നോമ്പ്

ആര്‍ത്തവരക്തവും രക്തസ്രാവവും തമ്മില്‍ എങ്ങനെ വേര്‍തിരിച്ചറിയാം?

ഹയ്ദ്വിന്റെയോ നിഫാസിന്റെയോ രക്തമല്ലാത്ത, സ്ത്രീകള്‍ക്കുണ്ടാക്കുന്ന രക്തവാര്‍ച്ചക്ക് ഇസ്തിഹാദ്വത് എന്നാണ് അറബിയില്‍ പറയുക. ചില സ്ത്രീകള്‍ക്ക് ഹയ്ദ്വിന്റെ സമയം അവസാനിച്ചാലും രക്തം വരുന്നത് നില്‍ക്കണമെന്നില്ല. പലപ്പോഴും ഇത് ഇസ്തിഹാദ്വതിന്റെ രക്തമാകാറുണ്ട്. ചിലപ്പോള്‍ ഹയ്ദ്വ് കുറച്ച് നീണ്ടു പോയതുമായേകാം. ഹയ്ദ്വും ഇസ്തിഹാദ്വതും വേര്‍തിരിച്ചറിയാന്‍ മൂന്ന് അടയാളങ്ങളുണ്ട്. അവ താഴെ വിശദീകരിക്കാം.

ഒന്ന്: ഹയ്ദ്വിന്റെ രക്തം മോശം മണം ഉള്ളതായിരിക്കും. സ്ത്രീകള്‍ക്ക് അത് തിരിച്ചറിയാന്‍ കഴിയും. എന്നാല്‍ ഇസ്തിഹാദ്വതിന്റെ രക്തത്തിന് പ്രത്യേകിച്ച് മോശം മണം ഉണ്ടാകില്ല.

രണ്ട്: ഹയ്ദ്വിന്റെ രക്തം കട്ടിയുള്ളതായിരിക്കും. ഇസ്തിഹാദ്വതിന്റെ രക്തം കട്ടി കുറവും, ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായാല്‍ പുറത്തു വരുന്ന രക്തത്തോട് സാദൃശ്യമുള്ളതുമായിരിക്കും.

മൂന്ന്: ഹയ്ദ്വിന്റെ രക്തം ഏറെക്കുറെ കറുപ്പ് നിറത്തോട് അടുത്തു നില്‍ക്കുന്നതായിരിക്കും. എന്നാല്‍ ഇസ്തിഹാദ്വതിന്റെ രക്തം ചുവപ്പ് നിറത്തോട് അടുത്ത് നില്‍ക്കുന്നതായിരിക്കും.

ഇസ്തിഹാദ്വതിന്റെ സന്ദര്‍ഭത്തില്‍ സ്ത്രീകള്‍ ഹയ്ദ്വിന്റെയും നിഫാസിന്റെയും നിയമങ്ങള്‍ പാലിക്കേണ്ടതില്ല. മറിച്ച്, അവള്‍ക്ക് നിസ്കരിക്കുകയും, നോമ്പെടുക്കുകയും, ഭര്‍ത്താവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയുമൊക്കെ ചെയ്യാം. എന്നാല്‍ നിസ്കരിക്കുന്ന വേളയില്‍ ഓരോ നിസ്കാരത്തിന് മുന്‍പും രക്തം വരുന്ന ഭാഗം വൃത്തിയാക്കുകയും, വസ്ത്രത്തില്‍ രക്തം പുരണ്ടിട്ടുണ്ടെങ്കില്‍ അത് കഴുകിക്കളയുകയും, ശേഷം വുദുവെടുക്കുകയും ചെയ്യണം. തുടര്‍ച്ചയായി വുദു നഷ്ടപ്പെടുന്ന -മൂത്രവാര്‍ച്ച, ധാരാളമായി കീഴ്ശ്വാസം പോയിക്കൊണ്ടിരിക്കുക പോലുള്ള- രോഗങ്ങള്‍ ബാധിച്ചവരോടാണ് ഇവര്‍ക്ക് സാദൃശ്യമുള്ളത്. ഇസ്തിഹാദ്വത് ബാധിച്ച സ്ത്രീകളുടെ നോമ്പില്‍ യാതൊരു സ്വാധീനവും അതിന് ഇല്ല. മറിച്ച്, സാധാരണ ദിവസങ്ങള്‍ പോലെ തന്നെയാണ് ഇസ്തിഹാദ്വതിന്റെ ദിവസങ്ങളിലും അവള്‍ നോമ്പ് അനുഷ്ഠിക്കേണ്ടത്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: