നോമ്പ്

അത്താഴം കഴിച്ചു കൊണ്ടിരിക്കെ ബാങ്ക് കൊടുക്കുന്നത് കേട്ടാല്‍ എന്തു ചെയ്യണം?

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - പ്രചരിപ്പിക്കുക:

അത്താഴം വൈകിപ്പിക്കുന്നത് സുന്നത്താണ് എന്ന കാര്യം നബി -ﷺ- യുടെ ഹദീസുകളില്‍ സ്ഥിരപ്പെട്ട കാര്യമാണ്. എന്നാല്‍ അത്താഴം കഴിക്കുന്ന കാര്യത്തില്‍ അലസത കാണിക്കാം എന്ന് ഈ പറഞ്ഞതിന് അര്‍ത്ഥമില്ല. സുബഹ് ബാങ്ക് കൊടുക്കുന്നതിന് മുന്‍പ് ആവശ്യമുള്ളത്ര ഭക്ഷണം കഴിക്കാന്‍ സാധിക്കുന്ന രൂപത്തില്‍ അത്താഴത്തിന് വേണ്ടി എഴുന്നേല്‍ക്കണം. ഇനി അബദ്ധവശാല്‍ കുറച്ച് വൈകി എഴുന്നേല്‍ക്കുകയും, ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ, വേണ്ടത്ര ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് ബാങ്ക് കൊടുക്കുകയുമാണെങ്കില്‍ ഭക്ഷണം കഴിക്കുന്നത് പൊടുന്നനെ നിര്‍ത്തി വെക്കേണ്ടതുമില്ല.

عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: « إِذَا سَمِعَ أَحَدُكُمْ النِّدَاءَ وَالإِنَاءُ عَلَى يَدِهِ فَلَا يَضَعَهُ حَتَّى يَقْضِي حَاجَتَهُ مِنْهُ »

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “തന്‍റെ കയ്യില്‍ ഭക്ഷണപാത്രമിരിക്കെ ബാങ്ക് വിളിക്കുന്നത് കേട്ടു കഴിഞ്ഞാല്‍ തന്‍റെ ആവശ്യം കഴിയുന്നത് വരെ പാത്രം താഴെ വെക്കേണ്ടതില്ല.” (അബൂ ദാവൂദ്:2350, അഹ്മദ്:1029, അല്‍ബാനി സ്വഹീഹ് എന്ന് വിലയിരുത്തി)

അതേ സമയം അത്താഴം കഴിക്കുന്നത് അവസാനിപ്പിക്കുന്നതില്‍ തീര്‍ത്തും അശ്രദ്ധ കാണിക്കാമെന്ന് ആരും ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടതില്ല. സുബഹ് ബാങ്ക് കൊടുക്കുന്നത് കേട്ടു കഴിഞ്ഞാലും, -ഭക്ഷണം ആവശ്യത്തിന് കഴിച്ചിട്ടുണ്ടെങ്കില്‍ കൂടി- ചിലര്‍ ഭക്ഷണം ‘കൊറിച്ചിരിക്കുന്നത്’ കാണാം. ബാങ്ക് അവസാനിക്കുന്നത് വരെ ഭക്ഷണം കഴിക്കുന്ന വേറെ ചിലരുണ്ട്. ഇതെല്ലാം ചിലപ്പോള്‍ നോമ്പ് നിഷ്ഫലമാകാന്‍ വരെ കാരണമായേക്കും എന്ന് മനസ്സിലാക്കേണ്ടതുണ്ട്. (അല്‍മിന്‍ദാര്‍ – സ്വാലിഹ് ആലുശ്ശൈഖ്: 83-84)

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Leave a Reply

error:
%d bloggers like this: