സത്യം വ്യക്തമാണ്.

അല്ലാഹു -تَعَالَى- പറഞ്ഞു:

(( وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِنْ مُدَّكِرٍ ))

“തീര്‍ച്ചയായും ആലോചിച്ചു മനസ്സിലാക്കാന്‍ ഖുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. [1] എന്നാല്‍ ആലോചിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?” (ഖമര്‍: 17)

പാരായണം എളുപ്പമാകുന്നതിന് വേണ്ടി ഖുര്‍ആനിന്റെ പദങ്ങളും, ആശയം ഗ്രഹിക്കുന്നത് എളുപ്പമാകുന്നതിന് വേണ്ടി അതിന്റെ അര്‍ഥവും അല്ലാഹു ലളിതമാക്കിയിരിക്കുന്നു.

عَنِ النُّعْمَانِ بْنِ بَشِيرٍ، قَالَ: قَالَ النَّبِيُّ -ﷺ-: «الحَلاَلُ بَيِّنٌ، وَالحَرَامُ بَيِّنٌ، وَبَيْنَهُمَا أُمُورٌ مُشْتَبِهَةٌ»

നബി -ﷺ- പറഞ്ഞു: “ഹലാല്‍ വ്യക്തമാണ്. ഹറാമും വ്യക്തമാണ്. അവക്കിടയില്‍ അവ്യക്തമായ ചില കാര്യങ്ങളുണ്ട്.” (ബുഖാരി:52, മുസ്‌ലിം:1599)

മതവിഷയങ്ങള്‍ എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ കഴിയും വിധം സുവ്യക്തമാണ് എന്നതില്‍ മുസ്‌ലിം ഉമ്മത്ത് മുഴുവന്‍ യോജിച്ചിരിക്കുന്നു (ഇജ്മാഅ് ഉണ്ടായിരിക്കുന്നു).

ഖുര്‍ആനിന്റെയും സുന്നത്തിന്റെയും തെളിവുകളെ കുറിച്ചും, സ്വഹാബികളുടെയും താബിഈങ്ങളുടെയും വാക്കുകളെ കുറിച്ചും അറിവും ബോധ്യവുമില്ലാത്തവരെയും, അത്തരം കാര്യങ്ങളെ വേണ്ട വിധം പരിഗണിക്കാത്തവരെയും അസത്യങ്ങള്‍ വേഗം ബാധിക്കുന്നത് അവരുടെ അശ്രദ്ധ കൊണ്ടാണ്.

قَالَ أَحْمَدُ: «إِنَّمَا جَاءَ خِلَافُ مَنْ خَالَفَ لِقِلَّةِ مَعْرِفَتِهِمْ بِمَا جَاءَ عَنِ النَّبِيِّ –ﷺ-»

ഇമാം അഹ്മദ് -رَحِمَهُ اللَّهُ- പറഞ്ഞു: “(സത്യത്തോട്) എതിരായ എല്ലാവരുടെയും എതിര്‍പ്പിനുള്ള കാരണം നബി-ﷺ-യില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ടവയെ (ഹദീഥ്) സംബന്ധിച്ചുള്ള അവരുടെ അറിവ് കുറവ് മാത്രമാണ്.” (ഇഅ്ലാമുല്‍ മുവഖിഈന്‍: 1/44)

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ -رَحِمَهُ اللَّهُ- പറഞ്ഞു: “സത്യം എല്ലാവര്‍ക്കും അറിയാന്‍ കഴിയും. (മതത്തെ കുറിച്ച്) വ്യക്തമായ അറിവ് നേടിയവന് ഒരിക്കലും നബിമാരുടെ കൈകളില്‍ അല്ലാഹു കൊടുത്തയച്ച സത്യം (ഹഖ്) അസത്യവുമായി കൂടിക്കുഴഞ്ഞ് അനുഭവപ്പെടുകയില്ല. സ്വര്‍ണം പരിശോധിക്കുന്ന തട്ടാന് ഉലയിലിട്ട ശുദ്ധമായ സ്വര്‍ണവും അതില്‍ കൂടിക്കലര്‍ന്ന ഇരുമ്പും തമ്മില്‍ അവ്യക്തതയുണ്ടാകാത്തത് പോലെ.” (അല്‍-ഫതാവ: 27/315-316)

അദ്ദേഹം പറഞ്ഞു: “യാതൊരു ഒഴിവുകഴിയും നല്‍കാത്തവണ്ണം വഴിതെറ്റിപ്പോകുന്നതില്‍ നിന്ന് രക്ഷിക്കുന്ന എല്ലാ കാര്യങ്ങളെ കുറിച്ചും നബി -ﷺ- വ്യക്തമായി സംസാരിച്ചിരിക്കുന്നു.” [2] (ദര്‍ഉത്തആറുദ്: 1/73.)

അദ്ദേഹം പറഞ്ഞു: “നിരക്ഷരരും പാമരന്മാരുമായ അറിവില്ലാത്തവര്‍ക്കോ, (അറിഞ്ഞിട്ടും) വാക്കുകളെ ദുര്‍വ്യാഖ്യാനിക്കുന്ന, കപടവിശ്വാസത്തിന്റെ (നിഫാഖ്) ശാഖകള്‍ (മനസ്സില്‍) കൊണ്ടുനടക്കുന്നവര്‍ക്കോ ആണ് അധികസാഹചര്യങ്ങളിലും ഹഖ് നഷ്ടപ്പെടാറുള്ളത്.” (ഫതാവ: 25/129)

ഇമാം അശ്ശൗകാനി -رَحِمَهُ اللَّهُ- പറഞ്ഞു: “അസത്യത്തിന്റെ വാദങ്ങളിലേക്ക് ചായ്വ് കാണിക്കുക എന്നത് വിഷയങ്ങളില്‍ വ്യക്തമായ പഠനം നടത്തുന്ന, പൂര്‍ണമായ ഗ്രാഹ്യശേഷിയും, ശക്തമായ അവഗാഹവും, ധാരാളം തെളിവുകളുടെയും, സ്വീകാര്യമായ നിവേദങ്ങളുടെയും പിന്‍ബലവുമുള്ളവരുടെ രീതിയില്ല. മറിച്ച് ഉപകാരപ്രദമായ വിജ്ഞാനവും, വിഷയങ്ങളില്‍ ആഴത്തിലുള്ള ഉള്‍ക്കാഴ്ച്ചയുമില്ലാത്തവരുടെ രീതിയാണത്.” (അദബുത്ത്വലബ്: 40)

യഹൂദനായ അബ്ദുല്ലാഹിബ്നു സബഅ് [3] നിര്‍മ്മിച്ച, ഇസ്‌ലാമിലെ ഏറ്റവും വഴിപിഴച്ച കക്ഷിയായ റാഫിദികള്‍ക്ക് വരെ ചില മുസ്‌ലിംകളുടെ മേല്‍ അവരുടെ അറിവില്ലായ്മ കാരണത്താല്‍ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഇബ്‌നു തൈമിയ്യ -رَحِمَهُ اللَّهُ- പറഞ്ഞു: “നിരീശ്വരവാദിയും മതനിഷേധിയും ഇസ്‌ലാമിനോടും മുസ്‌ലിംകളോടും ശത്രുതയുള്ളവനുമായ (അബ്ദുല്ലാഹിബ്നു സബഇ) ന്റെ നിര്‍മ്മിതിയായിരുന്നു റാഫിദികള്‍ [4]. ചില തെളിവുകള്‍ ദുര്‍വ്യാഖ്യാനിച്ച് കൊണ്ട് കടന്നു വന്ന ബിദ്ഈ കക്ഷികളായ ഖവാരിജുകള്‍ [5] ഖദരിയ്യാക്കള്‍ [6] എന്നിവരെ പോലെയല്ലായിരുന്നു അവര്‍. എന്നിട്ടു കൂടി ഈമാന്‍ ഉണ്ടായിരുന്ന ചിലയാളുകളെ അവരുടെ കഠിനമായ അറിവില്ലായ്മ കാരണത്താല്‍ പിടികൂടാന്‍ റാഫിദികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.” [7] (മിന്‍ഹാജുസ്സുന്ന: 4/363)

ഇബ്‌നുല്‍ ഖയ്യിം പറയുന്നു: “സത്യം സ്വീകരിക്കുന്നതില്‍ നിന്ന് തടയുന്ന കാരണങ്ങള്‍ വളരെയധികമുണ്ട്. അതില്‍ പെട്ടതാണ് അറിവില്ലായ്മ (ജഹ്ല്‍). അധികമാളുകളുടെയും വഴിപിഴവിന് കാരണം ഇതാണ്. മനുഷ്യന്‍ തനിക്ക് അറിയാത്തതിന്റെ ശത്രുവാണ്; അത് പറയുന്നവരുടെയും.” (ഹിദായത്തുല്‍ ഹയാറ: 18)

ഇബ്‌നു തൈമിയ്യ -رَحِمَهُ اللَّهُ- പറയുന്നു: “സുന്നത്ത് പഠിക്കുന്നതിലും പ്രാവര്‍ത്തികമാക്കുന്നതിലുമുള്ള തന്റെ കുറവ് കാരണത്താലല്ലാതെ ഒരാളും ബിദ്അത്തില്‍ വീണു പോയത് നിനക്ക് കാണാന്‍ സാധിക്കുകയില്ല. ബിദ്അത്തിലേക്ക് എത്തിക്കുന്ന ഒന്നും തന്നെ സുന്നത്തില്‍ പാണ്ഡിത്യം നേടിയവനും പ്രാവര്‍ത്തികമാക്കുന്നവനുമായ ഒരാളില്‍ ഉണ്ടാവുകയില്ല. സുന്നത്തില്‍ അറിവില്ലാത്തവര്‍ മാത്രമാണ് ബിദ്അത്തില്‍ വീഴുക.” (ശര്‍ഹു ഹദീഥ് ലാ യസ്നിയസ്സാനി: 35)

സ്വന്തം അറിവില്ലായ്മ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തില്‍ തീര്‍ത്തും അലസത കാണിച്ചവന് അറിവില്ലായ്മ കൊണ്ടുള്ള ഒഴിവ് കഴിവ് (العُذْرُ بِالجَهْلِ) നല്‍കപ്പെടുന്നതല്ല. [8]

ഇബ്‌നു തൈമിയ്യ -رَحِمَهُ اللَّهُ- പറഞ്ഞു: “സത്യം വ്യക്തമായ ശേഷം അതൊഴിവാക്കിയവനും, കാര്യം വ്യക്തമാകുന്നത് വരെ സത്യമെന്താണെന്ന് അന്വേഷിക്കുന്നതില്‍ കുറവ് വരുത്തിയവനും, മടിയോ ദേഹേഛയോ കാരണത്താല്‍ സത്യാന്വേഷണം പൂര്‍ണമായും ഉപേക്ഷിച്ചവനും (ഒരു പോലെ) ആക്ഷേപാര്‍ഹരാണ്.” (ഇഖ്തിദാഉസ്സ്വിറാതുല്‍ മുസ്തഖീം: 2/85)

ശൈഖ് നാസ്വിര്‍ അസ്സഅ്ദി -رَحِمَهُ اللَّهُ- പറയുന്നു: “താന്‍ അകപ്പെട്ടിട്ടുള്ള ബിദ്അത്തുകളില്‍ തൃപ്തിയുള്ളവനും, മതപരമായ തെളിവുകളും, സത്യവും അസത്യവും തമ്മില്‍ വേര്‍തിരിക്കുന്ന (ശരിയായ) വിജ്ഞാനം അന്വേഷിക്കുന്നതില്‍ നിന്ന് തിരിഞ്ഞു കളഞ്ഞവനും, ബിദ്അത്തുകളെ സഹായിക്കുന്നവനും, തന്റെ അറിവില്ലായ്മയുടെയും വഴികേടിന്റെയും കൂടെ ഖുര്‍ആനിലും സുന്നത്തിലും വന്ന തെളിവുകളെ തള്ളിക്കളയുന്നവനുമായ വ്യക്തി അല്ലാഹുവിന്റെ വിധിവിലക്കുകളില്‍ നിന്നുള്ള അവന്റെ അകല്‍ച്ചയുടെ തോതനുസരിച്ച് അതിക്രമിയും (الظَّالِمُ) തെമ്മാടിയും (الفَاسِقُ) ആണ്.” (ഇര്‍ഷാദു ഉലില്‍ ബസ്വാഇര്‍ വല്‍ അല്‍ബാബ്: 300)

ശൈഖ് ഇബ്‌നു ഉഥൈമീന്‍ -رَحِمَهُ اللَّهُ- പറഞ്ഞു: “ചില സന്ദര്‍ഭങ്ങളില്‍ അറിവില്ലായ്മ (നരകശിക്ഷയില്‍ നിന്ന് രക്ഷപ്പെടുന്നതിനോ, കാഫിര്‍ എന്ന് വിളിക്കപ്പെടുന്നതില്‍ നിന്നോ) ഒഴിവു കഴിവായി പരിഗണിക്കപ്പെട്ടു കൊള്ളണമെന്നില്ല. മതവിഷയങ്ങളില്‍ ഒരു സംശയം (ശുബ്ഹത്ത്) ഉണ്ടായതിന് ശേഷം വിഷയങ്ങള്‍ പഠിക്കുവാന്‍ സാധിക്കുന്നതിനോടൊപ്പം അതില്‍ നിന്ന് വിട്ടു നിന്നാല്‍ (അറിവില്ലായ്മ കൊണ്ട് പിഴച്ചു പോയി എന്ന) ഒഴിവ് കഴിവ് അവന് പറയാന്‍ കഴിയില്ല.

ഉദാഹരണത്തിന് ഒരു വ്യക്തിയോട് അയാള്‍ അനുവദനീയമാണെന്ന് (ഹലാല്‍) കരുതിയിരുന്ന ഒരു കാര്യം നിഷിദ്ധമാണെന്ന് (ഹറാം) പറയപ്പെട്ടാല്‍ ഏറ്റവും കുറഞ്ഞത് ആ വിഷയത്തില്‍ അയാള്‍ക്ക് (അന്നു മുതല്‍) സംശയമുടലെടുക്കുകയെങ്കിലും ചെയ്യും. പിന്നീട് ആ വിഷയത്തിലുള്ള ശരിയായ വിധി എന്താണെന്ന് ദൃഢബോധ്യത്തോടെ അറിയുന്നത് വരെ പഠിക്കല്‍ അയാള്‍ക്ക് നിര്‍ബന്ധമാണ്.

(മതവിഷയങ്ങള്‍ പഠിക്കാന്‍ അയാള്‍ തീര്‍ത്തും തയ്യാറായില്ലെങ്കില്‍) അയാള്‍ക്ക് നാം അറിവില്ലായ്മയുടെ ഒഴിവുകഴിവ് (ഉദ്ര്‍) നല്‍കുകയില്ല. കാരണം അയാള്‍ മതപഠനത്തില്‍ വലിയ അലസത കാണിച്ചവനാണ്.

എന്നാല്‍ ഒരാള്‍ക്ക് അറിവില്ല. താന്‍ വിശ്വസിക്കുന്ന നിലപാടില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന സംശയം പോലും അയാള്‍ക്കില്ല. ഞാന്‍ പൂര്‍ണ സത്യത്തിലാണെന്ന ഉറച്ച വിശ്വാസമുള്ളവനും, അതിലേക്ക് പ്രബോധനം ചെയ്യുന്നവനുമാണ് അവന്‍. ഇയാള്‍ ഒരിക്കലും തിന്മ ചെയ്യണമെന്ന് ഉദ്ദേശിക്കുകയോ, കുഫ്റില്‍ ഉള്‍പ്പെടണമെന്ന് ഉദ്ദേശിച്ചവനോ അല്ല. (അതിനാല്‍ അയാള്‍ക്ക് ഒഴിവുകഴിവുണ്ട്.) ഈ പറഞ്ഞത് ദീനിന്റെ അടിസ്ഥനവിഷയങ്ങളിലും ബാധകമാണ്. (അവയില്‍ അബദ്ധം സംഭവിച്ചവനെ) കാഫിര്‍ എന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ല.” [9] (ശര്‍ഹുല്‍ മുമ്തിഅ്: 6/194)

അടിക്കുറിപ്പുകള്‍:

[1] ഇബ്‌നു അബ്ബാസ് -ِرَضِيَ اللَّهُ عَنْهُمَا- പറഞ്ഞു: “അല്ലാഹു ആദമിന്റെ മക്കള്‍ക്ക് ഖുര്‍ആന്‍ എളുപ്പമാക്കി നല്‍കിയിരുന്നില്ലായിരുന്നെങ്കില്‍ അവരിലൊരാള്‍ക്കും തന്നെ അല്ലാഹുവിന്റെ സംസാരം തന്റെ നാവ് കൊണ്ട് ഉച്ചരിക്കാന്‍ സാധിക്കില്ലായിരുന്നു.” (ഇബ്‌നു കഥീര്‍: 7/478.)

[2] ഇതിന് ധാരാളം തെളിവുകളുണ്ട്. അവയില്‍ രണ്ട് തെളിവുകള്‍ താഴെ കൊടുക്കുന്നു: അബ്ദുല്ലാഹിബ്നു അംറുബ്നുല്‍ ആസ്വ് -ِرَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു:

إِنَّهُ لَمْ يَكُنْ نَبِيٌّ قَبْلِي إِلَّا كَانَ حَقًّا عَلَيْهِ أَنْ يَدُلَّ أُمَّتَهُ عَلَى خَيْرِ مَا يَعْلَمُهُ لَهُمْ، وَيُنْذِرَهُمْ شَرَّ مَا يَعْلَمُهُ لَهُمْ

“എനിക്ക് മുന്‍പ് ഒരു നബിയുമുണ്ടായിട്ടില്ല; തന്റെ സമുദായത്തിന് തനിക്കറിയുന്ന നന്മ അറിയിക്കലും, തിന്മയില്‍ നിന്ന് താക്കീത് ചെയ്യലും ബാധ്യതയാക്കപ്പെടാതെ…” (മുസ്‌ലിം), അബൂദര്‍ പറയുന്നു: “ആകാശത്തു കൂടെ ചിറക് വിടര്‍ത്തി പറക്കുന്ന ഒരു പക്ഷിയെ കുറിച്ചാണെങ്കില്‍ കൂടി എന്തെങ്കിലുമൊരു വിജ്ഞാനം ഞങ്ങള്‍ക്ക് പകര്‍ന്നു നല്‍കാതെ നബി -ﷺ- ഞങ്ങളെ വിട്ടേച്ച് പോയിട്ടില്ല.” (അഹ്മദ്: 20853) 

[3] പുറമേക്ക് ഇസ്‌ലാം പ്രകടിപ്പിച്ച യമനില്‍ ജനിച്ച ഒരു യഹൂദനായിരുന്നു ഇയാള്‍. ഈസ -عَلَيْهِ السَّلَامُ- തിരിച്ചു വരുമെന്നത് പോലെ മുഹമ്മദ് നബി -ﷺ-യും തിരിച്ചു വരുമെന്ന് ഇയാള്‍ മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിപ്പിച്ചു. ഉഥ്മാന്‍-ِرَضِيَ اللَّهُ عَنْهُ-വിന്റെ വധത്തിന് ശേഷം നിലനിന്ന പ്രശ്നഭരിതമായ സാഹചര്യം മുതലെടുത്തുകൊണ്ട് അലി-ِرَضِيَ اللَّهُ عَنْهُ-വിന്റെ വിഷയത്തില്‍ അതിരു കവിഞ്ഞുള്ള സംസാരം ഇയാള്‍ ആരംഭിച്ചു. അലി -ِرَضِيَ اللَّهُ عَنْهُ- ദൈവമാണെന്നിടത്ത് വരെ അയാളുടെ വാദം ചെന്നെത്തി. അഹ്ലുല്‍ ബയ്ത്തിനോടുള്ള മുസ്‌ലിം മനസ്സുകളിലെ സ്നേഹവും ആദരവും മുതലെടുത്തു കൊണ്ടായിരുന്നു അബ്ദുല്ലാഹിബ്നു സബഅ് ശിയാ കക്ഷിക്ക് രൂപം നല്‍കിയത്. അയാള്‍ തുടങ്ങി വെച്ച ഫിത്ന മുസ്‌ലിം സമൂഹത്തെ വളരെയധികം ബാധിച്ചെങ്കിലും, ക്രൈസ്തവ സമൂഹം പിഴച്ചു പോയത് പോലെ പൂര്‍ണമായി ഈ സമൂഹം പിഴച്ചു പോകുന്നതില്‍ നിന്ന് അല്ലാഹു മുസ്‌ലിംകളെ രക്ഷിച്ചു. അല്ലാഹുവിനാകുന്നു സര്‍വ്വ സ്തുതികളും.

[4] നബി -ﷺ-ക്ക് ശേഷം ഖിലാഫത്തിന് മറ്റെല്ലാവരെക്കാളും അര്‍ഹന്‍ അലി ആണെന്ന് വിശ്വസിക്കുന്ന ശിയാക്കളിലെ ഒരു കക്ഷിയാണിവര്‍. അലി-ِرَضِيَ اللَّهُ عَنْهُ-വില്‍ തുടങ്ങുന്ന പന്ത്രണ്ട് ഇമാമുമാരാണ് ലോകത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നതെന്ന വിശ്വാസം ഇവര്‍ക്കുണ്ട്. ഈ ഇമാമുമാര്‍ക്ക് നബിമാരെക്കാള്‍ വലിയ സ്ഥാനമുണ്ടെന്ന് ജല്‍പ്പിക്കുന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. അലി-ِرَضِيَ اللَّهُ عَنْهُ-യുടെ പേരമകനായ സയ്ദ് ബ്നു അലിയെ സഹായിക്കാതെ റഫ്ദ് (തള്ളിക്കളയുക) ചെയ്തതിനാലാണ് ഇവര്‍ക്ക് റാഫിദികള്‍ എന്ന പേര് ലഭിച്ചത്. എണ്ണിക്കണക്കാക്കാന്‍ കഴിയാത്ത അവാന്തരകക്ഷികളും, ചിന്തിക്കാന്‍ പോലും കഴിയാത്ത കുഫ്റന്‍ വിശ്വാസങ്ങളും ഈ കക്ഷിയില്‍ പെട്ടവര്‍ക്കുണ്ട്.

[5] അലി-ِرَضِيَ اللَّهُ عَنْهُ-യുടെ ഭരണകാലത്ത് അദ്ദേഹത്തിനെതിരെ വിപ്ലവം നയിച്ചു കൊണ്ട് പുറപ്പെട്ട കക്ഷിയാണ് ഖവാരിജുകള്‍. അനേകം പിഴച്ച ചിന്താഗതികള്‍ ഈ കക്ഷിയുടേതായി ഉണ്ട്. അതില്‍ പ്രധാനമായത് വന്‍പാപങ്ങള്‍ (കബാഇര്‍) ചെയ്യുന്നവര്‍ കാഫിറാണെന്നും, അവര്‍ ശാശ്വത നരകവാസം അനുഭവിക്കേണ്ടി വരുമെന്നുമുള്ള വാദമാണ്. ഹറൂറികള്‍ എന്നും ഈ കക്ഷിയെ വിളിക്കാറുണ്ട്. 

[6] ഖദറിനെ (അല്ലാഹുവിന്റെ വിധിയിലുള്ള വിശ്വാസം) നിഷേധിച്ച കക്ഷിയാണിവര്‍. ആദ്യം ഈ വാദം പറഞ്ഞത് മഅ്ബദുല്‍ ജുഹനിയ്യ് എന്ന വ്യക്തിയാണ്. സ്വഹാബികളുടെ അവസാനകാലഘട്ടത്തിലാണ് ഈ പുത്തന്‍വാദത്തിന്റെ തുടക്കം.

[7] ഖവാരിജുകളും ഖദരിയ്യാക്കളും കൊണ്ടു വന്ന വാദഗതികള്‍ക്ക് വിശുദ്ധ ഖുര്‍ആനില്‍ നിന്നും, ഹദീഥുകളില്‍ നിന്നും വ്യാഖ്യാനസാധ്യതയുള്ള തെളിവുകളുടെ പിന്‍ബലമെങ്കിലുമുണ്ടായിരുന്നു. അതിനാല്‍ ആഴത്തിലുള്ള വിജ്ഞാനമില്ലാത്തവര്‍ക്ക് അവ ആശയക്കുഴപ്പമുണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ റാഫിദികളുടെ കാര്യം നേരെ തിരിച്ചായിരുന്നു. വിശുദ്ധ ഖുര്‍ആനിലെ അനേകം ആയത്തുകള്‍ വ്യക്തമായി അവരുടെ വിഢിത്തങ്ങള്‍ക്ക് എതിരാണെന്നതിനൊപ്പം, കേവല വിവരമുള്ളവന് പോലും കെട്ടിച്ചമക്കപ്പെട്ട ഹദീഥുകളാണിവ എന്ന് പറയാന്‍ സാധിക്കുന്ന കള്ളഹദീഥുകളായിരുന്നു അവരുടെ പ്രമാണം. എന്നിട്ടു പോലും ഇസ്‌ലാമിനോട് ആത്മാര്‍ഥതയുണ്ടായിരുന്ന ചിലരെങ്കിലും തങ്ങളുടെ അറിവ് കുറവ് കാരണത്താല്‍ അവരുടെ ചിന്താഗതിയില്‍ അകപ്പെട്ടു പോയിട്ടുണ്ട്.

[8] ചെയ്യാതെ പോയ നിര്‍ബന്ധകാര്യങ്ങളുടെയും, ചെയ്തു പോയ തിന്മകളുടെയും കാര്യത്തില്‍ ‘അവയെല്ലാം ഞാന്‍ അറിയാതെ ചെയ്തു പോയതാണ്’ എന്ന് പറഞ്ഞാല്‍ അല്ലാഹു ശിക്ഷയില്‍ നിന്ന് ഇളവു ചെയ്തേക്കാം. ഇതാണ് അിറവില്ലായ്മ കൊണ്ടുള്ള ഒഴിവുകഴിവ് എന്നു പറയുന്നത്.

[9] ശൈഖ് ഇബ്‌നു ഉഥൈമീന്‍ പറഞ്ഞു: “എല്ലാവര്‍ക്കും അറിവില്ലായ്മ കൊണ്ട് ഒഴിവ് കഴിവ് നല്‍കപ്പെടുമോ എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം ഇല്ലെന്നാണ്. മുസ്‌ലിംകള്‍ നിറഞ്ഞു നില്‍ക്കുന്ന നാട്ടില്‍ താമസിച്ചിട്ടും, നിസ്കാരം, സക്കാത്ത്, ഹജ്ജ്, നോമ്പ് പോലുള്ളവ (നിര്‍ബന്ധമാണെന്ന കാര്യം) ഒരാള്‍ നിഷേധിക്കുകയും, എനിക്ക് (ഇതിന്റെ മതവിധി) അറിയില്ലെന്ന് പറയുകയും ചെയ്താല്‍ അയാള്‍ക്ക് അറിവില്ലായ്മ ഒഴിവുകഴിവായി പരിഗണിക്കപ്പെടുകയില്ല. കാരണം ഇതെല്ലാം എല്ലാവര്‍ക്കും അടിസ്ഥാനപരമായി അറിയുന്ന കാര്യമാണ്… എന്നാല്‍ ഇസ്‌ലാമിലേക്ക് പുതുതായി കടന്നു വന്ന ഒരു വ്യക്തിയോ, (ആദിവാസികളെപ്പോലെ) ജനങ്ങളില്‍ നിന്ന് അകന്ന് താമസിക്കുന്നവനോ ആണെങ്കില്‍ അവന് അറിവില്ലായ്മ ഒഴിവു കഴിവാകും… എന്നാല്‍ കാര്യം അയാള്‍ക്ക് വ്യക്തമാക്കി നല്‍കിയതിന് ശേഷവും അയാള്‍ തന്റെ വാദത്തില്‍ തുടരുകയാണെങ്കില്‍ അയാള്‍ കാഫിറാണെന്ന് നാം വിധിക്കുന്നതാണ്.” (ശര്‍ഹുല്‍ മുമ്തിഅ്: 6/192-193)

كَبَتَهُ: الشَّيْخُ حَمَد بْن إِبْرَاهِيم العُثْمَان -حَفِظَهُ اللَّهُ وَرَعَاهُ-

تَرْجَمَهُ وَعَلَّقَ عَلَيْهِ: أَبُو تُرَاب عَبْد المُحْسِن بْن سَيِّد عَلِيّ عَيْدِيد

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment