നമ്മളെല്ലാം മരിക്കും. മരിക്കാത്തവരായി ആരുമില്ല. എന്നാൽ മരിച്ചു കഴിഞ്ഞാൽ നമ്മുടെ പ്രവർത്തനങ്ങൾ നമ്മെ വിട്ടുപിരിയുമോ? മരണശേഷം ഇനി വല്ല നന്മയും, അല്ലെങ്കിൽ നാമാലോചിച്ചിട്ടു പോലുമില്ലാത്ത ഏതെങ്കിലും തിന്മ; നമ്മുടെ ഏടുകളിൽ രേഖപ്പെടുത്തപ്പെടുമോ? ഏറെ ചിന്ത നൽകേണ്ട പ്രസക്തമായ ഒരു ചോദ്യമാണിത്. അല്ലാഹു പറയുന്നു:

إِنَّا نَحْنُ نُحْيِي الْمَوْتَىٰ وَنَكْتُبُ مَا قَدَّمُوا وَآثَارَهُمْ ۚ 

“തീര്‍ച്ചയായും നാം തന്നെയാണ് മരിച്ചവരെ ജീവിപ്പിക്കുന്നത്‌. അവര്‍ ചെയ്തു വെച്ചതും അവരുടെ (പ്രവര്‍ത്തനങ്ങളുടെ) അനന്തരഫലങ്ങളും നാം എഴുതിവെക്കുകയും ചെയ്യുന്നു.” (യാസീൻ: 12)

ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇബ്‌നു കഥീർ -رَحِمَهُ اللَّهُ- പറഞ്ഞു: “നാം അവർ സ്വയം ചെയ്ത പ്രവർത്തനങ്ങളും, അവർക്കു ശേഷം അവർ ബാക്കി വെച്ചു പോയ അവരുടെ പ്രവർത്തനങ്ങളുടെ അനന്തരഫലങ്ങളും രേഖപ്പെടുത്തുന്നതാണ്. അതിന്  കൂടി നാം പ്രതിഫലം നൽകും. നന്മയാണെങ്കിൽ നല്ല പ്രതിഫലവും, തിന്മയാണെങ്കിൽ അതിന് യോജിച്ചതും.” (ഇബ്‌നു കഥീർ: 6/565)

മനുഷ്യർ മരിച്ചു കഴിഞ്ഞാൽ ഒരു നിലക്ക് നോക്കിയാൽ അവർ രണ്ട് തരക്കാരായി മാറും. ഒന്നാമത്തെ വിഭാഗം; അവർ മരിക്കുന്നതോടെ അവരുടെ നന്മകളും തിന്മകളും അവസാനിച്ചു. അവൻ ചെയ്തത് മാത്രമാണ് പരലോകത്ത് അവനുള്ളത്. അതിൽ ഇനിയെന്തെങ്കിലും കൂടാനോ എന്തെങ്കിലും കുറയാനോ ഇല്ല. രണ്ടാമത്തെ വിഭാഗം; അവർ മരിക്കുന്നതോടെ അവരുടെ നന്മകളും തിന്മകളും അവസാനിക്കുന്നില്ല. മറിച്ച്, അവർ പ്രവർത്തിച്ചതിന്റെ ശേഷിപ്പുകൾ ഇഹലോകത്ത് ഇപ്പോഴും ബാക്കിയുണ്ട്. നന്മകൾ ബാക്കിവെച്ചവരും തിന്മകൾ ബാക്കിവെച്ചവരും അക്കൂട്ടത്തിലുണ്ട്. ഇത്തരക്കാരെ നമുക്ക് മൂന്നായി തിരിക്കാം.

ഒന്ന്: മരിക്കുന്നതോടെ തിന്മകൾ അവസാനിക്കുന്ന, നന്മകൾ തുടർന്നു കൊണ്ടിരിക്കുന്നവർ. അവൻ ചെയ്ത തിന്മകൾ അവനും അല്ലാഹുവിനും ഇടയിലുള്ളതാണ്. അവൻ്റേതായി ഇനി ലോകത്ത് ഒരു തിന്മയും ബാക്കി നിൽക്കുന്നില്ല. എന്നാൽ നന്മകൾ അവൻ അനേകം ബാക്കിവെച്ചിട്ടുണ്ട്.

അവൻ നിർമ്മിച്ച മസ്ജിദുകൾ; സ്വദഖകൾ. നന്മയുടെ കേന്ദ്രങ്ങൾ; വെള്ളം കുടിക്കാനുള്ള സൗകര്യങ്ങൾ; തണൽമരങ്ങൾ; ഒരാൾക്ക് പകർന്നു നൽകിയ പുഞ്ചിരി; പഠിപ്പിച്ചു നൽകിയ നന്മകൾ; പ്രചരിപ്പിച്ച ഉപകാരപ്രദമായ വിജ്ഞാനങ്ങൾ. ഇസ്‌ലാമിലേക്ക് ക്ഷണിച്ചതും സുന്നത്തിലേക്ക് ക്ഷണിച്ചതും, തിന്മയിൽ നിന്ന് തടഞ്ഞതും വിലക്കിയതും.  അവൻ നന്മകൾ പകർന്നു നൽകിയവരും അവരുടെ സന്താനങ്ങളും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി, അവന് വേണ്ടി ആകാശത്തേക്ക് കൈകളുയർത്തുന്നത് ഇപ്പോഴും അവസാനിച്ചിട്ടില്ല. അവന്റെ പേര് കേൾക്കുമ്പോൾ അവർ പറയുന്നു: അല്ലാഹു അവന് കാരുണ്യം ചൊരിയട്ടെ!

അവന്റെ നന്മകളുടെ ഏടുകൾ ഇപ്പോഴും മടക്കിവെച്ചിട്ടില്ല. ചിലപ്പോൾ ലോകം അവസാനിക്കുന്നത് വരെ അവയിൽ നന്മകൾ വർദ്ധിച്ചു കൊണ്ടേയിരിക്കും; അവനാകട്ടെ ആറടി മണ്ണിൽ ഒരു വിരൽ പോലുമനക്കാതെ -അല്ല! ചിലപ്പോൾ മണ്ണോട് ചേർന്ന്- വിശ്രമിക്കുകയാണ്. അവൻ ചെയ്യാതെ ചെയ്തു കൊണ്ടിരിക്കുന്ന ഈ നന്മകളിൽ ഇഖ്ലാസുണ്ടാക്കാൻ അവൻ പണിപ്പെടുന്നില്ല; ആളുകൾ കണ്ടാലും കണ്ടില്ലെങ്കിലും അവന് പ്രശ്നമില്ല. കാരണം പ്രവർത്തനങ്ങളുടെ ലോകത്തു നിന്ന് പ്രതിഫലത്തിന്റെ ലോകത്തേക്ക് അവൻ പ്രയാണം ആരംഭിച്ചിരിക്കുന്നു. എത്ര ഭാഗ്യവാനാണിയാൾ? എത്ര സന്തോഷത്തിലാണയാൾ?!

രണ്ട്: മരിക്കുന്നതോടെ നന്മകൾ അവസാനിക്കുന്ന; തിന്മകൾ തുടർന്നു കൊണ്ടിരിക്കുന്നവർ. അവൻ ചെയ്ത നന്മകൾ കുറച്ചുണ്ട്. പക്ഷേ അവ അവസാനിച്ചു. നാളേക്ക് ഉപകാരപ്പെടുന്നതായി ഒന്നും -അല്ലെങ്കിൽ; കാര്യമായൊന്നും- അവൻ ചെയ്തു വെച്ചിട്ടില്ല. എന്നാൽ മരിച്ചതിന് ശേഷവും അവന്റെ തിന്മകൾ അവസാനിക്കാതെ തുടർന്നു കൊണ്ടിരിക്കുന്നു.

അവന്റെ ദുശിച്ച വാക്കുകൾ; അവൻ ആദ്യമായി പഠിപ്പിച്ചു കൊടുത്ത വൃത്തികേടുകൾ. ഹറാമിനുള്ള വഴികളും സന്ദർഭങ്ങളും സൗകര്യങ്ങളും. ആരെയോ അവൻ ആദ്യമായി മദ്യം കുടിപ്പിച്ചത്. ആരെയോ ആദ്യമായി സിനിമക്ക് കയറ്റിയത്. ഷെയർ ചെയ്ത വൃത്തികേടുകൾ. അവൻ തന്നെയോ മറ്റാരൊക്കെയോ അഴിഞ്ഞാടിയ വീഡിയോകൾ. മ്ലേഛതകൾ നിറഞ്ഞ അവന്റെ പെൻഡ്രൈവുകളും ഹാർഡ് ഡിസ്കുകളും. അന്യായമായി അവനെടുത്ത ആരുടെയൊക്കെയോ അവകാശങ്ങൾ; അവരുടെ കണ്ണുനീർ തോർന്നിട്ടില്ല. രാത്രികളിൽ അവരും അവരുടെ മക്കളും അവനെതിരെ ആകാശത്തേക്ക് കൈകളുയർത്തുന്നത് അവസാനിച്ചിട്ടില്ല. അവന്റെ പേര് കേൾക്കുമ്പോൾ എന്തു പറയണമെന്നറിയാതെ അവരുടെ മുഖം വലിയുന്നു.

അവന്റെ തിന്മയുടെ ഏടുകൾ നിമിഷങ്ങൾ പോകും തോറും വർദ്ധിച്ചു കൊണ്ടിരിക്കുന്നു. അവൻ പറഞ്ഞ വാക്കുകൾ തിരിച്ചെടുക്കാൻ അവന് കഴിയുന്നില്ല. മാപ്പു പറയാനോ ക്ഷമ ചോദിക്കാനോ അവന് സാധിക്കുന്നില്ല. അവന് ഇപ്പോൾ യാതൊരു ഉപകാരവും ചെയ്യാത്ത സമ്പത്ത് ഇപ്പോഴും അവന്റെ മേൽ തിന്മയായി മാറുന്നു. അവന് യാതൊരു സുഖവും നൽകാത്ത വീഡിയോകൾ ഇപ്പോഴും ആരൊക്കെയോ കാണുന്നു; അതവന്റെ രേഖകളിൽ രേഖപ്പെടുത്തപ്പെട്ടു കൊണ്ടേയിരിക്കുന്നു. അവനാകട്ടെ മണ്ണിലലിഞ്ഞു ചേർന്നിരിക്കുന്നു. എന്നാൽ നശിച്ചടഞ്ഞ അവന്റെ ശരീരം ചെയ്തുവെച്ച തിന്മകൾ ഇപ്പോഴും നിലച്ചിട്ടില്ല. എത്ര നിർഭാഗ്യവനാണിയാൾ?! എന്തൊരു നാശത്തിലാണ് അവൻ ചെന്നുവീണിരിക്കുന്നത്?! അല്ലാഹു നമ്മെ രക്ഷിക്കട്ടെ!

മൂന്ന്: മരിച്ചതോടെ അവന്റെ നന്മകളും തിന്മകളും തുടർന്നു കൊണ്ടിരിക്കുന്നു. മേൽ പറഞ്ഞ രണ്ട് വിഭാഗത്തിൽ നിന്നും ഓരോ പങ്കുകൾ ലഭിച്ചവനാണിവൻ. തുടരുന്ന നന്മകളും അവനുണ്ട്. തുടരുന്ന തിന്മകളും അവനുണ്ട്. പരലോകത്ത് എത്തുമ്പോൾ അവന്റെ നന്മകളാണോ തിന്മകളാണോ കൂടുതൽ കനം തൂങ്ങുന്നത് എന്ന് അവനറിയാം. വലതു കയ്യിലോ, അതോ ഇടതു കയ്യിലോ അവന്റെ ഗ്രന്ഥം ലഭിക്കുകയെന്ന്; സ്വർഗത്തിലേക്കോ, അല്ല നരകത്തിലേക്കോ അവന്റെ പ്രയാണമെന്ന് അപ്പോൾ മനസ്സിലാക്കാം.

സഹോദരങ്ങളേ! ഇത്രയും പറഞ്ഞതിന് ശേഷം നിന്റെ ഏറ്റവും വലിയ ശത്രുവാകാനും നിന്റെ ഏറ്റവുമടുത്ത മിത്രമാകുവാനും കഴിവുള്ള -ഇരുതലവാൾ മൂർച്ചയുള്ള- ഒരായുധത്തെ കുറിച്ച് കൂടി പറഞ്ഞവസാനിപ്പിക്കാം. ഏതാണതെന്നറിയാൻ എങ്ങോട്ടും നോക്കേണ്ടതില്ല. നിന്റെ കയ്യിലിരിക്കുന്ന, നീ നോക്കി കൊണ്ടിരിക്കുന്ന നിന്റെ കയ്യിൽ പിടിച്ചിട്ടുള്ള ഈ പുത്തനുപകരണം -നിന്റെ മൊബൈൽ- തന്നെയാണത്. ഇതുപയോഗിച്ച് ഒരു ചെറിയ വിരലനക്കം കൊണ്ട് ലോകാവസാനം വരെ നിലക്കാത്ത നന്മകൾ നിനക്ക് സമ്പാദിക്കാൻ കഴിയും. ഒരു വിരലനക്കം കൊണ്ട് എവിടെ ചെന്നവസാനിക്കുമെന്ന് ചിന്തിക്കാൻ പോലും കഴിയാത്ത തിന്മകളും നിനക്ക് നിന്റെ മുതുകിൽ കെട്ടിവെക്കാൻ കഴിയും.

തിന്മകൾ പ്രചരിപ്പിക്കുന്ന പേജുകളും സൈറ്റുകളും നിനക്ക് നിർമ്മിക്കാം; അല്ലാത്തതും നിനക്ക് നിർമ്മിക്കാൻ കഴിയും. ഏതിലാണ് നിന്റെ കൈ ചലിച്ചിട്ടുള്ളത്?! വൃത്തികേടുകളിലേക്ക് വഴികാട്ടുന്ന വെബ്സൈറ്റുകളിലേക്ക് നിനക്ക് വഴികാട്ടാൻ സാധിക്കും; അല്ലാത്തതും നിനക്ക് ഷെയറും ലൈക്കും ചെയ്യാൻ കഴിയും; നിന്റെ പങ്ക് ഏതിലാണ് നീ നിശ്ചയിച്ചിട്ടുള്ളത്?! ഒരാവശ്യവുമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളുടെ സമയം വെറുതെ കളയാനും, ഉപകാരമുള്ളവ പകർന്നു നൽകി പ്രതിഫലം സമ്പാദിക്കാനും, ഉപദ്രവകരമായതിലേക്ക് വഴികാട്ടി തിന്മകൾ വാരിക്കൂട്ടാനും നിനക്ക് സാധിക്കും.

നന്നായി ചിന്തിക്കുക! നീ മരിക്കുമ്പോൾ ഈ ലോകത്ത് ബാക്കിവെക്കുന്ന നിന്റെ ശേഷിപ്പുകൾ എന്താണ്? നിന്റെ വാക്കുകൾ എന്തായിരുന്നു? എന്തിനെ കുറിച്ചായിരുന്നു? ഏതിലേക്ക് ക്ഷണിക്കുന്നതായിരുന്നു? നിന്റെ പ്രവർത്തനങ്ങൾ എപ്രകാരമായിരുന്നു? ആർക്ക് വേണ്ടിയായിരുന്നു? ആരെയെല്ലാം അത് ബാധിച്ചിട്ടുണ്ട്? നീ ഇപ്പോൾ മരിച്ചാൽ നിന്റെ കയ്യിൽ നിന്ന് ജനങ്ങൾ അനന്തരമെടുക്കുന്നവയിൽ ഏതെല്ലാം ഹലാലുണ്ട്? ഹറാമായി എന്തൊക്കെയുണ്ട്? നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്ന സൽകർമ്മികളായ കൂട്ടുകാർ എത്രയുണ്ട്?! നീ മരിച്ചാൽ നിനക്ക് വേണ്ടി നിസ്കരിക്കാൻ പോലും വരാത്തവരാണോ അവർ?! വന്നാൽ തന്നെയും നിനക്ക് വേണ്ടി ആത്മാർഥമായി പ്രാർത്ഥിക്കാൻ അറിയാത്തവരാണോ അവർ?! അതല്ല, സൽകർമ്മികളാണോ അവർ.

പ്രിയ സഹോദരാ! നിന്റെ മയ്യിത്ത് ഖബറിലേക്കെടുക്കുമ്പോൾ, നിനക്ക് അനുശോചനമറിയിക്കാനായി നിന്റെ ഫെയ്സ്ബുക്ക് പേജിലോക്കോ മറ്റോ കയറിവരുന്നവൻ, അതിലൂടെ നിന്റെ ഓർമ്മകൾ അയവിറക്കുന്നവന് നീ തുറന്നു വെച്ചുകൊടുത്തിരിക്കുന്നത് നിഷിദ്ധമായ വീഡിയോകളാണെങ്കിൽ. സിനിമകളും സംഗീതവും വഴികേടിന്റെ ലേഖനങ്ങളുമാണെങ്കിൽ! എത്ര നിർഭാഗ്യവാനാണ് നീ?! എന്തൊരു അനീതിയാണ് നീ നിന്നോട് തന്നെ കാണിച്ചത്?!

പ്രിയ സഹോദരീ! നീ മരിച്ച ശേഷം, നിന്റെ വാട്സപ്പ് പ്രൊഫൈലുകളിൽ ശരിയായ ഹിജാബില്ലാത്ത ചിത്രങ്ങളാണ് നീ ബാക്കിവെക്കുന്നതെങ്കിൽ, ആരുടെയൊക്കെയോ മൊബൈലുകളിലും ആൽബങ്ങളിലും അല്ലാഹുവിന് ഇഷ്ടമില്ലാത്ത വസ്ത്രങ്ങളിൽ ചിരിച്ചു കൊണ്ട് നീ നിൽക്കുന്ന ചിത്രങ്ങളാണ് നീ അവശേഷിപ്പിച്ചിരിക്കുന്നതെങ്കിൽ; അവസാനമില്ലാത്ത വിലാപത്തിനുള്ള വഴികളല്ലേ നീ തുറന്നു വെച്ചിരിക്കുന്നത്?

മുൻപ് ചിലർ പറഞ്ഞ വാക്ക് പറഞ്ഞവസാനിപ്പിക്കട്ടെ: “മരിക്കുമ്പോൾ അവനോടൊപ്പം അവന്റെ തിന്മകളും മരിക്കുന്നവർക്ക് മംഗളങ്ങൾ! മരിക്കുമ്പോൾ തിന്മകൾ മരിക്കാതെ ജീവിക്കുന്നവർക്ക് നാശം!”

അപ്പോൾ ഈ കൂട്ടത്തിൽ ആരിലായിരിക്കും നീ?! അല്ല! ആരുടെ കൂട്ടത്തിലാണ് നീയിപ്പോഴുള്ളത്?!!

ചിന്തിക്കുക; മരണം ഏറെയൊന്നും ദൂരെയല്ല!

كَبَتَهُ الأَخُ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيدُ

غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ

تاريخ 2 شوال 1440

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment