നബി -ﷺ- ഈ ലോകത്തോട് വിടപറഞ്ഞു പിരിയുമ്പോൾ തൃപ്തിയോടെ അവശേഷിപ്പിച്ച സമൂഹമാണ് സ്വഹാബികൾ. അന്തിമ റസൂലിന് -ﷺ- അനുചരന്മാരായി അല്ലാഹു തിരഞ്ഞെടുത്തു നൽകിയവരാണവർ. സ്വഹാബത്തിന് ശേഷം വരാനിരിക്കുന്ന തന്റെ ഉമ്മത്തിനോട് സ്വഹാബികളുടെ മാർഗം ശ്രദ്ധിക്കണമെന്നും, അവരെ പിൻപറ്റണമെന്നും പലവിധത്തിൽ ഓർമ്മപ്പെടുത്തി കൊണ്ടാണ് നബി -ﷺ- ഈ ലോകം വിട്ടുപോയത്. അവിടുത്തെ ഹദീഥുകളിൽ നാമീ പറഞ്ഞ സലഫി മൻഹജ് -സ്വഹാബത്തിന്റെ മാർഗം പിൻപറ്റുക എന്ന വഴി- വ്യക്തമാക്കുന്ന ധാരാളം തെളിവുകൾ കാണാൻ കഴിയും. അവയിൽ ചിലത് മാത്രം ഇവിടെ നൽകാം.

ഒന്ന്:

عَنْ عَبْدِ اللَّهِ عَنِ النَّبِيِّ -ﷺ- قَالَ: «خَيْرُ النَّاسِ قَرْنِي، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ يَجِيءُ أَقْوَامٌ تَسْبِقُ شَهَادَةُ أَحَدِهِمْ يَمِينَهُ، وَيَمِينُهُ شَهَادَتَهُ»

അബ്ദുല്ലാഹ് ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ജനങ്ങളിൽ ഏറ്റവും ഉത്തമർ എന്റെ തലമുറയാകുന്നു (സ്വഹാബികൾ). ശേഷം അവരെ പിന്തുടർന്നു വരുന്നവർ (താബിഈങ്ങൾ). ശേഷം അവരെ പിന്തുടർന്നു വരുന്നവർ (തബഉ താബിഈങ്ങൾ). പിന്നീട് ഒരു കൂട്ടർ വരും; അവരിൽ ചിലരുടെ സാക്ഷ്യങ്ങൾ അവരുടെ ശപഥങ്ങളെ മുൻകടക്കുകയും, ശപഥങ്ങൾ സാക്ഷ്യങ്ങളെ മുൻകടക്കുകയും ചെയ്യും.” (ബുഖാരി: 2652, മുസ്‌ലിം: 2533)

ഈ ഹദീഥിൽ തന്റെ തലമുറയാണ് എല്ലാ നിലക്കും ഏറ്റവും നല്ല തലമുറ എന്ന് നബി -ﷺ- അറിയിച്ചിരിക്കുന്നു. എല്ലാ നന്മകളിലും അവർ തന്നെയാണ് മുന്നിലെന്നും, അവരുടെ മാർഗം തന്നെയാണ് ശരി എന്നും ഇതിൽ നിന്ന് മനസ്സിലാക്കാം. (ദീനിന്റെ) ചില കാര്യങ്ങളിലെങ്കിലും അവരെക്കാൾ നല്ലത് മറ്റു തലമുറകളിൽ പെട്ടവരായിരുന്നു എന്ന് പറയുന്നത് ഈ ഹദീഥിന്റെ അടിസ്ഥാനത്തിൽ ശരിയാകില്ല.

അതിനാൽ എല്ലാ വിഷയത്തിലും -അടിസ്ഥാനപരമോ ശാഖാപരമോ ആകട്ടെ-; ഏത് കാര്യത്തിലും സ്വഹാബത്തിന്റെ മാർഗമാണ് ഏറ്റവും ശരിയായിട്ടുള്ളതും ഏറ്റവും ഉത്തമമായിട്ടുള്ളതും. അവർക്ക് ശേഷമുള്ളവരുടെ മാർഗം സ്വഹാബത്തിന്റെ മാർഗത്തോട് എതിരാണെങ്കിൽ അത് അബദ്ധവും തെറ്റുമാണ് എന്നതിൽ സംശയമില്ല.

ഇക്കാര്യം വിശദീകരിച്ച ശേഷം ഇബ്‌നുൽ ഖയ്യിം -رَحِمَهُ اللَّهُ- പറഞ്ഞു: “അല്ലാഹുവിന്റെ ദീനിലുള്ള അറിവും അതിൽ ശരി ഏതാണ് എന്ന് തിരിച്ചറിയലുമാണ് ഏറ്റവും പരിപൂർണ്ണവും മഹത്തരവുമായ ശ്രേഷ്ഠത എന്നതിൽ സംശയമില്ല. യാ സുബ്‌ഹാനല്ലാഹ്! അപ്പോൾ അബൂ ബക്റും ഉമറും ഉഥ്മാനും അലിയും ഇബ്‌നു മസ്ഊദും സല്മാനുൽ ഫാരിസിയും ഉബാദതു ബ്നു സ്വാമിതും അവരെ പോലുള്ളവരും ധാരാളം വിഷയങ്ങളിൽ അല്ലാഹുവിന്റെ വിധി ഇന്നതാണെന്ന് പറയുകയും, അവർക്ക് അതിൽ അബദ്ധം സംഭവിക്കുകയും, ആ തലമുറയിൽ ഒരാളും ശരി പറയുന്നവരായി ഉണ്ടാകാതിരിക്കുകയും, പിന്നീട് ഈ മഹാന്മാരായ സ്വഹാബികൾക്കൊന്നും മനസ്സിലാകാതെ പോയ ശരി പിൽക്കാലത്ത് വന്ന ഏതോ ഒരാൾക്ക് ബോധ്യപ്പെടുകയും ചെയ്യുക എന്നതിനെക്കാൾ വലിയ ഒരു അപരാധം ഇനി വേറെയേതുണ്ട്?! സുബ്‌ഹാനല്ലാഹ്! അത് വലിയ കള്ളം തന്നെ!” (അവലംബം: ഇഅ്ലാമുൽ മുവഖിഈൻ: 5/574)

മനസ്സിൽ കൊത്തിവെക്കേണ്ട മഹത്തരമായ ഒരു പാഠം തന്നെയാണിത്. സ്വഹാബത്ത് ഏതെങ്കിലും ഒരു വിഷയത്തിൽ ഒരു മാർഗം സ്വീകരിച്ചു എന്ന് വ്യക്തമായി ബോധ്യപ്പെട്ട ശേഷം അവർക്ക് പരിചിതമല്ലാത്ത ഒരു മാർഗം പിൽക്കാലഘട്ടത്തിൽ ഒരാൾ കൊണ്ടുവന്നാൽ അത് പിഴച്ച പുത്തൻമാർഗമാണ് എന്നതിന് മറ്റൊരു തെളിവിന്റെയും ആവശ്യമില്ല. സ്വഹാബികൾക്ക് ഇത് പരിചിതമായിരുന്നില്ല എന്ന ഒരു തെളിവ് തന്നെ തീർത്തും മതിയായതാണ്.

രണ്ട്:

عَنْ أَبِي بُرْدَةَ، عَنْ أَبِيهِ، قَالَ: صَلَّيْنَا الْمَغْرِبَ مَعَ رَسُولِ اللهِ -ﷺ-، ثُمَّ قُلْنَا: لَوْ جَلَسْنَا حَتَّى نُصَلِّييَ مَعَهُ الْعِشَاءَ قَالَ فَجَلَسْنَا، فَخَرَجَ عَلَيْنَا، فَقَالَ: «مَا زِلْتُمْ هَاهُنَا؟» قُلْنَا: يَا رَسُولَ اللَّهِ! صَلَّيْنَا مَعَكَ الْمَغْرِبَ، ثُمَّ قُلْنَا: نَجْلِسُ حَتَّى نُصَلِّيَ ممَعَكَ الْعِشَاءَ، قَالَ «أَحْسَنْتُمْ أَوْ أَصَبْتُمْ» قَالَ فَرَفَعَ رَأْسَهُ إِلَى السَّمَاءِ، وَكَانَ كَثِيرًا مِمَّا يَرْفَعُ رَأْسَهُ إِلَى السَّمَاءِ، فَقَالَ: «النُّجُومُ أَمَنَةٌ لِلسَّمَاءِ، فَإِذَا ذَهَبَتِ النُّجُومُ أَتَى السَّمَاءَ مَا تُوعَدُ، وَأَنَا أَمَنَةٌ لِأَصْحَابِي، فَإِذَا ذَهَبْتُ أَتَى أَصْحَابِي مَا يُوعَدُونَ، وَأَصْحَابِي أَمَنَةٌ لِأُمَّتِي، فَإِذَا ذَهَبَ أَصْحَابِي أَتَى أُمَّتِي مَا يُوعَدُونَ»

അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യോടൊപ്പം ഞങ്ങൾ മഗ്രിബ് നിസ്കരിച്ചു. ശേഷം ഞങ്ങൾ പറഞ്ഞു: “നബി -ﷺ- യോടൊപ്പം ഇശാഅ് നിസ്കരിക്കുന്നത് വരെ നമുക്കിവിടെ ഇരുന്നാലോ?!” അങ്ങനെയിരിക്കെ നബി -ﷺ- ഞങ്ങളുടെ അടുക്കൽ വന്നു. അവിടുന്ന് ചോദിച്ചു: “നിങ്ങൾ ഇവിടെ തന്നെയായിരുന്നോ?!” ഞങ്ങൾ പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ! അങ്ങേക്കൊപ്പം മഗ്‌രിബ് നിസ്കരിച്ചപ്പോൾ ഞങ്ങൾ (പരസ്പരം) പറഞ്ഞു: അങ്ങയോടൊപ്പം മഗ്‌രിബ് നിസ്കരിക്കുന്നത് വരെ നമുക്ക് ഇവിടെ ഇരിക്കാം.” അവിടുന്ന് പറഞ്ഞു: “നിങ്ങൾ ചെയ്തത് നന്നായി -അല്ലെങ്കിൽ (അവിടുന്ന് പറഞ്ഞു:)- നിങ്ങൾ ചെയ്തത് ശരിയായി.”

ശേഷം അവിടുന്ന് ആകാശത്തേക്ക് തല ഉയർത്തി. അവിടുന്ന് ധാരാളമായി ആകാശത്തേക്ക് നോക്കുമായിരുന്നു. അവിടുന്ന് പറഞ്ഞു: “നക്ഷത്രങ്ങൾ ആകാശത്തിന് സംരക്ഷണമാണ്. നക്ഷത്രങ്ങൾ പോയ്ക്കഴിഞ്ഞാൽ ആകാശത്തിന് താക്കീത് ചെയ്യപ്പെട്ടത് വന്നെത്തും. ഞാൻ എന്റെ സ്വഹാബികൾക്ക് സംരക്ഷണമാണ്; ഞാൻ പോയാൽ എന്റെ സ്വഹാബികൾക്ക് താക്കീത് ചെയ്തത് വന്നെത്തും. എന്റെ സ്വഹാബികൾ എന്റെ ഉമ്മത്തിന് സംരക്ഷണമാണ്; എന്റെ സ്വഹാബികൾ പോയ്ക്കഴിഞ്ഞാൽ എന്റെ ഉമ്മത്തിന് താക്കീത് ചെയ്യപ്പെട്ടത് വന്നെത്തും.” (മുസ്‌ലിം: 2531)

സ്വഹാബത്തിന്റെ മാർഗം പിൽക്കാലക്കാർ പിൻപറ്റണമെന്ന് വ്യത്യസ്ത സൂചനകളിലൂടെ ഈ ഹദീഥ് അറിയിക്കുന്നുണ്ട്. ആകാശത്തുള്ള നക്ഷത്രങ്ങളോടും, തന്നോട് തന്നെയുമാണ് നബി -ﷺ- സ്വഹാബികളെ സാദൃശ്യപ്പെടുത്തിയത്. ആകാശത്തിലെ നക്ഷത്രങ്ങൾക്ക് ഭൂമിയോടും, നബി -ﷺ- ക്ക് സ്വഹാബത്തിനോടുമുള്ള ബന്ധം എപ്രകാരമാണോ അപ്രകാരം തന്നെയാണ് സ്വഹാബികൾക്ക് പിൽക്കാലക്കാരിലെ മുസ്‌ലിം ഉമ്മത്തുമായുള്ള ബന്ധം.

അല്ലാഹുവിൽ നിന്നുള്ള ഖുർആൻ നബി -ﷺ- സ്വഹാബികൾക്ക് വിശദീകരിച്ചു നൽകിയെന്നത് പോലെ, നബി -ﷺ- യുടെ സുന്നത്ത് സ്വഹാബികൾ പിൽക്കാലക്കാർക്ക് എത്തിച്ചു നൽകുകയും, വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും വിശദീകരിച്ചു നൽകുകയും ചെയ്തു. നബി -ﷺ- യുടെ അടുക്കലേക്ക് സ്വഹാബികൾ അഭിപ്രായവ്യത്യാസങ്ങളിൽ പരിഹാരം കണ്ടെത്താൻ ചെന്നണഞ്ഞതു പോലെ, നബി -ﷺ- യുടെ സുന്നത്ത് നമുക്ക് എത്തിച്ചു നൽകിയ സ്വഹാബികളുടെ മാർഗത്തിലേക്ക് പിൽക്കാലക്കാരായ മുസ്‌ലിം ഉമ്മത്ത് ചെന്നണയേണ്ടതുണ്ട്. നബി -ﷺ- തെറ്റുകളിൽ നിന്ന് സുരക്ഷിതനും, വഹ്‌യിന്റെ (അല്ലാഹുവിൽ നിന്നുള്ള സന്ദേശം) അടിസ്ഥാനത്തിൽ സംസാരിക്കുന്നവരുമാണെങ്കിൽ സ്വഹാബികൾ സത്യം മാത്രം പറയുന്ന, നീതിയുടെയും സത്യത്തിന്റെയും പക്ഷത്ത് നിലകൊള്ളുന്നവരാണ്.

ഇതു പോലെ തന്നെ നക്ഷത്രങ്ങളുമായുള്ള താരതമ്യപ്പെടുത്തലും. നക്ഷത്രങ്ങൾ ആകാശത്തിന് അലങ്കാരവും ഭംഗിയുമാണെന്നത് പോലെ, ഇസ്‌ലാം ദീനിന്റെ ഭംഗിയും അലങ്കാരവുമാണ് സ്വഹാബികൾ. ആകാശത്തുള്ള നക്ഷത്രങ്ങൾ ഭൂമിയിലുള്ള മനുഷ്യർക്ക് വഴികാട്ടുന്നതു പോലെ, ഈ ദീനിൽ ശരിയുടെ വഴി കണ്ടെത്താനുള്ള അടയാളങ്ങളാണ് സ്വഹാബികളും അവരുടെ മാർഗവും. ആകാശ ലോകത്ത് നിന്ന് കട്ടുകേൾക്കുന്ന പിശാചുക്കളെ എറിഞ്ഞോടിക്കുക എന്നത് നക്ഷത്രങ്ങളുടെ സൃഷ്ടിപ്പിന് പിന്നിലെ ഉദ്ദേശങ്ങളിൽ ഒന്നാണെങ്കിൽ ഇസ്‌ലാം ദീനിനെ തകർക്കുന്ന ബിദ്അതുകാരുടെ പുത്തനാചാരങ്ങളിൽ നിന്നും ദുർവ്യാഖ്യാനങ്ങളിൽ നിന്നും ഈ ദീനിനെ കാത്തുരക്ഷിക്കാൻ അല്ലാഹു നിയോഗിച്ചവരാണ് സ്വഹാബികൾ. (അവലംബം: ഇഅ്ലാമുൽ മുവഖിഈൻ: 5/576)

മൂന്ന്:

عَنِ الْعِرْبَاضِ قَالَ: صَلَّى بِنَا رَسُولُ اللَّهِ -ﷺ- ذَاتَ يَوْمٍ، ثُمَّ أَقْبَلَ عَلَيْنَا فَوَعَظَنَا مَوْعِظَةً بَلِيغَةً ذَرَففَتْ مِنْهَا الْعُيُونُ وَوَجِلَتْ مِنْهَا الْقُلُوبُ، فَقَالَ قَائِلٌ: يَا رَسُولَ اللَّهِ كَأَنَّ هَذِهِ مَوْعِظَةُ مُوَدِّعٍ، فَمَاذَا تَعْهَدُ إِلَيْنَا؟ فَقَالَ «أُوصِيكُمْ بِتَقْوَى اللَّهِ  وَالسَّمْعِ وَالطَّاعَةِ، وَإِنْ عَبْدًا حَبَشِيًّا، فَإِنَّهُ مَنْ يَعِشْ مِنْكُمْ بَعْدِي فَسَيَرَى اخْتِلَافًا كَثِيرًا، فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الْمَهْدِيِّينَ الرَّاشِدِينَ، تَمَسَّكُوا بِهَا وَعَضُّوا عَلَيْهَا بِالنَّوَاجِذِ، وَإِيَّاكُمْ وَمُحْدَثَاتِ الْأُمُورِ، فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ، وَكُلَّ بِدْعَةٍ ضَلَالَةٌ»

ഇർബാദു ബ്നു സാരിയ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: ഒരു ദിവസം നബി -ﷺ- ഞങ്ങളെയും കൊണ്ട് നിസ്കരിച്ചു. ശേഷം ഞങ്ങൾക്ക് നേരെ തിരിഞ്ഞു നിന്നു കൊണ്ട് അവിടുന്ന് ആശയസമ്പുഷ്ടമായ ഒരു ഉൽബോധനം നടത്തി. (അത് കേട്ടപ്പോൾ) കണ്ണുകൾ ഈറനണിഞ്ഞു. ഹൃദയങ്ങൾ വിറകൊണ്ടു. അപ്പോൾ ഒരാൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ! ഇത് ഒരു വിടവാങ്ങുന്നയാളുടെ ഉപദേശം പോലുണ്ടല്ലോ?! അങ്ങ് ഞങ്ങളോട് എന്താണ് കരാർ ചെയ്യുന്നത്?!

നബി -ﷺ- പറഞ്ഞു: “നിങ്ങളോട് അല്ലാഹുവിനെ സൂക്ഷിക്കണമെന്ന് ഞാൻ വസ്വിയ്യത് ചെയ്യുന്നു. ഒരു അബ്സീനിയ്യക്കാരനായ അടിമയാണ് (ഭരണാധികാരിയെങ്കിലും) കേൾക്കുകയും അനുസരിക്കുകയും ചെയ്യണമെന്നും (വസ്വിയ്യത്ത് നൽകുന്നു). നിങ്ങളിൽ എനിക്ക് ശേഷം ജീവിക്കുന്നവർ ധാരാളം അഭിപ്രായവ്യത്യാസങ്ങൾ കാണുന്നതാണ്. അപ്പോൾ നിങ്ങൾ എന്റെയും സന്മാർഗത്തിലേക്ക് നയിക്കപ്പെട്ട ഖുലഫാഉറാഷിദുകളുടെയും സുന്നത്ത് സ്വീകരിക്കുക. നിങ്ങളത് മുറുകെ പിടിക്കുക. നിങ്ങളുടെ അണപ്പല്ല് കൊണ്ട് കടിച്ചു പിടിക്കുക. പുതിയകാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കുക. തീർച്ചയായും എല്ലാ പുതിയ കാര്യങ്ങളും ബിദ്അതുകളാണ്. എല്ലാ ബിദ്അതുകളും വഴികേടുകളാണ്.” (അബൂ ദാവൂദ്: 4607, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി)

സലഫി മൻഹജിന്റെ അടിസ്ഥാനമായി എണ്ണപ്പെടാവുന്ന ഹദീഥുകളിലൊന്നാണ് ഇത്. അനേകം പാഠങ്ങളും ഗൗരവമുള്ള ഓർമ്മപ്പെടുത്തലും ഈ ഹദീഥ് ഉൾക്കൊള്ളുന്നു.

മുസ്‌ലിം ഉമ്മത്തിനെ ബാധിക്കുന്ന രോഗവും, അതിനുള്ള ചികിത്സയും, രോഗം ബാധിക്കാതിരിക്കാൻ വേണ്ട പ്രതിരോധമാർഗവും ഈ ഹദീഥ് ഉൾക്കൊള്ളുന്നു. ഈ ഉമ്മതിനെ ബാധിക്കുന്ന രോഗം അഭിപ്രായഭിന്നതകളാണെങ്കിൽ അതിനുള്ള ചികിത്സ നബി -ﷺ- യുടെയും ഖുലഫാഉറാഷിദുകളുടെയും സുന്നത്തിനെ മുറുകെ പിടിക്കലാണ്. അഭിപ്രായഭിന്നതകളുടെ രോഗം ബാധിക്കാതിരിക്കാനുള്ള പ്രതിരോധമാകട്ടെ മതത്തിൽ പുത്തനാചാരങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കലാണ്.

ഇമാം ഇബ്‌നുൽ ഖയ്യിം -رَحِمَهُ اللَّهُ- പറഞ്ഞു: “(ഈ ഹദീഥിൽ) നബി -ﷺ- തന്റെ സുന്നത്തിനെ ഖുലഫാഉ റാഷിദുകളുടെ സുന്നത്തിനോട് ചേർത്തി പറഞ്ഞിരിക്കുന്നു. തന്റെ സുന്നത്തിനെ പിൻപറ്റാൻ കൽപ്പിച്ചത് പോലെ അവരുടെ സുന്നത്തിനെ പിൻപറ്റാനും അവിടുന്ന് കൽപ്പിച്ചു. ‘അണപ്പല്ല് കൊണ്ട് നിങ്ങളതിൽ മുറുകെ പിടിക്കൂ’ എന്ന വാക്കിലൂടെ അവിടുത്തെ കൽപ്പന വീണ്ടും അവിടുന്ന് ശക്തമായി അറിയിച്ചു.” (ഇഅ്ലാമുൽ മുവഖിഈൻ: 5/581)

അല്ലാഹുവിന്റെ ദീനിൽ പുതുവഴികൾ നിർമ്മിച്ചുണ്ടാക്കുന്നവരുടെ വാദമുഖങ്ങളെ തകർത്തു കളയുന്ന, സുന്നത്തിനെ സ്നേഹിക്കുന്ന ഏതൊരാളുടെയും ഹൃദയം കുളിർപ്പിക്കുന്ന ഹദീഥാണിത്. കാരണം നബി -ﷺ- യുടെയും ഖുലഫാഉകളുടെയും സുന്നത്തിനെ മുറുകെ പിടിക്കൂ എന്ന് പറഞ്ഞതിന് തൊട്ടുശേഷം അവിടുന്ന് ദീനിൽ പുതുതായി നിർമ്മിച്ചുണ്ടാക്കുന്നതിനെ സൂക്ഷിക്കണമെന്നാണ് കൽപ്പിച്ചത്. അതിൽ നിന്ന് സ്വഹാബത്തിന് പരിചിതമല്ലാത്ത ഏതു വഴികളും ദീനിന്റെ കാര്യത്തിൽ പുത്തനാചാരാണമാണെന്നും, അവ വഴികേടാണെന്നും സുവ്യക്തമായി തീരുന്നതാണ്.

നാല്:

عَنْ عَبْدِ اللَّهِ بْنِ عَمْرٍو قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «لَيَأْتِيَنَّ عَلَى أُمَّتِي مَا أَتَى عَلَى بني إسرائيل حَذْوَ النَّعْلِ بِالنَّعْلِ، حَتَّى إِنْ كَانَ مِنْهُمْ مَنْ أَتَى أُمَّهُ عَلاَنِيَةً لَكَانَ فِي أُمَّتِي مَنْ يَصْنَعُ ذَلِكَ، وَإِنَّ بني إسرائيل تَفَرَّقَتْ عَلَى ثِنْتَيْنِ وَسَبْعِينَ مِلَّةً، وَتَفْتَرِقُ أُمَّتِيي عَلَى ثَلاَثٍ وَسَبْعِينَ مِلَّةً، كُلُّهُمْ فِي النَّارِ إِلاَّ مِلَّةً وَاحِدَةً»، قَالُوا: وَمَنْ هِيَ يَا رَسُولَ  اللهِ؟ قَالَ: «مَا أَنَا عَلَيْهِ وَأَصْحَابِي»

അബ്ദുല്ലാഹി ബ്നു അംറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ചെരുപ്പ് അതിന്റെ തുണയെ പിന്തുടരുന്നത് പോലെ, ഇസ്രാഈൽ സന്തതികൾക്ക് വന്നെത്തിയത് എന്റെ സമൂഹത്തിനും വന്നെത്തുക തന്നെ ചെയ്യും. അവരുടെ കൂട്ടത്തിൽ തന്റെ മാതാവിനെ പരസ്യമായി സമീപിച്ചവൻ ഉണ്ടെങ്കിൽ എന്റെ ഉമ്മത്തിലും അത് പ്രവർത്തിക്കുന്നവൻ ഉണ്ടായിരിക്കും. തീർച്ചയായും ഇസ്രാഈൽ സന്തതികൾ എഴുപത്തി രണ്ട് വിഭാഗമായി ഭിന്നിച്ചു. എന്റെ ഉമ്മത്ത് എഴുപത്തിമൂന്ന് വിഭാഗമായി ഭിന്നിക്കുന്നതാണ്. അവരെല്ലാം നരകത്തിലാണ്; ഒരു വിഭാഗമൊഴികെ.” സ്വഹാബികൾ ചോദിച്ചു: “അവർ ആരാണ്, അല്ലാഹുവിന്റെ റസൂലേ!” നബി -ﷺ- പറഞ്ഞു: “ഞാനും എന്റെ സ്വഹാബത്തും ഏതിലാണോ (അതിൽ നിലകൊള്ളുന്നവർ).” (തിർമിദി: 2641)

നബി -ﷺ- യുടെയും സ്വഹാബത്തിന്റെയും മാർഗം മാത്രമാണ് നരകത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരേയൊരു മാർഗം എന്ന് യാതൊരു അവ്യക്തതയുമില്ലാതെ വിശദീകരിക്കുന്ന ഹദീഥാണിത്. സ്വഹാബത്തിന്റേതല്ലാത്ത മാർഗം നരകത്തിലേക്ക് എത്തിക്കുന്ന വഴിയാണെന്ന ശക്തമായ താക്കീതും ഈ ഹദീഥ് ഉൾക്കൊള്ളുന്നു.

ഈ ഹദീഥിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ -رَحِمَهُ اللَّهُ- നൽകിയ മറുപടിയിൽ അദ്ദേഹം പറഞ്ഞു: “സുന്നത്തെന്നാൽ സ്വഹാബികൾ നബി -ﷺ- യിൽ നിന്ന് സ്വീകരിക്കുകയും, അവരിൽ നിന്ന് താബിഉകൾ സ്വീകരിക്കുകയും, അവരിൽ നിന്ന് പിന്നീട് വന്നർ പിൻപറ്റുകയും ചെയ്തതാണ്.” (മജ്മൂഉൽ ഫതാവാ: 3/358)

ഈ വിഷയത്തിൽ വന്ന മറ്റു ഹദീഥുകളിൽ ചിലത് വഴിയെ സൂചിപ്പിക്കാം. സ്വഹാബത്തിന്റെ മാർഗം സ്വീകരിക്കുന്നത് നിർബന്ധമാണ് എന്ന് ബോധ്യപ്പെടുത്താൻ മേലെ നൽകിയ തെളിവുകളിൽ ഓരോന്നും ഒറ്റക്ക് തന്നെ മതിയായതാണ്. എന്നാൽ ഇത്രയും വിശദമായി അവ നൽകിയത് ഈ വിഷയത്തിൽ സംശയത്തോടെയോ ഉറപ്പില്ലാതെയോ നിലകൊള്ളുന്നവർക്ക് ദൃഢബോധ്യം നൽകുന്നതിനും, സ്വഹാബത്തിന്റെ മാർഗം സ്വീകരിക്കണമെന്ന് മനസ്സിലാക്കുകയും തീരുമാനിക്കുകയും ചെയ്തവർക്ക് മനസ്സിന് കൂടുതൽ ദൃഢതയും മനസ്സമാധാനവും ലഭിക്കുന്നതിനുമാണ്. അതല്ലെങ്കിൽ സത്യാന്വേഷിക്ക് ഒരു തെളിവ് തന്നെ മതിയായതാണ്.

അവസാനമായി ഓർമ്മപ്പെടുത്തട്ടെ: സ്വഹാബത്തിന് പരിചിതമല്ലാത്ത മാർഗങ്ങൾ സ്വീകരിക്കുന്നവർ ഈ വായിച്ച ആയത്തുകളെയും ഹദീഥുകളെയും കുറിച്ച് ആത്മാർത്ഥമായി ചിന്തിക്കട്ടെ. തങ്ങൾ നിലകൊള്ളുന്ന മാർഗവും രീതിയും സ്വഹാബത്തിന് പരിചിതമാണോ എന്ന് ഗൗരവത്തോടെ ആലോചിക്കുകയും ചെയ്യട്ടെ. അവരുടെ ചര്യക്ക് വിരുദ്ധമായ വഴികളെ -എത്രയെല്ലാം ബുദ്ധിപരമെന്ന് തോന്നിയാലും, ആരെല്ലാം അവ പിൻപറ്റിയതായി കണ്ടാലും, എന്തെല്ലാം ന്യായങ്ങൾ അവക്കുള്ളതായി അനുഭവപ്പെട്ടാലും- അവ ഉപേക്ഷിക്കാൻ തയ്യാറാവുക; കാരണം -ഏതൊരു സ്വർഗമാണോ നീ ആഗ്രഹിക്കുന്നത്; ഏതൊരു നരകത്തിൽ നിന്നാണോ നീ രക്ഷപ്പെടാൻ ആഗ്രഹിക്കുന്നത്-; ആ സ്വർഗത്തിലേക്ക് നിന്നെ എത്തിക്കുവാനും, ആ നരകത്തിൽ നിന്ന് നിന്നെ രക്ഷപ്പെടുത്താനും കഴിയുന്ന ഒരേയൊരു വഴി ഇത് മാത്രമാണെന്ന് നിനക്ക് മനസ്സിലായി കഴിഞ്ഞു.

അല്ലാഹു നാമേവരെയും സത്യത്തിൽ ഒരുമിച്ചു കൂട്ടുകയും, അസത്യപാതകളിൽ നിന്ന് നമ്മെ അകറ്റി നിർത്തുകയും, നന്മയുടെ വഴികൾ നമുക്കും നമ്മുടെ ചുറ്റുമുള്ള മുസ്‌ലിമീങ്ങൾക്കും തുറന്നു നൽകുകയും ചെയ്യട്ടെ. (ആമീൻ)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment