ഇഅ്തികാഫ്

ഇഅ്തികാഫ് ഇരിക്കുന്നയാൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണർത്താമോ?

മഹത്തരമായ ഒരു ഇബാദത്താണ് ഇഅ്തികാഫ്. അതിൽ പ്രവേശിച്ചവർ തങ്ങളുടെ സമയം പരമാവധി ഉപയോഗപ്പെടുത്താനും നല്ല കാര്യങ്ങളിലേക്ക് മാറ്റിവെക്കാനും ശ്രദ്ധിക്കണം. അത്തരം ചില കാര്യങ്ങൾ താഴെ ഓർമ്മപ്പെടുത്താം.

ഒന്ന്: ഇബാദത്തുകൾ അധികരിപ്പിക്കുക. ഇഅ്തികാഫിൻ്റെ ലക്ഷ്യം തന്നെ അല്ലാഹുവുമായുള്ള ബന്ധം കൂടുതൽ സുദൃഢമാക്കലും അതിൽ മുൻപന്തിയിലെത്താൻ പരിശ്രമിക്കലുമാണ്. അതിനാൽ പരമാവധി ഇബാദതുകളിൽ മുന്നേറാൻ ഇഅ്തികാഫുകാരൻ ശ്രദ്ധിക്കണം. നിസ്കാരം, ഖുർആൻ പാരായണം, ദിക്റുകൾ പോലുള്ളവ ഉദാഹരണം. റമദാനിലല്ലാത്ത സമയത്താണ് ഇഅ്തികാഫ് ഇരിക്കുന്നതെങ്കിൽ നോമ്പ് നോൽക്കാനും ശ്രമിക്കുക.

രണ്ട്: വാജിബായേക്കാവുന്ന പരോപകാരങ്ങൾ: ഇഅ്തികാഫ് ഇരിക്കുന്നതിനിടയിൽ ഒരാളുടെ മേൽ നിർബന്ധമാവുന്ന പരോപകാരപരമായ നന്മകൾ അവൻ ചെയ്യേണ്ടതുണ്ട്. ഉദാഹരണത്തിന് സകാത്ത് നൽകാനുള്ള സമയം ആയിട്ടുണ്ടെങ്കിൽ അതിനിയും വൈകിക്കരുത്. വേഗം കൊടുത്തു തീർക്കണം. അതല്ലെങ്കിൽ അവൻ്റെ സാന്നിധ്യം അനിവാര്യമായ നന്മ കൽപ്പിക്കേണ്ട സാഹചര്യമോ, തിന്മ വിരോധിക്കേണ്ട സാഹചര്യമോ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനും സന്നിഹിതനാകണം. ഇഅ്തികാഫ് ഇരിക്കുന്നതിനിടയിൽ സംസാരം കുറക്കണമെങ്കിലും; സലാം ചൊല്ലിയാൽ മടക്കുകയും, സഹായം ചോദിക്കുന്നവർക്ക് വഴി കാണിക്കുകയും വേണം. സുന്നത്തായേക്കാവുന്ന പരോപകാര നന്മകളും അവൻ തീർത്തും ഉപേക്ഷിക്കേണ്ടതില്ല. ഖുർആൻ പഠിപ്പിച്ചു കൊടുക്കുക, ദീൻ പറഞ്ഞു കൊടുക്കുക തുടങ്ങിയ കാര്യങ്ങൾ ഇഅ്തികാഫിനിടയിലും ചെയ്യാം. എന്നാൽ അത് അധികരിപ്പിക്കാതെ, ഇബാദതുകൾക്കായി ഭൂരിപക്ഷ സമയവും മാറിയിരിക്കുകയാണ് ചെയ്യേണ്ടത്.

മൂന്ന്: മറ സ്വീകരിക്കൽ. ഇഅ്തികാഫ് ഇരിക്കുന്ന വ്യക്തി മറ്റുള്ളവരിൽ നിന്ന് മറ സ്വീകരിക്കുക എന്നത് സുന്നത്താണ്. നബി -ﷺ- അപ്രകാരമായിരുന്നു ഇഅ്തികാഫ് ഇരുന്നിരുന്നത്. അവൻ്റെ പ്രാർത്ഥനകളും ഇബാദത്തുകളും രഹസ്യമായിരിക്കാൻ അതവനെ സഹായിക്കുന്നതാണ്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം പുരുഷന്മാർ കാണാൻ സാധ്യതയുള്ള മസ്ജിദുകളിലാണ് ഇഅ്തികാഫ് ഇരിക്കുന്നതെങ്കിൽ ഈ മറ സ്വീകരിക്കൽ കൂടുതൽ നല്ലതാണ്.

നാല്: ആവശ്യമില്ലാത്ത കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കൽ. അവൻ്റെ പരലോകത്തിന് ഉപകാരമില്ലാത്ത സംസാരങ്ങളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുക. ഇഅ്തികാഫ് ഇരിക്കാത്ത സമയങ്ങളിൽ തന്നെ ഇക്കാര്യം വളരെ നന്മയാണ്. അപ്പോൾ അല്ലാഹുവുമായി മാറിയിരിക്കുക എന്ന മഹത്തരമായ ഇബാദത്തിൻ്റെ വേളയിൽ അതെത്ര മാത്രം മഹത്തരമായിരിക്കും എന്ന് ആലോചിച്ചു നോക്കുക. തന്നെ ഒരാൾ ചീത്ത പറഞ്ഞാൽ അതിന് മറുപടി പറയാതെ നിശബ്ദത പാലിക്കൽ ഇഅ്തികാഫ് ഇരിക്കുന്നവർക്ക് സുന്നത്തായ കാര്യമാണെന്ന് ശാഫിഈ മദ്‌ഹബിൽ പരാമർശിച്ചതായി കാണാം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: