ഇഅ്തികാഫ്

എന്താണ് ഇഅ്തികാഫ്? ഇഅ്തികാഫ് ഇരിക്കുന്നതിന്റെ ശ്രേഷ്ഠതകൾ എന്താണ്?

ഇഅ്തികാഫ് എന്നാൽ ഇബാദതുകളിൽ മുഴുകുക എന്ന ഉദ്ദേശത്തിൽ ഏതെങ്കിലും മസ്ജിദിൽ കഴിഞ്ഞു കൂടലാണ്. ഇഅ്തികാഫിന്റെ വിഷയത്തിൽ നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ ഈ പറഞ്ഞതിൽ ചെറിയ വ്യത്യാസങ്ങൾ ചില പണ്ഡിതോദ്ധരണികളിൽ കണ്ടേക്കാം. എന്നാൽ മേലെ നാം നൽകിയ അഭിപ്രായത്തിൽ പൊതുവെ എല്ലാവരും യോജിച്ചിട്ടുണ്ട്.

ഇഅ്തികാഫ് എന്ന ഇബാദത് മുൻകഴിഞ്ഞ സമുദായങ്ങൾക്ക് വരെ നിശ്ചയിക്കപ്പെട്ട ഇബാദതുകളിൽ ഒന്നാണ്. കഅ്ബയുടെ പുനർനിർമ്മാണത്തിന് കൽപ്പിച്ചു കൊണ്ട് ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യോട് അല്ലാഹു പറഞ്ഞതു നോക്കൂ:

وَعَهِدْنَا إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ أَن طَهِّرَا بَيْتِيَ لِلطَّائِفِينَ وَالْعَاكِفِينَ وَالرُّكَّعِ السُّجُودِ ﴿١٢٥﴾

“ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവര്‍ക്കും, ഇഅ്തികാഫ് (ഭജന) ഇരിക്കുന്നവര്‍ക്കും തലകുനിച്ചും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന) വര്‍ക്കും വേണ്ടി എന്റെ ഭവനത്തെ നിങ്ങള്‍ ഇരുവരും ശുദ്ധമാക്കിവെക്കുക എന്ന് ഇബ്രാഹീമിന്നും ഇസ്മാഈലിന്നും നാം കല്‍പന നൽകുകയും ചെയ്തു.” (ബഖറ: 125)

മർയം -عَلَيْهَا السَّلَامُ- അല്ലാഹുവിന് വേണ്ടി ബയ്തുൽ മഖ്ദിസിൽ ഇഅ്തികാഫ് ഇരുന്ന ചരിത്രം വിശുദ്ധ ഖുർആനിൽ പരാമർശിക്കപ്പെട്ടതും ഇവിടെ സ്മരണീയമാണ്. അല്ലാഹു (ത) മർയം -عَلَيْهَا السَّلَامُ- യെ കുറിച്ച് പറയുന്നു:

فَاتَّخَذَتْ مِن دُونِهِمْ حِجَابًا

“എന്നിട്ട് അവര്‍ കാണാതിരിക്കാന്‍ അവർ (മർയം) ഒരു മറയുണ്ടാക്കി.” (മർയം: 17)

كُلَّمَا دَخَلَ عَلَيْهَا زَكَرِيَّا الْمِحْرَابَ وَجَدَ عِندَهَا رِزْقًا ۖ قَالَ يَا مَرْيَمُ أَنَّىٰ لَكِ هَـٰذَا ۖ قَالَتْ هُوَ مِنْ عِندِ اللَّـهِ ۖ

“അവരുടെ (മർയമിന്റെ) അടുക്കല്‍ സകരിയ്യാ കടന്നു ചെല്ലുമ്പോഴെല്ലാം അവരുടെ അടുത്ത് എന്തെങ്കിലും ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേഹം ചോദിച്ചു: മര്‍യമേ, നിനക്ക് എവിടെ നിന്നാണിത് കിട്ടിയത്‌? അവർ മറുപടി പറഞ്ഞു. അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്നതാകുന്നു.” (ആലു ഇംറാൻ: 37)

“മർയം -عَلَيْهَا السَّلَامُ- മസ്ജിദുൽ അഖ്സ്വയിൽ മിഹ്രാബിന്റെ ഭാഗത്തായാണ് കഴിഞ്ഞു കൂടിയിരുന്നത്. അവർ തന്റെ കുടുംബത്തിൽ നിന്ന് മാറി, കിഴക്ക് ഭാഗത്തായി അവരിൽ നിന്നൊരു മറ സ്വീകരിച്ചു കൊണ്ടാണ് കഴിഞ്ഞിരുന്നത്. ഇത് മസ്ജിദിൽ ഇഅ്തികാഫ് ഇരിക്കൽ തന്നെയാണ്.” (ശർഹുൽ ഉംദഃ: 2/748)

മക്കയിലെ മുശ്രിക്കുകൾക്കും ഇഅ്തികാഫ് എന്ന കർമ്മം മുൻപേ തന്നെ അറിയാമായിരുന്നു എന്നാണ് ഹദീഥുകളിൽ നിന്ന് മനസ്സിലാകുന്നത്. ഉമർ -رَضِيَ اللَّهُ عَنْهُ- മസ്ജിദുൽ ഹറാമിൽ ഇഅ്തികാഫ് ഇരിക്കാം എന്ന് ജാഹിലിയ്യത്തിൽ നേർച്ച നേർന്നിരുന്നു. അത് പൂർത്തീകരിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ‘നിന്റെ നേർച്ച പൂർത്തീകരിക്കുക’ എന്ന് നബി -ﷺ- ഉത്തരം നൽകിയതായി കാണാം. (ബുഖാരി: 2043)

അതോടൊപ്പം നബി -ﷺ- മരണം വരെ റമദാനിലെ അവസാനത്തെ പത്തുകളിലും, ചിലപ്പോൾ ആദ്യത്തെയും മദ്ധ്യത്തിലെയും പത്തുകളിലും ഇഅ്തികാഫ് ഇരുന്നിട്ടുണ്ട്. നബി -ﷺ- യെ പിൻപറ്റുക എന്നത് മഹത്തരമായ കർമ്മമാണ് എന്നതിൽ സംശയമില്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: