നോമ്പ്

നോമ്പ് സ്വീകരിക്കപ്പെടാനുള്ള നിബന്ധനകള്‍ എന്തെല്ലാമാണ്?

നോമ്പ് സ്വീകരിക്കപ്പെടാന്‍ മൂന്ന് നിബന്ധനകള്‍ ഉണ്ട്. അവ താഴെ പറയാം.

ഒന്ന്: ഇസ്ലാം.

നോമ്പ് നോല്‍ക്കുന്ന വ്യക്തി മുസ്ലിമായിരിക്കണം എന്നത് സ്വീകാര്യമായ നോമ്പിന്റെ ഒന്നാമത്തെ നിബന്ധനയാണ്. മുസ്ലിമല്ലാത്ത ഒരാളില്‍ നിന്ന് അല്ലാഹു -تَعَالَى- നോമ്പോ മറ്റു കര്‍മ്മങ്ങളോ സ്വീകരിക്കുകയില്ല. അപ്പോള്‍ വേദക്കാരില്‍ നിന്നോ മുശ്രിക്കുകളില്‍ നിന്നോ നിരീശ്വരവാദികളില്‍ നിന്നോ ഒന്നും അല്ലാഹു -تَعَالَى- നോമ്പ് സ്വീകരിക്കുകയില്ല എന്നും, അതവര്‍ക്ക് നാളെ പരലോകത്ത് ഉപകാരപ്പെടുകയില്ല എന്നും മനസ്സിലാക്കാം.

രണ്ട്: ബുദ്ധി.

ബുദ്ധി ഉള്ളവരില്‍ നിന്നേ അല്ലാഹു -تَعَالَى- എന്തൊരു കര്‍മ്മവും സ്വീകരിക്കുകയുള്ളൂ. കാരണം അവര്‍ക്ക് മാത്രമേ തങ്ങളുടെ പ്രവര്‍ത്തനത്തില്‍ ലക്ഷ്യവും ഉദ്ദേശവും ഉണ്ടാവുകയുള്ളൂ. അതു കൊണ്ട് തന്നെ ഇസ്ലാമിലെ ബഹുഭൂരിപക്ഷം നിയമങ്ങളും ബുദ്ധിയില്ലാത്ത -ഭ്രാന്തുള്ള- വ്യക്തികളുടെ മേല്‍ നിര്‍ബന്ധമില്ല. അവര്‍ ചെയ്യുന്ന നന്മകള്‍ക്ക് പ്രതിഫലമോ, തിന്മകള്‍ക്ക് ശിക്ഷയോ ഇല്ല. കാരണം അതൊന്നും അവര്‍ ഉദ്ദേശിച്ചു കൊണ്ട് ചെയ്യുന്നതല്ല.

മൂന്ന്: നിയ്യത്.

ഇസ്ലാമില്‍ ഏതൊരു കര്‍മ്മവും സ്വീകരിക്കാന്‍ നിയ്യത് ഉണ്ടായിരിക്കണം. നിയ്യത് എന്നാല്‍ ഉദ്ദേശം എന്നാണ് അര്‍ഥം. നോമ്പിന്റെ നിയ്യത്ത് നോമ്പ് ആരംഭിക്കുന്നതിന് മുന്‍പ് -രാത്രിയില്‍- വെക്കേണ്ടതുണ്ട്. നിയ്യത് ചൊല്ലി പറയുക എന്നത് തീര്‍ത്തും ഒഴിവാക്കേണ്ട നിഷിദ്ധമായ ബിദ്അതാണ്.

ഈ പറഞ്ഞ നിബന്ധനകള്‍ എല്ലാം പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരു പോലെയാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് മാത്രമായി നാലാമതൊരു നിബന്ധന കൂടി ഉണ്ട്.

[നാല്:] ഹയ്ദ്വ്, നിഫാസ് എന്നിവ ഇല്ലാതിരിക്കുക.

ആര്‍ത്തവ രക്തത്തിനാണ് ഹയ്ദ്വ് എന്നു പറയുക. പ്രസവശേഷം ഉണ്ടാകുന്ന രക്തത്തിനാണ് നിഫാസ് എന്നു പറയുക. ഇവ ഉള്ള സമയത്ത് സ്ത്രീകള്‍ നോമ്പ് നോല്‍ക്കേണ്ടതില്ല. എന്നാല്‍ ഹയ്ദ്വില്‍ നിന്നോ നിഫാസില്‍ നിന്നോ ശുദ്ധിയായാല്‍ അവര്‍ നഷ്ടപ്പെട്ട നോമ്പുകള്‍ എടുത്തു വീട്ടേണ്ടതുണ്ട്.

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Leave a Comment