നോമ്പ്

അത്താഴത്തിനും നോമ്പ് തുറക്കും ഭക്ഷണം അധികരിപ്പിക്കുന്നതിന്റെ വിധി എന്താണ്?

നോമ്പ് ശാരീരികമായ അനേകം ഗുണങ്ങളും നന്മകളും നിശ്ചയിക്കപ്പെട്ട ഇബാദതുകളില്‍ ഒന്നാണ്. എന്നാല്‍ ഇന്ന് പലരുടെയും ഭക്ഷണരീതി നോമ്പിന്റെ ഈ ഫലങ്ങളെ നശിപ്പിക്കുന്നതും, ഇബാദതുകള്‍ക്കുള്ള ശേഷിയും താല്‍പര്യവും തകര്‍ക്കുന്നതുമായ തരത്തിലാണ്. ഇത് തീര്‍ത്തും ഒഴിവാക്കപ്പെടേണ്ടതാണ്.

قَالَ الأَعْمَشُ رَحِمَهُ اللَّهُ: «مَنْ مَلَكَ بَطْنَهُ، مَلَكَ الأَعْمَالَ الصَّالِحَةَ كُلَّهَا»

ഇമാം അഅമശ് (رَحِمَهُ اللَّهُ) പറഞ്ഞു: “ആര്‍ക്കെങ്കിലും തന്റെ ആമാശയം അധീനപ്പെടുത്താന്‍ കഴിഞ്ഞാല്‍ അവന് എല്ലാ നന്മകളെയും അധീനപ്പെടുത്താന്‍ കഴിയും.”

മാത്രമല്ല, നോമ്പിന്റെ ലക്ഷ്യങ്ങളിലൊന്ന് ദരിദ്രരും പാവപ്പെട്ടവരുമായ ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങളെ കുറിച്ചും ദുരിതങ്ങളെ കുറിച്ചും ഓര്‍മ്മിക്കാന്‍ ഒരു അവസരം സ്വന്തം ജീവിതത്തില്‍ ഉണ്ടാവുക എന്നത് കൂടിയാണ്. ധാരാളമായി ഭക്ഷണം കഴിക്കുക എന്നത് നോമ്പിന്റെ ഈ പറഞ്ഞ ലക്ഷ്യത്തെയും അവതാളത്തിലാക്കും. നോമ്പ് തുറക്കുമ്പോള്‍ നബി -ﷺ- യുടെ സുന്നത്ത് നോക്കൂ:

عن أَنَسِ بْنِ مَالِكٍ يَقُولُ «كَانَ رَسُولُ اللَّهِ -ﷺ- يُفْطِرُ عَلَى رُطَبَاتٍ قَبْلَ أَنْ يُصَلِّىَ فَإِنْ لَمْ تَكُنْ رُطَبَاتٌ فَعَلَى تَمَرَاتٍ فَإِنْ لَمْ تَكُنْ حَسَا حَسَوَاتٍ مِنْ مَاءٍ»

അനസ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: “നബി -ﷺ- നിസ്കാരത്തിന് മുന്‍പ് നോമ്പ് തുറക്കാറുണ്ടായിരുന്നത് കാരക്ക കൊണ്ടായിരുന്നു. കാരക്ക ഇല്ലെങ്കില്‍ ഈത്തപ്പഴം കൊണ്ട്. ഈത്തപ്പഴമില്ലെങ്കില്‍ ഒരിറക്ക് വെള്ളം കുടിച്ച് കൊണ്ട്.” (അബൂദാവൂദ്:2356, തിര്‍മിദി:696, അല്‍ബാനി സ്വഹീഹ് എന്ന് വിലയിരുത്തി)

എത്ര ലളിതമായിരുന്നു നബി -ﷺ- യുടെ നോമ്പ്തുറ എന്നു നോക്കൂ! ഇതില്‍ നോമ്പ്തുറയും അത്താഴവുമെല്ലാം മിതപ്പെടുത്തണമെന്ന സന്ദേശം അടങ്ങിയിട്ടുണ്ട് എന്നതില്‍ സംശയമില്ല. അല്ലാഹു നമുക്കേവര്‍ക്കും തൌഫീഖ് നല്‍കട്ടെ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: