ചെറുകുറിപ്പുകള്‍

ഏറ്റവും വലിയ നിധി..!

മുജീബ് ബ്നു മൂസ അൽ അസ്ബഹാനി -رَحِمَهُ اللَّهُ- പറഞ്ഞു: “ഞാൻ സുഫ്‌യാനു സൗരി-رَحِمَهُ اللَّهُ-യുടെ കൂടെ മക്കയിലേക്കുള്ള യാത്രയിലായിരുന്നു. സുഫ്‌യാനു സൗരി ധാരാളമായി കരയുന്നുണ്ടായിരുന്നു.

ഞാൻ അദ്ദേഹത്തോട് ചോദിച്ചു: “അല്ലയോ അബൂ അബ്ദില്ലാഹ്..! താങ്കളുടെ തിന്മയെ കുറിച്ച് ഭയന്നത് കൊണ്ടാണോ ഇങ്ങനെ കരയുന്നത്…?

അപ്പോൾ അദ്ദേഹം തന്റെ വാഹനപ്പുറത്ത് തൂക്കി വെച്ചിരുന്ന ഒരു മരക്കഷ്ണം എടുത്ത് വലിച്ചെറിഞ്ഞു. എന്നിട്ടദ്ദേഹം പറഞ്ഞു: “എന്റെ തിന്മകൾ ഈ (മരക്കഷ്ണത്തെക്കാള്‍) എനിക്ക് നിസ്സാരമാണ്. എന്നാൽ ഞാന്‍ ഭയക്കുന്നത് തൗഹീദ് എന്നിൽ നിന്ന് ഊരിയെടുക്കപ്പെടുമോ എന്ന് മാത്രമാണ്.” (അഖ്ബാറു അസ്വ്ബഹാന്‍: 1923)

തൗഹീദ് (ഹിദായത്ത്) എന്നത് ദുന്‍യാവിലെ മറ്റെല്ലാതിനേക്കാളും ഏറ്റവും വിലയേറിയ നിധിയാണ്‌. ഈ ദുനിയാവിലെ നിധികളുടെയും സമ്പത്തിന്റെയും ആളുകൾ ആ നിധികൾ നഷ്ടപ്പെടുന്നതും ഇല്ലാതായിപോവുന്നതും ഭയക്കുന്നവരാണ്. എന്നാൽ തൗഹീദിന്റെ വക്താക്കൾക്ക് അവരുടെ തൗഹീദിന്റെ കാര്യത്തിലുള്ള ഭയം ഈ പറഞ്ഞ നിധികളോ സമ്പത്തുകളോ നഷ്ടപ്പെടുന്നതിനേക്കാൾ എത്രയോ വലുതാണ്.

നാട്ടില്‍ കൊള്ളയും തട്ടിപ്പും വര്‍ദ്ധിക്കുമ്പോള്‍ ദുനിയാവിലെ പ്രമാണിമാരുടെ ഭയവും പേടിയും വര്‍ദ്ധിക്കും. എന്നാൽ തൗഹീദിന്റെ വക്താക്കൾ ഫിത്‌നകളും പ്രശ്നങ്ങളും വര്‍ദ്ധിക്കുമ്പോള്‍ തങ്ങളുടെ തൗഹീദ് ഊരിയെടുക്കപ്പെടുകയും, നഷ്ടപ്പെട്ടു പോവുകയും, അങ്ങനെ താൻ മനസിലാക്കിയ ഹഖ്‌ഖിൽ നിന്ന് അകന്നു പോവുമോ എന്നും കൂടുതലായി ഭയന്നു കൊണ്ടിരിക്കും.

അല്ലാഹുവിൽ അഭയം!

മുൻഗാമികളിൽപ്പെട്ട മഹാനായ ഒരു പണ്ഡിതന്റെ ചരിത്രമാണ് നാം മേലെ വായിച്ചത്.

ഈ ഉമ്മത്തിലെ നന്മയുടെ ആളുകൾ -ഇമാമീങ്ങൾ- ധാരാളം ജീവിച്ച കാലത്താണ് അവരിൽപ്പെട്ട ഒരാൾ ഇപ്രകാരം പറഞ്ഞത്! എങ്കിൽ നാം എന്ത് മാത്രം ഭയപ്പെടണം -പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ-!?

സര്‍വ്വ മേഖലകളിലും ഫിത്‌നകൾ വ്യാപകമായികൊണ്ടിരിക്കുന്ന അവസ്ഥയിലാണ് നാം ഇന്ന് ജീവിച്ചു കൊണ്ടിരിക്കുന്നത്. ഫിത്‌നകൾ പല രൂപത്തിലാണ് വന്നു കൊണ്ടിരിക്കുന്നത്.

എന്നാൽ -സുബ്ഹാനല്ലാഹ്- ജനങ്ങളുടെ കാര്യം അത്ഭുതം തന്നെ!

എല്ലാ ഫിത്‌നകൾക്കും ബിദ്അത്തുകാര്‍ക്ക് മുന്‍പിലും കണ്ണും കാതും വെച്ച് കൊടുക്കുക എന്നത് അവര്‍ക്ക് ഒരു പ്രയാസവുമില്ലാത്ത അവസ്ഥയായി മാറിയിരിക്കുന്നു.

അല്ലാഹു നല്‍കിയ ഹിദായത്ത് വെച്ചാണ് നീ പരീക്ഷണം നടത്തുന്നത് എന്ന കാര്യം നീ മറന്നു പോയോ?

അതല്ല തനിക്ക് ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യമായ ഹിദായത്ത് എന്നത് നിസ്സാരവല്‍ക്കരിക്കപ്പെടാവുന്ന ഒന്നായാണോ നീ മനസ്സിലാക്കുന്നത്?

രണ്ടായാലും അപകടം തന്നെ!

അല്ലാഹു തന്ന അനുഗ്രഹങ്ങളിൽ വളരെ വലിയ അനുഗ്രഹങ്ങളാണ് ‘കണ്ണും കാതും ഹൃദയവും’. അതിനെക്കുറിച്ച്‌ നാളെ റബ്ബിന്റെ മുന്നിൽ മറുപടി പറയേണ്ടതാണ് എന്ന കാര്യം നീ മറന്നു പോവരുത്.

അല്ലാഹു പറഞ്ഞു:

وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ ۚ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَٰئِكَ كَانَ عَنْهُ مَسْئُولًا

“നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്‍റെയും പിന്നാലെ നീ പോകരുത്‌. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്‌.” (ഇസ്റാഅ: 36)

നമ്മളോരോരുത്തരും സ്വന്തത്തിന്റെ തിന്മകളെക്കുറിച്ച് ചിന്തിച്ചാൽ തന്നെ വർഷങ്ങളോളം കരഞ്ഞു തീർക്കാൻ മാത്രമുണ്ടാവും.

തിന്മകൾ ജീവിതത്തിലില്ലാത്ത ആരാണുള്ളത്?

അതോടൊപ്പം തൗഹീദിൽ നിന്ന് തെറ്റിപ്പോവുമോ എന്ന ഭയം കൂടി ഉണ്ടെങ്കിൽ കാര്യത്തിന്റെ ഗൗരവം എന്തു മാത്രം വലുതാണ്!

എവിടെയാണ് -മുസ്ലിമേ!- വെറുതെ പാഴാക്കിക്കളയാൻ നമുക്ക് സമയം?

ഇന്നോ നാളെയോ -എപ്പോഴാണ്, എവിടെ വെച്ചാണ്- മരണം നമ്മെ ഓരോത്തരെയും തേടിയെത്തുക എന്ന ഭയത്തില്‍ നിലകൊള്ളുന്ന നമുക്ക് പാഴാക്കിക്കളയാൻ സമയം ബാക്കിയുണ്ടോ?

ഒരു കവി പാടിയത് പോലെ:

تَزَوَّدْ مِنَ التَّقْوَى فَإِنَّكَ لَا تَدْرِي

إِذَا جَنَّ لَيْلٌ هَلْ تَعِيشُ إِلَى الفَجْرِ

“നീ തഖ്‌വ നേടിക്കൊള്ളുക; നിനക്കറിയില്ല നാളെ പകലിൽ നീ ബാക്കിയാവുമോ എന്നത്.”

فَكَمْ مِنْ عَرُوسٍ زَيَّنُوهَا لِزَوْجِهَا

وَقَدْ قُبِضَتْ أَرْوَاحُهُمْ لَيْلَةَ القَدْرِ

“എത്രയെത്ര മണവാട്ടിമാരാണ് മണവാളന്മാർക്ക് വേണ്ടി അണിയിച്ചൊരുരുക്കപ്പെട്ടത്. എന്നാൽ ആ രാത്രിക്ക് മുമ്പ് അവരുടെ ആത്മാവ് പിടിക്കപ്പെട്ടു.”

وَكَمْ مِنْ صِغَارٍ يُرْتَجَى طُولُ عُمْرِهِمْ

وَقَدْ أُدْخِلَتْ أَرْوَاحُهُمْ ظُلْمَةَ القَبْرِ

“എത്രയെത്ര ചെറിയ കുട്ടികള്‍; എത്രയോ വയസ്സ് അവര്‍ ജീവിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടു. എന്നാല്‍ അവരുടെ ആത്മാവുകള്‍ ഖബറിന്റെ ഇരുട്ടുകളില്‍ പ്രവേശിക്കപ്പെട്ടിരിക്കുന്നു!”

وَكَمْ مِنْ صَحِيحٍ مَاتَ مِنْ غَيْرِ عِلَّةٍ

وَكَمْ مِنْ سَقِيمٍ عَاشَ حِينًا مِنَ الدَّهْرِ

“എത്രയെത്ര അരോഗ ദൃഢഗാത്രരായ ആളുകളാണ് ഒരു കാരണവുമില്ലാതെ മരിച്ചു പോവുന്നത്? എന്നാൽ എത്രയോ രോഗികളായ ആളുകൾ ധാരാളം കാലം ജീവിച്ചിരിക്കുന്നു.

وَكَمْ مِنْ فَتًى أَمْسَى وَأَصْبَحَ ضَاحِكاً

وَقَدْ نُسِجَتْ أَكْفَانُهُ وَهُوَ لَا يَدْرِي

എത്രയെത യുവാക്കളാണ് ചിരിച്ചു കൊണ്ട് പ്രഭാതത്തിലും പ്രദോഷത്തിലും പ്രവേശിച്ചത്. എന്നാൽ അവർക്കുള്ള കഫൻ തുണി തയ്യാറാക്കപ്പെട്ടിട്ടുണ്ട് എന്നത് അവർ അറിയുന്നില്ല.”

وَكَمْ سَاكِنٍ عِنْدَ الصَّبَاحِ بِقَصْرِهِ

وَعِنْدَ المَسَاءِ قَدْ كَانَ مِنْ سَاكِنِ القَبْرِ

“കൊട്ടാരങ്ങളില്‍ പകല്‍ ചിലവഴിച്ച എത്രയെത്ര പേര്‍! വൈകുന്നേരം അവന്‍ ഖബറിലെ അന്തേവാസിയായി മാറിയിരിക്കുന്നു!”

فَدَاوِمْ عَلَى تَقْوَى الإِلَهِ فَإِنَّهَا

أَمَانٌ مِنَ الأَهْوَالِ فِي مَوْقِفِ الحَشْرِ

“നീ തഖ്വയില്‍ സ്ഥിരതയോടെ നിലകൊള്ളുക. മഹ്ശറിലെ ഭയപ്പാടുകളില്‍ അത് നിനക്ക് നിര്‍ഭയത്വമായിരിക്കും.”

അതിനാല്‍ -സഹോദരാ!- ഇസ്ലാം എന്ന പവിത്രമായ ഈ ദീൻ ഉൾകൊള്ളാൻ ഭാഗ്യം കിട്ടിയതിൽ നാം അല്ലാഹുവിനെ എത്ര സ്തുതിച്ചാലും മതിയാവുകയില്ല. ഒരു അടിസ്ഥാനവുമില്ലാത്ത, എന്തിന്റെ മുമ്പിലും സുജൂദ് ചെയ്യുന്ന, തന്നെ പോലുള്ള മനുഷ്യരോടും സൃഷ്ടികളോടും, ഒരു ഉപകാരവും ചെയ്യാൻ സാധിക്കാത്ത കല്ലുകളോടും മൃഗങ്ങളോടും വരെ തന്റെ ആവശ്യങ്ങളും ആവലാതികളും ബോധിപ്പിക്കേണ്ടി വരുന്ന അവസ്ഥയെക്കുറിച്ച് ഒന്നാലോചിച്ചു നോക്കിയാൽ നമുക്ക് ലഭിച്ച അനുഗ്രഹം എന്തു മാത്രം വലുതാണ് എന്ന് മനസ്സിലാവും.

ആകാശഭൂമിളുടെ സൃഷ്ടാവായ റബ്ബുൽ ആലമീനായ അല്ലാഹുവിന്റെ അടിമയാണ് നീ!

-മുസ്ലിമേ!-; ഇതിനേക്കാൾ വലിയ ഒരു അഭിമാനം നിനക്ക് മറ്റെന്താണുള്ളത്?

ആ റബ്ബിനെ പോലെ മറ്റാരാണുള്ളത്?

സുബ്ഹാനല്ലാഹ്!

അപ്പോൾ പിന്നെ ആ റബ്ബിന്റെ ദീനിൽ നിന്ന് തെറ്റിപ്പോവുക എന്നത് നിസ്സാരമായ കാര്യമാണോ?

ഒരിക്കലുമല്ല.

അതു കൊണ്ടല്ലേ ഓരോ മുസ്ലിമും എല്ലാ ദിവസവും സൂറത്തുൽ ഫാതിഹയിൽ ആവർത്തിച്ചാവർത്തിച്ച് അല്ലാഹുവിനോട് ആ ഹിദായത്ത് നിലനിർത്തിത്തരാൻ ചോദിച്ചു കൊണ്ടിരിക്കുന്നത്. എന്താണ് അതിന്റെ പിന്നിലെ രഹസ്യം എന്ന് ആലോചിച്ചു നോക്കിയാൽ അത്ഭുതം തോന്നിപ്പോവും. അതോടൊപ്പം ഭയവും!

ലോകത്തിലെ ഏറ്റവും ഉൽകൃഷ്ടനായ അല്ലാഹുവിന്റെ റസൂൽ -ﷺ- പോലും അല്ലാഹുവിനോട് ധാരാളം ദുആ ചെയ്‍തത് ഇപ്രകാരമായിരുന്നു:

اللهم يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ

“ഹൃദയങ്ങൾ മാറ്റി മറിക്കുന്ന അല്ലാഹുവേ! എന്റെ ഹൃദയത്തെ നീ നിന്റെ ദീനിൽ ഉറപ്പിച്ചു നിർത്തണേ.”

നോക്കൂ!

അല്ലാഹുവിന്റെ റസൂലിന്റെ ദുആ ആണിത്. അപ്പോൾ ഈ വിഷയത്തിൽ  നമ്മളിലോരോരുത്തുരുടെയും അവസ്ഥ എന്താണ്?

നമ്മെക്കാൾ എല്ലാ അർത്ഥത്തിലും മുന്നിൽ നിന്ന ഇമാമീങ്ങളുടെ ചരിത്രത്തിലും ഇപ്രകാരം ധാരാളം സംഭവങ്ങൾ കാണാൻ സാധിക്കും. അവരൊക്കെയും ഈ കാര്യത്തിൽ ഭയപ്പെട്ടവരാണ്.

ഈ ഉമ്മത്തിലെ ഖൈറിന്റെ -നന്മയുടെ- ആളുകളാണ് അവർ. അവരിൽ നമുക്ക് എമ്പാടും മാതൃകയുണ്ട്.

അതിനാല്‍ മരണം വരെ -ഇസ്ലാമിന്റെ, സുന്നത്തിന്റെ- ഹിദായത്തിൽ ഉറപ്പിച്ച് നിർത്താനും അതിലായിക്കൊണ്ട് റബ്ബിനെ കണ്ട് മുട്ടാനും എല്ലാ സന്ദർഭങ്ങളിലും നാം അല്ലാഹുവിനോട് ചോദിക്കേണ്ടതുണ്ട്.

അല്ലാഹു നമ്മെ അവന്റെ തൃപ്തിയിലായി കൊണ്ട് ഈ ലോകത്ത് നിന്ന് മടങ്ങാൻ തൗഫീഖ് നൽകുമാറാവട്ടെ..

അവലംബം: അൽ ഫവാഇദുൽ മുഖ്തസ്വറ/ശൈഖ് അബ്ദു റസാഖ് അൽ ബദർ.

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى رَسُولِنَا وَنَبِيِّنَا مُحَمَّدِ بْنِ عَبْدِ اللَّهِ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ

وَآخِرُ دَعْوَانَا أَنِ الحَمْدُ لِلَّهِ رَبِّ العَالَمِينَ.

كَتَبَهُ : سَعِيدُ بْنُ عَبْدِ السَّلَامِ

-غَفَرَ اللَّهُ لَهُ وَلِجَمِيعِ المُسْلِمِينَ-

Leave a Comment