റമദാനിന്റെ പകലിൽ ഭർത്താവും ഭാര്യയും ഇത് റമദാനാണ് എന്ന കാര്യം ഒരുമിച്ചു മറക്കുക എന്നതും, ലൈംഗികബന്ധം തുടരുന്ന സമയമത്രയും അത് ഓർമ്മയിൽ വരാതിരിക്കുകയും ചെയ്യുക എന്നത് സംഭവിക്കാൻ ഏറെ വിരളമായ കാര്യമാണ്. എന്നാൽ അഥവാ അങ്ങനെ സംഭവിച്ചു പോയെങ്കിൽ എന്തു ചെയ്യണം? വ്യത്യസ്ത അഭിപ്രായങ്ങൾ ഇക്കാര്യത്തിൽ പണ്ഡിതന്മാർക്കുണ്ട്.

മറന്നു കൊണ്ട് റമദാനിന്റെ പകലിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ അയാൾ നോമ്പ് ഖദ്വാഅ് (കടംവീട്ടൽ) വീട്ടണമെന്നും, കഫാറത് നൽകണമെന്നും ഒരു വിഭാഗം പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇമാം അഹ്മദ്, അത്വാഅ്, ഇബ്‌നു മാജിശൂൻ തുടങ്ങിയവരുടെ അഭിപ്രായം ഇപ്രകാരമാണ്. ഇബ്‌നു ഖുദാമ ഈ അഭിപ്രായമാണ് സ്വീകരിച്ചിട്ടുള്ളത്. ഇമാം മാലിക്, ഔസാഈ, ലയ്ഥ് തുടങ്ങിയവർ ഖദ്വാഅ് വീട്ടിയാൽ മതി, കഫാറത് നൽകേണ്ടതില്ല എന്ന അഭിപ്രായക്കാരാണ്. കാരണം തെറ്റ് ചെയ്തവർക്കാണ് കഫാറത്; മറന്നു കൊണ്ട് ചെയ്തവൻ തെറ്റുകാരനാണെന്ന് പറയുക സാധ്യമല്ല.

എന്നാൽ ഈ വിഷയത്തിലെ ശരിയായ അഭിപ്രായം അയാൾ ഖദ്വാഅ് വീട്ടുകയോ, കഫാറത് നൽകുകയോ ചെയ്യേണ്ടതില്ല എന്ന അഭിപ്രായമാണെന്നാണ് മനസ്സിലാകുന്നത്. ഇമാം അഹ്മദിൽ നിന്ന് ഈ അഭിപ്രായവും ചിലർ ഉദ്ധരിച്ചിട്ടുണ്ട്. മറന്നു കൊണ്ട് ചെയ്ത പ്രവർത്തനത്തിന് തെറ്റോ ശിക്ഷയോ ഇല്ല എന്നറിയിക്കുന്ന പൊതുതെളിവുകൾ ഈ അഭിപ്രായത്തിന്റെ അവലംബമാണ്.

عَنْ أَبِي ذَرٍّ الغِفَارِيِّ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «إِنَّ اللَّهَ قَدْ تَجَاوَزَ عَنْ أُمَّتِي الخَطَأَ، وَالنِّسْيَانَ، وَمَا اسْتُكْرِهُوا عَلَيْهِ»

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “തീർച്ചയായും അല്ലാഹു എനിക്കായി എന്റെ സമുദായത്തിന് അബദ്ധത്തിലും മറന്നു കൊണ്ടും സംഭവിക്കുന്ന കാര്യങ്ങളും, നിർബന്ധിതരായി ചെയ്യേണ്ടി വരുന്ന കാര്യങ്ങളും വിട്ടുപൊറുത്തു തന്നിരിക്കുന്നു.” (ഇബ്‌നു മാജ: 2044)

عَنْ أَبِي هُرَيْرَةَ عَنِ النَّبِيِّ -ﷺ- قَالَ: «إِذَا نَسِيَ فَأَكَلَ وَشَرِبَ، فَلْيُتِمَّ صَوْمَهُ، فَإِنَّمَا أَطْعَمَهُ اللَّهُ وَسَقَاهُ»

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ആരെങ്കിലും മറന്നു പോവുകയും, നോമ്പുകാരനായിരിക്കെ ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്താൽ അവൻ തന്റെ നോമ്പ് പൂർത്തീകരിക്കട്ടെ. തീർച്ചയായും അല്ലാഹുവാണ് അവനെ ഭക്ഷിപ്പിച്ചതും കുടിപ്പിച്ചതും.” (ബുഖാരി, മുസ്‌ലിം)

ഈ ഹദീഥിൽ ഭക്ഷണവും വെള്ളവും പരാമർശിച്ചത് പൊതുവെ നോമ്പ് തുറക്കാൻ ഉപയോഗിക്കപ്പെടുന്ന വഴി അതായതു കൊണ്ടാണ്. ഈ പറഞ്ഞതിൽ നിന്ന് നോമ്പ് മുറിയാൻ കാരണമാകുന്ന മറ്റു കാര്യങ്ങളും ഇതിൽ ഉൾപ്പെടും എന്ന് മനസ്സിലാക്കാം. വല്ലാഹു അഅ്ലം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

  • How come, as you know very well that you’re fasting. Pinna engine yane Marannu pokal

Leave a Comment