അസത്യത്തിലേക്ക് ക്ഷണിക്കുന്നവനെ സത്യസന്ധനായും, സത്യത്തിലേക്ക് ക്ഷണിക്കുന്നവനെ കള്ളം പറയുന്നവനായും തെറ്റിദ്ധരിക്കുക എന്നത് സത്യത്തില്‍ നിന്ന് വഴിതെറ്റിക്കുന്ന ഗൗരവതരമായ ഒരു കാരണമാണ്. ഇത്തരമാളുകളെ വഴികേടില്‍ നിന്ന് സത്യത്തിലേക്ക് കൊണ്ട് വരിക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ് -അല്ലാഹു ഉദ്ദേശിച്ചവരൊഴികെ-. ഈ പ്രശ്നം ഒരു സമൂഹമെന്ന നിലക്ക് ആദ്യം ബാധിച്ചത് ഖവാരിജുകളെ ആയിരുന്നു.

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ -رَحِمَهُ اللَّهُ- പറയുന്നു: “(സുന്നത്തുകളെയും ബിദ്അത്തുകളെയും വേര്‍തിരിച്ചറിയുക എന്ന ഈ വിഷയത്തില്‍) അധിക ജനങ്ങളും അങ്കലാപ്പിലായിരിക്കുന്നു. എല്ലാ കക്ഷികളും തങ്ങളുടെ വഴിയാണ് സുന്നത്തെന്നും, തങ്ങളുടെ എതിരാളിയുടെ വഴി ബിദ്അത്താണെന്നും, തങ്ങളെ എതിര്‍ക്കുന്നവര്‍ മുബ്തദിഉകളാണെന്നും വിധി പുറപ്പെടുവിക്കുന്നു. അല്ലാഹുവിന് മാത്രം എണ്ണിക്കണക്കാകാന്‍ കഴിയുന്നത്രയനേകം തിന്മകള്‍ ഇക്കാരണത്താല്‍ ഉടലെടുക്കുന്നുണ്ട്.

ഈ വിഷയത്തില്‍ ആദ്യമായി വഴിപിഴച്ചത് ദീനില്‍ നിന്ന് തെറിച്ചു പോയ ഖവാരിജുകളാണ്. അല്ലാഹുവിന്റെ ഖുര്‍ആനും, നബി-ﷺ-യുടെ സുന്നത്തും മുറുകെ പിടിക്കുന്നവര്‍ തങ്ങള്‍ മാത്രമാണെന്നും, അലിയും മുആവിയയും -ِرَضِيَ اللَّهُ عَنْهُمَا- അവരുടെ പടയാളികളും തിന്മകളുടെയും ബിദ്അത്തുകളുടെയും ആളുകളാണെന്നും അവര്‍ സ്വയം വിധി പ്രഖ്യാപിച്ചു. ആ വഴിയിലൂടെ മുസ്‌ലിംകളില്‍ നിന്ന് (മറ്റൊരു മുസ്‌ലിമിന് നിഷിദ്ധമായ രക്തം, അഭിമാനം, സമ്പാദ്യം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഹനിക്കല്‍) അവര്‍ അനുവദനീയമാക്കി.”

യാഥാര്‍ഥ്യങ്ങളെ ഇത്തരക്കാര്‍ എങ്ങനെയാണ് കൂട്ടിക്കുഴക്കുന്നത് എന്ന് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ വ്യക്തമാക്കി: “പല വിഷയങ്ങളിലും സുന്നത്തിനെയും ബിദ്അത്തിനെയും കൂട്ടിക്കുഴച്ചതിന് ശേഷം, മുന്‍ഗാമികളായ ഇമാമുമാര്‍ ബിദ്അത്തുകാരെ ആക്ഷേപിച്ചു കൊണ്ടും അവരെ ശിക്ഷിക്കുകയും അകറ്റിനിര്‍ത്തുകയും ചെയ്യേണ്ടതിനെ കുറിച്ചും പറഞ്ഞ വാക്കുകള്‍ അവരെ പിന്‍പറ്റുന്നുവെന്നും അന്ധമായി അനുകരിക്കുന്നെന്നും അവകാശപ്പെടുന്ന ആളുകള്‍ എടുക്കുന്നത് കാണാം.” [1]

ഇമാമുമാര്‍ ആക്ഷേപിച്ച ബിദ്അത്തുകളെ സുന്നത്തുകളാക്കിയും, അവര്‍ പ്രശംസിച്ച സുന്നത്തുകളെ ബിദ്അത്തുകളാക്കിയും ചിത്രീകരിച്ചതിന് ശേഷം, അതിന്റെ അടിസ്ഥാനത്തില്‍ (തങ്ങള്‍ ബിദ്അത്തെന്ന് വിശേഷിപ്പിച്ച ശരിയായ സുന്നത്ത് പ്രവര്‍ത്തിക്കുന്നവനെ) ബിദ്അത്തുകാരനെന്നും മറ്റും ഇത്തരക്കാര്‍ ആക്ഷേപിക്കുന്നു.

ഇപ്രകാരം തങ്ങളുടെ ഇമാമുമാരുടെ മാര്‍ഗത്തിനോട് എതിരാവുകയും, സ്വയം ബിദ്അത്തില്‍ ആപതിക്കുകയുമാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. ഇമാമുമാര്‍ ശത്രുത കല്‍പ്പിക്കണമെന്ന് ഓര്‍മ്മപ്പെടുത്തിയ മുബ്തദിഉകളെ സ്നേഹിക്കുകയും, അവരോട് അടുപ്പം വെച്ചു പുലര്‍ത്തുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് ഇതിലൂടെ അവര്‍ എത്തിച്ചേരുന്നു.

(അവര്‍ പറയുന്നതാണ് ശരിയെങ്കില്‍) തങ്ങളുടെ ഇമാമുമാരെ തന്നെ കാഫിറെന്ന് വിളിക്കുകയും, അവരെ ശപിക്കുകയും ചെയ്യല്‍ ഇവരുടെ മേല്‍ നിര്‍ബന്ധമാകും. മുബ്തദിഉകളെ ശപിക്കുമ്പോള്‍ ചിലപ്പോള്‍ ആ ശാപം തങ്ങളുടെ മേല്‍ തന്നെയാണ് വന്നു വീഴുന്നതെന്നും, തങ്ങള്‍ ശപിക്കുന്ന മുഅ്മിനിന് അത് ബാധിക്കുന്നില്ലെന്നും (അവര്‍ തിരിച്ചറിയുന്നില്ല). നബി -ﷺ- പറഞ്ഞ വാക്കുകള്‍ ഇതിനോട് ചേര്‍ത്തു വായിക്കാവുന്നതാണ്:

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «أَلاَ تَعْجَبُونَ كَيْفَ يَصْرِفُ اللَّهُ عَنِّي شَتْمَ قُرَيْشٍ وَلَعْنَهُمْ، يَشْتِمُونَ مُذَمَّمًا، وَيَلْعَنُونَ مُذَمَّمًا وَأَنَا مُحَمَّدٌ»

അബൂ ഹുറൈറ -ِرَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ഖുറൈഷികളുടെ ആക്ഷേപവും ശാപവും അല്ലാഹു എന്നില്‍ നിന്ന് എങ്ങനെയാണ് അകറ്റിക്കളയുന്നത് എന്നതില്‍ നിങ്ങള്‍ അത്ഭുതപ്പെടുന്നില്ലേ? അവര്‍ ‘മുദമ്മമിനെ’ (ആക്ഷേപാര്‍ഹന്‍) ശപിക്കുകയും ചീത്തവിളിക്കുകയും ചെയ്യുന്നു. എന്നാല്‍ ഞാനാകട്ടെ ‘മുഹമ്മദ്’ (സ്തുത്യര്‍ഹമായ വിശേഷണങ്ങളുള്ളവന്‍) ആണ്.” [2] (നസാഈ: 3438, അല്‍ബാനി സ്വഹീഹ് എന്ന് വിലയിരുത്തി)

എന്നാല്‍ മേലെ സൂചിപ്പിച്ച വിഭാഗം ഹദീഥില്‍ പറഞ്ഞ അവസ്ഥയുടെ നേവിപരീതമാണ്. മറ്റുള്ളവരെ ഉദ്ദേശിച്ചു കൊണ്ട് ബിദ്അത്തുകാരെ ചീത്ത പറയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് തന്നെയാണ് അത് ബാധിക്കുന്നത്. സ്വയം അതിക്രമിയോ, അതിക്രമികളില്‍ പെട്ടവനോ ആയ ഒരു വ്യക്തി അതിക്രമികള്‍ക്കെതിരെ ശാപം ചൊരിഞ്ഞാല്‍ എങ്ങനെയിരിക്കും?!

അല്ലാഹു പറഞ്ഞു:

((أَفَمَنْ زُيِّنَ لَهُ سُوءُ عَمَلِهِ فَرَآهُ حَسَنًا ))

“എന്നാല്‍ തന്റെ ദുഷ്പ്രവൃത്തികള്‍ അലംകൃതമായി തോന്നിക്കപ്പെടുകയും, അങ്ങനെ അത് നല്ലതായി കാണുകയും ചെയ്തവന്റെ കാര്യമോ?” (ഫാത്വിര്‍: 8)

മേല്‍ പറഞ്ഞതില്‍ ഇത്തരക്കാരും ഉള്‍പ്പെടുന്നതാണ്.” (അല്‍-ഇസ്തിഖാമ: 1/14, വിവര്‍ത്തനത്തിന്റെ എളുപ്പത്തിന് വേണ്ടി ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.)

ശൈഖുല്‍ ഇസ്‌ലാം തന്നെ പറയുന്നു: “തങ്ങളാണ് സത്യത്തിന്റെ വക്താക്കള്‍, തങ്ങളാണ് അല്ലാഹുവിന്റെ ആളുകള്‍, തങ്ങളാണ് അല്ലാഹുവിന്റെ ഔലിയാക്കള്‍ എന്നിങ്ങനെയുള്ള അവകാശവാദങ്ങള്‍ ദേഹേഛയുടെയും വഴികേടിന്റെയും വക്താക്കളായ അനേകം കക്ഷികളുടെ അടുക്കല്‍ കാണാം. ഇത്തരം വിശേഷണങ്ങളെല്ലാം തങ്ങള്‍ക്ക് മാത്രം യോജിക്കുന്നതും, മറ്റൊരാള്‍ക്കും സാധ്യമല്ലെന്നുമുള്ള നിലയിലേക്ക് കാര്യം എത്തിയിരിക്കുന്നു. യഥാര്‍ഥത്തില്‍ അല്ലാഹുവിന്റെ ശത്രുക്കളോടാണ് ഇവര്‍ക്ക് കൂടുതല്‍ അടുപ്പമുള്ളത്. സത്യത്തെ നശിപ്പിക്കുന്നതിനോടാണ് സത്യത്തെ ജീവിപ്പിക്കുന്നതിനെക്കാള്‍ ഇവര്‍ക്ക് സാമീപ്യമുള്ളത്. അല്ലാഹു യഹൂദ-ക്രൈസ്തവരെ കുറിച്ച് പറഞ്ഞത് ഇവരുടെ കാര്യത്തില്‍ വളരെയധികം സാദൃശ്യം വെച്ചു പുലര്‍ത്തുന്നു.

അല്ലാഹു പറഞ്ഞു:

(( وَقَالُوا لَنْ يَدْخُلَ الْجَنَّةَ إِلَّا مَنْ كَانَ هُودًا أَوْ نَصَارَى تِلْكَ أَمَانِيُّهُمْ قُلْ هَاتُوا بُرْهَانَكُمْ إِنْ كُنْتُمْ صَادِقِينَ (111) بَلَى مَنْ أَسْلَمَ وَجْهَهُ لِلَّهِ وَهُوَ مُحْسِنٌ فَلَهُ أَجْرُهُ عِنْدَ رَبِّهِ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ (112)  وَقَالَتِ الْيَهُودُ لَيْسَتِ النَّصَارَى عَلَى شَيْءٍ وَقَالَتِ النَّصَارَى لَيْسَتِ الْيَهُودُ عَلَى شَيْءٍ وَهُمْ يَتْلُونَ الْكِتَابَ كَذَلِكَ قَالَ الَّذِينَ لَا يَعْلَمُونَ مِثْلَ قَوْلِهِمْ فَاللَّهُ يَحْكُمُ بَيْنَهُمْ يَوْمَ الْقِيَامَةِ فِيمَا كَانُوا فِيهِ يَخْتَلِفُونَ ))

“സ്വര്‍ഗത്തില്‍ പ്രവേശിക്കണമെങ്കില്‍ യഹൂദരോ ക്രിസ്ത്യാനികളോ ആവാതെ പറ്റില്ലെന്നാണ് അവര്‍ പറയുന്നത്. അതൊക്കെ അവരുടെ വ്യാമോഹങ്ങളത്രെ. എന്നാല്‍ പറയുക; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ നിങ്ങള്‍ക്ക് കിട്ടിയ തെളിവ് കൊണ്ടു വരൂ.

എന്നാല്‍ (കാര്യം) അങ്ങനെയല്ല. ഏതൊരാള്‍ സല്‍കര്‍മ്മകാരിയായിക്കൊണ്ട് അല്ലാഹുവിന്ന് ആത്മസമര്‍പ്പണം ചെയ്തുവോ അവന്ന് തന്റെ രക്ഷിതാവിങ്കല്‍ അതിന്റെ പ്രതിഫലം ഉണ്ടായിരിക്കുന്നതാണ്. അത്തരക്കാര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല; അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.

യഹൂദന്‍മാര്‍ പറഞ്ഞു; നസ്വ്റാനികള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന്. നസ്വ്റാനികള്‍ പറഞ്ഞു; യഹൂദന്‍മാര്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന്. അവരെല്ലാവരും വേദഗ്രന്ഥം പാരായണം ചെയ്യുന്നവരാണ് താനും. അങ്ങനെ ഇവര്‍ പറഞ്ഞത് പോലെ തന്നെ വിവരമില്ലാത്ത ചിലരൊക്കെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അവര്‍ തമ്മില്‍ ഭിന്നിക്കുന്ന വിഷയങ്ങളില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹു അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുന്നതാണ്.” (ബഖറ: 111-113)

അല്ലാഹു പറഞ്ഞു:

وَقَالُوا لَن يَدْخُلَ الْجَنَّةَ إِلَّا مَن كَانَ هُودًا أَوْ نَصَارَىٰ ۗ تِلْكَ أَمَانِيُّهُمْ ۗ قُلْ هَاتُوا بُرْهَانَكُمْ إِن كُنتُمْ صَادِقِينَ ﴿١١١﴾ بَلَىٰ مَنْ أَسْلَمَ وَجْهَهُ لِلَّهِ وَهُوَ مُحْسِنٌ فَلَهُ أَجْرُهُ عِندَ رَبِّهِ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴿١١٢﴾ وَقَالَتِ الْيَهُودُ لَيْسَتِ النَّصَارَىٰ عَلَىٰ شَيْءٍ وَقَالَتِ النَّصَارَىٰ لَيْسَتِ الْيَهُودُ عَلَىٰ شَيْءٍ وَهُمْ يَتْلُونَ الْكِتَابَ ۗ كَذَ‌ٰلِكَ قَالَ الَّذِينَ لَا يَعْلَمُونَ مِثْلَ قَوْلِهِمْ ۚ فَاللَّهُ يَحْكُمُ بَيْنَهُمْ يَوْمَ الْقِيَامَةِ فِيمَا كَانُوا فِيهِ يَخْتَلِفُونَ ﴿١١٣﴾

“യഹൂദരും നസ്വ്റാനികളും പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്റെ മക്കളും അവന്ന് പ്രിയപ്പെട്ടവരുമാകുന്നു എന്ന്. പറയുക: പിന്നെ എന്തിനാണ് നിങ്ങളുടെ കുറ്റങ്ങള്‍ക്ക് അല്ലാഹു നിങ്ങളെ ശിക്ഷിക്കുന്നത്? അങ്ങനെയല്ല; അവന്റെ സൃഷ്ടികളില്‍ പെട്ട മനുഷ്യര്‍ മാത്രമാകുന്നു നിങ്ങള്‍. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിന്റെയും എല്ലാം ആധിപത്യം അല്ലാഹുവിനത്രെ. അവങ്കലേക്ക് തന്നെയാണ് മടക്കം.” (മാഇദ: 18)

(തങ്ങളുടെ നിലപാടിനോട് എതിരാകുന്നവരെ മുഴുവന്‍ തള്ളുന്ന മേല്‍ പറഞ്ഞ കക്ഷികളളെക്കാള്‍) അത്ഭുതമുണ്ടാക്കുന്നത് (അഖീദയുടെ അടിസ്ഥാന വിഷയങ്ങളില്‍) വ്യക്തമായ നിലപാടില്ലാത്ത വാഖിഫ [3] കക്ഷികളെപ്പോലെയുള്ളവര്‍ തങ്ങളുടെ എതിരാളികളെ മുബ്തദിഉകള്‍ എന്ന് വിശേഷിപ്പിക്കുന്നതിലാണ്.” [4]

ഈ കക്ഷിയെ (വാഖിഫ) കുറിച്ച് ഇമാം അദ്ദാരിമി -رَحِمَهُ اللَّهُ- പറഞ്ഞു: “അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങളില്‍ രണ്ടിലൊരു നിലപാടും സ്വീകരിച്ചില്ലെന്നതിന് പുറമെ ഈ വിഭാഗം ഏതെങ്കിലുമൊരു നിലപാട് സ്വീകരിച്ചവരെ ബിദ്അത്തിന്റെ ആളുകളെന്ന് ആക്ഷേപിക്കുകയും ചെയ്തു.

അപ്പോള്‍ ഈ വിഭാഗത്തോട് നാം (അഹ്ലുസ്സുന്ന) പറഞ്ഞു: അഭിപ്രായവ്യത്യാസമുള്ള വിഷയത്തില്‍ സത്യമെന്താണെന്ന് മനസ്സിലാക്കുന്നതിന് മുന്‍പ് നിങ്ങള്‍ മറ്റുള്ളവരെ മുബ്തദിഅ് എന്ന് വിളിക്കുന്നത് അതിക്രമവും അനീതിയുമാണ്. കാരണം രണ്ട് കക്ഷികളില്‍ ആരാണ് സത്യത്തിന്റെയും സുന്നത്തിന്റെയും ഭാഗത്ത് എന്ന് നിങ്ങള്‍ക്ക് മനസ്സിലായിട്ടില്ല. ബിദ്അത്തെന്നാല്‍ വളരെ ഗൗരവമുള്ള കാര്യമാണ്. അതിലേക്ക് ചേര്‍ക്കപ്പെടുന്നവന്‍ മുസ്‌ലിംകള്‍ക്കിടയില്‍ വളരെ മോശം അവസ്ഥയിലാണ് പരിഗണിക്കപ്പെടുക.

ഈ രണ്ടു കക്ഷികളില്‍ ഒരു വിഭാഗം പറയുന്നത് സത്യമോ അസത്യമോ എന്ന് വേര്‍തിരിച്ച് മനസ്സിലാക്കുന്നതിന് മുന്‍പ് നിങ്ങള്‍ ബിദ്അത്തുകാരന്‍ എന്നാക്ഷേപിച്ച് കൊണ്ട് ധൃതി പിടിക്കാതിരിക്കുക. ഒരു വിഭാഗം പറഞ്ഞ വാദം സത്യമാണോ അല്ലേ എന്ന് മനസ്സിലാക്കുന്നതിന് മുന്‍പ് എങ്ങനെയാണ് അവരെ നിങ്ങള്‍ ബിദ്അത്തുകാര്‍ എന്ന് വിളിക്കുക.

കാരണം നിങ്ങളുടെ വാദപ്രകാരം ഖുര്‍ആന്‍ സൃഷ്ടിയാണെന്ന് വാദിക്കുന്നവരോടും, ഖുര്‍ആന്‍ അല്ലാഹുവിന്റെ സംസാരമാണെന്ന് പറയുന്നവരോടും നീ പറഞ്ഞതില്‍ സത്യമില്ലെന്നോ, നീ പറഞ്ഞത് പോലെയല്ല കാര്യമെന്ന് പറയലോ നിങ്ങള്‍ക്ക് അനുവദനീയമല്ല. തങ്ങള്‍ ആക്ഷേപിക്കുന്ന കക്ഷി പറഞ്ഞത് സത്യമാണോ അല്ലേ എന്ന് പോലും അറിയാതെ അവരെ ബിദ്അത്തുകാരെന്ന് മുദ്ര കുത്തുന്നവരെക്കാള്‍ വിഢിത്തവും അറിവില്ലായ്മയും നിറച്ചു വെച്ചിരിക്കുന്നവന്‍ മറ്റാരാണുള്ളത്?! … ഇത് വ്യക്തമായ വഴികേടും, ചെറുതല്ലാത്ത അജ്ഞതയും തന്നെയാണ്.” (അറദ്ദു അലല്‍ ജഹ്മിയ്യ: 102-103.)

(വഴിപിഴച്ച നിഷേധിയും സൂഫിയുമായ) അബൂ ഹയ്യാന്‍ അത്തൗഹീദിയുടെ ജീവചരിത്രം എഴുതിയ വേളയില്‍ ഹാഫിദ് അദ്ദഹബി -رَحِمَهُ اللَّهُ- അദ്ദേഹത്തിന്റെ (അബൂ ഹയ്യാന്റെ) ഒരു വാക്ക് എടുത്തു കൊടുത്തു. അതിപ്രകാരമാണ്‌: “ജനങ്ങള്‍ ഊഹങ്ങളുടെ കീഴില്‍ കാലം കഴിച്ചു കൂട്ടി, സത്യം അവരോടൊപ്പമാണെന്ന് അവര്‍ കരുതുന്നു. എന്നാല്‍ സത്യമാകാട്ടെ അവരുടെ പിന്നിലാണ്.”

ഈ വാക്കിനെ ഖണ്ഡിച്ചു കൊണ്ട് ഇമാം ദഹബി -رَحِمَهُ اللَّهُ- പറഞ്ഞു: “എങ്കില്‍ താങ്കള്‍ അത്തരക്കാരുടെ പതാകവാഹകനാണ്!!” (സിയറു അഅ്ലാമിന്നുബലാഅ്: 17/122)

അടിക്കുറിപ്പുകള്‍:

[1] മേല്‍ പറഞ്ഞ കാര്യം ഏറിയും കുറഞ്ഞും നമ്മുടെ നാട്ടിലുള്ള ചിലരില്‍ കാണപ്പെടാറുണ്ട്. തങ്ങളോട് യോജിക്കാത്തവര്‍ക്ക് മുബ്തദിഅ് എന്ന പേര് ചാര്‍ത്തി നല്‍കിയതിന് ശേഷം, ബിദ്അത്തുകാരെ ആക്ഷേപിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയ പണ്ഡിതന്മാരുടെ വാക്കുകള്‍ കൂടി ചേര്‍ത്തു പറഞ്ഞ് എതിരാളികളെ ഖണ്ഡിക്കുകയും, അകറ്റിനിര്‍ത്തുകയും, അവരുടെ അഭിമാനം വ്രണപ്പെടുത്തുകയും ചെയ്യുന്നവര്‍ ഈ വാക്കുകളെ കുറിച്ച് ചിന്തിച്ചിരുന്നെങ്കില്‍!!

[2] പ്രശംസിക്കപ്പെടുന്നവന്‍ എന്ന ആശയം വരുന്ന മുഹമ്മദ് എന്ന പേര് നബി-ﷺ-യോടുള്ള അങ്ങേയറ്റത്തെ ദേഷ്യം കാരണത്താല്‍ മുഷ്രിക്കുകള്‍ പറഞ്ഞിരുന്നില്ല. മുഹമ്മദ് എന്ന പേര് പറയുന്നതിന് പകരം അതിന് നേരെ എതിരായ മുദമ്മം എന്ന പേരാണ് അവിടുത്തേക്ക് അവര്‍ ചാര്‍ത്തി നല്‍കിയത്. അല്ലാഹു മുദമ്മമിനെ ശപിക്കട്ടെ എന്നോ, മുദമ്മം കള്ളനാണ് എന്നോ പറയുമ്പോള്‍ ആ ആക്ഷേപങ്ങള്‍ മുഹമ്മദ് എന്ന പേരുള്ള നബി -ﷺ-യുടെ മേലല്ലല്ലോ ചെന്നു പതിക്കുന്നത്?! അവരെക്കൊണ്ട് അപ്രകാരം പ്രവര്‍ത്തിപ്പിച്ചതിലൂടെ അല്ലാഹു നബിയുടെ പേര് ആക്ഷേപിക്കപ്പെടുന്നതാക്കിയില്ലെന്നാണ് ഈ ഹദീഥിന്റെ ഉദ്ദേശം. (നോക്കുക: ഫത്ഹ്: 6/558)

[3] വാഖിഫ എന്ന കക്ഷിയെ സംബന്ധിച്ച് ഹാഫിദ് അല്‍-ഹകമി -رَحِمَهُ اللَّهُ- പറഞ്ഞു: “വിശുദ്ധ ഖുര്‍ആനിനെ സംബന്ധിച്ച് അല്ലാഹുവിന്റെ കലാമാണെന്നോ, അവന്റെ സൃഷ്ടിയാണെന്നോ പറയാതെ ഒരു നിലപാടും സ്വീകരിക്കാതിരുന്ന കക്ഷിയാണ് വാഖിഫഃ. ഇമാം അഹ്മദ് -رَحِمَهُ اللَّهُ- പറഞ്ഞു : “മതവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നന്നായി സംസാരിക്കുന്നവനാണ് ഇപ്രകാരം പറയുന്നതെങ്കില്‍ യഥാര്‍ഥത്തില്‍ അവന്‍ ജഹ്മിയാണ്. എന്നാല്‍ മതത്തില്‍ വിവരമില്ലാത്ത സാധാരണക്കാരനാണെങ്കില്‍ അവന് തെളിവുകള്‍ വിശദമാക്കി നല്‍കണം. എന്നിട്ടും അവന്‍ ഖുര്‍ആന്‍ അല്ലാഹുവിന്റെ സംസാരമാണെന്നും, സൃഷ്ടിയല്ലെന്നും വ്യക്തമാക്കുന്നില്ലെങ്കില്‍ അവന്‍ ജഹ്മിയ്യാക്കളെക്കാള്‍ മോശം അവസ്ഥയിലാണ്.” (അഅ്ലാമുസ്സുന്നത്തില്‍ മന്‍ഷൂറ: 96.)

[4] ജനങ്ങളില്‍ ഇപ്പോള്‍ ഇത്തരക്കാരെ ധാരാളമായി കാണാന്‍ തുടങ്ങിയിരിക്കുന്നു. മതത്തിലെ അടിസ്ഥാനപരമായ വിഷയങ്ങളായ തൗഹീദുല്‍ അസ്മാഇവസ്സ്വിഫാത്ത്, ഈമാന്‍, ദഅ്വത്ത് പോലുള്ള പല വിഷയങ്ങളിലും തങ്ങളുടെ നിലപാട് വ്യക്തമാക്കുകയില്ലെന്നതിന് പുറമേ, അതൊന്നും ചര്‍ച്ച ചെയ്യാതിരിക്കുക, ആരെങ്കിലുമൊട്ടു ചര്‍ച്ച ചെയ്താല്‍ അതൊന്നും പ്രാധാന്യമുള്ള വിഷയമല്ലെന്നുള്ള നിരുത്സാഹപ്പെടുത്തല്‍ എന്നിവ ഇത്തരക്കാരില്‍ കാണാന്‍ കഴിയും.

كَبَتَهُ: الشَّيْخُ حَمَد بْن إِبْرَاهِيم العُثْمَان -حَفِظَهُ اللَّهُ وَرَعَاهُ-

تَرْجَمَهُ وَعَلَّقَ عَلَيْهِ: أَبُو تُرَاب عَبْد المُحْسِن بْن سَيِّد عَلِيّ عَيْدِيد

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-


നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment