രക്തം ചൊരിയുകയെന്നത് ഖവാരിജുകള്‍ക്ക് ഇബാദത്താണ്. രക്തത്തോടുള്ള കൊതി അവര്‍ക്ക് അവസാനിക്കില്ല. തക്ഫീറിലുള്ള അതിരു കവിച്ചിലിനോടൊപ്പം തന്നെ -ഒരിക്കലും വേര്‍പിരിയാതെ- നില്‍ക്കുന്ന വിശേഷണമാണ് രക്തച്ചൊരിച്ചില്‍.

ആദ്യകാല ഖവാരിജുകളുടെ ഏറ്റവും പ്രകടമായ വിശേഷണങ്ങളിലൊന്നായിരുന്നു ഇത്. ഖവാരിജുകളുടെ ചരിത്രം വായിക്കുമ്പോള്‍ മറ്റെന്തിനെക്കാളും -അവരുടെ തക്ഫീറിലുള്ള അതിര്‍കവിച്ചിലിനെക്കാളും, ഭരണാധികാരികള്‍ക്കെതിരെയുള്ള പുറപ്പെടലിനെക്കാളുമൊക്കെ- ഏതൊരാളുടെയും കണ്ണിലുടക്കുക രക്തത്തോടുള്ള തീര്‍ത്താല്‍ തീരാത്ത അവരുടെ അഭിനിവേശമാണ്.

ശാഫിഈ പണ്ഡിതന്മാരില്‍ പെട്ട അബുല്‍ ഹുസൈന്‍ അല്‍-മലത്വി (377 ഹി) ഖവാരിജുകളെ കുറിച്ച് സംസാരിക്കവെ പറഞ്ഞു: “ഖവാരിജുകളിലെ ആദ്യ കക്ഷിയായ ‘മുഹക്കിമഃ’ തങ്ങളുടെ വാളുകളുമേന്തി അങ്ങാടികളിലേക്കിറങ്ങുകയും, (സ്വന്തം കാര്യങ്ങളിലേര്‍പ്പെട്ടിരിക്കുന്ന) അശ്രദ്ധരായ ജനങ്ങളുടെ നടുവില്‍ നിന്ന് ‘ലാ ഹുക്മ ഇല്ലാ ലില്ലാഹ്’ എന്നുച്ചത്തില്‍ വിളിച്ചു പറയുകയും, കണ്ണില്‍ കണ്ടവരെയെല്ലാം വാളു കൊണ്ട് വെട്ടുകയും ചെയ്യുമായിരുന്നു. മറ്റാരുടെയെങ്കിലും വാളു കൊണ്ട് മരിക്കുന്നത് വരെ അവര്‍ പോരാടുമായിരുന്നു.” (അത്തന്‍ബീഹു വറദ്ദു അലാ അഹ്ലില്‍ അഹ്വാഇ വല്‍ ബിദഇ: 1/47)

അദ്ദേഹം തന്നെ പറഞ്ഞു: “ഖവാരിജുകളില്‍ പെട്ട നജിദഃ കക്ഷി അമ്മാനിലെ ഒരു പര്‍വ്വതത്തില്‍ നിന്ന് ഇറങ്ങിവന്ന് കുട്ടികളെ കൊലപ്പെടുത്തുകയും, സ്ത്രീകളെ തടവുകാരാക്കുകയും, രക്തം ചൊരിയുകയും, നിഷിദ്ധമായ ബന്ധങ്ങള്‍ (ലൈംഗികബന്ധം) അനുവദനീയമാക്കുകയും, സമ്പത്ത് കൊള്ളയടിക്കുകയും ചെയ്തു. സലഫുകളെന്നോ ഖലഫുകളെന്നോ (മുന്‍ഗാമികളെന്നോ പിന്‍ഗാമികളെന്നോ) വ്യത്യാസമില്ലാതെ അവര്‍ ജനങ്ങളെ കാഫിറാക്കുകയും, (തങ്ങള്‍ക്ക് തോന്നുന്നവരോട്) സ്നേഹബന്ധം സ്ഥാപിക്കുകയും (തോന്നുന്നവരോട്) അകല്‍ച്ച പ്രഖ്യാപിക്കുകയും ചെയ്തു കൊണ്ടിരുന്നു.” (അത്തന്‍ബീഹുവറദ്ദ്: 1/52)

ഇതായിരുന്നു മുന്‍ഗാമികളുടെ -ഖവാരിജുകളുടെ- അവസ്ഥ?! എന്നാല്‍ ഇന്നുള്ളവരുടെ അവസ്ഥയെന്താണ്?!

മുന്‍ഗാമികളായ ആയിരക്കണക്കിന് ഖവാരിജുകള്‍ക്ക് ചെയ്യാന്‍ കഴിയുന്നതിനെക്കാളധികം നാശനഷ്ടങ്ങളും അതിക്രമവും വിതക്കാന്‍ ഇന്നുള്ളവര്‍ക്ക് കഴിയുന്നു. ബോബുകള്‍ നിറച്ച ട്രക്കോടിച്ചു കയറ്റിയും, ശരീരത്തില്‍ നിറയെ സ്ഫോടക വസ്തുക്കള്‍ പിടിപ്പിച്ചും അങ്ങാടികളിലും ജനവാസ പ്രദേശങ്ങളിലും പൊട്ടിത്തെറിക്കുന്നവര്‍ ആദ്യകാല ഖവാരിജുകളെ ഇതിലും മാതൃകയാക്കിയിരിക്കുന്നു; -അല്ല!- ഇവരെ അവരെ അക്കാര്യത്തില്‍ പരാജയപ്പെടുത്തിയിരിക്കുന്നു!

ആദ്യകാലക്കാര്‍ അങ്ങാടികളിലും മറ്റുമായിരുന്നു സ്ഫോടനങ്ങള്‍ നടത്തിയിരുന്നതെങ്കില്‍ ഇന്നുള്ളവരുടെ കൈകള്‍ നീളുന്നത് മസ്ജിദുകളിലേക്കാണ്. അതാകട്ടെ, പലപ്പോഴും ജനങ്ങള്‍ കൂടുന്ന വെള്ളിയാഴ്ച്ച ജുമുഅഃകളിലും, പെരുന്നാള്‍ നിസ്കാരങ്ങളിലും മറ്റും. ഇതിലും ഇവര്‍ മുന്‍ഗാമികളെ പരാജയപ്പെടുത്തിയിരിക്കുന്നു.

തങ്ങളുടെ കൊലപാതകങ്ങളിലും അക്രമണങ്ങളിലും ചരിത്രത്തില്‍ കാണാത്ത തരം ക്രൂരതയും മൃഗീയതയും കൊണ്ടു വരികയെന്നതും ഇവരുടെ -ഖവാരിജുകളുടെ- പ്രത്യേകതകളില്‍ പെട്ടതാണ്. ഓരോ കാലഘട്ടത്തിലും തങ്ങളുടെ മുന്‍കാലക്കാരെ കൊലപാതകത്തിന്റെ വന്യതയുടെ കാര്യത്തില്‍ മറികടക്കാന്‍ ശ്രമിക്കുക എന്നത് ഇവരുടെ സ്ഥിരംസ്വഭാവങ്ങളിലൊന്നാണ്.

അലി-رضي الله عنه-വിനെതിരെ പുറപ്പെട്ട ഖവാരിജുകള്‍ അബ്ദുല്ലാഹി ബ്നു ഖബ്ബാബ്-رضي الله عنه-വിനെയും അദ്ദേഹത്തിന്റെ ഗര്‍ഭിണിയായ ഭാര്യയെയും കൊലപ്പെടുത്തിയ സംഭവവും ഇവരുടെ ക്രൂരതയും, രക്തത്തോടുള്ള തീര്‍ത്താല്‍ തീരാത്ത കൊതിയും വിശദീകരിക്കുന്നതാണ്. അദ്ദേഹത്തെ അവര്‍ വാഹനത്തില്‍ നിന്ന് തള്ളിതാഴെയിടുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തു. ഉഥ്മാന്‍-رضي الله عنه-വിനെയും അലി-رضي الله عنه-വിനെയും ആക്ഷേപിക്കാന്‍ അദ്ദേഹം തയ്യാറാകാതിരുന്നപ്പോള്‍ അവര്‍ അദ്ദേഹത്തിന്റെ തലയറുത്തു. പ്രസവം അടുക്കാറായ അദ്ദേഹത്തിന്റെ ഭാര്യയുടെ വയര്‍ പിളര്‍ക്കുകയും, അവരെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു.

ഹി 68 ല്‍ ഖവാരിജുകള്‍ പട്ടണങ്ങളിലേക്ക് ഇറങ്ങുകയും, സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തുകയും, ഗര്‍ഭിണികളുടെ വയര്‍ പിളര്‍ന്ന് അക്രമം അഴിച്ചു വിടുകയും ചെയ്തതിനെ കുറിച്ച് പരാമര്‍ശിക്കവെ ഇബ്‌നു കഥീര്‍ -رحمه الله- പറഞ്ഞു: “മറ്റാരും ചെയ്തിട്ടില്ലാത്ത പ്രവര്‍ത്തനങ്ങളാണ് അവര്‍ ചെയ്തു കൂട്ടിയത്.” (ബിദായവന്നിഹായ: 8/323)

ഇന്നുള്ള ഖവാരിജുകളെ നോക്കൂ!

അവരും ഇപ്രകാരം തന്നെ. ചരിത്രത്തിലെവിടെയും പരിചിതമല്ലാത്ത കൊലപാതക രീതികള്‍ അവര്‍ കൊണ്ടുവന്നിരിക്കുന്നു. മൃഗങ്ങളെ അറുക്കുന്നതു പോലെ കത്തി കൊണ്ട് മനുഷ്യരെ അറുക്കുന്നു ദാഇഷീ ഖവാരിജുകള്‍; എന്നിട്ടെന്തോ നന്മ ചെയ്തതു പോലെ അവ വീഡിയോകളില്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നു.

ഒരു മൃഗത്തിനെ മറ്റൊരു മൃഗത്തിന്റെ മുന്‍പില്‍ വെച്ച് അറുക്കരുതെന്ന് കല്‍പ്പിച്ച റസൂലുല്ലയുടെ -ﷺ- അനുയായികള്‍ മനുഷ്യരെ -മൃഗങ്ങളെ പോലെ; -അല്ല!- അതിനെക്കാള്‍ മോശമായി- നിരനിരയായി നിര്‍ത്തി പിന്നില്‍ നിന്ന് വെടിവെച്ചു കൊല്ലുന്നു; വീഡിയോ എടുത്ത് നാടു മുഴുവന്‍ പ്രചരിപ്പിക്കുന്നു.

കുറച്ചു മുന്‍പ് ജോര്‍ദാനിയന്‍ പൈലറ്റായ മുആദ് അല്‍-കസാബ്സയെ -അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുക്കട്ടെ- കൂട്ടിലിട്ട് ജീവനോട് കത്തിച്ചു കളഞ്ഞു ഈ കാപാലികര്‍. അതും -സിനിമയും മറ്റും ഷൂട്ട് ചെയ്യുന്നതു പോലെ- വീഡിയോയില്‍ പകര്‍ത്തി നാടൊട്ടുക്കു പ്രചരിപ്പിച്ചു.

ഇവരുടെ ഈ പ്രവര്‍ത്തനങ്ങളെല്ലാം ഏതോ ചില വിഡ്ഢികളുടെ അറിവില്ലായ്മയില്‍ നിന്നുണ്ടായ പ്രവര്‍ത്തനങ്ങളാണെന്ന് ആരും ധരിക്കേണ്ടതില്ല. ഇവരുടെ നേതാക്കള്‍ -പണ്ഡിതന്മാരെന്ന് ഇവര്‍ വിശേഷിപ്പിക്കുന്നവര്‍- തന്നെയാണ് ഈ പൈശാചിക ബോധനങ്ങള്‍ ഇവര്‍ക്ക് നല്‍കിയത്.

അബൂ മുഹമ്മദ് അല്‍-മഖ്ദിസി പറഞ്ഞതു നോക്കുക: “ഇവര്‍ക്ക് അറവിന്റെയും കൊലപാതകത്തിന്റെയും രക്തത്തിന്റെയും ഭാഷയല്ലാതെ മറ്റൊന്നും മനസ്സിലാകില്ല; ഈ ഭാഷയാകട്ടെ ദീനിന്റെ ഭാഷയുമാണ്. അവരുടെ അതിക്രമങ്ങളും വഞ്ചനയും തടയാന്‍ ഈ ഭാഷ പരസ്യമായി ഉപയോഗിക്കുന്നത് കൊണ്ടല്ലാതെ സാധ്യമാവുകയില്ല… അവരുടെ അസത്യത്തെ തടുക്കുന്ന, തിന്മകളെയും ശത്രുതയെയും ഇല്ലാതെയാക്കുന്ന ഒരേയൊരു ഭാഷ മാത്രമാണുള്ളത്. ‘മര്‍ദ്ധനം’, ‘പിരടിക്കു വെട്ടല്‍’, ‘കഴുത്തിന് മുകളില്‍ വെട്ടിക്കളയല്‍’, ‘ഭീഷണി’, ‘തലവെട്ടല്‍’; (ഇതെല്ലാമാണ് ആ ഭാഷ). നമ്മുടെ ശത്രുക്കള്‍ പറയുന്നത് പോലെ -ഇത് യുദ്ധമാണ്-. അതെ! ഇത് യുദ്ധം തന്നെയാണ്.” (മുര്‍തദ്ദൂന്‍ പേരില്‍ 4/റജബ്/1425 ന് നടത്തിയ ഖുത്ബയില്‍ നിന്ന്)

ഈ പറഞ്ഞതെല്ലാം ശരിയായ കാഫിറുകളുടെ കാര്യത്തിലും, ഇസ്‌ലാമികമായി അനുവദിക്കപ്പെട്ട ജിഹാദിന്റെ സാഹചര്യത്തിലുമായിരുന്നെങ്കില്‍ -അതെ! ശരിയാണ്- ഇതെല്ലാം വളരെ നല്ല വാക്കുകള്‍ തന്നെ. എന്നാല്‍ ഈ പറയുന്നതെല്ലാം ഇസ്‌ലാമിക രാജ്യങ്ങള്‍ക്കെതിരെയും, മുസ്‌ലിമീങ്ങളുടെ വിഷയത്തിലും, അവിടെയുള്ള ഭരണാധികാരികളുടെയും അവരുടെ സഹായികളുടെയും കാര്യത്തിലാണ്!

ഇസ്‌ലാമും മുസ്‌ലിമീങ്ങളും ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നൊഴിവാണ്! സലഫുസ്സ്വാലിഹീങ്ങളും അവരെ പിന്‍പറ്റുന്ന യഥാര്‍ഥ പണ്ഡിതന്മാരും അപ്രകാരം തന്നെ.

ഖവാരിജുകളുടെ രക്തച്ചൊരിച്ചിലിനെതിരെ ശക്തമായി പ്രതികരിച്ചവരായിരുന്നു സലഫുകള്‍.

ഇമാം അഹ്മദ് -رحمه الله- രക്തം ചൊരിയുന്നത് അവസാനിപ്പിക്കുവാന്‍ കല്‍പ്പിക്കുകയും, ഖവാരിജീ ചിന്താഗതിയെ ശക്തമായി എതിര്‍ക്കുകയും ചെയ്യാറുണ്ടായിരുന്നു എന്ന് ഇമാം അല്‍-മര്‍വസി -رحمه الله- പറഞ്ഞതായി കാണാം.

അബുല്‍ ഹാരിഥ് പറഞ്ഞു: “ബഗ്ദാദില്‍ സംഭവിച്ച ചില ഫിത്നകളെ കുറിച്ച് ഞാന്‍ ഇമാം അഹ്മദിനോട് സൂചിപ്പിച്ചു. ഒരു വിഭാഗം അതിനെതിരെ വാളെടുത്ത് പുറത്തിറങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് ഞാന്‍ അറിയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു:

“സുബ്ഹാനല്ലാഹ്! രക്തം… രക്തം… അതൊരിക്കലും അനുവദനീയമാണെന്ന് മനസ്സിലാക്കുന്നില്ല. ഞാനത് കല്‍പ്പിക്കുന്നുമില്ല. നാം അനുഭവിക്കുന്ന ഈ പ്രയാസങ്ങളില്‍ ക്ഷമിക്കുകയെന്നതാണ് കുഴപ്പങ്ങള്‍ (ഫിത്ന) ഉണ്ടാകുന്നതിനെക്കാള്‍ നല്ലത്. (ഫിത്ന വന്നു കഴിഞ്ഞാല്‍) രക്തം ചൊരിയപ്പെടുകയും, സമ്പാദ്യം അനുവദിക്കപ്പെടുകയും, നിഷിദ്ധങ്ങള്‍ പ്രാവര്‍ത്തികമാക്കപ്പെടുകയും ചെയ്യും. ഫിത്നയുടെ ദിനങ്ങളില്‍ ജനങ്ങള്‍ എപ്രകാരമായിരുന്നുവെന്ന് നിനക്ക് അറിയില്ലേ?!”

ഞാന്‍ (അബുല്‍ ഹാരിഥ്) ചോദിച്ചു: “ജനങ്ങള്‍ ഇന്ന് ഫിത്നയില്‍ തന്നെയല്ലേ ജീവിക്കുന്നത്?!”

അദ്ദേഹം പറഞ്ഞു: “അങ്ങനെയാണെങ്കില്‍ പോലും അത് ഒരു പ്രത്യേക വിഭാഗത്തെ മാത്രം ബാധിക്കുന്നതാണ്. എന്നാല്‍ വാളെടുത്ത് പുറത്തിറങ്ങിയാല്‍ ഫിത്ന എല്ലാവരെയും ബാധിക്കുകയും, വഴികള്‍ തടസ്സപ്പെടുകയും ചെയ്യും. ഈ ഫിത്നയില്‍ ക്ഷമിക്കുകയും, നിന്റെ ദീനുമായി നീ രക്ഷപ്പെടുകയും ചെയ്യുന്നതാണ് നിനക്ക് കൂടുതല്‍ നല്ലത്.” (അസ്സുന്ന-ഖല്ലാല്‍: 1/132)

ഇമാം അഹ്മദിന്റെ കാലഘട്ടത്തില്‍ നിലനിന്നിരുന്ന -ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന മുഅ്തസലികളുടെ വാദവും, അത് അംഗീകരിക്കാത്തവര്‍ക്കെതിരെ ഭരണാധികാരികള്‍ നടത്തി വന്ന അക്രമങ്ങളുമാണ്- ഫിത്നയെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ഫിത്നയെ തിരുത്തുന്നതിനായി വാളെടുത്തിറങ്ങാന്‍ ഉദ്ദേശിച്ചവരെ ശക്തമായി താക്കീത് ചെയ്യുകയും, അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയുമാണ് ഇമാം അഹ്മദ് ചെയ്തത്.

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ ഫിത്നകളെ കുറിച്ച് സംസാരിക്കവെ പറഞ്ഞു: “.. ചിലപ്പോള്‍ ചില ഭരണാധികാരികള്‍ അതിക്രമം പ്രവര്‍ത്തിക്കുകയും, (ഭരണീയരുടെ അവകാശങ്ങള്‍) നല്‍കാതിരിക്കുകയും ചെയ്യും. ചിലര്‍ക്ക് ഇത് സഹിക്കാന്‍ കഴിയില്ല. ഈ ഫിത്നയെ തടുക്കാന്‍ വേണ്ടി ഇപ്പോഴുള്ളതിനെക്കാള്‍ വലിയ കുഴപ്പങ്ങള്‍ക്ക് കാരണമാകുന്ന വഴികളായിരിക്കും ചിലര്‍ സ്വീകരിക്കുക.

സ്വന്തം അവകാശങ്ങള്‍ നേടിയെടുക്കണമെന്നും, തന്നോട് ചെയ്യുന്ന അതിക്രമം തടുക്കണമെന്ന ആഗ്രഹവും മൂലം തന്റെ ഈ പ്രവര്‍ത്തനങ്ങളുടെ അനന്തരഫലമായി സംഭവിക്കാനിരിക്കുന്ന വലിയ കുഴപ്പങ്ങളെ അവന്‍ കാണുകയുമില്ല… ഫിത്നയുടെ സന്ദര്‍ഭത്തില്‍ യുദ്ധം മൂലമുണ്ടാകുന്ന ഫിത്നയാണ് ഭരണാധികാരികളുടെ അതിക്രമം മൂലമുണ്ടാകുന്ന ഫിത്നയെക്കാള്‍ ഭയാനകം. ഒരു തിന്മ അതിനെക്കാള്‍ വലിയ തിന്മ കൊണ്ടല്ല നീക്കേണ്ടത്.” (മിന്‍ഹാജുസ്സുന്ന: 4/538-542)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment