ഭരണാധികാരികള്‍ക്ക് വളരെ ഉയര്‍ന്ന സ്ഥാനവും, മഹത്തരമായ പദവിയുമാണ്‌ ഇസ്‌ലാമിലുള്ളത്. അവര്‍ക്ക് ഏല്‍പ്പിക്കപ്പെട്ട ബാധ്യതകള്‍ക്ക് യോജിച്ച സ്ഥാനം അല്ലാഹു -تَعَالَى- അവര്‍ക്ക് കനിഞ്ഞരുളിയിട്ടുണ്ട്. ദീനിന്റെ സംരക്ഷണവും ദുനിയാവിലെ സാമൂഹിക ജീവിതവും നേരെ നിലനിന്നു പോകാന്‍ അനിവാര്യമായതിനാല്‍ തന്നെ നബിമാരുടെ പദവികളില്‍ ചിലത് തുടര്‍ന്നു വരുന്ന ഖലീഫമാരായാണ് അവരെ ഇസ്‌ലാം പരിഗണിച്ചത്. നബി -ﷺ- ക്ക് ശേഷം ഇസ്‌ലാമിക ലോകത്തിന്റെ നേതൃത്വം ഏറ്റെടുത്ത അബൂബക്ര്‍ അസ്സിദ്ധീഖ് -ِرَضِيَ اللَّهُ عَنْهُ- വിനെ ഇസ്‌ലാമിക സമൂഹം ഖലീഫതു റസൂലില്ലാഹ് (റസൂലിന്റെ -ﷺ- പിന്‍ഗാമി) എന്നു വിശേഷിപ്പിച്ചത് ഉദാഹരണം.

ഇവിടെ ഒരു ചോദ്യം പ്രസക്തമാണ്. എന്തു കൊണ്ടാണ് ഇസ്‌ലാം ഭരണാധികാരികള്‍ക്ക് മറ്റുള്ളവരെക്കാള്‍ -ഭരണീയരെക്കാള്‍- സ്ഥാനവും പദവിയും നല്‍കിയത്?

ഉത്തരം: മനുഷ്യര്‍ ശക്തിയുള്ളവര്‍ക്ക് കീഴൊതുങ്ങുന്നവരാണ്. അവരെ നയിക്കാന്‍ ഭരണാധികാരിയുടെ അധികാരവും ശക്തമായ തീരുമാനങ്ങളും അനിവാര്യമാണ്. അതിനാല്‍ ഭരണാധികാരിക്ക് സമൂഹത്തില്‍ അദ്ദേഹത്തിന്റെ പങ്ക് നിറവേറ്റാന്‍ കഴിയാവുന്ന രൂപത്തിലുള്ള പരിഗണന തന്നെ നല്‍കപ്പെടേണ്ടതുണ്ട്. അവര്‍ക്ക് അത് നല്‍കപ്പെട്ടില്ലെങ്കില്‍ ജനങ്ങള്‍ അയാളെ അവഗണിക്കുകയും തരം താഴ്ത്തുകയും ചെയ്യുമെന്നതില്‍ സംശയമില്ല. അവരൊരിക്കലും അയാള്‍ക്ക് കീഴൊതുങ്ങുകയോ അയാളുടെ കല്‍പ്പനകള്‍ സ്വീകരിക്കുകയോ ചെയ്യില്ല.

ഈ അവസ്ഥ നാട്ടില്‍ സംജാതമായാല്‍ അത് എണ്ണമില്ലാത്ത പ്രശ്നങ്ങള്‍ക്കും കുഴപ്പങ്ങള്‍ക്കും തുടക്കം കുറിക്കും. തനിച്ച അരാജകത്വം നാട്ടില്‍ അരങ്ങു വാഴാന്‍ മാത്രമാണ് അത് കാരണമാകുക. എത്രയോ നന്മകള്‍ നശിക്കാനും, ദുനിയാവിലെ സമാധാന പൂര്‍ണ്ണമായ ജീവിതം തകരാറിലാകാനും, ദീന്‍ പാലിച്ചു ജീവിക്കാനുള്ള സാഹചര്യം ഇല്ലാതെയാകാനും ഈയൊരൊറ്റ കാരണം മതി.

ഭരണാധികാരികളുടെ അവകാശങ്ങളെ കുറിച്ച് സംസാരിക്കവെ ഇമാം ബദ്ര്‍ ഇബ്‌നു ജമാഅ -رَحِمَهُ اللَّهُ- പറഞ്ഞു: “നാലാമത്തെ അവകാശം: ഭരണാധികാരിയുടെ മഹത്തരമായ അവകാശം തിരിച്ചറിയുകയും, അദ്ദേഹത്തിന്റെ സ്ഥാനം ആദരിക്കുന്നത് നിര്‍ബന്ധമാണ്‌ എന്ന് തിരിച്ചറിയുകയും ചെയ്യുക. അദ്ദേഹത്തോട് ഇടപഴകുമ്പോള്‍ നിര്‍ബന്ധമായും പാലിക്കേണ്ട ആദരവും ബഹുമാനവും പാലിച്ചു കൊണ്ടേ പെരുമാറാവൂ. അല്ലാഹു -تَعَالَى- അദ്ദേഹത്തിന് നിശ്ചയിച്ചു കൊടുത്ത ആദരവ് അവന്‍ മനസ്സിലാക്കേണ്ടതുണ്ട്.

ഇതിനാല്‍ തന്നെ ഇസ്‌ലാമിലെ ഇമാമുമാരായ പണ്ഡിതന്മാര്‍ അവരെ ആദരിക്കുന്നത് വളരെ ഗൌരവതരമായ കാര്യമായി കണ്ടിരുന്നു. അങ്ങേയറ്റം ജീവിത വിരക്തിയും സൂക്ഷ്മതയും സമ്പത്തിനോടുള്ള അകല്‍ച്ചയും ഉണ്ടായിരുന്നിട്ടും രാജാക്കന്മാരുടെ ക്ഷണം അവര്‍ സ്വീകരിക്കാറുണ്ടായിരുന്നു. ‘സുഹ്ദ്‌’ (ജീവിതവിരക്തി) പാലിക്കുന്നവരാണ് തങ്ങളും എന്ന് അവകാശപ്പെടുന്ന ചിലര്‍ ഭരണാധികാരികളോട് പെരുമാറുന്നതില്‍ പാലിക്കേണ്ട മര്യാദകള്‍ പാലിക്കാതിരിക്കുന്നത് യഥാര്‍ത്ഥത്തില്‍ സുന്നത്തില്‍ പെട്ടതേയല്ല.” (തഹ്രീറുല്‍ അഹ്കാം ഫീ തദ്ബീരി അഹ്-ലില്‍ ഇസ്‌ലാം: 63)

മേല്‍ പറഞ്ഞ രൂപത്തില്‍ മഹത്തരമായ സ്ഥാനവും വലിയ പദവികളും ഭരണാധികാരികള്‍ക്ക് ഇസ്‌ലാമില്‍ നല്‍കപ്പെട്ടിട്ടുണ്ട്. ഇതെല്ലാം മനസ്സിലാക്കിയതിന് ശേഷവും ഭരണാധികാരിയെ ബഹുമാനിക്കുന്നതിലും അദ്ദേഹത്തോടുള്ള ആദരവ് വെച്ചു പുലര്‍ത്തുന്നതിലും അങ്ങേയറ്റം അലസത വെച്ചു പുലര്‍ത്തുന്ന ചിലരെ നിനക്ക് കാണാം. അവരുടെ ശുദ്ധ പ്രകൃതി തിന്മകള്‍ കൊണ്ട് മലിനമായിട്ടുണ്ടെന്നതിനും, ദീന്‍ പാലിക്കുന്നതില്‍ വളരെ പിന്നിലാണ് അവന്‍ എന്നതിനും വലിയ തെളിവാണ് ഈ അവസ്ഥ.

ഇസ്‌ലാമിക ലോകത്തെ പണ്ഡിതന്മാര്‍ ഭരണാധികാരികളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നത് സുന്നത്തിന്റെ ഭാഗമായാണ് കണ്ടത്. അതില്‍ യാതൊരു കുറവും ന്യൂനതയും അവര്‍ ദര്‍ശിച്ചിരുന്നില്ല. കാരണം അല്ലാഹുവിന്റെയും റസൂലിന്റെയും കല്‍പ്പന നിറവേറ്റുന്നതിന്റെ ഭാഗമായി മാത്രമാണ് അവര്‍ അതിനെ കണ്ടത്. എത്രയോ മതപരവും ഭൌതികവുമായ നന്മകള്‍ അതിന്റെ പിന്നില്‍ ഉണ്ടെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു.

قَالَ عُثْمَانُ بْنُ عَفَّانٍ رَضِيَ اللَّهُ عَنْهُ: «مَا يَزَعُ الامَامُ أَكْثَرُ مِمَّا يَزَعُ القُرْآنُ»

ഉഥ്മാന്‍ -ِرَضِيَ اللَّهُ عَنْهُ- വിന്റെ വാക്ക് ഈ സന്ദര്‍ഭത്തില്‍ ഏറെ പ്രസക്തമാണ്. അദ്ദേഹം പറഞ്ഞു: “ഖുര്‍ആന്‍ (തിന്മകളില്‍ നിന്ന്) തടുത്തു നിര്‍ത്തുന്നതിനെക്കാള്‍ ഭരണാധികാരി തടുത്തു നിര്‍ത്തുന്നുണ്ട്.” (തംഹീദ്/ഇബ്‌നുഅബ്ദില്‍ ബര്‍: 1/118)

ഈ വാക്കിന്റെ ഉദ്ദേശം ഇബ്‌നു മന്‍ദ്വൂര്‍ -رَحِمَهُ اللَّهُ- വിശദീകരിച്ചതായി കാണാം. അദ്ദേഹം പറഞ്ഞു: “ഭരണാധികാരിയോടുള്ള ഭയം കാരണത്താല്‍ തിന്മകള്‍ ചെയ്യുന്നതില്‍ നിന്ന് വിട്ടു നില്‍ക്കുന്നവരാണ് അല്ലാഹുവിനെ ഭയപ്പെട്ടു കൊണ്ട് തിന്മകളില്‍ നിന്ന് വിട്ടു നില്‍ക്കുന്നവരെക്കാള്‍ കൂടുതല്‍.” (ലിസാനുല്‍ അറബ്: 8/390)

ഭരണാധികാരിക്ക് ഇസ്‌ലാം നല്‍കിയ സ്ഥാനം ഇത്ര മാത്രം വലുതായി തീരാനുള്ള കാരണം ഈ പറഞ്ഞതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും. ഭരണാധികാരിയെ കുറിച്ച് മനസ്സിലുള്ള ആദരവും ഭയവും വര്‍ദ്ധിക്കുന്നത് അനുസരിച്ച് തിന്മകളില്‍ നിന്ന് ജനങ്ങള്‍ വിട്ടു നില്‍ക്കും. കാരണം ഭരണാധികാരിയുടെ ശിക്ഷയെ കുറിച്ചുള്ള ഭയം തെറ്റ് ചെയ്യുന്നതില്‍ നിന്ന് അവനെ അകറ്റി നിര്‍ത്തിയേക്കാം.

കാരണം തിന്മകളില്‍ നിന്ന് മനുഷ്യര്‍ വിട്ടു നില്‍ക്കുന്നത് (1) ഒന്നല്ലെങ്കില്‍ അല്ലാഹുവിനെ പേടിച്ചു കൊണ്ടായിരിക്കും. (2) അല്ലെങ്കില്‍ ഭരണ സംവിധാനം ശിക്ഷിക്കുമെന്ന പേടി കാരണത്താലായിരിക്കും. (3) അതുമല്ലെങ്കില്‍ അവന്റെ ബുദ്ധിയും തിന്മ ചെയ്യുന്നതിലുള്ള ലജ്ജയും അവനെ തെറ്റില്‍ നിന്ന് തടയുന്നുണ്ടായിരിക്കാം. (4) അതുമല്ലെങ്കില്‍ തിന്മ ചെയ്യാനുള്ള ശേഷി ഇല്ലാത്തതിനാല്‍. മേലെ പറഞ്ഞ നാല് കാരണങ്ങളല്ലാതെ മറ്റൊരു കാരണവും തിന്മയില്‍ നിന്ന് മനുഷ്യരെ അകറ്റുന്നതായി നിനക്ക് കണ്ടെത്താന്‍ കഴിയില്ല.

മേല്‍ പറഞ്ഞ നാല് കാര്യങ്ങളില്‍ ഏറ്റവും ശക്തവും കൂടുതല്‍ പേരിലും സ്വാധീനം ചെലുത്തുന്നതും ഭരണാധികാരിയെ കുറിച്ചുള്ള ഭയമാണ്. കാരണം ബുദ്ധിയും ലജ്ജയും ദീനീ ബോധവുമെല്ലാം ദേഹേഛ ശക്തമായാല്‍ അശ്രദ്ധമായി പോയേക്കാം. എന്നാല്‍ ഭരണാധികാരി ശിക്ഷിക്കുമെന്ന ചിന്ത അപ്പോഴും ശക്തമായി മനസ്സില്‍ നിലകൊള്ളും. ഈ ആശയം അല്ലാമ മുനാവി -رَحِمَهُ اللَّهُ- തന്റെ ഗ്രന്ഥങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്. (ഫയ്ദ്വുല്‍ ഖദീര്‍: 4/143)

ഭരണാധികാരിയുടെ സ്ഥാനം അറിയിക്കുന്ന ചില തെളിവുകള്‍

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment