രോഗകാരണം

ഏതൊരു രോഗത്തിനും അടിസ്ഥാനപരമായ ചില കാരണങ്ങള്‍ ഉണ്ടായിരിക്കും. ഹൃദയത്തെ ബാധിക്കുന്ന രണ്ടു രോഗങ്ങള്‍ക്കും രണ്ട് പ്രധാന കാരണങ്ങളുണ്ട്. രോഗത്തിന്റെ കാരണം മനസ്സിലാകുമ്പോള്‍ മാത്രമാണ് ചികിത്സ എളുപ്പമാവുക എന്നതിനാല്‍ അവയെ കുറിച്ച് വിശദീകരിക്കുന്നത് വളരെ ഉപകാരപ്രദമായിരിക്കും. രണ്ടു രോഗങ്ങള്‍ ഉണ്ടെന്നു പറഞ്ഞു.

ഒന്നാമത്തെ രോഗം സംശയങ്ങളുടെയും ആശയക്കുഴപ്പങ്ങളുടെയും രോഗമാണ്. ഈ രോഗം ഉടലെടുക്കുന്നത് ദീനിനെ കുറിച്ചുള്ള അറിവില്ലായ്മയില്‍ നിന്നും അജ്ഞതയില്‍ നിന്നുമാണ്. ഇസ്‌ലാമിന്റെ നിയമങ്ങളെ കുറിച്ചുള്ള കൃത്യമായ അറിവില്ലെങ്കില്‍ ബിദ്അതുകളിലേക്ക് ചാഞ്ഞു പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതു കൊണ്ട് തന്നെയായിരിക്കാം പണ്ഡിതന്മാര്‍ ബിദ്അതുകള്‍ പ്രചരിക്കാനുള്ള കാരണങ്ങളില്‍ ഒന്നാമത് മതത്തെ കുറിച്ചുള്ള അറിവില്ലായ്മ എണ്ണിയത്.

രണ്ടാമത്തെ രോഗം ഹറാമുകളിലേക്കും അല്ലാഹു നിഷിദ്ധമാക്കിയ മ്ലേഛതകളിലേക്കുമുള്ള ചായ്-വാണ്. ഈ രോഗം പലപ്പോഴും മനുഷ്യന്റെ അതിക്രമത്തില്‍ നിന്നും അനീതിയില്‍ നിന്നുമാണ് ഉടലെടുക്കുന്നത്. മോഷണം, വ്യഭിചാരം, കൊലപാതകം, പരദൂഷണം എന്നിങ്ങനെയുള്ള തിന്മകള്‍ മോശമാണെന്ന് അറിയാത്തവരുണ്ടാവുക വളരെ വിരളമായിരിക്കും. ഇവയെല്ലാം തെറ്റുകളാണ് എന്ന് അറിഞ്ഞതിന് ശേഷവും അവ പ്രവര്‍ത്തിക്കാനുള്ള മനുഷ്യന്റെ സ്വന്തം തീരുമാനത്തില്‍ നിന്നാണ് അവ വരുന്നത്.

ഇതിലേക്കുള്ള സൂചന ഖുര്‍ആനിലെ ചില ആയതുകളില്‍ ഉണ്ട്. സൂറതുല്‍ ഫാതിഹ ഉദാഹരണം. ഒരു മുസ്‌ലിം എല്ലാ ദിവസവും പാരായണം ചെയ്യുന്ന ഈ സൂറതിന്റെ അവസാനത്തില്‍ വളരെ മഹത്തരമായ ഒരു പ്രാര്‍ത്ഥനയുണ്ട്. അത് അവസാനിക്കുന്നത് രണ്ടു വിഭാഗക്കാരെ കുറിച്ച് പറഞ്ഞു കൊണ്ടാണ്.

ഒന്ന്: വഴിപിഴച്ചു പോയവര്‍. അത് കൊണ്ട് ഉദ്ദേശം നസ്വാറാക്കളാണ്. അവര്‍ അറിവില്ലാത്തവരാണ്. ഈസ -عَلَيْهِ السَّلَامُ- ക്ക് മേല്‍ അവതരിക്കപ്പെട്ട ഇഞ്ചീല്‍ അവരുടെ പക്കലില്ല. അതിനാല്‍ അവര്‍ക്ക് മതത്തെ കുറിച്ച് അറിവുമില്ല. അത് നേടിയെടുക്കാനുള്ള വിശ്വസനീയമായ വഴിയുമില്ല.

ഇതിനാല്‍ നസ്വ്റാനികള്‍ അവരുടെ മതത്തില്‍ പല പുതിയ ആചാരങ്ങളും പടച്ചുണ്ടാക്കി. പലതും നല്ലതാണെന്ന ന്യായം പറഞ്ഞു പടച്ചുണ്ടാക്കിയവയാണ്. ‘ബ്രഹ്മചര്യം’ ഇപ്രകാരം അവര്‍ കൊണ്ടു വന്ന ഒരു ബിദ്അതാണ്. ഇങ്ങനെ എത്രയോ ബിദ്അതുകള്‍. അതിലേക്ക് അവരെ നയിച്ചത് അറിവില്ലായ്മയും.

രണ്ട്: കോപിക്കപ്പെട്ടവര്‍. യഹൂദരാണ് ഉദ്ദേശം. അവര്‍ക്ക് സത്യം നന്നായി അറിയാം. എന്നാല്‍ അവര്‍ നബി -ﷺ- യെ പിന്‍പറ്റിയില്ല. തനിച്ച അതിക്രമവും അനീതിയുമല്ലാതെ മറ്റൊന്നുമായിരുന്നില്ല അതിന് പിന്നില്‍. തൌറാതില്‍ പറഞ്ഞിരിക്കുന്നതിനെ കുറിച്ച് അറിവുണ്ടെങ്കിലും അവര്‍ അതിനെതിരായി പരസ്യമായി നിലകൊണ്ടു. അതിലെ വചനങ്ങള്‍ മാറ്റി മറിക്കുകയും, പലതും കൂട്ടിക്കടത്തുകയും ചെയ്തു.

ഇതിനാല്‍ തന്നെ യഹൂദരില്‍ തിന്മകളോടുള്ള അഭിനിവേശം കൂടുതലായിരുന്നു. നബിമാരെയും സ്വാലിഹീങ്ങളെയും ഒരു മടിയുമില്ലാതെ അവര്‍ കൊലപ്പെടുത്തി. ജനങ്ങള്‍ക്കിടയില്‍ തിന്മകളും മ്ലേഛതകളും പ്രചരിപ്പിച്ചു. പലിശയും നിഷിദ്ധമായ കച്ചവടങ്ങളും നടത്തി. ഇവയില്‍ പലതും മത നിയമങ്ങളെ കുറിച്ച് അറിവില്ലാത്തത് കൊണ്ടോ, അബദ്ധത്തില്‍ സംഭവിച്ചതോ ആയിരുന്നില്ല. മറിച്ച്, അവരുടെ മനസ്സിലെ അതിക്രമവും അനീതിയും തന്നെയാണ് അതിന് കാരണമായത്.

ഖുര്‍ആനില്‍ ചില ആയതുകളില്‍ ഈ രണ്ടുസ്വഭാവങ്ങള്‍ മനുഷ്യന്റെ അടിസ്ഥാന സ്വഭാവങ്ങളായി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹ -ﷺ- പറഞ്ഞു:

إِنَّهُ كَانَ ظَلُومًا جَهُولًا ﴿٧٢﴾ 

“തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അജ്ഞതയുള്ളവനുമായിരിക്കുന്നു.” (അഹ്സാബ്: 72)

ചുരുക്കത്തില്‍, ഈ രണ്ടു സ്വഭാവങ്ങളാണ് ഹൃദയ രോഗങ്ങളുടെ അടിസ്ഥാന കാരണങ്ങള്‍. അവയില്‍ നിന്നാണ് നിസ്കാരത്തില്‍ നാം രക്ഷ ചോദിക്കുന്നത്. അജ്ഞതയും അനീതിയും. ഇവ രണ്ടും ഇല്ലാതെയായാല്‍ അല്ലാഹു അനുഗ്രഹിച്ച നബിമാരുടെയും സ്വാലിഹീങ്ങളുടെയും ശുഹദാക്കളുടെയും പദവിയില്‍ എത്തിച്ചേരാന്‍ കഴിയും. ഇവ രണ്ടിലും എത്ര മാത്രം കുറവുണ്ടാകുന്നോ; അത്രയും അവരോട് അകന്നും എതിരായുമായിരിക്കും അയാള്‍ ഉണ്ടായിരിക്കുക.

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى رَسُولِنَا وَنَبِيِّنَا مُحَمَّدِ بْنِ عَبْدِ اللَّهِ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ

وَآخِرُ دَعْوَانَا أَنِ الحَمْدُ لِلَّهِ رَبِّ العَالَمِينَ.

كَتَبَهُ : أَبُو تُرَاب عَبْد المُحْسِن بْن سَيِّد عَلِيّ عَيْدِيدُ

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment