ഖദ്വാഉം ഫിദ്യയും

പ്രത്യേകിച്ച് കാരണമില്ലാതെ റമദാൻ നോമ്പ് ഒഴിവാക്കിയവർ എന്തു ചെയ്യണം?

റമദാനിലെ നോമ്പ് ഓരോ മുസ്ലിമിൻ്റെ മേലും നിർബന്ധമായ കാര്യമാണ്. ഇസ്ലാമിൻ്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നാണ് ഈ ആരാധനാകർമ്മം. അത് ഉപേക്ഷിക്കുക എന്നത് ഗുരുതരമായ തിന്മയാണ്.

സംഭവിച്ചു പോയ തെറ്റിൽ ആത്മാർത്ഥമായി അല്ലാഹുവിനോട് പാപമോചനം തേടുക എന്നതാണ് ഒന്നാമത് അവൻ്റെ മേൽ നിർബന്ധമാകുന്ന കാര്യം. എത്ര വലിയ തെറ്റും ആത്മാർത്ഥമായി പശ്ചാത്തപിച്ചാൽ പൊറുത്തു നൽകുന്നവനാണ് അല്ലാഹു. അവൻ പൊറുക്കാത്ത ഒരു തിന്മയുമില്ല. ഈ തിന്മയും അതു പോലെ തന്നെ. കാരണമില്ലാതെ നോമ്പ് ഒഴിവാക്കിയതിലുള്ള ഖേദവും, ഇനിയൊരിക്കലും ആ തിന്മയിലേക്ക് മടങ്ങില്ലെന്ന ഉറച്ച തീരുമാനവും, അതിനായി അല്ലാഹുവിനോട് പ്രാർത്ഥിക്കലുമാണ് ആത്മാർത്ഥമായ പശ്ചാത്താപം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ചിലർ ധരിക്കുന്നത് പോലെ, കേവലം അർഥം പോലും ചിന്തിക്കാതെ അസ്തഗ്ഫിറുല്ലാഹ് എന്നുച്ചരിക്കലല്ല ആത്മാർത്ഥമായ പശ്ചാത്താപം.

അതോടൊപ്പം പ്രത്യേകിച്ച് ഒഴിവുകഴിവില്ലാതെ റമദാനിൽ അവൻ നഷ്ടപ്പെടുത്തിയ നോമ്പുകൾ അത്രയും എണ്ണം അവൻ നോറ്റുവീട്ടുകയും ചെയ്യേണ്ടതാണ്. ഇങ്ങനെ നഷ്ടപ്പെട്ട നോമ്പുകൾ ഖദ്വാഅ് വീട്ടാം എന്ന അഭിപ്രായമാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാർക്കും ഉള്ളത്. ഇബ്നു അബ്ദിൽ ബർറ്, ഇബ്നു ഖുദാമ (റഹി) എന്നിങ്ങനെ ചില പണ്ഡിതന്മാർ അക്കാര്യത്തിൽ ഇജ്മാഅ് ഉണ്ട് എന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ റമദാനിൽ ഒഴിവുകഴിവില്ലാതെ നോമ്പ് നഷ്ടപ്പെടുത്തിയാൽ അതിന് ഖദ്വാഇല്ല എന്നും, സാധിക്കാവുന്നിടത്തോളം സുന്നത്ത് നോമ്പുകൾ അവൻ അധികരിപ്പിക്കുകയുമാണ് വേണ്ടത് എന്നും അഭിപ്രായപ്പെട്ട പണ്ഡിതന്മാരുമുണ്ട്. ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ, ശൈഖ് ഇബ്നു ഉസൈമീൻ തുടങ്ങിയവർ തിരഞ്ഞെടുത്ത അഭിപ്രായമാണത്.

റമദാനിൽ ഒരു നോമ്പാണെങ്കിലും അന്യായമായി നഷ്ടപ്പെടുത്തിയാൽ അതിന് പകരം ആയിരം നോമ്പുകൾ നോറ്റാലും തുല്ല്യമാവില്ല എന്ന് മനസ്സിലാക്കുക. അതിനാൽ ആത്മാർഥമായി സംഭവിച്ചു പോയ തെറ്റിൽ പശ്ചാത്തപിക്കുകയും, നഷ്ടപ്പെട്ട നോമ്പുകൾ നോറ്റു വീട്ടുകയും, സുന്നത്ത് നോമ്പുകൾ അധികരിപ്പിക്കുകയും, ഇനിയൊരിക്കലും ആ തിന്മയിലേക്ക് മടങ്ങിപ്പോവാതിരിക്കുകയും ചെയ്യുക. വല്ലാഹു അഅ്ലം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: