കുട്ടി ജനിച്ചാല്‍

പെണ്‍കുട്ടിയുടെ മുടി വടിക്കല്‍ സുന്നത്തുണ്ടോ?

പെണ്‍കുട്ടിയുടെ മുടി വടിക്കേണ്ടതുണ്ടോ എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്ക് ഇടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. മാലികീ-ശാഫിഈ മദ്ഹബുകളുടെ അഭിപ്രായപ്രകാരം പെണ്‍കുട്ടിയുടെ മുടിയും വടിക്കേണ്ടതുണ്ട്. എന്നാല്‍ ഹമ്പലി മദ്ഹബ് വടിക്കേണ്ടതില്ല എന്ന അഭിപ്രായത്തിലാണ്.

ഫാത്വിമ -رَضِيَ اللَّهُ عَنْهَا- ഹസന്‍, ഹുസൈന്‍, സയ്നബ്, ഉമ്മു കുല്‍സൂം എന്നിവരുടെ മുടിയുടെ ഭാരം കണക്കാക്കി അതിന് തുല്ല്യമായ വെള്ളി ദാനം ചെയ്തു എന്ന ഹദീസാണ് പെണ്‍കുട്ടിയുടെയും മുടി വടിക്കണം എന്നതിന് തെളിവായി പറഞ്ഞത്. എന്നാല്‍ ഈ ഹദീസിന്റെ സനദില്‍ ദുര്‍ബലതയുണ്ട് എന്ന് ഇമാം നവവി -رَحِمَهُ اللَّهُ- പറഞ്ഞിട്ടുണ്ട്.

പെണ്‍കുട്ടികളുടെ മുടി വടിക്കുന്നത് അടിസ്ഥാനപരമായി ഹറാം (നിഷിദ്ധം) ആണെന്നും, അതില്‍ നിന്ന് ജനിച്ച പെണ്‍കുട്ടിയെ ഒഴിവാക്കാന്‍ പ്രത്യേകം തെളിവ് വേണമെന്നുമാണ് ഹന്‍ബലികളുടെ അഭിപ്രായം. ലജ്നതുദ്ദാഇമയുടെ അഭിപ്രായവും ഇത് തന്നെയാണ്.

عَنْ أَبِي مُوسَى رَضِيَ اللَّهُ عَنْهُ قَالَ: إِنَّ رَسُولَ اللَّهِ -ﷺ- بَرِئَ مِنَ الصَّالِقَةِ وَالحَالِقَةِ وَالشَّاقَّةِ.

അബൂ മൂസല്‍ അശ്അരി -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “ആപത്തുകള്‍ സംഭവിക്കുമ്പോള്‍ ശബ്ദം ഉയര്‍ത്തുന്നവളില്‍ നിന്നും, മുടി വടിച്ചു കളയുന്നവളില്‍ നിന്നും, വസ്ത്രം കീറിക്കളയുന്നവളില്‍ നിന്നും നബി -ﷺ- ഒഴിവായിരിക്കുന്നു.” (ബുഖാരി: 1296, മുസ്ലിം: 104)

എന്നാല്‍ ഇസ്ലാമിലെ എല്ലാ നിയമങ്ങളിലും സ്ത്രീ പുരുഷന്മാര്‍ തുല്യരാണെന്നും, അതിനാല്‍ കുട്ടികളുടെ മുടി വടിക്കാനുള്ള കല്‍പ്പനയില്‍ സ്ത്രീകളും ഉള്‍പ്പെടും എന്നുമുള്ള അഭിപ്രായമാണ് പ്രബലമായി മനസ്സിലാകുന്നത്. കാരണം ജനിച്ച കുട്ടിയുടെ ശരീരത്തില്‍ നിന്ന് മ്ലേഛത നീക്കുക എന്നതില്‍ പെണ്‍കുട്ടിയും ഉള്‍പ്പെടില്ല എന്നതിനാണ് തെളിവ് വേണ്ടത്. ഫാത്വിമ -رَضِيَ اللَّهُ عَنْهَا- തന്റെ എല്ലാ കുട്ടികളുടെയും മുടി കളഞ്ഞിട്ടുണ്ട് എന്ന ഹദീസും ഈ അഭിപ്രായത്തെ ബലപ്പെടുത്തുന്നു. അവര്‍ക്ക് സയ്നബ്, ഉമ്മു കുല്‍സൂം എന്ന പേരില്‍ രണ്ട് പെണ്‍കുട്ടികളും ഉണ്ടായിരുന്നു.

ചുരുക്കത്തില്‍, ആണ്‍കുട്ടികളുടെ മുടി വടിക്കുന്നത് പോലെ പെണ്‍കുട്ടികളുടെയും മുടി വടിക്കുന്നത് സുന്നത്താണ് എന്ന അഭിപ്രായമാണ് ശരിയായി മനസ്സിലാകുന്നത്. വല്ലാഹു അഅലം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: