നോമ്പ്

നോമ്പിൻ്റെ പകലിൽ ഭാര്യയെ ചുംബിക്കാമോ?

നോമ്പിൻ്റെ പകലിൽ ഭാര്യയെ ചുംബിക്കുന്നത് -അതിലൂടെ സ്ഖലനം സംഭവിക്കുമെന്നോ, ക്രമേണ ലൈംഗികബന്ധത്തിലേക്ക് എത്തിച്ചേരുമെന്ന് ഭയക്കുകയോ ചെയ്യാത്തവർക്ക് മാത്രം- അനുവദനീയമാണ്.

عَنْ عَائِشَةَ قَالَتْ: كَانَ النَّبِيُّ -ﷺ- يُقَبِّلُ وَيُبَاشِرُ وَهُوَ صَائِمٌ، وَكَانَ أَمْلَكَكُمْ لِإِرْبِهِ.وَفِي لَفْظٍ: «كَانَ رَسُولُ اللَّهِ -ﷺ- يُقَبِّلُ فِي شَهْرِ الصَّوْمِ»

ആഇഷ -رَضِيَ اللَّهُ عَنْهَا- പറയുന്നു: “നബി -ﷺ- നോമ്പുകാരനായിരിക്കെ ചുംബിക്കുകയും, ബാഹ്യകേളികളിൽ ഏർപ്പെടുകയും ചെയ്യാറുണ്ടായിരുന്നു. ആരെക്കാളും തൻ്റെ വികാരം ഏറ്റവും പിടിച്ചു വെക്കാൻ കഴിയുന്നവരായിരുന്നു അവിടുന്ന്.” (ബുഖാരി: 1927) മറ്റൊരു നിവേദനത്തിൽ ഇപ്രകാരം കൂടിയുണ്ട്: “അവിടുന്ന് നോമ്പിൻ്റെ മാസത്തിൽ (ഭാര്യയെ) ചുംബിക്കാറുണ്ടായിരുന്നു.” (മുസ്ലിം: 1106)

അത് നബി -ﷺ- ക്ക് മാത്രം അനുവദനീയമായിരിക്കാം, മറ്റാർക്കും അപ്രകാരം ചെയ്യാൻ പാടില്ലെന്ന് ആരെങ്കിലും ധരിച്ചു വെക്കുന്നെങ്കിൽ അവർക്കായി ഉമ്മു സലമയുടെ -رَضِيَ اللَّهُ عَنْهَا- ഹദീഥ് കൂടി ഇവിടെ നൽകാം.

عَنْ عُمَرَ بْنِ أَبِي سَلَمَةَ، أَنَّهُ سَأَلَ رَسُولَ اللَّهِ -ﷺ-: أَيُقَبِّلُ الصَّائِمُ؟ فَقَالَ لَهُ رَسُولُ اللَّهِ -ﷺ-: «سَلْ هَذِهِ» لِأُمِّ سَلَمَةَ فَأَخْبَرَتْهُ، أَنَّ رَسُولَ اللهِ -ﷺ- يَصْنَعُ ذَلِكَ، فَقَالَ: يَا رَسُولَ اللَّهِ، قَدْ غَفَرَ اللَّهُ لَكَ مَا تَقَدَّمَ مِنْ ذَنْبِكَ وَمَا تَأَخَّرَ، فَقَالَ لَهُ رَسُولُ اللَّهِ -ﷺ-: «أَمَا وَاللَّهِ، إِنِّي لَأَتْقَاكُمْ لِلَّهِ، وَأَخْشَاكُمْ لَهُ»

അംറ് ബ്നു അബീ സലമ -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യോട് ഒരിക്കൽ ചോദിച്ചു: നോമ്പുകാരന് (ഭാര്യയെ) ചുംബിക്കാമോ? അദ്ദേഹത്തോട് നബി -ﷺ- പറഞ്ഞു: “ഇവളോട് ചോദിച്ചു നോക്കുക.” (നബി -ﷺ- യുടെ ഭാര്യയും, അംറിൻ്റെ മാതാവുമായ) ഉമ്മുസലമയെ ആണ് നബി -ﷺ- ഉദ്ദേശിച്ചത്. നബി -ﷺ- അപ്രകാരം ചെയ്യാറുണ്ടെന്ന് അവർ അദ്ദേഹത്തോട് പറഞ്ഞു. അപ്പോൾ അംറ് പറഞ്ഞു: അല്ലാഹുവിൻ്റെ റസൂലേ! മുൻകഴിഞ്ഞതും വരാനിരിക്കുന്നതുമായ എല്ലാ തെറ്റുകളും അങ്ങേക്ക് അല്ലാഹു പൊറുത്തു തന്നിരിക്കുന്നു. നബി -ﷺ- പറഞ്ഞു: “എങ്കിൽ -അല്ലാഹു സത്യം- തീർച്ചയായും ഞാനാകുന്നു നിങ്ങളിൽ അല്ലാഹുവിനെ ഏറ്റവും കൂടുതൽ സൂക്ഷിക്കുന്നതും, അവനോട് ഏറ്റവും ഭയഭക്തി പുലർത്തുന്നതും.” (മുസ്ലിം: 1108)

നബി -ﷺ- യുടെ മുൻകഴിഞ്ഞതും വരാനിരിക്കുന്നതുമായ തെറ്റുകളെല്ലാം പൊറുക്കപ്പെട്ടിട്ടുണ്ടെങ്കിലും അവിടുന്ന് എല്ലാവരെക്കാളും അല്ലാഹുവിനെ സൂക്ഷിക്കുകയും, അവന് ഏറ്റവും തൃപ്തികരമായത് മാത്രം പ്രവർത്തിക്കാനും ശ്രദ്ധിച്ചിരുന്നു എന്ന് ഈ ഹദീഥ് മനസ്സിലാക്കി തരുന്നു. അതു കൊണ്ട് തൻ്റെ വികാരം പിടിച്ചു നിർത്താൻ കഴിയുമെന്ന് ഉറപ്പുള്ള, സ്വയം നിയന്ത്രിക്കാൻ കഴിയുന്നവനെ സംബന്ധിച്ചിടത്തോളം നബി -ﷺ- ചെയ്ത ഈ പ്രവൃത്തിയിൽ യാതൊരു കുറവോ സൂക്ഷ്മതയില്ലായ്മയോ ദർശിക്കേണ്ടതില്ല എന്ന് ചുരുക്കം.

عَنْ عُمَرَ بْنُ الْخَطَّابِ قَالَ: هَشِشْتُ فَقَبَّلْتُ وَأَنَا صَائِمٌ، فَقُلْتُ: يَا رَسُولَ اللَّهِ! صَنَعْتُ الْيَوْمَ أَمْرًا عَظِيمًا، قَبَّلْتُ وَأَنَا صَائِمٌ. قَالَ: «أَرَأَيْتَ لَوْ مَضْمَضْتَ مِنَ الْمَاءِ وَأَنْتَ صَائِمٌ» قُلْتُ لاَ بَأْسَ بِهِ، قَالَ: «فَمَهْ»

സമാനമായ മറ്റൊരു ഹദീഥ് കൂടെ വായിക്കുക. ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: അദ്ദേഹം പറഞ്ഞു: ആശ്വാസത്തോടെ ഇരിക്കുന്ന ഒരു വേളയിൽ നോമ്പുകാരനായിരിക്കെ ഞാൻ (ഭാര്യയെ) ചുംബിച്ചു. അല്ലാഹുവിൻ്റെ റസൂലിനോട് ഞാൻ കാര്യം പറഞ്ഞു: “അല്ലാഹുവിൻ്റെ റസൂലേ! ഇന്ന് ഞാൻ വളരെ ഗുരുതരമായ ഒരു കാര്യം ചെയ്തു പോയി. നോമ്പുകാരനായിരിക്കെ ഞാൻ ചുംബിച്ചു.” നബി -ﷺ- പറഞ്ഞു: “നോമ്പുകാരനായിരിക്കെ നീ വായിൽ വെള്ളം കൊപ്ലിച്ചാൽ എന്ത് സംഭവിക്കുമെന്നാണ് നീ കരുതുന്നത്?” ഞാൻ പറഞ്ഞു: (അങ്ങനെ ചെയ്താൽ) ഒരു കുഴപ്പവുമില്ല. നബി -ﷺ- ചോദിച്ചു: “അപ്പോൾ പിന്നെ (ഭാര്യയെ ചുംബിച്ചാൽ) എന്താണ്?” (അബൂദാവൂദ്: 2385)

എന്നാൽ നോമ്പുകാരൻ ഭാര്യയെ ചുംബിക്കുന്നതിലൂടെ നോമ്പ് മുറിയുമെന്ന് ഭയപ്പെടുകയോ, ചുംബനവും മറ്റും ക്രമേണ ലൈംഗികബന്ധത്തിലേക്ക് എത്തിക്കുമെന്ന് ഭയക്കുകയോ ചെയ്താൽ അത്തരം വേളകളിൽ തിന്മയിലേക്ക് നയിക്കുന്ന വാതിലുകൾ തുറക്കാതെ വെക്കേണ്ടതുണ്ട് എന്നത് പരിഗണിച്ചു കൊണ്ട് അവന് ചുംബനവും മറ്റുമെല്ലാം നിഷിദ്ധമാകും. അവൻ്റെ നോമ്പിൻ്റെ സുരക്ഷക്കും, തിന്മയിൽ വീണുപോകാതിരിക്കുന്നതിനും, കഠിനമായ കഫാറത് നൽകുന്നതിലേക്ക് എത്താതിരിക്കുന്നതിനും അതാണ് ഏറ്റവും നല്ലത്. വല്ലാഹു അഅ്ലം.

നബി -ﷺ- നോമ്പുകാരനായിരിക്കെ ഭാര്യയെ ചുംബിക്കാമോ എന്ന ചോദ്യത്തിന് ചോദിച്ച വ്യക്തികളെ പരിഗണിച്ചു കൊണ്ട് ഉത്തരം നൽകിയതായി കാണാൻ കഴിയും. നോമ്പുകാരന് ചുംബിക്കാമോ എന്ന് ചോദിച്ച വൃദ്ധന് നബി -ﷺ- അതിൽ അനുവാദം നൽകുകയും, അതേ കാര്യം യുവാവ് ചോദിച്ചപ്പോൾ അദ്ദേഹത്തിന് അനുവാദം നിഷേധിക്കുകയും ചെയ്തത് ഹദീഥിൽ കാണാൻ കഴിയും. (അബൂദാവൂദ്: 2387)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: