്കൊലപ്പെടുത്തി എന്ന് കേട്ടാല്‍ ഉണ്ടാകാത്ത അത്ഭുതം സിഹ്റിലൂടെ ഒരാളെ കൊലപ്പെടുത്താന്‍ സാധിക്കും എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്നത് അതു കൊണ്ടാണ്. കത്തി കൊണ്ട് കുത്തിയാല്‍ -അല്ലാഹുവിന്റെ തീരുമാനമുണ്ടെങ്കില്‍- ഒരാള്‍ മരണപ്പെടും എന്ന് എല്ലാവര്‍ക്കും അറിയാം. സിഹ്റും ഇതേ പ്രകാരം സൃഷ്ടികള്‍ക്കിടയില്‍ അല്ലാഹു നിശ്ചയിച്ച ഒരു കാരണമാണ്. എന്നാല്‍ സിഹ്ര്‍ എങ്ങനെയാണ് സംഭവിക്കുന്നത് എന്നതിന്റെ കാരണങ്ങള്‍ ബഹുഭൂരിപക്ഷം പേര്‍ക്കും അവ്യക്തമായിരിക്കും എന്ന് മാത്രം.

അതു കൊണ്ട് തന്നെ സിഹ്റിലൂടെ ഒരാള്‍ മറ്റൊരാളെ ഉപദ്രവിക്കുകയോ സഹായിക്കുകയോ ചെയ്യുമ്പോള്‍ ഇത് വീക്ഷിക്കുന്ന പാമരജനങ്ങള്‍ ഈ സാഹിറിനെ പേടിക്കുകയും, അയാള്‍ വലിയ്യാണെന്നോ അത്ഭുത പ്രവൃത്തികള്‍ ചെയ്യുന്നവനാണെന്നോ വിശ്വസിക്കാനും തുടങ്ങും. യഥാര്‍ത്തില്‍ സിഹ്ര്‍ കേവലം ഭൌതികമായി ചില കാരണങ്ങളുടെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന പ്രവര്‍ത്തനം മാത്രമാണ്. അതിന്റെ കാരണങ്ങളില്‍ എന്തെങ്കിലും പിഴവ് വന്നാല്‍ സിഹ്റിലും പിഴവ് സംഭവിക്കുകയും, സാഹിര്‍ ഉദ്ദേശിച്ച ഫലങ്ങള്‍ ലഭിക്കാതെ വരികയും ചെയ്യും. ഇത് മനസ്സിലാക്കുന്ന ഏതൊരാള്‍ക്കും സിഹ്റിലോ സാഹിറിന്റെ പ്രവര്‍ത്തനങ്ങളിലോ അത്ഭുതം ഉണ്ടാവുകയില്ല.

റേഡിയോ ഒരു ഉദാഹരണമായി പറയാം. ഇരുന്നൂറും മുന്നൂറും വർഷങ്ങൾക്ക് മുൻപ്, ഒരാളുടെ ശബ്ദം കിലോമീറ്ററുകൾക്കപ്പുറം മറ്റൊരിടത്തേക്ക് എത്തിക്കാൻ കഴിയുമെന്ന് പറഞ്ഞാൽ അത് തീർത്തും അസാധ്യമായ കാര്യമായേ ജനങ്ങൾ കാണുകയുള്ളൂ; എന്നാൽ പിൽക്കാലഘട്ടത്തിൽ റേഡിയോ സാധ്യമായി. നമ്മുടെ കണ്ണു കൊണ്ട് കാണാൻ കഴിയുന്നില്ലെങ്കിൽ അതിന്റെ പിന്നിൽ വ്യക്തമായ കാര്യകാരണങ്ങളുണ്ട് എന്ന് നമുക്കിന്ന് ബോധ്യമുണ്ട്.

ഏതാണ്ട് ഇതു പോലെയാണ് സിഹ്റിന്റെയും കാര്യം. അതിന്റെ പിന്നിലുള്ള കാരണം പലര്‍ക്കും അവ്യക്തമാണ്. എന്നാൽ സിഹ്റിന് പിന്നിൽ യാതൊരു കാരണവുമില്ലെന്നല്ല അതു കൊണ്ട് ഉദ്ദേശിക്കുന്നത്. സിഹ്ര്‍ പൂര്‍ണമായും കാര്യകാരണബന്ധങ്ങള്‍ക്ക് ഉള്ളിലുള്ളതാണ്; അതിൽ ചിലർക്ക് അവ്യക്തമാകുന്നു എന്നു മാത്രം.

സിഹ്റിന്റെ കാര്യം ഇതാണ് എങ്കിൽ മുഅ്ജിസത്ത് പൂര്‍ണമായും കാര്യകാരണബന്ധങ്ങള്‍ക്ക് അപ്പുറമുള്ളതാണ്. റേഡിയോയുടെ പ്രവർത്തനത്തെ കുറിച്ച് നമുക്ക് കാര്യകാരണങ്ങളോടെ വിവരിക്കാൻ കഴിയുമെങ്കിൽ -സിഹ്റിന് പിന്നിലുള്ള ചില വഴികളെ കുറിച്ച് നമുക്ക് മനസ്സിലാക്കാൻ കഴിയുമെങ്കിൽ-, മുഅ്ജിസതുകളുടെ പിന്നിലുള്ള ഭൗതികമായ ഒരു കാരണവും കണ്ടെത്തുക സാധ്യമല്ല. അത് അല്ലാഹുവിൽ നിന്ന് വന്നെത്തിയതാണെന്ന് മാത്രമേ പറയാൻ സാധിക്കുകയുള്ളൂ.

മാരണത്തെ കുറിച്ച് ആഴത്തിൽ വിവരമുണ്ടായിരുന്ന ഈജിപ്തിലെ സാഹിറന്മാര്‍ക്ക് മൂസ-عَلَيْهِ السَّلَامُ-യുടെ മുഅ്ജിസത്തിന് പിന്നില്‍ ഭൗതികമായ ഒരു കാരണവുമില്ലെന്നും, ഏഴ് ആകാശങ്ങള്‍ക്കു മീതെയുള്ള സര്‍വ്വ ശക്തനായ അല്ലാഹുവിന്റെ ദൃഷ്ടാന്തം മാത്രമാണ് അത് എന്നും ബോധ്യപ്പെട്ടതു കൊണ്ടാണ് അവര്‍ അത്രയും ഭീതിതമായ സാഹചര്യത്തിലും ഇസ്‌ലാം സ്വീകരിക്കാന്‍ തയ്യാറായത്. ഇതു പോലെ തന്നെയാണ് ഈസ-عَلَيْهِ السَّلَامُ-യുടെ ദൃഷ്ടാന്തങ്ങളും. ഒരു മരുന്നു പോലും പ്രയോഗിക്കാതെ അദ്ദേഹം -അല്ലാഹുവിന്റെ അനുമതിയോടെ- പാണ്ഡു രോഗം സുഖപ്പെടുത്തി. അല്ലാഹുവിന്റെ അനുമതിയോടെ മരിച്ചവരെ അദ്ദേഹം ജീവിപ്പിച്ചു. ഇതിന് പിന്നിലൊന്നും തന്നെ ഭൗതികമായ കാരണങ്ങളില്ല എന്നതിനാല്‍ അവ എന്നും അത്യത്ഭുതങ്ങളാണ്; അവ അങ്ങനെ തന്നെയായിരിക്കുകയും ചെയ്യും. ലോകാവസാനം വരെ.

ചുരുക്കി പറയട്ടെ; മുഅജിസതുകള്‍ ഭൌതികമായ കാരണങ്ങള്‍ക്ക് ഉള്ളില്‍ വരുന്ന കാര്യമല്ല. എന്നാല്‍ സിഹ്ര്‍ തീര്‍ത്തും ഭൌതികമാണ്. മുഅജിസതുകളില്‍ യാതൊരു മാനുഷിക കൈകടത്തലോ, സൃഷ്ടികളുടെ ഇടപെടലോ ഇല്ല. ഇത് മുഅജിസതിനെയും സിഹ്റിനെയും വേര്‍തിരിക്കുന്ന പ്രധാനപ്പെട്ട വ്യത്യാസങ്ങളില്‍ ഒന്നാണ്.

നാല്: മുഅ്ജിസത്തുകളെ തകര്‍ക്കാനോ അതിന് തുല്യമായത് കൊണ്ടുവരാനോ സാധിക്കുകയില്ല; എന്നാല്‍ സിഹ്റിനെ നിഷ്ഫലമാക്കുവാനും അതിന്റെ പിന്നിലുള്ള രഹസ്യങ്ങള്‍ തുറന്നു കാട്ടാനും സാധിക്കും.

സിഹ്റിലൂടെ ഒരു അത്ഭുതപ്രവര്‍ത്തനം കാണിക്കുന്നവനെ പരാജയപ്പെടുത്താന്‍ അയാളെക്കാള്‍ സിഹ്ര്‍ അറിയുന്ന മറ്റൊരാള്‍ക്ക് സാധിക്കും. ഇയാള്‍ കാണിക്കുന്നതിനെക്കാള്‍ വലിയ അത്ഭുതം രണ്ടാമത്തെയാള്‍ക്ക് കാണിക്കാനും സാധിച്ചേക്കാം. ഇനി ഇതൊന്നുമില്ലെങ്കില്‍ തന്നെ അല്ലാഹുവിങ്കല്‍ നിന്ന് അങ്ങേയറ്റത്തെ തഖ്-വയും (സൂക്ഷ്മതയും) യഖീനും (ദൃഢവിശ്വാസവും) നല്‍കപ്പെട്ടവര്‍ക്ക് ഖുര്‍ആന്‍ ആയത്തുകളുടെ പാരായണത്തിലൂടെയും നബി -ﷺ- പഠിപ്പിച്ച അദ്കാറുകളിലൂടെയും ദുആഉകളിലൂടെയും ഇവര്‍ ഉണ്ടാക്കിയ ബുദ്ധിമുട്ടുകളെ ഇല്ലാതാക്കുവാനും, ഇവരുടെ കുതന്ത്രങ്ങളെ തകര്‍ക്കുവാനും സാധിക്കും.

എന്നാല്‍ മുഅ്ജിസത്തുകളെ തകര്‍ക്കുവാനോ നിഷ്ഫലമാക്കുവാനോ അതിന് തുല്യമായ മറ്റൊന്ന് കൊണ്ടു വരാനോ ഒരാള്‍ക്കും സാധിക്കുകയില്ല. എല്ലാ നബിമാരുടെ മുഅ്ജിസത്തുകളും ലോകാവസാനം വരെയുള്ള ഒരാള്‍ക്കും അനുകരിക്കാന്‍ സാധിക്കാത്തതും, അതിന്റെ പിന്നിലുള്ള ഭൗതിക കാരണം തുറന്നുകാട്ടാന്‍ കഴിയാത്തതുമായിരിക്കും.

മൂസ നബി-عَلَيْهِ السَّلَامُ-യുടെ വടി താഴെയിട്ടപ്പോഴും സാഹിറന്മാരുടെ വടി താഴെയിട്ടപ്പോഴും അവ സര്‍പ്പമായി. എന്നാല്‍ മൂസ-عَلَيْهِ السَّلَامُ-യുടേത് മറ്റുള്ളവയെ വിഴുങ്ങിക്കളയുകയും, അവരുടെ കുതന്ത്രങ്ങളെ തകര്‍ക്കുകയും ചെയ്തു. ആ മുഅ്ജിസത്തിനെ തകര്‍ക്കുന്ന ഒരു കാര്യം കൊണ്ടുവരാന്‍ അന്നുള്ള സാഹിറന്മാരുടെ നേതാക്കള്‍ക്ക് സാധിച്ചതേയില്ല. ഇതിന് പിന്നില്‍ ഭൗതികമായി തങ്ങള്‍ മനസ്സിലാക്കിയ കാരണങ്ങളൊന്നുമില്ല; കാരണങ്ങളുടെ സ്രഷ്ടാവായ അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ളതാണ് അതെന്ന് മനസ്സിലായപ്പോള്‍ അവര്‍ അല്ലാഹുവിന് കീഴൊതുങ്ങുകയാണുണ്ടായത്.

അല്ലാഹുവിന്റെ അനുമതിയോടെ ഈസ -عَلَيْهِ السَّلَامُ- ജനങ്ങള്‍ കഴിച്ച ഭക്ഷണമെന്താണെന്ന് പറഞ്ഞു; അത് അദ്ദേഹത്തിന്റെ മുഅ്ജിസത്തുകളില്‍ പ്രധാനപ്പെട്ട ഒന്നുമാണ്. ഇക്കാലഘട്ടത്തില്‍ ആധുനിക ഉപകരണങ്ങള്‍ കൊണ്ട് മനുഷ്യന്റെ ആമാശയത്തിലുള്ള ഭക്ഷണവസ്തുക്കള്‍ എന്തെല്ലാമാണെന്ന് കണ്ടുപിടിക്കാന്‍ സാധിക്കുമെന്നത് കൊണ്ട് ഈസ-عَلَيْهِ السَّلَامُ-യുടെ മുഅ്ജിസത്ത് തകരുന്നില്ല.

കാരണം അദ്ദേഹം ആ കാര്യം അറിയിച്ചത് അല്ലാഹുവില്‍ നിന്നുള്ള അറിവിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്; ഒരു ഭൗതികഉപകരണവും ഇതിനായി അദ്ദേഹം ഉപയോഗിച്ചിട്ടില്ല. അങ്ങനെ ഉപയോഗിക്കാതെ മനുഷ്യര്‍ കഴിച്ചതെന്താണെന്ന് പറയാന്‍ സാധിക്കുകയെന്നത് തീര്‍ത്തും മുഅ്ജിസത്താണ്. അതിനെ തകര്‍ക്കാനോ അതു പോലെ പറയാനോ മനുഷ്യര്‍ക്ക് സാധിക്കുകയില്ല; ആകാശം മുട്ടെ അവന്റെ വിജ്ഞാനം വളര്‍ന്നാലും.

സിഹ്റും കറാമതും തമ്മിലുള്ള ചില വ്യത്യാസങ്ങളാണ് ഇവിടെ പറഞ്ഞത്. അത്ഭുതസംഭവങ്ങള്‍ കാണുമ്പോഴേക്ക് അതിന് പിന്നില്‍ തിരക്കിട്ടോടാതിരിക്കാന്‍ ഈ പാഠങ്ങള്‍ നമ്മെ സഹായിക്കട്ടെ. അല്ലാഹു മുസ്‌ലിം ഉമ്മത്തിനെ പിഴച്ച സാഹിറന്മാരില്‍ നിന്ന് കാത്തു രക്ഷിക്കുകയും, തൌഹീദിന്റെ വഴിയില്‍ അവരെ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യട്ടെ.

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.

كَتَبَهُ: أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيد

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

5 Comments

  • ജസാകല്ലാഹു ഖൈറന്‍. വളരെ ഉപകാരപ്രദമായ തിരുത്തലുകള്‍. അല്ലാഹു താങ്കള്‍ക്ക് മഹത്തായ പ്രതിഫലം നല്‍കട്ടെ.

  • ചില അക്ഷര തിരുത്തലുകൾ സൂചിപ്പിക്കട്ടെ….
    1) ജ്യോതിഷികള്‍ പറയുന്ന ചില കാര്യങ്ങള്‍ സത്യമാവാറുണ്ടോ എന്ന് ചോദിച്ച ആയിശ-ﷺ- യോട്…… (റദിയല്ലാഹു അന്‍ഹ എന്നു തിരുത്തുവാൻ അപേക്ഷ.)

    2) ….ചുരുക്കി പറയട്ടെ; മുഅജിസതുകള്‍ ഭൌതികമായ കാരണങ്ങള്‍ക്ക് ഉള്ളില്‍ വരുന്ന കാര്യമല്ല. എന്നാല്‍ സിഹ്ര്‍ തീര്‍ത്തും അഭൌതികമാണ്. ……….. (സിഹ്ര്‍ തീര്‍ത്തും ഭൌതികമാണ് എന്നു തിരുത്തുവാൻ അപേക്ഷ)

    3)……അതിന് പിന്നില്‍ യാതൊരു മാനുഷിക കൈകടത്തലോ, സൃഷ്ടികളുടെ ഇടപെടലോ ഇല്ല. (‘അതിന്’ എന്നതിനു പകരം മുഅജിസതുകള്‍ക്ക് എന്ന് വ്യക്തമായി എഴുതിയാൽ, വായനയിൽ ഉണ്ടായേക്കാവുന്ന അവ്യക്തത മാറും എന്ന് തോന്നുന്നു)

  • ഇസ്ലാമിലെ ഏറ്റവും വലിയ ഔലിയാക്കന്മാരില്‍ ഒരാള്‍ അബൂബക്ര്‍ അസ്സിദ്ധീഖ് -റദിയല്ലാഹു അന്‍ഹു- ആണ്. അവര്‍ക്കാര്‍ക്കും മറ്റാര്‍ക്കും മനസ്സിലാകാത്ത നിസ്കാരങ്ങള്‍ ഉണ്ടായിട്ടില്ല. ജദുബിന്റെ ഹാല് എന്ന് നിങ്ങള്‍ ഓമന പേരിട്ടു വിളിക്കുന്ന ‘ഭ്രാന്തും’ അവര്‍ക്ക് സംഭവിച്ചിട്ടില്ല.

    പിന്നെങ്ങനെ മുന്‍ഗാമികള്‍ക്കാര്‍ക്കും ലഭിക്കാത്ത ‘അനുഭൂതി’ ഇസ്ലാമിന്‍റെ പേരില്‍ അവര്‍ക്ക് ലഭിച്ചു?

    പണ്ടാരോ പറഞ്ഞതു പോലെ: ‘തസ്വവ്വുഫ് ഇസ്ലാമാണെങ്കില്‍ പിന്നെ ഇസ്ലാമെന്ന പേര് മാറ്റി വെച്ച് ഈ പുതിയ പേര് നമുക്ക് വേണ്ടതില്ല. ഇനി തസ്വവ്വുഫ് ഇസ്ലാമാല്ലെങ്കിലോ; ഇസ്ലാമല്ലാത്ത ഒന്നും നാം തൃപ്തിപ്പെടുകയുമില്ല.’

    ഖുര്‍ആനും സുന്നത്തുമാണ് -സുഹൃത്തേ- ദീനിന്‍റെ അടിസ്ഥാനം; അത് അവതരിക്കപ്പെട്ട നബി -ﷺ- ക്കോ, അത് ആദ്യമായി കേട്ട സ്വഹാബികള്‍ക്കോ ഒരിക്കല്‍ പോലും ലഭിക്കാതെ പോയ അനുഭൂതികളെങ്ങനെ ഇസ്ലാമാകും? അവരുടെ വഴി പിന്‍പറ്റണമെന്നാണ് അല്ലാഹു -തആല- എത്രയോ ആയത്തുകളില്‍ നമ്മോട് കല്‍പ്പിച്ചിരിക്കുന്നത്.

    പിന്നെ താങ്കള്‍ ചോദിച്ച ചോദ്യം: അവര്‍ ചെയ്ത സിഹ്ര്‍ എന്താണെന്ന്? അതിനുള്ള ഉത്തരം താങ്കള്‍ തന്നെ പറഞ്ഞു കഴിഞ്ഞു. താങ്കള്‍ ജദുബിന്റെ ഹാല് എന്ന് പേരിട്ടു വിളിച്ചതിലും പലതും തനിച്ച സിഹ്ര്‍ തന്നെ.

    ഹദാനല്ലാഹു വ ഇയ്യാകും.

  • cm മടവൂരും ബീരാൻ ഔലിയായും ഒക്കെ സാഹിരീങ്ങളാണെന്നാണ് നിങ്ങളുടെ വാദം , അതെല്ലെങ്കിൽ ഭ്രാന്തന്മാർ എന്ന്..അവർ എന്ത് സിഹ്‌റാണ് ചെയ്തതെന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു…ഔലിയക്കാൾക്ക് ജെദ്ബിന്റെ അവസ്ഥ ഉണ്ടാകാറുണ്ട്…അവർ ആ സമയങ്ങളിൽ നിസ്കരിക്കുന്നത് മറ്റുള്ളവർ കാണുന്ന രീതിയിലാകനമെന്നില്ല അവർ അവരുടെ ലോകത്താണ്..ഇതൊക്കെ മനസ്സിലാക്കണമെങ്കിൽ തസവ്വുഫ് എന്താണെന്നറിയണം…തസവ്വുഫിനെ ഭയപ്പെടുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഉൽപ്പനമായ വഹ്ഹാബി പ്രസ്താനത്തിന്റെ ആളുകൾക്ക് ഇതൊന്നും ദഹിക്കണമെന്നില്ല

Leave a Comment