നികാഹ്

വിവാഹം സാധ്യമായിട്ടും ഒഴിവാക്കുന്നത് ശരിയാണോ?

ചോദ്യം: വിവാഹം കഴിക്കുന്നതിനുള്ള ചിലവ് വഹിക്കാന്‍ സാധിക്കുന്ന, സ്ത്രീയെ പോറ്റാനുള്ള ശക്തിയും കഴിവുമുള്ളവര്‍ക്ക് വിവാഹം ഒഴിവാക്കുന്നത് അനുവദനീയമാകുമോ? കാരണം എന്റെ ഒരു കൂട്ടുകാരന്‍ ഇതേ അവസ്ഥയിലാണ്. എന്നാല്‍ അയാള്‍ പല തരം ന്യായങ്ങള്‍ നിരത്തി വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണ്.

കുറെ മക്കളുണ്ടായി പിന്നീട് അവരെ കൊണ്ട് പ്രയാസം സഹിക്കാന്‍ എനിക്ക് കഴിയില്ലെന്നും, കല്ല്യാണം കഴിക്കാനുള്ള പ്രായമൊക്കെ കഴിഞ്ഞു എന്നുമെല്ലാമാണ് അയാള്‍ പറയുന്നത്. ഇയാളുടെ മാതാവാകട്ടെ; മകന്‍ കല്ല്യാണം കഴിക്കണമെന്ന് വളരെ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്.


ഉത്തരം: വിവാഹം ഇസ്ലാമില്‍ അനുവദിക്കപ്പെട്ട കാര്യമാണ്. മുഹമ്മദ്‌ നബി -ﷺ- യുടെ ഉമ്മത്തിന് വര്‍ദ്ധനവ് ഉണ്ടാവുകയെന്നതാകട്ടെ; പ്രോത്സാഹിക്കപ്പെട്ടതുമാണ്.

വിവാഹത്തിന്റെ ഇസ്ലാമിക വിധിയാകട്ടെ; സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെടുകയും ചെയ്യും. ഉദാഹരണത്തിന്; ആരെങ്കില്‍ വിവാഹം ഒഴിവാക്കുന്നത് കൊണ്ട് താന്‍ തിന്മയില്‍ വീണു പോകുമെന്നും, വൃത്തികേടുകളില്‍ ആപതിക്കുമെന്നും ഭയക്കുന്നെങ്കില്‍ അവനെ സംബന്ധിച്ചിടത്തോളം വിവാഹം കഴിക്കല്‍ -സാധിക്കുമെങ്കില്‍- നിര്‍ബന്ധമാണ്‌. പൊതുവേ ഇസ്ലാമിക കര്‍മ്മശാസ്ത്ര പണ്ഡിതന്മാരുടെയെല്ലാം അഭിപ്രായം ഇതാണ്.

കാരണം, സ്വന്തം ശരീരത്തെ തിന്മകളില്‍ നിന്ന് സംരക്ഷിക്കുക എന്നത് നിര്‍ബന്ധമാണ്‌. അതിനുള്ള വഴികളില്‍ ഒന്നാണ് വിവാഹം. ഇത്തരം സാഹചര്യങ്ങളില്‍ വിവാഹം കഴിക്കല്‍ ഹജ്ജ് നിര്‍വ്വഹിക്കുന്നതിനേക്കാള്‍ നിര്‍ബന്ധമുള്ളതാണ്. എന്നാല്‍ സ്വയം തിന്മകളില്‍ നിന്ന് വിട്ടു നിര്‍ത്താന്‍ സാധിക്കുമെന്നതാണ് അവന്റെ അവസ്ഥയെങ്കില്‍ വിവാഹം അവന് സുന്നത്താണ്.

അതിനാല്‍; ചോദ്യത്തില്‍ പരാമര്‍ശിക്കപ്പെട്ട വ്യക്തിയോട് പറയാനുള്ളത്:

താങ്കള്‍ അല്ലാഹുവിനോട് സഹായം തേടിക്കൊണ്ട് മുന്നോട്ടു പോവുക. സല്‍സ്വഭാവിയായ ഒരു സ്ത്രീയെ അന്വേഷിക്കുകയും, അവരെ കല്ല്യാണം കഴിക്കുകയും ചെയ്യുക. അത് താങ്കളെയും അവളെയും തിന്മകളില്‍ നിന്ന് സുരക്ഷിതമാക്കും. മാത്രമല്ല, വിവാഹത്തില്‍ ധാരാളം നന്മകള്‍ വേറെയും ഉണ്ട് താനും.

എന്നാല്‍, കുട്ടികള്‍ ഉണ്ടാകുകയും അവരെ കൊണ്ട് ദുനിയാവില്‍ ശിക്ഷിക്കപ്പെടും എന്നും ന്യായം പറഞ്ഞു കൊണ്ട് വിവാഹം ഒഴിവാക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. യഥാര്‍ത്ഥത്തില്‍ ഇത്തരം ചിന്തകള്‍ ഒരു മുസ്ലിമിന്റെ മനസ്സില്‍ തോന്നാനേ പാടില്ല. പിന്നെങ്ങനെയാണ് അതിന്റെ അടിസ്ഥാനത്തില്‍ അവന്‍ മതപരമായ നിയമങ്ങള്‍ നിശ്ചയിക്കുക?!

(ലജ്നതുദ്ദാഇമ: 2/16895)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: