നോമ്പ്

ചുംബനവും ബാഹ്യകേളികളും കാരണത്താൽ സ്ഖലനം സംഭവിച്ചാൽ നോമ്പ് മുറിയുമോ?

അതെ. ചുംബനമോ സ്പർശനമോ ലൈംഗികആസ്വാദനത്തിനായി ആവർത്തിച്ചു നോക്കിയതിനാലോ സ്ഖലനം സംഭവിച്ചുവെങ്കിൽ നോമ്പുകാരൻ്റെ നോമ്പ് നഷ്ടപ്പെടും. കാരണം ഇത്തരം ദേഹേഛകൾ പിടിച്ചു നിർത്തുക എന്നത് നോമ്പിൻ്റെ പൂർത്തീകരണത്തിൻ്റെ ഭാഗമാണ്.

عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللهِ -ﷺ-: «كُلُّ عَمَلِ ابْنِ آدَمَ يُضَاعَفُ، الْحَسَنَةُ عَشْرُ أَمْثَالِهَا إِلَى سَبْعمِائَة ضِعْفٍ، قَالَ اللَّهُ عَزَّ وَجَلَّ: إِلَّا الصَّوْمَ، فَإِنَّهُ لِي وَأَنَا أَجْزِي بِهِ، يَدَعُ شَهْوَتَهُ وَطَعَامَهُ مِنْ أَجْلِي»

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: ആദമിൻ്റെ സന്തതിയുടെ (മനുഷ്യൻ്റെ) എല്ലാ പ്രവർത്തനങ്ങളും പത്തിരട്ടി മുതൽ എഴുന്നൂറിരട്ടി വരെ വർദ്ധിപ്പിക്കപ്പെടും. അല്ലാഹു പറഞ്ഞിരിക്കുന്നു: ‘നോമ്പൊഴികെ. അത് എനിക്കുള്ളതാണ്. ഞാനാണ് അതിൻ്റെ പ്രതിഫലം നൽകുക. തൻ്റെ ദേഹേഛയും ഭക്ഷണവും എനിക്ക് വേണ്ടി അവൻ ഉപേക്ഷിക്കുന്നു.” (ബുഖാരി: 1894, മുസ്ലിം: 1151)

ഈ ഹദീഥിൽ നോമ്പിൻ്റെ ഉദ്ദേശങ്ങളിലൊന്നായി അല്ലാഹു എടുത്തു പറഞ്ഞത് അവന് വേണ്ടി നോമ്പുകാരൻ തൻ്റെ ദേഹേഛയെ വെടിയുന്നു എന്നതാണ്. എന്നാൽ മേൽ പറഞ്ഞ കാര്യങ്ങൾ പ്രവർത്തിക്കുന്നതിലൂടെ ആരെങ്കിലും സ്ഖലനം സംഭവിപ്പിക്കുന്നെങ്കിൽ -അല്ലെങ്കിൽ അതിലേക്ക് എത്തുന്നത് വരെ അത്തരം കാര്യങ്ങളിൽ തുടർന്നു പോകുന്നെങ്കിൽ- അതവൻ്റെ നോമ്പിൻ്റെ അന്തസത്തയെ തകർക്കുകയും, അവൻ്റെ നോമ്പ് അതിലൂടെ മുറിയുകയും ചെയ്തിരിക്കുന്നു. അവൻ നഷ്ടപ്പെട്ട ഈ നോമ്പിന് പകരമായി, റമദാൻ കഴിഞ്ഞതിന് ശേഷം നോമ്പ് നോൽക്കുകയും, സംഭവിച്ചു പോയ തെറ്റിൽ അല്ലാഹുവിനോട് പശ്ചാത്താപം തേടുകയും വേണം. എന്നാൽ റമദാനിൻ്റെ പകലിൽ പരിപൂർണ്ണ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടവർ നൽകേണ്ട കടുത്ത കഫാറത് അവൻ നൽകേണ്ടതില്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: