ചെറുകുറിപ്പുകള്‍

രണ്ടു രോഗങ്ങള്‍

രോഗങ്ങള്‍ രണ്ടു തരമുണ്ട്.

ഒന്ന്: ശാരീരിക രോഗങ്ങള്‍. അവ ഏവര്‍ക്കും പരിചിതമാണ്. ശാരീരിക അസ്വസ്ഥകളും വേദനകളും പ്രയാസങ്ങളും ഉണ്ടാകുന്നത് ശരീരത്തിന് രോഗം ബാധിക്കുമ്പോഴാണ്. വൈദ്യശാസ്ത്രം ചര്‍ച്ച ചെയ്യുന്നതും, ഡോക്ടര്‍മാര്‍ ചികിത്സിക്കുന്നതും ഈ രോഗങ്ങളെയാണ്.

രണ്ട്: ഹൃദയ രോഗങ്ങള്‍. ഇത് മനസ്സിനെയാണ് ബാധിക്കുക. ദീനിനെയാണ് നശിപ്പിക്കുക. രോഗങ്ങളില്‍ ഏറ്റവും അപകടകരം ഇവയാണ്. കാരണം ഈ രോഗം നിന്റെ ദുനിയാവിനെയും പരലോകത്തെയും നശിപ്പിക്കും.

ശാരീരിക രോഗങ്ങള്‍ ദുനിയാവില്‍ ചില പ്രയാസങ്ങള്‍ ഉണ്ടാക്കുമെന്ന് മാത്രം. രോഗവേളയില്‍ ഇസ്ലാമിക മര്യാദകള്‍ പാലിക്കുകയാണെങ്കില്‍ അവ നിനക്ക് ആഖിറതില്‍ വലിയ നന്മകളും പ്രതിഫലങ്ങളും ലഭിക്കാന്‍ കാരണമാവുകയും ചെയ്യും. ചിലപ്പോള്‍ ചില രോഗങ്ങള്‍ കൊണ്ട് ദുനിയാവില്‍ തന്നെ ചില ഉപകാരങ്ങള്‍ ലഭിച്ചെന്നും വരാം.

ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങള്‍ രണ്ടു തരമുണ്ട്.

ഒന്ന്: ബിദ്അതുകളുടെയും സംശയങ്ങളുടെയും രോഗം.

രണ്ട്: ഹറാമുകളുടെയും മ്ലേച്ചതകളുടെയും രോഗം.

ഈ രണ്ട് കാര്യങ്ങളും രോഗമാണെന്ന് ഖുര്‍ആനില്‍ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. സംശയത്തിന്റെയും ബിദ്അതിന്റെയും രോഗത്തെ കുറിച്ച് അല്ലാഹു -ﷺ- പറഞ്ഞു:

فِي قُلُوبِهِم مَّرَضٌ فَزَادَهُمُ اللَّـهُ مَرَضًا ۖ وَلَهُمْ عَذَابٌ أَلِيمٌ بِمَا كَانُوا يَكْذِبُونَ ﴿١٠﴾

“അവരുടെ മനസ്സുകളില്‍ ഒരുതരം രോഗമുണ്ട്‌. തന്നിമിത്തം അല്ലാഹു അവര്‍ക്ക് രോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. കള്ളം പറഞ്ഞു കൊണ്ടിരുന്നതിന്റെ ഫലമായി വേദനയേറിയ ശിക്ഷയാണ് അവര്‍ക്കുണ്ടായിരിക്കുക.” (ബഖറ: 10)

وَإِذَا دُعُوا إِلَى اللَّـهِ وَرَسُولِهِ لِيَحْكُمَ بَيْنَهُمْ إِذَا فَرِيقٌ مِّنْهُم مُّعْرِضُونَ ﴿٤٨﴾ وَإِن يَكُن لَّهُمُ الْحَقُّ يَأْتُوا إِلَيْهِ مُذْعِنِينَ ﴿٤٩﴾ أَفِي قُلُوبِهِم مَّرَضٌ أَمِ ارْتَابُوا أَمْ يَخَافُونَ أَن يَحِيفَ اللَّـهُ عَلَيْهِمْ وَرَسُولُهُ ۚ بَلْ أُولَـٰئِكَ هُمُ الظَّالِمُونَ ﴿٥٠﴾

“അവര്‍ക്കിടയില്‍ (റസൂല്‍) തീര്‍പ്പുകല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും അവന്‍റെ റസൂലിലേക്കും അവര്‍ വിളിക്കപ്പെട്ടാല്‍ അപ്പോഴതാ അവരില്‍ ഒരു വിഭാഗം തിരിഞ്ഞുകളയുന്നു. ന്യായം അവര്‍ക്ക് അനുകൂലമാണെങ്കിലോ അവര്‍ അദ്ദേഹത്തിന്‍റെ (റസൂലിന്‍റെ) അടുത്തേക്ക് വിധേയത്വത്തോട് കൂടി വരികയും ചെയ്യും. അവരുടെ ഹൃദയങ്ങളില്‍ വല്ല രോഗവുമുണ്ടോ? അതല്ല അവര്‍ക്ക് സംശയം പിടിപെട്ടിരിക്കുകയാണോ? അതല്ല അല്ലാഹുവും അവന്‍റെ റസൂലും അവരോട് അനീതി പ്രവര്‍ത്തിക്കുമെന്ന് അവര്‍ ഭയപ്പെടുകയാണോ? അല്ല, അവര്‍ തന്നെയാകുന്നു അക്രമികള്‍.” (നൂര്‍: 48-50)

ഹറാമുകളോടുള്ള താല്‍പര്യത്തെയും അതിലേക്കുള്ള ചായ്-വിനെയും രോഗമെന്ന് വിശേഷിപ്പിച്ചതും ഖുര്‍ആനില്‍ കാണാം. അല്ലാഹു -ﷺ- പറഞ്ഞു:

يَا نِسَاءَ النَّبِيِّ لَسْتُنَّ كَأَحَدٍ مِّنَ النِّسَاءِ ۚ إِنِ اتَّقَيْتُنَّ فَلَا تَخْضَعْنَ بِالْقَوْلِ فَيَطْمَعَ الَّذِي فِي قَلْبِهِ مَرَضٌ وَقُلْنَ قَوْلًا مَّعْرُوفًا ﴿٣٢﴾

നബിയുടെ പത്നിമാരേ, സ്ത്രീകളില്‍ മറ്റു ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മ്മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ (അന്യരോട്‌) അനുനയ സ്വരത്തില്‍ സംസാരിക്കരുത്‌. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞു കൊള്ളുക.” (അഹ്സാബ്: 32)

മേല്‍ പറഞ്ഞ, ഹൃദയത്തെ ബാധിക്കുന്ന രണ്ടു രോഗങ്ങളും ഗുരുതരം തന്നെ. എന്നാല്‍ ആദ്യത്തേത് രണ്ടാമത് പറഞ്ഞതിനേക്കാള്‍ അപകടകരമാണ്. കാരണം ബിദ്അതുകളും സംശയങ്ങളും ദീനില്‍ നിന്ന് ചിലപ്പോള്‍ പൂര്‍ണമായി ഒരാളെ പുറത്താക്കിയേക്കാം. അല്ലാഹു അവന്റെ തൌബ സ്വീകരിക്കാതിരിക്കാനും, ഇസ്ലാം ദീനിനെ തകര്‍ക്കുന്നതിനും ഇത്തരം രോഗങ്ങള്‍ കാരണമാകും.

എന്നാല്‍ ഹറാമുകളോടുള്ള താല്‍പര്യവും അതില്‍ ആപതിക്കുകയും ചെയ്യുക എന്നത് -വളരെ ഗുരുതരമായ രോഗം തന്നെയെങ്കിലും- ബിദ്അതുകള്‍ കൊണ്ടുണ്ടാകുന്ന രോഗങ്ങളെക്കാള്‍ അപകടകാരികളല്ല. കാരണം ഹറാമുകള്‍ അവയുടെ മ്ലേച്ചത പ്രകടമായതിനാല്‍ ദീനിലേക്ക് ചേര്‍ത്തപ്പെടുകയോ, ഇസ്ലാമിന്റെ മുഖം വികൃതമാക്കുകയോ ഇല്ല. മാത്രമല്ല, അവ പലപ്പോഴും രഹസ്യമായും ജനങ്ങളില്‍ നിന്ന് മറഞ്ഞും നടമാടുന്നത് കൊണ്ട് അത് മറ്റുള്ളവരിലേക്ക് പകരുന്നതും താരതമ്യേന കുറവായിരിക്കും.

മാത്രവുമല്ല, ഹറാമുകള്‍ കൊണ്ട് പരീക്ഷിക്കപ്പെട്ടവന്റെ മനസ്സ് പലപ്പോഴും കുറ്റബോധം കൊണ്ട് നിറഞ്ഞതും, പശ്ചാത്തപിക്കാന്‍ സാധ്യതയുള്ള സ്ഥിതിയിലുമായിരിക്കും. അവന്‍ സ്വയം കുറവുള്ളവനായി സ്വയം കാണുന്നവനും, സ്വന്തത്തെ ആക്ഷേപിക്കുന്നവനുമായിരിക്കും. എന്നാല്‍ ബിദ്അതുകാരന്‍ ഒരിക്കലും ഈ അവസ്ഥയില്‍ ആവുകയില്ല.

അവന്‍ സ്വയം ധരിച്ചിരിക്കുന്നത് താന്‍ സത്യത്തിന്റെ വക്താവാണ്‌ എന്നാണ്. മറ്റുള്ളവരെ അതിലേക്ക് ക്ഷണിച്ചും അതിന്റെ പ്രബോധകനായും അവ പ്രചരിപ്പിക്കുന്നതില്‍ അവന്‍ സജീവവുമാണ്. അല്ലാഹു -ﷺ- ഇവരെ കുറിച്ച് പറഞ്ഞതു നോക്കൂ!

قُلْ هَلْ نُنَبِّئُكُم بِالْأَخْسَرِينَ أَعْمَالًا ﴿١٠٣﴾ الَّذِينَ ضَلَّ سَعْيُهُمْ فِي الْحَيَاةِ الدُّنْيَا وَهُمْ يَحْسَبُونَ أَنَّهُمْ يُحْسِنُونَ صُنْعًا ﴿١٠٤﴾

“(നബിയേ,) പറയുക: കര്‍മ്മങ്ങള്‍ ഏറ്റവും നഷ്ടകരമായി തീര്‍ന്നവരെ സംബന്ധിച്ച് നാം നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ? ഐഹികജീവിതത്തിലെ തങ്ങളുടെ പ്രയത്നം പിഴച്ചുപോയവരത്രെ അവര്‍. അവര്‍ വിചാരിക്കുന്നതാകട്ടെ തങ്ങള്‍ നല്ല പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്‌.” (കഹ്ഫ്‌: 100)

തുടര്‍ന്നു വായിക്കുക:

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Leave a Comment