പൊതുവിഷയങ്ങള്‍

ഡോക്ടര്‍മാര്‍ക്ക് ചില ഇസ്ലാമിക ഉപദേശങ്ങള്‍…

വൈദ്യശാസ്ത്രം പഠിക്കുന്നതിന്റെ ഇസ്ലാമിക വിധി

മനുഷ്യരുടെ ശാരീരിക അവസ്ഥകളെ കുറിച്ചും, അവയുടെ ആരോഗ്യത്തെ കുറിച്ചും അനാരോഗ്യത്തെ കുറിച്ചും മനസ്സിലാക്കാന്‍ സഹായിക്കുന്ന വിജ്ഞാനമാണല്ലോ വൈദ്യശാസ്ത്രം (medicine). വൈജ്ഞാനികവും പ്രായോഗികവുമായ (theoretical & practical) രണ്ടു മേഖലകള്‍ അവ ഉള്‍ക്കൊള്ളുന്നുണ്ട്. ഗണിതശാസ്ത്രം (mathematics) പോലെ ബുദ്ധിപരമായ പരിശ്രമം ആവശ്യമുള്ള വിജ്ഞാനങ്ങളില്‍ ഒന്നാണ് വൈദ്യവും.

കൃഷി പോലെ മനുഷ്യരുടെ നിത്യജീവിതത്തില്‍ ആവശ്യമായ ജോലികളും കൈത്തൊഴിലുകളും ഇസ്ലാമില്‍ പൊതുവെ ‘ഫര്‍ദ്വ് കിഫായ’ (സമൂഹത്തില്‍ ചിലരെങ്കിലും അറിഞ്ഞിരിക്കല്‍ നിര്‍ബന്ധമായ കാര്യം) എന്ന വിഭാഗത്തിലാണ് പെടുക. ഇതേ വിധി തന്നെയാണ് വൈദ്യശാസ്ത്രവും ഗണിതവും അതു പോലുള്ള വിജ്ഞാനങ്ങളും പഠിക്കുന്നതിനും ഉള്ളത്.

വൈദ്യം പഠിക്കല്‍ സമൂഹത്തില്‍ ചിലരെങ്കിലും അറിഞ്ഞിരിക്കേണ്ട നിര്‍ബന്ധ ബാധ്യതയാണെന്ന് പറയുമ്പോള്‍ -പ്രത്യേകം ശ്രദ്ധിക്കുക- സമൂഹത്തിന് ഈ വിജ്ഞാനം എത്ര മാത്രം ആവശ്യമുണ്ട് എന്ന കാര്യം കൂടി പരിഗണിക്കേണ്ടതുണ്ട്. ഓരോ നാട്ടിലും അതിന്റെ ആവശ്യകത വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും. കാലഘട്ടം മാറിമറിയുന്നത് അനുസരിച്ചും വൈദ്യം പഠിച്ചവരുടെ ആവശ്യകത വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും. സാഹചര്യങ്ങളും അവസ്ഥകളും മാറിമാറി വരുമ്പോഴും ഈ പറയുന്നതില്‍ മാറ്റങ്ങളുണ്ടാകും.

ചിലപ്പോള്‍ ചില നാടുകളില്‍ പ്രാഥമിക ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും, രോഗ പ്രതിരോധ മേഖലയിലും ശരീര സംരക്ഷണത്തിലും മറ്റുമെല്ലാം ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഉണ്ടായിരിക്കാം. അത്തരം സ്ഥലങ്ങളില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുന്ന, മുസ്ലിമീങ്ങള്‍ക്ക് കൂടുതല്‍ സഹായകമാവുകയും, അന്യമതസ്ഥരായ ഡോക്ടര്‍മാരുടെ ആവശ്യം വേണ്ടാതെ വരികയും ചെയ്യുന്ന തരത്തില്‍ ഉള്ള വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുകയാണ് വേണ്ടത്.

വൈദ്യരംഗത്ത് ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഉണ്ടെങ്കില്‍ മേലെ പറഞ്ഞ നിര്‍ബന്ധാവസ്ഥ ഉണ്ടെന്ന് പറയാന്‍ കഴിയില്ലെങ്കിലും വൈദ്യം പഠിക്കുകയും പഠിപ്പിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുക എന്നത് പൊതുവെ പ്രോത്സാഹിക്കപ്പെട്ട കാര്യമായി തന്നെ നിലകൊള്ളും. കാരണം പൊതുജനങ്ങള്‍ക്ക് അതില്‍ ഉപകാരവും സഹായവും ഉണ്ട്. ഇതെല്ലാം കൊണ്ട് തന്നെയാണ് ഇസ്ലാമിക പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ പഠിച്ചും പഠിപ്പിച്ചും എഴുതിയുമെല്ലാം വലിയ പരിശ്രമങ്ങള്‍ തന്നെ ബാക്കി വെച്ചു പോയതായി നമുക്ക് കാണാന്‍ കഴിയുന്നത്.

ചുരുക്കത്തില്‍, വൈദ്യശാസ്ത്രം -അതിലെ വ്യത്യസ്ത മേഖലകളെ ഉള്‍പ്പെടുത്തി കൊണ്ട് തന്നെ പറയട്ടെ- പഠിക്കുക എന്നത് ശാരീരിക സംരക്ഷണം എന്ന മഹത്തരമായ ആവശ്യം നിലനിര്‍ത്താന്‍ വളരെ അനിവാര്യമാണ്. മനുഷ്യരുടെ ഭൌതിക നിലനില്‍പ്പിന് അതില്ലാതെ സാധ്യമല്ല. കാരണം രോഗം ഇറക്കിയവന്‍ -അല്ലാഹു -تَعَالَى- അതിനുള്ള മരുന്നും അതോടൊപ്പം ഇറക്കിയിട്ടുണ്ട്. അവ കണ്ടെത്താനും ഉപയോഗപ്പെടുത്താനും അവന്‍ നമ്മോട് കല്‍പ്പിച്ചിട്ടുമുണ്ട്.

ഓരോ ഡോക്ടറും തന്റെ ജോലി കൃത്യതയോടെ പഠിക്കേണ്ടതുണ്ട്. വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട അടിസ്ഥാനങ്ങള്‍ അവന്‍ സൂക്ഷ്മമായി മനസ്സിലാക്കണം. അവന്റെ മേല്‍ ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തം പൂര്‍ണ്ണമായി നിര്‍വ്വഹിക്കാന്‍ കഴിയാവുന്ന രൂപത്തില്‍ രോഗത്തിന്റെ കാരണങ്ങളെ കുറിച്ചും മറ്റും അവന് കൃത്യമായ ബോധ്യമുണ്ടായിരിക്കണം. അല്ലാതെയാണ് അവന്‍ തന്റെ ജോലിയില്‍ പ്രവേശിക്കുന്നതെങ്കില്‍ മറ്റുള്ളവരുടെ ആരോഗ്യത്തില്‍ അവന്‍ മൂലം വലിയ അപകടവും പ്രയാസവുമാണ് ഉണ്ടാവുക. -വൈദ്യം അറിയാതെയും ശരിയാംവണ്ണം പഠിക്കാതെയും പ്രാവര്‍ത്തികമാക്കിയതിനാല്‍- എന്തെങ്കിലും ബുദ്ധിമുട്ട് അവന്റെ അടുക്കല്‍ ചികിത്സ തേടി വന്നവര്‍ക്ക് സംഭവിച്ചാല്‍ അതിന് നഷ്ടപരിഹാരം നല്‍കാന്‍ അവന്‍ ബാധ്യസ്ഥനുമാണ്.

നബി -ﷺ- പറഞ്ഞു:

«مَنْ تَطَبَّبَ وَلَا يُعْلَمْ مِنْهُ طِبٌّ فَهُوَ ضَامِنٌ»

“ആരെങ്കിലും അറിവില്ലാതെ വൈദ്യം പ്രയോഗിക്കുകയും -അവന്റെ അടുക്കല്‍ നിന്ന് വൈദ്യം അറിയപ്പെടുകയും ചെയ്തിട്ടില്ലെങ്കില്‍- അയാള്‍ നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥനാണ്.”

قَالَ ابْنُ تَيْمِيَّةَ -رَحِمَهُ اللَّهُ-: «وَقَدْ قَالَ بَعْضُ النَّاسِ: أَكْثَرُ مَا يُفْسِدُ الدُّنْيَا: نِصْفُ مَُتَكلِّمٍ، وَنِصْفُ مُتَفَقِّهٍ، وَنِصْفُ مُتَطَبِّبٍ، وَنِصْفُ نَحْوِيٍّ، هَذَا يُفْسِدُ الأَدْيَانَ، وَهَذَا يُفْسِدُ البُلْدَانَ، وَهَذَا يُفْسِدُ الأَبْدَانَ، وَهَذَا يُفْسِدُ اللِّسَانَ»

ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ -رَحِمَهُ اللَّهُ- പറഞ്ഞു: “പണ്ടു മുതലേ പറയപ്പെടാറുണ്ട്. ‘ജനങ്ങളുടെ ജീവിതം ഏറ്റവും ദുസ്സഹമാക്കുന്നത് മൂന്നു കൂട്ടരാണ്: പകുതി പഠിച്ച തത്വജ്ഞാനി, പകുതി കര്‍മ്മശാസ്ത്രജ്ഞന്‍, മുറി വൈദ്യന്‍, മുറിഭാഷാ പണ്ഡിതന്‍; ആദ്യം പറഞ്ഞവന്‍ മതത്തെ നശിപ്പിക്കും. രണ്ടാമതുള്ളവന്‍ നാട് നശിപ്പിക്കും. മൂന്നാമത്തെയാള്‍ ശരീരങ്ങളെയും, നാലാമതുള്ളവന്‍ നാവിനെയും കേടുവരുത്തും.” (മജ്മൂഉല്‍ ഫതാവ: 2/729-730)

ഡോക്ടര്‍മാര്‍ വ്യക്തിപരമായി പാലിച്ചിരിക്കേണ്ടതും, അവരുടെ ചികിത്സാ വേളയില്‍ പാലിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉപദേശങ്ങളാണ് ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്. അവയില്‍ ചില ഉപദേശങ്ങള്‍ ചുരുങ്ങിയ രൂപത്തില്‍ താഴെ നല്‍കാം.

തുടര്‍ന്നു വായിക്കുക (ആശുപത്രികളില്‍ ശ്രദ്ധിക്കേണ്ടത്):

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

7 Comments

 • السلام عليكم ورحمة الله وبركاته
  جزاكم الله خيرا
  الحمد لله ഇങ്ങനെ ഒരു ലേഖനത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു… വളരെ ഉപകാരപ്രദമായി…

  ഒരു കാര്യത്തെ കുറിച്ചു കൂടി വ്യക്തമാക്കിയാൽ നന്നായിരുന്നു… ഒരു രോഗി ചികിത്സ തേടുന്നത്തിന്റെ പരിധിയെത്രയാണ്?
  അയാളെ മരണാസന്നനായി എന്ന് തോന്നിയാൽ ആശുപത്രിയിൽ കിടത്തി ചികിൽസിക്കുന്നത് അനുവദനീയമാണോ?
  കൂടാതെ ചികിത്സക്കായി ഇൻഷുറൻസ് മുഖേനയോ മറ്റു കടമെടുത്തോ അത് നടത്താൻ രോഗിയെ ഉപദേശിക്കാമോ?

  മറുപടി പ്രതീക്ഷിക്കുന്നു..
  بارك الله فيكم…

 • ഒരു യഥാർത്ഥ doctor ഒരു രോഗിയായ സ്ത്രീയെ തൊടുന്നതും സംസാരിക്കുന്നതും വേണ്ടാത്ത ചിന്തയോട് കൂടിയാണെന്ന് കരുതുന്ന താങ്കളുടെ മനസ്സിന് എന്തോ കുഴപ്പമുണ്ട് ദീൻ കഴിയുന്നത്ര മുറുകെപ്പിടിച്ചു ആതുരസേവനം നടത്തുന്ന നൂറുകണക്കിന് muslim പുരുഷ ഡോക്ടർമാരെ അപമാനിക്കുന്നതായിപ്പോയി താങ്കളുടെ ഉപദേശം

  • ബിസ്മില്ലാഹി റഹ്മാനി റഹീം.

   അസ്സലാമു അലൈക്കും.

   ഡോക്ടര്‍മാരുടെ വിഷയത്തില്‍ ഞാന്‍ എഴുതിയ ലേഖനത്തെ വിമര്‍ശിച്ചു കൊണ്ട് ബഹുമാന്യ ഡോക്ടര്‍ അല്‍-അസ്വാല വെബ്സൈറ്റില്‍ ഇട്ട പ്രതികരണം കാണാനിടയായി. ആദ്യമായി വിഷയത്തെ കുറിച്ച് ഡോക്ടറുടെ മനസ്സില്‍ വന്ന ചിന്ത സത്യസന്ധമായി കുറിച്ചതിന് ആത്മാര്‍ഥമായി നന്ദി പറയട്ടെ.

   അല്ലാഹു നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കും ധാരാളം പ്രതിഫലം നല്‍കുകയും, നമ്മുടെ തെറ്റുകള്‍ പൊറുത്തു തരികയും, അല്ലാഹുവിന്റെ ദീനില്‍ നമ്മെ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യട്ടെ. നമ്മെയും നിങ്ങളെയും അല്ലാഹുവിന് തൃപ്തിപ്പെട്ടത് പറയുന്നവരും പ്രവര്‍ത്തിക്കുന്നവരുമാക്കി അവന്‍ മാറ്റുകയും ചെയ്യട്ടെ.

   “ഒരു യഥാർത്ഥ doctor ഒരു രോഗിയായ സ്ത്രീയെ തൊടുന്നതും സംസാരിക്കുന്നതും വേണ്ടാത്ത ചിന്തയോട് കൂടിയാണെന്ന് കരുതുന്ന താങ്കളുടെ മനസ്സിന് എന്തോ കുഴപ്പമുണ്ട് ദീൻ കഴിയുന്നത്ര മുറുകെപ്പിടിച്ചു ആതുരസേവനം നടത്തുന്ന നൂറുകണക്കിന് muslim പുരുഷ ഡോക്ടർമാരെ അപമാനിക്കുന്നതായിപ്പോയി താങ്കളുടെ ഉപദേശം.”

   മേലെ കൊടുത്തത് താങ്കളുടെ പ്രതികരണമാണ്. ഈ പറഞ്ഞതിനോട് എനിക്കുള്ള വിയോജിപ്പുകള്‍ -ചുരുങ്ങിയ വാക്കുകളില്‍- ഇവിടെ രേഖപ്പെടുത്തട്ടെ.

   ഒരു യഥാര്‍ത്ഥ ഡോക്ടര്‍ രോഗിയെ തൊടുന്നത് വേണ്ടാത്ത ചിന്തയോട് കൂടിയാണെന്ന് കരുതുന്ന എന്റെ മനസ്സിന് എന്തോ കുഴപ്പമുണ്ടെന്നാണ് ഡോക്ടര്‍ പറയുന്നത്. എന്റെ ലേഖനത്തില്‍ ഞാന്‍ നല്‍കിയ തെളിവുകള്‍ വായിച്ചതിന് ശേഷം, അവ ഓര്‍ത്തു കൊണ്ട് തന്നെയാണോ ഡോക്ടര്‍ ഈ പറയുന്നതെന്ന് എനിക്ക് ആലോചിക്കാനാകുന്നില്ല.

   ലോകത്തിന് കാരുണ്യമായി നിയോഗിക്കപ്പെട്ട നമ്മുടെ നബി -ﷺ-; അവിടുന്ന് ബയ്അത് നല്‍കുമ്പോള്‍ സ്ത്രീകള്‍ക്ക് കൈ കൊടുത്തിരുന്നില്ല എന്ന ഹദീസ് ഞാന്‍ ലേഖനത്തില്‍ നല്കിയിട്ടുണ്ടായിരുന്നു. നമ്മുടെ റസൂലിന് മോശമായ ചിന്ത ഉണ്ടായിരുന്നു എന്നാണോ ഈ ഹദീസ് ഉദ്ധരിച്ച മുന്‍ഗാമികളായ പണ്ഡിതന്മാര്‍ ഉദ്ദേശിച്ചത്. മആദല്ലാഹ്!!

   അല്ലാഹുവിന്റെ റസൂലിനെക്കാള്‍ ശുദ്ധമായ മനസ്സ് ഉള്ള മറ്റാരാണ്‌ ഉള്ളത്?! അവിടുന്നു ഇപ്രകാരം ശ്രദ്ധിച്ചെങ്കില്‍ ഡോക്ടര്‍മാര്‍ -പ്രത്യേകിച്ച് ദീനിനെ കുറിച്ചുള്ള അറിവ് വളരെ കുറഞ്ഞ ഈ കാലഘട്ടത്തില്‍- എത്ര മാത്രം ശ്രദ്ധിക്കണം?!

   കഴിഞ്ഞില്ല! അല്ലാഹുവിന്റെ ദീന്‍ പകര്‍ന്നു നല്‍കുക എന്നതിനേക്കാള്‍ മഹത്തരമായ മറ്റേതു അവസ്ഥയാണ് ഒരു മനുഷ്യന് ലഭിക്കാനുള്ളത്?! ആ സന്ദര്‍ഭത്തില്‍ പോലും നബി -ﷺ- സ്ത്രീകള്‍ക്ക് ഹസ്തദാനം നല്‍കുന്നത് ഒഴിവാക്കുന്നു. അപ്പോള്‍ ചികിത്സ പോലുള്ള മറ്റു സന്ദര്‍ഭങ്ങളില്‍ എത്ര മാത്രം ശ്രദ്ധിക്കേണ്ടതുണ്ടായിരിക്കും?!

   നബി -ﷺ- മാത്രമായിരുന്നോ ഇങ്ങനെ ശ്രദ്ധിച്ചിരുന്നത്?! അല്ല. ലോക ചരിത്രത്തിലെ ഏറ്റവും ഉത്തമ തലമുറ എന്നു വിശേഷിപ്പിക്കപ്പെട്ട സ്വഹാബികള്‍; അവരോട് അല്ലാഹു -تَعَالَى- അവന്റെ ഖുര്‍ആനില്‍ കല്‍പ്പിച്ചത് ഇപ്രകാരമാണ്.

   وَاللَّهُ لَا يَسْتَحْيِي مِنَ الْحَقِّ ۚ وَإِذَا سَأَلْتُمُوهُنَّ مَتَاعًا فَاسْأَلُوهُنَّ مِن وَرَاءِ حِجَابٍ ۚ ذَ‌ٰلِكُمْ أَطْهَرُ لِقُلُوبِكُمْ وَقُلُوبِهِنَّ ۚ

   “സത്യത്തിന്‍റെ കാര്യത്തില്‍ അല്ലാഹുവിന് ലജ്ജ തോന്നുകയില്ല. നിങ്ങള്‍ അവരോട് (നബിയുടെ ഭാര്യമാരോട്‌) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട് മറയുടെ പിന്നില്‍ നിന്ന് ചോദിച്ചുകൊള്ളുക. അതാണ് നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്‌.” (അഹ്സാബ്: 53)

   ഈ ആയത് അവതരിപ്പിച്ചത് നബി -ﷺ- യുടെ പത്നിമാരുടെ കാര്യത്തിലാണ്. അവരോടു മറക്ക് പിന്നില്‍ നിന്ന് ചോദിക്കണം എന്ന് കല്‍പ്പിക്കപ്പെട്ടത് സ്വഹാബികളോടും. അവരെക്കാള്‍ ശുദ്ധമായ മനസ്സ് ഉണ്ടായിരുന്ന മറ്റേതെങ്കിലും സമൂഹം വേറെയുണ്ടോ?! ഒരിക്കലുമില്ല.

   നമ്മുടെ റസൂലിന്റെ ഭാര്യമാരെ മോശമായ രൂപത്തില്‍ ആരെങ്കിലും കാണുമോ?! പ്രത്യേകിച്ച് സ്വഹാബികള്‍! എന്നിട്ടും അല്ലാഹു -تَعَالَى- അവരോടു കല്‍പ്പിച്ചത് മറക്ക് പിന്നില്‍ നിന്നു കൊണ്ട് സംസാരിക്കാനാണ്. ഡോക്ടര്‍ എന്നെ കുറിച്ച് പറഞ്ഞതു പോലെ പറയുകയാണെങ്കില്‍ ഈ വിഷയത്തില്‍ എന്താണ് പറയുക?! ‘അല്ലാഹുവിന്റെ ദീനിന് വേണ്ടി സ്വന്തം ജീവന്‍ പണയം വെച്ച, സമ്പത്തും കുടുംബവും ഉപേക്ഷിച്ച സ്വഹാബികളെയെല്ലാം മോശക്കാരാക്കുന്ന ആയതാണ് ഇതെന്നോ?!’ മആദല്ലാഹ്!

   സ്വഹാബികള്‍ക്ക് ശേഷം ദീന്‍ പഠിച്ചവരാണല്ലോ താബിഉകള്‍. അവര്‍ ഇതിന് സമാനമായ അനേകം വാക്കുകള്‍ പറഞ്ഞത് വേറെയും കാണാന്‍ കഴിയും. കൂടുതല്‍ ഞാന്‍ ഉദ്ധരിക്കുന്നില്ല. അവരുടെ കൂട്ടത്തില്‍ ഏറ്റവും ദീനിനെ കുറിച്ച് അറിവുണ്ടായിരുന്നു എന്നു വിശേഷിപ്പിക്കപ്പെട്ട, സഈദ് ബ്നുല്‍ മുസയ്യിബ് -رَحِمَهُ اللَّهُ- അദ്ദേഹത്തിനു എഴുപത് വയസ്സുള്ളപ്പോള്‍ പറയുന്നു: “ഞാന്‍ ഏതെങ്കിലും സ്ത്രീയെ കൊണ്ട് പരീക്ഷിക്കപ്പെടുമോ എന്ന് ഇപ്പോഴും ഭയക്കുന്നു.”

   സുബ്ഹാനല്ലാഹ്! അവര്‍ സ്വന്തം മനസ്സുകളെ നന്നായി മനസ്സിലാക്കിയതിനു ശേഷമാണ് ഇതെല്ലാം പറഞ്ഞത്! ഡോക്ടര്‍ പറഞ്ഞതു പോലെയാണെങ്കില്‍ എത്ര മോശം മനസ്സുള്ള ഒരു വ്യക്തിയാണ് ഇദ്ദേഹം എന്നു പറയേണ്ടി വരും! എങ്ങനെയാണ് നമുക്ക് ഈ ദീന്‍ എത്തിച്ചു തന്ന മഹാന്മാരായ പണ്ഡിതന്മാരെ കുറിച്ച് നാം അപ്രകാരം പറയുക?!

   പറഞ്ഞ കാര്യം ഒന്നു കൂടി ഊട്ടിഉറപ്പിക്കുന്നതിന് വേണ്ടി ഓര്‍മ്മിപ്പിക്കട്ടെ. ‘എന്റെ സമൂഹത്തിലെ പുരുഷന്മാര്‍ക്ക് ഏറ്റവും വലിയ പരീക്ഷണമായി ഞാന്‍ വിട്ടേച്ചു പോകുന്നത് സ്ത്രീകളെയാണ്’ എന്ന നബി -ﷺ- യുടെ വാക്കും ഞാന്‍ ലേഖനത്തില്‍ എടുത്തു കൊടുത്തിരുന്നു. പുരുഷ ഡോക്ടര്‍മാര്‍ ഈ പറഞ്ഞതില്‍ നിന്ന് ഒഴിവാണോ? അതിന് വല്ല തെളിവുമുണ്ടോ?

   പിന്നെ ഡോക്ടര്‍ പറഞ്ഞ പോലെ: ഒരു അന്യ സ്ത്രീയെ കാണുമ്പോള്‍ പുരുഷന് വൈകാരികമായ ചിന്തകള്‍ ഉണ്ടാകും എന്നു പറയുന്നതില്‍ എന്താണിത്ര വലിയ ആക്ഷേപം ഉള്ളത് എന്നെനിക്ക് മനസ്സിലാകുന്നില്ല. അല്ലാഹു -تَعَالَى- പുരുഷന്മാരെ സൃഷ്ടിച്ചിരിക്കുന്നത് സ്ത്രീകളോട് ആകര്‍ഷണം ഉള്ളവരായി കൊണ്ട് തന്നെയാണ്.

   ഡോക്ടര്‍ മനുഷ്യ ശരീരത്തെ കുറിച്ച് പഠിച്ചയാളാണല്ലോ? ഒരു പുരുഷന് അന്യ സ്ത്രീകളെ കണ്ടാല്‍ ലൈംഗികമായി ഒരു താല്‍പര്യവും ഉണ്ടാകാതിരിക്കുമ്പോഴാണോ, സ്ത്രീകളെ കാണുമ്പോള്‍ ലൈംഗിക താല്‍പര്യം ഉണ്ടാകുമ്പോഴാണോ അയാള്‍ ഡോക്ടറെ കാണേണ്ടത്?! ഏതാണ് ഒരു ചികിത്സിക്കേണ്ട പ്രശ്നമായി ഡോക്ടര്‍ക്ക് തോന്നുന്നത്?! സ്ത്രീകളെ കാണുമ്പോള്‍ എനിക്ക് വൈകാരികമായ ഇഷ്ടം തോന്നുന്നു എന്ന് ആരെങ്കിലും ഡോക്ടറോട് പറഞ്ഞാല്‍ ‘നിന്റെ മനസ്സിന് എന്തോ പ്രശ്നമുണ്ട്; അതു കൊണ്ട് ഒരു മനശാസ്ത്രജ്ഞനെ കാണൂ’ എന്നാണോ ഡോക്ടര്‍ ഉപദേശിക്കുക?!

   മേല്‍ പറഞ്ഞത് പുരുഷ ഡോക്ടര്‍മാര്‍ക്കും ബാധകമല്ലേ? അവര്‍ക്ക് സ്ത്രീകളെ -പ്രത്യേകിച്ച് പല ശരീര ഭാഗങ്ങളും ശരിയായി മറക്കാത്ത രൂപത്തില്‍- കാണുമ്പോള്‍ ഒന്നും തോന്നുകയില്ലേ?! അങ്ങനെ തോന്നാതിരിക്കാന്‍ എന്തെങ്കിലും പരീക്ഷണങ്ങള്‍ അവര്‍ക്ക് നല്‍കുന്നുണ്ടോ? അല്ലെങ്കില്‍ അവര്‍ക്ക് അതിന് സഹായിക്കുന്ന എന്തെങ്കിലും മരുന്നുണ്ടോ?

   ശരിയാണ്! ധാരാളം സ്ത്രീകളുമായി കിടപ്പറ പങ്കിടുകയും, അനേകം പേരുടെ നഗ്നത ദര്‍ശിക്കുകയും ചെയ്തവര്‍ക്ക് ചിലപ്പോള്‍ കുറച്ചു കഴിഞ്ഞാല്‍ ലൈംഗികതയിലുള്ള താല്‍പര്യം തന്നെ നഷ്ടപ്പെട്ടു പോയേക്കാം. ധാരാളമായി ബ്ലൂ ഫിലിമുകള്‍ കാണുന്നവര്‍ക്ക് ഇങ്ങനെയുള്ള പ്രയാസങ്ങള്‍ ഉണ്ടാകുന്നതായി പറഞ്ഞു കേള്‍ക്കാറുണ്ട്. അതെല്ലാം ചികിത്സ വേണ്ട രോഗങ്ങളാണ്. അത്തരം രോഗാവസ്ഥകള്‍ ഉള്ളവരാണ് ഡോക്ടര്‍മാര്‍ എന്നാണോ ഇനി ഡോക്ടര്‍ പറഞ്ഞതിന്റെ ഉദ്ദേശം?!

   ചുരുക്കട്ടെ; ബഹുമാനപ്പെട്ട ഡോക്ടര്‍ക്ക് ഈ കത്തെഴുതുന്നതിനും എന്റെ ലേഖനം പ്രസിദ്ധീകരിച്ചതിനും ഇടക്ക് രണ്ട് സംഭവങ്ങള്‍ സത്യസന്ധമായ സ്രോതസ്സില്‍ നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞു. രണ്ടും ഡോക്ടര്‍മാരുമായി ബന്ധപ്പെട്ട ലൈംഗിക മുതലെടുപ്പിന്റെ കഥകള്‍.

   ആത്മാര്‍ത്ഥമായി ചോദിക്കട്ടെ: എന്താണ് ഇത്തരം വിഷയങ്ങളില്‍ ഉള്ള പരിഹാരം?!

   അവര്‍ക്കെല്ലാം കടുത്ത ശിക്ഷ കൊടുക്കണമെന്നാണ് എങ്കില്‍ എനിക്ക് പറയാനുള്ളത് രണ്ട് കാര്യങ്ങളാണ്.

   ഒന്ന്: നമ്മുടെ നാട്ടില്‍ കടുത്ത ശിക്ഷ എന്നതൊരു ക്രൂരമായ തമാശ മാത്രമാണ്. ഡോക്ടര്‍മാരുടെ രതിവൈകൃതങ്ങള്‍ക്ക് ഇരയായ പാവങ്ങളുടെ കഥ അവിടെ നില്‍ക്കട്ടെ; തനിച്ച ലൈംഗിക ഭ്രാന്തന്മാരുടെ കിരാത ഹസ്തങ്ങളില്‍ പിടഞ്ഞു മരിച്ച പാവം പെണ്ണുങ്ങളുടെ മാംസം മണ്ണിനോട് ചേരുന്നതിന് മുന്‍പ് ചിരിച്ചുല്ലസിച്ചു ജീവിക്കാന്‍ അവസരം നല്‍കുന്ന സംവിധാനം നിലനില്‍ക്കുന്ന നാടാണ് നമ്മുടേത്. അവിടെ ശിക്ഷയുടെ ആഗ്രഹം പോലും വിദൂരമായ സ്വപ്നമാണ്.

   രണ്ട്: അവരെ ശിക്ഷിച്ചു എന്നു തന്നെ വെക്കുക. ഇരയാക്കപ്പെട്ട പാവങ്ങളുടെ അഭിമാനം; അതെന്തു ചെയ്യണം ഡോക്ടര്‍?! ഏതു നിമിഷവും ആര്‍ക്കും പിച്ചിചീന്തപ്പെടാന്‍ പാകത്തില്‍ ഇന്റര്‍നെറ്റില്‍ പരക്കുന്ന അവളുടെ നഗ്നചിത്രങ്ങളുടെ കാര്യം; അതെങ്ങനെ നീക്കണം ഡോക്ടര്‍?! നാളെ അവളൊരു കുഞ്ഞിന് ജന്മം നല്‍കിയാല്‍ അവന്റെ മുന്നില്‍ ഈ ചിത്രങ്ങള്‍ പ്രദര്‍ശിക്കപ്പെട്ടാല്‍ തകര്‍ന്നു വീഴുന്ന അവളുടെ മാതൃത്വം; അതിനു പരിഹാരമെന്തുണ്ട് ഡോക്ടര്‍?!

   ഞാന്‍ നിര്‍ത്തട്ടെ. എന്റെ മനസ്സിനെന്തോ കുഴപ്പമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞല്ലോ? അതിന് തല്‍ക്കാലം ഞാന്‍ മറുപടി പറയുന്നില്ല. കേരളത്തിലെ എണ്ണമറ്റ വീടുകളിലെ കരയുന്ന പെണ്ണുങ്ങള്‍ എന്റെ മനസ്സിന്റെ ഈ കുഴപ്പം അതേ പടി നില്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ട് എന്നെനിക്കറിയാം. ഇരുട്ടു നിറഞ്ഞ അവരുടെ മുറികളില്‍ ഇതു പോലെ ‘രോഗമില്ലാത്ത’ ചിലരുടെ ശരീരം കയറിയിറങ്ങിയതിന്റെ വേദനകള്‍ ഇപ്പോഴും അവസാനിച്ചിട്ടൊന്നുമില്ല.

   ഇതിനൊക്കെ പുറമെ -ഏറ്റവും വലുത്- എന്റെ റബ്ബ് അവന്റെ ഗ്രന്ഥത്തിലും അവന്റെ റസൂല്‍ അവിടുത്തെ വചനങ്ങളിലും എന്നെ -അല്ല! ഞങ്ങള്‍ മുസ്ലിംകളെ- ഏല്‍പ്പിച്ചു പോയ ‘കുഴപ്പ’മാണിതെന്നും എനിക്കുറപ്പുണ്ട്. അതു കൊണ്ട് മരിക്കുന്നത് വരെ ആ കുഴപ്പമങ്ങനെ നില്‍ക്കട്ടെ; ഒരു ഡോക്ടറും അതു ചികിത്സിച്ചു മാറ്റാതിരിക്കട്ടെ.

   അല്ലാഹു നമ്മെ സത്യത്തിലേക്ക് നയിക്കുകയും, അതില്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യട്ടെ. ഡോക്ടര്‍ക്ക് കൂടുതല്‍ സൌഖ്യവും സമാധാനവും ഉയര്‍ച്ചയും അവന്‍ പ്രധാനം ചെയ്യട്ടെ.

   ആമീന്‍.

   അബ്ദുല്‍ മുഹ്സിന്‍ ഐദീദ്, പൊന്നാനി.

   • A man… Who ever it may be… will have attraction towards a women…. If any one denies this for himself…. It’s just hypocrisy and and an act to become himself( fakely) pious…
    What Muhsin wrote is a plain truth…
    Alhamdulilla..

Leave a Comment