മതപഠനം - സകൂളിംഗ് - വിദ്യാഭ്യാസം

വൈദ്യശാസ്ത്ര പഠനവും മറ്റും മതപഠനത്തില്‍ പെടുമോ?

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - പ്രചരിപ്പിക്കുക:

ചോദ്യം: വൈദ്യശാസ്ത്രവും എഞ്ചിനീയറിംഗുമൊക്കെ പഠിക്കുന്നത് അല്ലാഹുവിന്‍റെ ദീനില്‍ അവഗാഹം നേടുക എന്നതിന്‍റെ പരിധിയില്‍ പെടുമോ?


ഉത്തരം: ഈ വിജ്ഞാനങ്ങളൊന്നും മതവിജ്ഞാനത്തിന്‍റെ പരിധിയില്‍ പെടില്ല. കാരണം, ഇവയിലൊന്നും ഖുര്‍ആനോ സുന്നത്തോ അല്ല പഠിപ്പിക്കുന്നത്.

എന്നാല്‍, ഇത്തരം വിജ്ഞാനങ്ങള്‍ മുസ്ലിമീങ്ങള്‍ക്ക് ആവശ്യമുള്ള വിജ്ഞാനങ്ങളില്‍ പെട്ടതാണ്. അത് കൊണ്ടാണ് ചില പണ്ഡിതന്മാര്‍ പറഞ്ഞത്: വൈദ്യവും എഞ്ചിനീയറിംഗും ഭൂമിശാസ്ത്രവും അതു പോലുള്ളവയുമൊക്കെ പഠിക്കുന്നത് (മുസ്ലിം സമുദായത്തില്‍ ചിലര്‍ ചെയ്താല്‍ മറ്റുള്ളവരുടെയും ബാധ്യത അവസാനിക്കുന്ന) ഫര്‍ദ് കിഫായഃ ആണെന്ന്.

മതവിജ്ഞാനങ്ങളില്‍ പെട്ടത് കൊണ്ടല്ല അതിനെ ഫര്‍ദ് (നിര്‍ബന്ധം) എന്ന് വിശേഷിപ്പിക്കുന്നത്. മറിച്ച്, മുസ്ലിം സമുദായത്തിന്‍റെ ഐഹികമായ സൗകര്യങ്ങള്‍ നേടിയെടുക്കാന്‍ അത് ആവശ്യമാണ് എന്നത് കൊണ്ടാണ്.

അതിനാല്‍, ഇത്തരം വിജ്ഞാനങ്ങള്‍ പഠിക്കുന്ന സഹോദരങ്ങളോട് എനിക്ക് നല്‍കാനുള്ള ഉപദേശം; നിങ്ങള്‍ ഇത്തരം വിഷയങ്ങള്‍ പഠിക്കുമ്പോള്‍ തങ്ങളുടെ സഹോദരങ്ങളായ മുസ്ലിമീങ്ങളെ സഹായിക്കണമെന്ന ഉദ്ദേശത്തിലും, ഇസ്ലാമിക സമൂഹത്തിന്‍റെ ഉയര്‍ച്ചക്ക് സഹായികളാകണമെന്ന ആഗ്രഹത്തിലും മുന്നോട്ടു പോവുക.

മില്ല്യണ്‍ കണക്കിന് മുസ്ലിമീങ്ങള്‍ ഇന്നുണ്ട്. അവര്‍ ഇത്തരം വിജ്ഞാനങ്ങള്‍ മുസ്ലിമീങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രൂപത്തില്‍ പ്രയോഗവല്‍ക്കരിച്ചിരുന്നെങ്കില്‍ അതില്‍ ധാരാളം നന്മകളുണ്ടാകുമായിരുന്നു. നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ കാഫിറുകളെ നമുക്ക് ആശ്രയിക്കേണ്ട അവസ്ഥയും സംജാതമാകില്ലായിരുന്നു.

ചുരുക്കത്തില്‍, ഇത്തരം വിജ്ഞാനങ്ങള്‍ മുസ്ലിമീങ്ങളുടെ ഉപകാരത്തിനായി പഠിക്കണമെന്ന് ഒരാള്‍ ഉദ്ദേശിച്ചാല്‍ അതില്‍ അയാള്‍ക്ക് അല്ലാഹുവിങ്കല്‍ പ്രതിഫലമുണ്ട്. ആ പ്രവര്‍ത്തനം ഇബാദത്തായതു കൊണ്ടല്ല അവന് പ്രതിഫലം നല്‍കപ്പെടുക; മറിച്ച് അവന്‍റെ ഉദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ്.

എന്നാല്‍, ഇവയൊന്നും -നാം നേരത്തെ പറഞ്ഞതു പോലെ- ദീനീ വിജ്ഞാനങ്ങളില്‍ പെട്ടതല്ല. കാരണം മതവിജ്ഞാനം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവിന്‍റെ മതപരവും ഭൗതികവുമായ വിധിവിലക്കുകളെ കുറിച്ച് പഠിക്കലും, അല്ലാഹുവിനെയും അവന്‍റെ നാമ-വിശേഷണങ്ങളെയും മനസ്സിലാക്കലുമാണ്.

(മജ്മൂഉ ഫതാവാ വ റസാഇല്‍ ഇബ്നി ഉഥൈമീന്‍: 26/49-50)

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Leave a Reply

%d bloggers like this: