നോമ്പുകാരൻ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ അതോടെ അവന്റെ നോമ്പ് -വാജിബായ നോമ്പാണെങ്കിലും സുന്നത്തായ നോമ്പാണെങ്കിലും- മുറിഞ്ഞിരിക്കുന്നു. ഇനി റമദാനിന്റെ പകലിലാണ് ഇത് സംഭവിച്ചതെങ്കിൽ അവൻ ചെയ്തിരിക്കുന്നത് ഗുരുതരമായ തെറ്റാണ്. അവൻ നഷ്ടപ്പെട്ട ഈ നോമ്പ് നോറ്റുവീട്ടുകയും, അല്ലാഹുവിനോട് ആത്മാർഥമായി പശ്ചാത്തപിക്കുകയും, ഈ തെറ്റിനുള്ള കഫാറത് (പ്രായശ്ചിത്തം) ചെയ്യുകയും വേണം.

عَنْ أَبِي هُرَيْرَةَ قَالَ: بَيْنَمَا نَحْنُ جُلُوسٌ عِنْدَ النَّبِيِّ -ﷺ- إِذْ جَاءَهُ رَجُلٌ فَقَالَ: يَا رَسُولَ اللَّهِ هَلَكْتُ. قَالَ: «مَا لَكَ؟» قَالَ: وَقَعْتُ عَلَى امْرَأَتِي وَأَنَا صَائِمٌ، فَقَالَ رَسُولُ اللَّهِ ﷺ-: «هَلْ تَجِدُ رَقَبَةً تُعْتِقُهَا؟» قَالَ: لاَ، قَالَ: «فَهَلْ تَسْتَطِيعُ أَنْ تَصُومَ شَهْرَيْنِ مُتَتَابِعَيْنِ»، قَالَ: لاَ، فَقَالَ: «فَهَلْ تَجِدُ إِطْعَامَ سِتِّينَ مِسْكِينًا». قَالَ: لاَ، قَالَ: فَمَكَثَ النَّبِيُّ -ﷺ-، فَبَيْنَا نَحْنُ عَلَى ذَلِكَ أُتِيَ النَّبِيُّ -ﷺ- بِعَرَقٍ فِيهَا تَمْرٌ قَالَ: «أَيْنَ السَّائِلُ؟» فَقَالَ: أَنَا، قَالَ: «خُذْهَا، فَتَصَدَّقْ بِهِ» فَقَالَ الرَّجُلُ: أَعَلَى أَفْقَرَ مِنِّي يَا رَسُولَ اللَّهِ؟ فَوَاللَّهِ مَا بَيْنَ لاَبَتَيْهَا -يُرِيدُ الحَرَّتَيْنِ- أَهْلُ بَيْتٍ أَفْقَرُ مِنْ أَهْلِ بَيْتِي، فَضَحِكَ النَّبِيُّ -ﷺ- حَتَّى بَدَتْ أَنْيَابُهُ، ثُمَّ قَالَ: «أَطْعِمْهُ أَهْلَكَ»

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞങ്ങൾ നബി -ﷺ- യോടൊപ്പം ഇരിക്കവെ ഒരിക്കൽ ഒരാൾ അവിടുത്തെ അരികിൽ വന്നു. അയാൾ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേ! ഞാൻ നശിച്ചിരിക്കുന്നു!” നബി -ﷺ- ചോദിച്ചു: ‘നിനക്കെന്തു പറ്റി?” അയാൾ പറഞ്ഞു: ഞാൻ നോമ്പുകാരനായിരിക്കെ ഭാര്യയുമായി ബന്ധപ്പെട്ടു.” നബി -ﷺ- പറഞ്ഞു: “നിന്റെ അടുക്കൽ മോചിപ്പിക്കാൻ ഒരു അടിമയുണ്ടോ?” അയാൾ പറഞ്ഞു: ഇല്ല. അവിടുന്ന് ചോദിച്ചു: “നിനക്ക് രണ്ട് മാസം തുടർച്ചയായി നോമ്പനുഷ്ഠിക്കാൻ കഴിയുമോ?!” അയാൾ പറഞ്ഞു: ഇല്ല. അവിടുന്ന് ചോദിച്ചു: “നിനക്ക് അറുപത് ദരിദ്രർക്ക് ഭക്ഷണം നൽകാൻ കഴിയുമോ?” അയാൾ പറഞ്ഞു: ഇല്ല. അങ്ങനെ അയാൾ അവിടെ ഇരുന്നു. കുറച്ച് നേരം നബി -ﷺ- യുടെ അരികിൽ അയാൾ കഴിച്ചു കൂട്ടി. അങ്ങനെ നിൽക്കെ നബി -ﷺ- ക്ക് ഒരു കൊട്ടയിൽ ഈത്തപ്പഴം കൊണ്ട് വരപ്പെട്ടു. അവിടുന്ന് ചോദിച്ചു: (നേരത്തെ വന്ന) ചോദ്യകർത്താവ് എവിടെ?! അയാൾ പറഞ്ഞു: “ഇതാ.” നബി -ﷺ- പറഞ്ഞു: നീ ഇതെടുത്ത് ദാനം നൽകുക. അപ്പോൾ അയാൾ പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ! എന്നെക്കാൾ ദരിദ്രരായ ആളുകൾക്കോ?! മദീനയുടെ രണ്ട് ലാബതുകൾക്കിടയിൽ (ലാബത്: കല്ലുകൾ നിറഞ്ഞ പ്രദേശം; മദീനയുടെ അതിരുകളായിരുന്നു ഇവിടം.) എന്റെ വീട്ടുകാരെക്കാൾ ദരിദ്രരായ മറ്റൊരു വീടുമില്ല.” അപ്പോൾ നബി -ﷺ- അവിടുത്തെ അണപ്പല്ലുകൾ വെളിവാകും വരെ ചിരിച്ചു. എന്നിട്ട് അവിടുന്ന് പറഞ്ഞു: “അത് നിന്റെ വീട്ടുകാർക്ക് നൽകുക.” (ബുഖാരി: 1936, മുസ്‌ലിം: 1111)

ഈ ഹദീഥിൽ റമദാനിന്റെ പകലിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടവൻ ചെയ്യേണ്ട പ്രായശ്ചിത്തം എന്താണെന്ന് വിശദീകരിക്കപ്പെട്ടിരിക്കുന്നു. അവ ചുരുങ്ങിയ രൂപത്തിൽ താഴെ പറയാം.

ഒന്ന്: ഹദീഥിൽ നിർദേശിക്കപ്പെട്ട കഫാറത് നിർവ്വഹിക്കുക. കഫാറത് മൂന്ന് കാര്യങ്ങളാണ്. 1- അടിമയെ മോചിപ്പിക്കുക. 2- അടിമയെ മോചിപ്പിക്കാൻ സാധിക്കില്ലെങ്കിൽ രണ്ട് മാസം തുടർച്ചയായി നോമ്പ് അനുഷ്ഠിക്കുക. 3- ഈ പറഞ്ഞ രണ്ട് കാര്യവും സാധിക്കില്ലെങ്കിൽ 60 ദരിദ്രർക്ക് ഭക്ഷണം കൊടുക്കുക. ഇതിനൊന്നും സാധിക്കില്ലെങ്കിൽ അവന്റെ മേൽ ഈ പറഞ്ഞ കഫാറത് നിർബന്ധമാകില്ല.

രണ്ട്: റമദാനിന്റെ പകലിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ദിവസം ബാക്കിയുള്ള സമയം നോമ്പുകാരനെ പോലെ കഴിച്ചു കൂട്ടുക. കാരണമില്ലാതെ നോമ്പ് മുറിച്ചതിനാൽ അന്നേ ദിവസം നോമ്പ് ഉപേക്ഷിക്കാനോ, ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യാനോ അയാൾക്ക് അനുവാദമില്ല.

മൂന്ന്: നഷ്ടപ്പെട്ട നോമ്പിന് പകരമായി റമദാൻ കഴിഞ്ഞാൽ നോമ്പ് നോൽക്കുകയും, അത് ഖദാഅ് വീട്ടുകയും ചെയ്യുക. കഫാറത്തായി 2 മാസം തുടർച്ചയായി നോമ്പ് അനുഷ്ഠിച്ചതിന് പുറമെയായിരിക്കണം ഖദ്വാഇന്റെ ഈ നോമ്പ് എടുക്കേണ്ടത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

നാല്: അല്ലാഹുവിനോട് പശ്ചാത്താപം ചോദിക്കുകയും, ഇസ്തിഗ്ഫാർ അധികരിപ്പിക്കുകയും ചെയ്യുക. തനിക്ക് സംഭവിച്ചു പോയ തെറ്റിൽ ആത്മാർത്ഥമായി ഖേദിക്കുകയും, ഇനിയൊരിക്കലും അത് സംഭവിക്കില്ലെന്ന ഉറച്ച തീരുമാനം എടുക്കുകയും, അല്ലാഹുവിനോട് പാപമോചനം ചോദിക്കുകയും ചെയ്യുക.

മേൽ പറഞ്ഞ നാല് കാര്യങ്ങളും റമദാനിന്റെ പകലിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ഒരാൾ ചെയ്യേണ്ട കാര്യങ്ങളാണ്. അല്ലാഹു നാമേവരുടെയും തെറ്റുകൾ പൊറുത്തു നൽകുമാറാകട്ടെ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment