ബലപ്രയോഗത്തിലൂടെ ഭരണം പിടിച്ചെടുത്തവര്‍ക്ക് ബയ്അത് ചെയ്യേണ്ടതുണ്ടോ?

قَالَ أَحْمَدُ: «وَمَنْ غَلَبَ عَلَيْهِمْ -يَعْنِي: الوُلَاةَ- بِالسَّيْفِ حَتَّى صَارَ خَلِيفَةً، وَسُمِّيَ أَمِيرَ المُؤْمِنِينَ، فَلَا يَحِلُّ لِأَحَدٍ يُؤْمِنُ بِاللَّهِ وَاليَوْمِ الآخِرِ أَنْ يَبِيتَ وَلَا يَرَاهُ إِمَاماً، بَراًّ كَانَ أَوْ فَاجِراً»

ഇമാം അഹ്മദ് -رَحِمَهُ اللَّهُ- തന്റെ അഖീദ വിശദീകരിക്കവെ പറഞ്ഞു: “ആരെങ്കിലും മുസ്‌ലിമീങ്ങള്‍ക്ക് മേല്‍ ബലപ്രയോഗത്തിലൂടെ ഭരണം പിടിച്ചെടുക്കുകയും, ഖലീഫയാവുകയും, മുസ്‌ലിമീങ്ങളുടെ ഭരണാധികാരിയെന്ന് വിളിക്കപ്പെടുകയും ചെയ്താല്‍; അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരാള്‍ക്കും തന്നെ പിന്നീട് അദ്ദേഹത്തെ ഇസ്‌ലാമിക ഭരണാധികാരിയായി കാണാതെ ഒരു രാത്രിയെങ്കിലും കഴിച്ചു കൂട്ടുകയെന്നത് അനുവദനീയമല്ല. പ്രസ്തുത ഭരണാധികാരി സല്‍കര്‍മ്മിയാകട്ടെ; ദുഷ്കര്‍മ്മിയാകട്ടെ (മേല്‍ പറഞ്ഞ നിയമം അവര്‍ക്കെല്ലാം തുല്ല്യമാണ്).” (അഹ്കാമുസ്സുല്‍ത്വാനിയ്യഃ: 23)

“ബലപ്രയോഗത്തിലൂടെ ഭരണമേറ്റെടുത്തവരുടെ പിന്നില്‍ ഞാന്‍ നിസ്കരിക്കും.” എന്ന അബ്ദുല്ലാഹി ബ്നു ഉമറിന്റെ -رَضِيَ اللَّهُ عَنْهُمَا- വാക്കായിരുന്നു അതിന് തെളിവായി  അദ്ദേഹം കണ്ടത്. (അഹ്കാമുസ്സുല്‍ത്വാനിയ്യ/അബൂ യഅ്ല: 23)

അബ്ദുല്ലാഹിബ്നു ദീനാര്‍ -رَحِمَهُ اللَّهُ- പറഞ്ഞു: ജനങ്ങള്‍ അബ്ദുല്‍ മലിക് ബ്നു മര്‍വാന്റെ കീഴില്‍ ഒരുമിച്ചപ്പോള്‍ ഇബ്‌നു ഉമര്‍ എഴുതി: “അല്ലാഹുവിന്റെയും റസൂലിന്റെയും ചര്യയുടെ അടിസ്ഥാനത്തില്‍, അബ്ദുല്‍ മലിക് ബ്നു മര്‍വാന്റെ (കല്‍പ്പനകള്‍) -എനിക്ക് സാധിക്കാവുന്നിടത്തോളം- കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യല്‍ (ബാധ്യതയാണെന്ന്) ഞാന്‍ അംഗീകരിക്കുന്നു. എന്റെ സന്താനങ്ങളും അക്കാര്യം അംഗീകരിച്ചിരിക്കുന്നു.” (ബുഖാരി: 13/193)

അബ്ദുല്‍ മലികിന്റെ കീഴില്‍ ജനങ്ങള്‍ ഒരുമിച്ചപ്പോള്‍ എന്ന് പ്രത്യേകം എടുത്തു പറയാന്‍ കാരണം, അതിന് മുന്‍പ് ജനങ്ങള്‍ ആരെ ഭരണാധികാരിയായി സ്വീകരിക്കണമെന്നതില്‍ അഭിപ്രായ വ്യത്യാസത്തിലായിരുന്നു. രണ്ടു പേര്‍ -അബ്ദുല്‍ മലികും അതോടൊപ്പം അബ്ദുല്ലാഹി ബ്നു സുബൈറും -رَضِيَ اللَّهُ عَنْهُ-– തങ്ങളാണ് ഖലീഫ എന്ന് അവകാശപ്പെട്ടിരുന്നു. അവര്‍ രണ്ടു പേര്‍ക്കും തങ്ങളുടെ എതിരാളിയുടെ മേല്‍ ആധിപത്യമുണ്ടായിരുന്നില്ല. ആ സന്ദര്‍ഭത്തില്‍ ഇബ്‌നു ഉമര്‍ -رَضِيَ اللَّهُ عَنْهُمَا- രണ്ടു പേര്‍ക്കും ബയ്അത് ചെയ്യാന്‍ തയ്യാറായില്ല.

എന്നാല്‍ പിന്നീട് അബ്ദുല്‍ മലിക് വിജയിച്ചു. അയാളുടെ കീഴിലായി ജനങ്ങള്‍. ബലപ്രയോഗത്തിലൂടെയായിരുന്നു പ്രസ്തുത സ്ഥാനാരോഹരണം നടന്നതെങ്കിലും അതോടെ ഇബ്‌നു ഉമര്‍ അദ്ദേഹത്തിന് ബയ്അത് ചെയ്തു. (ഫത്ഹുല്‍ ബാരി: 13/194)

ചുരുക്കത്തില്‍, ബലപ്രയോഗത്തിലൂടെയാണെങ്കിലും ഒരു നാടിന്റെ ഭരണാധികാരിയായി ആരെങ്കിലും നിശ്ചയിക്കപ്പെട്ടാല്‍ അയാള്‍ക്ക് ബയ്അത് ചെയ്യണമെന്ന ഇബ്‌നു ഉമറിന്റെ ഈ മന്‍ഹജ്; അതാണ് അഹ്ലുസ്സുന്നയുടെയും വഴി. അത് കൊണ്ട് തന്നെയാണ് കര്‍മ്മശാസ്ത്ര പണ്ഡിതന്മാരെല്ലാം തന്നെ ബലപ്രയോഗത്തിലൂടെ ഭരണമേറ്റെടുത്ത വ്യക്തിക്ക് ബയ്അത് ചെയ്യല്‍ നിര്‍ബന്ധമാണെന്നതില്‍ ഇജ്മാഉണ്ടെന്ന് വ്യക്തമാക്കിയത്.

ഇമാം ശാഫിഇ പറഞ്ഞു: “ആരെങ്കിലും ബല പ്രയോഗത്തിലൂടെ ഒരു നാടിന്റെ ഭരണാധികാരിയാവുകയും, ഖലീഫയെന്ന് ജനങ്ങളാല്‍ വിളിക്കപ്പെടുകയും, അയാളുടെ കീഴില്‍ ജനങ്ങള്‍ ഒരുമിക്കപ്പെടുകയും ചെയ്താല്‍ അയാള്‍ ഖലീഫയാണ്.” (മനാഖിബുശ്ശാഫിഈ/ബയ്ഹഖി: 1/448)

ഹാഫിദ് ഇബ്‌നു ഹജര്‍ -رَحِمَهُ اللَّهُ- പറഞ്ഞു: “ബലപ്രയോഗത്തിലൂടെ ഭരണമേറ്റെടുത്ത സുല്‍ത്വാനെ അനുസരിക്കലും, അദ്ദേഹത്തിന് കീഴില്‍ ജിഹാദ് ചെയ്യലും നിര്‍ബന്ധമാണെന്നതില്‍ കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ ഇജ്മാഇല്‍ -യോജിപ്പില്‍- എത്തിയിട്ടുണ്ട്. അദ്ദേഹത്തിനെതിരെ പുറപ്പെടുന്നതിനെക്കാള്‍ നന്മയുള്ളത് അദ്ദേഹത്തെ അനുസരിക്കുന്നതിലാണെന്നും, അതാണ് മുസ്‌ലിമീങ്ങളുടെ രക്തം സംരക്ഷിക്കാന്‍ ഏറ്റവും നല്ലതെന്നതിലും അവര്‍ ഒരുമിച്ചിരിക്കുന്നു.” (ഫത്ഹുല്‍ ബാരി: 13/7)

ശൈഖ് മുഹമ്മദ് ബ്നു അബ്ദില്‍ വഹ്ഹാബ് -رَحِمَهُ اللَّهُ- പറഞ്ഞു: “ഏതെങ്കിലും രാജ്യത്തിന് മേലോ -അല്ലെങ്കില്‍ രാജ്യങ്ങള്‍ക്ക് മേലെയോ- ആരെങ്കിലും ബലപ്രയോഗത്തിലൂടെ ഭരണം ഏറ്റെടുത്തു കഴിഞ്ഞാല്‍ അദ്ദേഹത്തിന് എല്ലാ വിഷയങ്ങളിലും ഖലീഫയുടെ പരിഗണനയുണ്ടെന്നതില്‍ എല്ലാ മദ്ഹബിലെയും പണ്ഡിതന്മാര്‍ യോജിച്ചിരിക്കുന്നു.” (അദ്ദുറര്‍: 7/239)

ശൈഖ് അബ്ദുല്ലത്വീഫ് ബ്നു അബ്ദിര്‍റഹ്മാന്‍ ആലുശ്ശൈഖിന്റെ വാക്കുകള്‍ കുറച്ചു കൂടി വ്യക്തമാണ്. അദ്ദേഹം പറഞ്ഞു: “പണ്ഡിതന്മാര്‍ … ബലപ്രയോഗത്തിലൂടെ ഭരണമേറ്റെടുത്ത ഭരണാധികാരിയെ നന്മയില്‍ അനുസരിക്കലും, അദ്ദേഹത്തിന്റെ കല്‍പ്പനകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കലും, അദ്ദേഹം ശരിയായ ഭരണാധികാരിയാണെന്നതിലും യോജിപ്പിലെത്തിയിരിക്കുന്നു. അതില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല.

അവര്‍ക്കെതിരെ പുറപ്പെടുന്നത് നിഷിദ്ധമാണെന്നും, മുസ്‌ലിം ഉമ്മത്തിനെ ഭിന്നിപ്പിക്കലാണെന്നും അവര്‍ മനസ്സിലാക്കുന്നു. ഈ പറഞ്ഞ ഭരണാധികാരികള്‍ തെമ്മാടികളാണെങ്കില്‍ കൂടി (അവരെ അനുസരിക്കണം). (ഈ പറഞ്ഞതെല്ലാം) അവരില്‍ നിന്ന് വ്യക്തമായ കുഫ്ര്‍ പ്രകടമാകുന്നത് വരെയാണ്. ഈ വിഷയത്തില്‍ നാല് ഇമാമീങ്ങളില്‍ നിന്നും, മറ്റു പണ്ഡിതന്മാരില്‍ നിന്നും വന്നിട്ടുള്ള ധാരാളക്കണക്കിന് ഉദ്ധരണികളുണ്ട്.” (മജ്മൂഅതുര്‍റസാഇല്‍ അന്നജ്ദിയ്യ: 3/168)

ഇമാമിന് വേണ്ട ശ്വര്‍ത്വുകള്‍ യോജിച്ചില്ലെങ്കില്‍…?

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment