ഹദീഥ്

عَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ- أَنَّ رَسُولَ اللَّهِ -ﷺ- قَالَ:

«مَا بَيْنَ بَيْتِي وَمِنْبَرِي رَوْضَةٌ مِنْ رِيَاضِ الجَنَّةِ، وَمِنْبَرِي عَلَى حَوْضِي»

ഓഡിയോ

അര്‍ഥം

അബൂ ഹുറൈറ -ِرَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “എന്റെ വീടിനും എന്റെ മിമ്പറിനും ഇടയിലുള്ള സ്ഥലം സ്വര്‍ഗത്തിലെ പൂന്തോപ്പുകളില്‍ ഒരു പൂന്തോപ്പാണ്. എന്റെ മിമ്പര്‍ എന്റെ ‘ഹൌദ്വിന്’ മുകളില്‍ ആയിരിക്കും.”

പദാനുപദ അര്‍ഥം

مَا بَيْنَ             :         ഇടയിലുള്ളത്

بَيْتِي               :         എന്റെ വീട്

مِنْبَرِي            :         എന്റെ മിമ്പര്‍

رَوْضَةٌ            :         പൂന്തോട്ടം/പൂന്തോപ്പ്‌

رِيَاضِ            :         പൂന്തോട്ടങ്ങള്‍/പൂന്തോപ്പുകള്‍

الجَنَّةِ              :         സ്വര്‍ഗം

حَوْضِي           :         എന്റ ഹൌദ്വ്

തഖ്രീജ്

ബുഖാരി: 1196 (ഖബ്റിനും മിമ്പറിനും ഇടയിലുള്ളതിന്റെ ശ്രേഷ്ഠത വിശദീകരിക്കുന്ന അദ്ധ്യായം)

മുസ്‌ലിം: 1391 (ഖബറിനും മിമ്പറിനും ഇടയിലുള്ളത് സ്വര്‍ഗത്തിലെ പൂന്തോപ്പുകളില്‍ ഒരു പൂന്തോപ്പാണ് എന്നത് വിശദീകരിക്കുന്ന അദ്ധ്യായം)

പാഠങ്ങള്‍

1. ഹദീസിന്റെ ആശയം:

നബി -ﷺ- യുടെ വീടിനും അവിടുത്തെ ഖബറിനും ഇടയിലുള്ള സ്ഥലത്തിന്റെ ശ്രേഷ്ഠതയും, അവിടെയുള്ള സുന്നത്തായ ഇബാദതുകള്‍ക്ക് പ്രത്യേക പ്രതിഫലവും ഉണ്ടെന്ന് സൂചിപ്പിക്കുന്ന ഹദീസാണ് ഇത്. മദീനയില്‍ മസ്ജിദുന്നബവിയിലാണ് ഹദീസില്‍ പരാമര്‍ശിക്കപ്പെട്ട സ്ഥലം നിലകൊള്ളുന്നത്.

നബി -ﷺ- യുടെ ജീവിത കാലത്ത് അവിടുന്ന് പറഞ്ഞത്: “എന്റെ വീടിനും മിമ്പറിനും ഇടയില്‍” എന്നായിരുന്നെങ്കില്‍ പില്‍ക്കാലത്ത് പലരും “വീടിനും ഖബറിനും ഇടയില്‍” എന്നു പറയാന്‍ ആരംഭിച്ചു. കാരണം നബി -ﷺ- യുടെ വീട്ടില്‍ തന്നെയാണ് അവിടുന്ന് ഖബറടക്കപ്പെട്ടത്.

മേല്‍ പറയപ്പെട്ട പ്രദേശം -നബി -ﷺ- യുടെ വീടിനും മിമ്പറിനും ഇടയിലുള്ള സ്ഥലം- സ്വര്‍ഗത്തിലെ പൂന്തോപ്പുകളില്‍ ഒന്നാണെന്ന വിശേഷണം എന്താണ് അര്‍ത്ഥമാക്കുന്നത് എന്നതില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്:

1- ചിലര്‍ പറഞ്ഞു: ഇത് ആലങ്കാരികമായ പ്രയോഗമാണ്. ഹദീസില്‍ പരാമര്‍ശിക്കപ്പെട്ട സ്ഥലത്ത് നിന്ന് ചെയ്യുന്ന ഇബാദതുകള്‍ക്ക് പ്രത്യേക പ്രതിഫലമുണ്ടെന്നും, അവ സ്വര്‍ഗത്തിലേക്ക് നയിക്കുമെന്നും ആലങ്കാരികമായി സൂചിപ്പിക്കുകയാണ് ഈ ഹദീസില്‍.

2- മറ്റു ചിലര്‍ പറഞ്ഞു: ഹദീസില്‍ പരാമര്‍ശിക്കപ്പെട്ട ഈ സ്ഥലം അന്ത്യനാളില്‍ സ്വര്‍ഗത്തിലേക്ക് നീക്കപ്പെടും. ഭൂമിയിലെ ഈ സ്ഥലം നാളെ സ്വര്‍ഗത്തിലും ഉണ്ടായിരിക്കും. ഹദീസിന്റെ ബാഹ്യാര്‍ത്ഥത്തോട് കൂടുതല്‍ യോജിക്കുന്നത് ഇതാണ്. വല്ലാഹു അഅലം.

“എന്റെ മിമ്പര്‍ എന്റെ ഹൌദ്വിന് മുകളിലാണ്” എന്നതിനും വ്യത്യസ്ത വിശദീകരണങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്.

1- ചിലര്‍ പറഞ്ഞു: നബി -ﷺ- യുടെ മിമ്പര്‍ നിന്നിരുന്ന സ്ഥലത്ത് നിന്നുള്ള ഇബാദത്തിനു പ്രത്യേക പ്രതിഫലം ഉണ്ടായിരിക്കും. അതില്‍ പെട്ടതാണ് ‘ഹൌദ്വില്‍’ നിന്ന് വെള്ളം കുടിക്കാന്‍ കഴിയുമെന്നത്. ഇതിന്റെ സൂചനയാണ് ഹദീസ് ഉള്‍ക്കൊള്ളുന്നത്.

2- മറ്റു ചിലര്‍ പറഞ്ഞു: നബി -ﷺ- യുടെ മിമ്പറും മസ്ജിദും അടക്കമുള്ള സ്ഥലം നാളെ അല്ലാഹു -تَعَالَى- അവിടുത്തേക്ക് നല്‍കുന്ന ഹൌദ്വില്‍ പെട്ടതായിരിക്കും. ഇതാണ് കൂടുതല്‍ ശരിയായി മനസ്സിലാകുന്നത്. വല്ലാഹു അഅലം.

2. ഹദീസ് പ്രാവര്‍ത്തികമാക്കേണ്ടത് എങ്ങനെ?

മേലെ പറഞ്ഞതു പോലെ: റൌദ്വയുടെ സ്ഥലത്ത് ഇബാദത് ചെയ്യുന്നതിന് ശ്രേഷ്ഠതയുണ്ട് എന്നാണ് ഈ ഹദീസിന്റെ ഉദ്ദേശങ്ങളില്‍ ഒന്ന്. അതിനാല്‍ തന്നെ അവിടെ വെച്ചുള്ള സുന്നത്ത് നിസ്കാരങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും പ്രത്യേകം പ്രതിഫലത്തില്‍ വര്‍ദ്ധനവുണ്ട്. റൌദ്വയില്‍ നിന്ന് -മറ്റുള്ളവരെ പ്രയാസപ്പെടുത്താതെയും, കഠിനമായ ബുദ്ധിമുട്ട് അനുഭവിക്കാതെയും- സുന്നത്ത് നിര്‍വ്വഹിക്കാന്‍ കഴിയുമെങ്കില്‍ നിര്‍വ്വഹിക്കുക.

നബി -ﷺ- യുടെ കാലത്ത് അവിടുത്തെ മിമ്പറിനും വീടിനും ഇടയില്‍ എന്നു പറയുമ്പോള്‍ അതിന്റെ തുടക്കം മസ്ജിദുന്നബവിയിലെ ഒന്നാമത്തെ സ്വഫ്ഫ് മുതലായിരുന്നു. എന്നാല്‍ പില്‍ക്കാലഘട്ടത്തില്‍, ഉഥ്മാന്‍ -ِرَضِيَ اللَّهُ عَنْهُ- വിന്റെ ഭരണത്തില്‍ മസ്ജിദുന്നബവി മുന്നിലേക്ക് കൂടുതല്‍ വിശാലമുള്ളതാക്കി. അതോടെ, ഒന്നാമത്തെ സ്വഫ്ഫും കഴിഞ്ഞാണ് റൌദ്വ ആരംഭിക്കുക.

അതിനാല്‍ ഫര്‍ദ്വ് നിസ്കാരങ്ങള്‍ക്ക് നില്‍ക്കുമ്പോള്‍ റൌദ്വയില്‍ നില്‍ക്കുന്നതിനല്ല കൂടുതല്‍ മുന്‍ഗണന; മറിച്ചു ഒന്നാമത്തെ സ്വഫ്ഫില്‍ നില്‍ക്കുന്നതിനാണെന്ന് പ്രത്യേകം മനസ്സിലാക്കണം. സ്വഹാബികള്‍ അപ്രകാരമായിരുന്നു ചെയ്തിരുന്നത്. അവര്‍ ആദ്യ സ്വഫ്ഫ് കിട്ടുന്നതിനായിരുന്നു മുന്‍ഗണന നല്‍കിയിരുന്നത്; അല്ലാതെ റൌദ്വയില്‍ സ്ഥലം പിടിക്കുന്നതിന് അല്ലായിരുന്നു.

3. എവിടെയാണ് ശ്രേഷ്ഠം; മക്കയോ മദീനയോ?

ഭൂമിയില്‍ ഉള്ള സ്ഥലങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ സ്ഥലം മക്കയും മദീനയുമാണ്‌ എന്നതില്‍ പണ്ഡിതന്മാര്‍ ഒരുമിച്ചിരിക്കുന്നു. എന്നാല്‍ ഇവ രണ്ടിലും ഏതാണ് കൂടുതല്‍ ശ്രേഷ്ഠം എന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ട്.

ചിലര്‍ മേലെ നാം നല്‍കിയ; റൌദ്വയുടെ ശ്രേഷ്ഠത വിശദീകരിക്കുന്ന ഹദീസ് തെളിവ് പിടിച്ചു കൊണ്ട് മക്കയെക്കാള്‍ ശ്രേഷ്ഠത മദീനക്കാണ് എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. കാരണം, റൌദ്വ മദീനയിലാണ്. അതാകട്ടെ; സ്വര്‍ഗത്തിലെ പൂന്തോപ്പുമാണ്. സ്വര്‍ഗത്തില്‍ ഒരു ചാണ്‍ വെക്കാനുള്ള സ്ഥലം ദുനിയാവും അതിലുള്ളതിനെക്കാളും ശ്രേഷ്ഠവുമാണ്. അതിനാല്‍ മദീനയാണ് ശ്രേഷ്ഠം. ഇങ്ങനെ പോകുന്നു അവരുടെ ന്യായം.

എന്നാല്‍ -വല്ലാഹു അഅലം- മക്കയാണ് മദീനയെക്കാള്‍ അല്ലാഹുവിന് പ്രിയങ്കരമെന്നും, മദീനയെക്കാള്‍ ശ്രേഷ്ഠത മക്കക്കാണെന്നും തെളിയിക്കുന്ന ഹദീസുകള്‍ വേറെ വന്നിട്ടുണ്ട്. ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായവും അത് തന്നെയാണ്.

കാരണം ഖുര്‍ആനില്‍ പല തവണ പരാമര്‍ശിക്കപ്പെട്ട നാടും, മുസ്‌ലിമീങ്ങളുടെ ഖിബ്ലയും, കഅബ നിലകൊള്ളുന്ന സ്ഥലവും, സംസമും ഹജറുല്‍ അസ്വദും, സ്വഫയും മര്‍വ്വയും ഉള്‍ക്കൊള്ളുന്നതും മക്കയില്‍ ആണ്. അവിടെയാണ് നബി -ﷺ- ക്ക് ആദ്യമായി വഹ് യ് അവതരിച്ചത്.

ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം നിര്‍ബന്ധമായ ഹജ്ജ് നിര്‍വ്വഹിക്കുന്നതിന് അവന്‍ പോകേണ്ടതും മക്കയിലേക്കാണ്. മദീനയില്‍ പോവുക എന്നത് അവന്റെ മേല്‍ ഈ നിലക്ക് നിര്‍ബന്ധമല്ല. നബി -ﷺ- മദീനയെക്കാള്‍ കൂടുതല്‍ കാലം വസിച്ചതും മക്കയിലാണ്. പതിമൂന്ന് കൊല്ലം. മദീനയില്‍ പത്തു കൊല്ലവും.

മേല്‍ പറഞ്ഞതില്‍ നിന്ന് നമ്മുടെ നാട്ടിലുള്ള വിവരമില്ലാത്ത പാമര ജനങ്ങള്‍ ചെയ്തു കൂട്ടുന്ന അബദ്ധങ്ങള്‍ മനസ്സിലാകും. ഹജ്ജിന് പോകുമ്പോള്‍ പോലും പലര്‍ക്കും മക്കയെക്കാള്‍ പ്രിയങ്കരം മദീനയാണ്. നബി -ﷺ- യുടെ ഖബര്‍ സന്ദര്‍ശിക്കുക എന്നതിനെക്കാള്‍ വലിയ ആഗ്രഹം അവര്‍ക്കില്ല. എന്നാല്‍ മദീനയെ സ്നേഹിക്കേണ്ടതില്ല എന്നല്ല ഈ പറഞ്ഞതിന്റെ അര്‍ഥം. ഒരു മുസ്‌ലിമിന് എങ്ങനെയാണ് മദീനയെ സ്നേഹിക്കാതിരിക്കാനാവുക?! എന്നാല്‍ സ്നേഹവും ഇഷ്ടവുമെല്ലാം അല്ലാഹുവിന്റെ ദീന്‍ പഠിപ്പിച്ചു നല്‍കിയതിന്റെയും, തെളിവുകളുടെയും അടിസ്ഥാനത്തില്‍ ആയിരിക്കണമെന്ന് മാത്രം. വല്ലാഹു അഅലം.

4. നബി -ﷺ- യുടെ വീട്:

അല്ലാഹു -تَعَالَى- യുടെ വഹ് യ് നിരന്തരം ഇറങ്ങിയ ഇടം. നബി -ﷺ- യുടെ സുന്നത്തുകള്‍ അനേകം അവിടെ നിന്നാണ് ജനങ്ങള്‍ മനസ്സിലാക്കിയത്. പരിശുദ്ധരായ അവിടുത്തെ ഭാര്യമാര്‍ ജീവിച്ചത് അവിടെയാണ്. ഇസ്‌ലാമിലെ എത്രയോ നിയമങ്ങള്‍ ആരംഭിച്ചതും അവിടെ നിന്നു തന്നെ.

അവിടുത്തെ വീടിനെ കുറിച്ച് അല്ലാഹുവിന്റെ ഖുര്‍ആനില്‍ പരാമര്‍ശമുണ്ട് എന്നത് മാത്രം മതി അതിന്റെ മഹത്വം വ്യക്തമാകാന്‍. അല്ലാഹു -تَعَالَى- പറഞ്ഞു:

«إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنْكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا * وَاذْكُرْنَ مَا يُتْلَى فِي بُيُوتِكُنَّ مِنْ آيَاتِ اللَّهِ وَالْحِكْمَةِ»

“നബിയുടെ വീട്ടുകാരേ! നിങ്ങളില്‍ നിന്ന് മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്‌. നിങ്ങളുടെ വീടുകളില്‍ വെച്ച് ഓതികേള്‍പിക്കപ്പെടുന്ന അല്ലാഹുവിന്റെ ആയതുകളും ഹിക്മതും (സുന്നത്ത്) നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുക.” (അഹ്സാബ്: 33-34)

നന്മകള്‍ ധാരാളം ചെയ്യപ്പെട്ട സ്ഥലങ്ങള്‍ക്ക് അല്ലാഹുവിന്റെ ദീനില്‍ പ്രത്യേക പരിഗണനയുണ്ട് എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. മക്കയുടെയും മദീനയുടെയും ത്വൂര്‍ സീനാ പ്രദേശങ്ങളുടെയും മറ്റനേകം പ്രദേശങ്ങളുടെയും ചരിത്രത്തില്‍ അതു കാണാം.

ഇതിന് നേര്‍ വിപരീതമായി തിന്മകള്‍ ചെയ്യപ്പെട്ട പ്രദേശങ്ങള്‍ക്കും ഇസ്‌ലാമില്‍ മോശം പരിഗണനയുണ്ട്. അല്ലാഹുവിനെ ധിക്കരിച്ച അനേകം നാടുകള്‍ പിന്നീട് ജനവാസമില്ലാത്ത, അല്ലാഹുവിന്റെ ശിക്ഷയും കോപവും ഓര്‍മ്മപ്പെടുത്തുന്ന നാടുകളായി മാറി. ലൂത്വ്‌ നബി -عَلَيْهِ السَّلَامُ- യുടെ നാടും, ആദ്-ഥമൂദ് ഗോത്രങ്ങള്‍ വസിച്ചിരുന്നയിടങ്ങളും ചില ഉദാഹരണങ്ങള്‍ മാത്രം.

പക്ഷേ ഈ പരിഗണനകളും പ്രത്യേകതകളും കേവല തോന്നലുകള്‍ക്കും, ഇഷ്ടങ്ങള്‍ക്കും അനുസരിച്ച് തീരുമാനിക്കേണ്ടതല്ല എന്ന കാര്യം ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.  മറിച്ചു, അവയുടെ അടിസ്ഥാനം ഖുര്‍ആനും സുന്നത്തും മാത്രമാണ്. വല്ലാഹു അഅലം.

5. നബി -ﷺ- യുടെ മിമ്പര്‍:

‘മിമ്പര്‍’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രസംഗിക്കുമ്പോള്‍ കയറി നില്‍ക്കുന്ന ഉയരമുള്ള പീഠമാണ്. നബി -ﷺ- യുടെ ഉപദേശങ്ങള്‍ ഉയര്‍ന്നു കേട്ടത് അവിടെ നിന്നായിരുന്നു. ജനങ്ങള്‍ക്ക് ഉപദേശങ്ങള്‍ നല്‍കേണ്ടി വന്നപ്പോള്‍ അവിടുന്ന് അതിന്റെ മുകളിലാണ് നിലയുറപ്പിച്ചത്.

ഹിജ്റ എട്ടാം വര്‍ഷമാണ്‌ നബി -ﷺ- യുടെ മിമ്പര്‍ പണി കഴിപ്പിക്കപ്പെട്ടത്. തടി കൊണ്ട് നിര്‍മ്മിക്കപ്പെട്ട മിമ്പറിന് മൂന്നു പടികള്‍ ഉണ്ടായിരുന്നു. നബി -ﷺ- അവിടുത്തെ ഖുതുബകള്‍ നിര്‍വ്വഹിക്കുകയും, സ്വഹാബികള്‍ക്ക് നിസ്കാരം പോലുള്ള കര്‍മ്മങ്ങള്‍ അവിടെ വെച്ച് പഠിപ്പിച്ചു നല്‍കുകയും ചെയ്യാറുണ്ടായിരുന്നു. പിന്നീട് മസ്ജിദുന്നബവിയില്‍ ഉണ്ടായ തീപിടുത്തം മിമ്പര്‍ കത്തി നശിക്കാന്‍ കാരണമായി.

നബി -ﷺ- യുടെ മിമ്പറുമായി ബന്ധപ്പെട്ട അത്ഭുതകരമായ ഒരു സംഭവം ഹദീസുകളില്‍ വന്നിട്ടുണ്ട്. അതിപ്രകാരമാണ്‌:

عَنْ جَابِرِ بْنِ عَبْدِ اللَّهِ -رَضِيَ اللَّهُ عَنْهُمَا-: أَنَّ امْرَأَةً مِنَ الأَنْصَارِ قَالَتْ لِرَسُولِ اللَّهِ -ﷺ-: يَا رَسُولَ اللَّهِ أَلاَ أَجْعَلُ لَكَ شَيْئًا تَقْعُدُ عَلَيْهِ، فَإِنَّ لِي غُلاَمًا نَجَّارًا قَالَ: «إِنْ شِئْتِ»، قَالَ: فَعَمِلَتْ لَهُ المِنْبَرَ، فَلَمَّا كَانَ يَوْمُ الجُمُعَةِ قَعَدَ النَّبِيُّ -ﷺ- عَلَى المِنْبَرِ الَّذِي صُنِعَ، فَصَاحَتِ النَّخْلَةُ الَّتِي كَانَ يَخْطُبُ عِنْدَهَا، حَتَّى كَادَتْ تَنْشَقُّ، فَنَزَلَ النَّبِيُّ -ﷺ- حَتَّى أَخَذَهَا، فَضَمَّهَا إِلَيْهِ، فَجَعَلَتْ تَئِنُّ أَنِينَ الصَّبِيِّ الَّذِي يُسَكَّتُ، حَتَّى اسْتَقَرَّتْ، قَالَ: «بَكَتْ عَلَى مَا كَانَتْ تَسْمَعُ مِنَ الذِّكْرِ»

ജാബിര്‍ -ِرَضِيَ اللَّهُ عَنْهُ- നിവേദനം: അന്‍സ്വാരികളില്‍ പെട്ട ഒരു സ്ത്രീ ഒരിക്കല്‍ നബി -ﷺ- യോട് പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ! അങ്ങേക്ക് ഇരിക്കാനായി എന്തെങ്കിലും ഞാന്‍ പണിതു തരട്ടെയോ? ആശാരിയായ ഒരു കുട്ടി എന്റെ കീഴിലുണ്ട്.”

നബി -ﷺ- പറഞ്ഞു: “നീ അങ്ങനെ ഉദ്ദേശിക്കുന്നെങ്കില്‍ (അപ്രകാരം ചെയ്യുക).” അങ്ങനെ അവര്‍ നബി -ﷺ-ക്ക് വേണ്ടി ഒരു മിമ്പര്‍ പണി കഴിപ്പിച്ചു.

ജുമുഅഃ ദിവസമായപ്പോള്‍ നബി -ﷺ- (അന്‍സ്വാരി സ്ത്രീ) പണി കഴിപ്പിച്ച മിമ്പറില്‍ കയറി. അപ്പോള്‍ അവിടുന്ന് (മുന്‍പ്) ഖുതുബ പറയുമ്പോള്‍ ചാരി നില്‍ക്കാറുണ്ടായിരുന്ന ഈന്തപ്പന തടി നിലവിളിച്ചു. അത് പൊട്ടിപ്പോകും എന്ന് തോന്നുന്നത് വരെ (അതിന്റെ ശബ്ദം ഉയര്‍ന്നു).

അപ്പോള്‍ നബി -ﷺ- മിമ്പറില്‍ നിന്ന് ഇറങ്ങുകയും, അതിനെ എടുക്കുകയും, തന്നോട് ചേര്‍ത്തു പിടിക്കുകയും ചെയ്തു. കരച്ചില്‍ അടക്കാന്‍ പ്രയാസപ്പെടുന്ന കുട്ടിയെ പോലെ അത് വിതുമ്പിക്കൊണ്ടിരുന്നു. അവസാനം (അതിന്റെ കരച്ചില്‍) നിലച്ചു.

അപ്പോള്‍ നബി -ﷺ- പറഞ്ഞു: “മുന്‍പ് കേള്‍ക്കാറുണ്ടായിരുന്ന ഉല്‍ബോധനം (ഇനി കേള്‍ക്കില്ലെന്നത് കൊണ്ടാണ്) അത് കരഞ്ഞത്.” (ബുഖാരി: 2095)

6. നബി -ﷺ- യുടെ ‘ഹൌദ്വ്‘:

വെള്ളം കെട്ടി നിര്‍ത്തുന്ന ഇടങ്ങള്‍ക്കാണ് ‘ഹൌദ്വ്’ എന്ന് അറബിയില്‍ പറയുക. മസ്ജിദുകളില്‍ ഇത്തരം സൌകര്യങ്ങള്‍ സാധാരണയായി കാണപ്പെടാറുണ്ട്. ഇവിടെ ഉദ്ദേശം നബി -ﷺ- യുടെ ഹൌദ്വാണ്. അവിടുത്തേക്ക്‌ പരലോകത്ത് നല്‍കപ്പെടുന്ന ആദരവുകളില്‍ ഒന്നാണ് ഇത്.

മഹ്ശറില്‍ -വിചാരണവേളയില്‍- നില്‍ക്കുന്ന സന്ദര്‍ഭത്തില്‍, മുഹമ്മദ്‌ നബി -ﷺ- യുടെ ഉമ്മത്ത്‌ -അവിടുത്തെ ദീനില്‍ വിശ്വസിച്ചവര്‍- അവര്‍ക്ക് ഈ ഹൌദ്വില്‍ നിന്ന് വെള്ളം നല്‍കപ്പെടും. ‘കൌഥര്‍’ എന്നു പേരുള്ള, സ്വര്‍ഗത്തിലെ നദിയില്‍ നിന്നാണ് അതിലേക്ക് വെള്ളം ഒഴുകി വരുന്നത്. ഇതു കാരണത്താലാണ് ‘ഹൌദ്വുല്‍ കൌഥര്‍’ എന്ന പേര് ഇതിന് വന്നത്.

‘ഹൌദ്വുല്‍ കൌഥറി’ന്റെ അനേകം വിശേഷണങ്ങള്‍ ഹദീസുകളില്‍ വന്നിട്ടുണ്ട്. ഒരു മാസം വഴിദൂരം യാത്ര ചെയ്യാവുന്നത്ര നീളവും വീതിയും ‘ഹൌദ്വുല്‍ കൌഥറി’ന് ഉണ്ടെന്നും, അതിന്റെ ഇരുകരകളിലും മുത്തുകളുണ്ടെന്നും, അതിലെ വെള്ളം പാലിനേക്കാള്‍ വെളുത്തതും, തേനിനെക്കാള്‍ മധുരമുള്ളതും, കസ്തൂരിയെക്കാള്‍ അതിന് സുഗന്ധമുണ്ടെന്നും, അതിലെ വെള്ളം കോരിയെടുക്കാന്‍ നക്ഷത്ര സമാനമായ പാത്രങ്ങള്‍ ഉണ്ടെന്നും നബി -ﷺ- അറിയിച്ച ഹദീസുകളില്‍ വന്നിട്ടുണ്ട്. ‘ഹൌദ്വി’ല്‍ നിന്ന് ഒരു തവണ വെള്ളം കുടിച്ചവര്‍ക്ക് പിന്നീടൊരിക്കലും ദാഹിക്കില്ലെന്നും നബി -ﷺ- അറിയിച്ചിട്ടുണ്ട്.

എന്നാല്‍ നബി -ﷺ- യുടെ ദീനില്‍ അവിടുന്നു പഠിപ്പിക്കാത്ത പുതിയ ആചാരങ്ങള്‍ പടച്ചുണ്ടാക്കിയ മുബ്തദിഉകള്‍ക്ക് –പുത്തനാചാരക്കാര്‍ക്ക്-, അവിടുത്തെ ദീനില്‍ നിന്ന് പുറത്തു പോയ മതഭ്രഷ്ടരായ ‘മുര്‍തദ്ദുകള്‍’ക്കും ഈ ‘ഹൌദ്വില്‍’ നിന്ന് വെള്ളം നല്‍കപ്പെടില്ല. രോഗം വന്ന ഒട്ടകങ്ങളെ ആട്ടിയകറ്റുന്നത് പോലെ അവരെ ആട്ടിയക്കറ്റും. അല്ലാഹു അവന്റെ റസൂലിന്റെ ‘ഹൌദ്വില്‍’ നിന്ന് വെള്ളം രുചിക്കുന്നവരില്‍ നമ്മെയും ഉള്‍പ്പെടുത്തുമാറാകട്ടെ.

7. നബി -ﷺ- യുടെ ഖബര്‍:

നബി -ﷺ- യുടെ ഖബറിനെ കുറിച്ച് ഹദീസില്‍ നേരെ പരാമര്‍ശം വന്നിട്ടില്ലെങ്കിലും, അവിടുത്തെ വീട് തന്നെയാണ് പിന്നീട് നബി -ﷺ- യുടെ ഖബറായി മാറിയത്. അതിനാല്‍ ഇപ്പോള്‍ റസൂല്‍ -ﷺ- യുടെ ഖബറിനും അവിടുത്തെ മിമ്പറിനും ഇടയിലാണ് റൌദ്വ എന്നു പറയാവുന്നതാണ്. നബി -ﷺ- യുടെ ഖബറിനെ കുറിച്ച് ചിലത്:

പലര്‍ക്കും അറിയാവുന്നത് പോലെ; നബി -ﷺ- യെ അവിടുത്തെ വീട്ടില്‍ തന്നെയാണ് മറമാടിയത്. കാരണം നബിമാര്‍ എവിടെയാണോ മരിച്ചത് അവിടെയാണ് മറ ചെയ്യപ്പെടേണ്ടത്.

ആദ്യ കാലത്ത് അവിടുത്തെ ഖബര്‍ മസ്ജിദിനു ഉള്ളില്‍ അല്ലായിരുന്നു. മസ്ജിദിന് തൊട്ടടുത്ത് തന്നെയായിരുന്നു ഖബര്‍ എന്നല്ലാതെ അത് മസ്ജിദിന് ഉള്ളിലേക്ക് ആരും പ്രവേശിപ്പിച്ചില്ല. കാലാന്തരങ്ങളില്‍ മസ്ജിദുന്നബവി പരിഷ്കരിക്കുമ്പോഴും ഖബര്‍ പുറത്തു തന്നെ നിലനിന്നു.

എന്നാല്‍ പിന്നീട് ഉമവി ഖലീഫയായ വലീദ് ബ്നു അബ്ദില്‍ മലിക് ബ്നു മര്‍വാന്‍ ആണ് നബി -ﷺ- യുടെ ഭവനം –അതോടൊപ്പം അവിടുത്തെ ഖബറും- മസ്ജിദിന്റെ ഉള്ളിലേക്ക് ചേര്‍ത്തത്. മസ്ജിദ് വികസിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ പ്രവര്‍ത്തനമെങ്കിലും ചില പണ്ഡിതന്മാര്‍ ശക്തമായി ഇതിനെ എതിര്‍ത്തിരുന്നു.

വലീദിന്റെ ഈ പ്രവൃത്തി തെറ്റാണെന്നതില്‍ സംശയമില്ല. ഈ തെറ്റില്‍ അദ്ദേഹത്തെ അംഗീകരിക്കുകയോ, അതിന്റെ അടിസ്ഥാനത്തില്‍ ഖബറുകള്‍ക്ക് മീതെ മസ്ജിദുകള്‍ പണിയാമെന്ന് വാദിക്കുകയോ ചെയ്യാവതല്ല. ഖബറുകള്‍ ഉള്ള മസ്ജിദില്‍ നിസ്കരിക്കരുതെന്ന നബി -ﷺ- യുടെ വ്യക്തമായ കല്‍പ്പനയെ എതിര്‍ക്കാന്‍ വലീദിന്റെ പ്രവൃത്തി കൊണ്ട് തെളിവ് പിടിക്കുന്നത് ശരിയല്ല.

കാരണം ഖബറുകള്‍ മസ്ജിദുകള്‍ ആക്കരുതെന്നതും, അവിടെ നിസ്കരിക്കരുതെന്നതും, അതിന്റെ ഗൌരവം ഗുരുതരമാണെന്നതും നബി -ﷺ- യുടെ ധാരാളക്കണക്കിന് ഹദീസുകളില്‍ വന്ന വിഷയമാണ്. അവയില്‍ ചിലത് ഈ ഹദീസിന്റെ അവസാന പാഠത്തിന് കീഴെ വായിക്കാവുന്നതാണ്. ഇന്‍ഷാ അല്ലാഹ്.

8. ‘റൌദ്വ’യില്‍ ജനങ്ങള്‍ ചെയ്തു കൂട്ടുന്ന അബദ്ധങ്ങള്‍:

റൌദ്വയുടെ പ്രാധാന്യവും അതിന്റെ ശ്രേഷ്ഠതയുമാണ് മേലെ നല്‍കിയ ഹദീസില്‍ ഉള്ളത്. നബി -ﷺ- യുടെ ഖബര്‍ റൌദ്വയുടെ അടുത്താണ് എന്നതിനാല്‍ മുസ്‌ലിമീങ്ങളില്‍ പലരും ഇത്തരം ഇടങ്ങളില്‍ ചെയ്തു കൂട്ടുന്ന അബദ്ധങ്ങള്‍ അനേകമാണ്. പ്രത്യേകിച്ച് ഖബര്‍ എന്നു കേട്ടാല്‍ ഉടനെ ബിദ്അതുകളും അന്ധവിശ്വാസങ്ങളുമായി ചാടിവീഴുന്ന ഖുബൂരികള്‍! സുന്നത്തുകള്‍ നിര്‍വ്വഹിക്കുന്നതിന് വേണ്ടി അനേകം വാജിബുകള്‍ ഒഴിവാക്കുകയും, പല തിന്മകളും ചെയ്യുന്ന ഇത്തരക്കാരുടെ വിവരമില്ലായ്മ സഹതാപമല്ലാതെ അര്‍ഹിക്കുന്നില്ല. റൌദ്വയില്‍ ജനങ്ങള്‍ ചെയ്തു കൂട്ടുന്ന ചില തിന്മകള്‍ താഴെ നല്‍കാം:

  1. റൌദ്വയില്‍ നിന്ന് നബി -ﷺ- യുടെ ഖബറിന്റെ ഭാഗത്തേക്ക് തിരിഞ്ഞിരിക്കുകയും, പ്രാര്‍ഥനകളിലും മറ്റും ഏര്‍പ്പെടുകയും ചെയ്യല്‍. അതിനെക്കാള്‍ ഗൌരവതരമാണ് അവിടേക്ക് തിരിഞ്ഞുള്ള നിസ്കാരവും മറ്റും. ഇവയെല്ലാം താഴെ നല്‍കിയിട്ടുള്ള ഹദീസുകളില്‍ ശക്തമായി ആക്ഷേപിക്കപ്പെട്ട കാര്യങ്ങളാണ്. ഇതില്‍ ചില പ്രവര്‍ത്തനങ്ങള്‍ -ചെയ്യുന്നവന്റെ വിശ്വാസം അനുസരിച്ച്- ഇസ്‌ലാമില്‍ നിന്ന് തന്നെ പുറത്തു പോകാനും, കാഫിറായി മരണപ്പെടാനും കാരണമാകും. അല്ലാഹു കാത്തു രക്ഷിക്കട്ടെ.
  2. റൌദ്വയില്‍ അനേക സമയം ഇരിക്കലും, മറ്റുള്ളവര്‍ക്ക് അവിടേക്ക് പ്രവേശിക്കാനും ഇരിക്കാനും കഴിയാത്ത രൂപത്തില്‍ തിരക്കുണ്ടാക്കലും. ചിലര്‍ റൌദ്വയില്‍ ഇരിക്കുന്ന മറ്റു മുസ്‌ലിംകളുടെ മുകളിലൂടെ കാലെടുത്തു വെച്ചും –ചിലപ്പോള്‍ അവരെ ചവിട്ടിയും കുത്തിയും വരെ- തങ്ങളുടെ സ്ഥലം നേടിയെടുക്കാന്‍ ശ്രമിക്കുന്നത് കാണാം. ഇതൊന്നും ഇസ്‌ലാമികമല്ല എന്നതില്‍ ഒരു സംശയവുമില്ല.
  3. ജമാഅത്ത് നിസ്കാരത്തില്‍ ആദ്യത്തെ സ്വഫ്ഫ് ഒഴിവാക്കുകയും, റൌദ്വയില്‍ തന്നെ നിലയുറപ്പിക്കുകയും ചെയ്യല്‍. ഇത് സ്വഹാബികളുടെയും മറ്റും ചര്യക്ക് കടക വിരുദ്ധമാണ്. ആദ്യത്തെ സ്വഫ്ഫിന്റെ ശ്രേഷ്ഠത അറിയിക്കുന്ന ഹദീസുകള്‍ അനേകം വന്നിരിക്കെ അവയെല്ലാം അവഗണിക്കുകയെന്നത് ശരിയല്ല. ഈ ഹദീസുകളെല്ലാം കേട്ട സ്വഹാബികള്‍ ആദ്യത്തെ സ്വഫ്ഫ് നേടിയെടുക്കാന്‍ പരിശ്രമിക്കാറുണ്ടായിരുന്നു എന്നത് എത്രയോ ഹദീസുകളില്‍ സ്ഥിരപ്പെട്ടതുമാണ്.

9- ഖബറില്‍ അതിരു കവിയരുത്:

ഖബറുകളുടെ കാര്യത്തില്‍ അതിരു കവിയുക എന്നത് ഈ ഉമ്മത്തിനെ ബാധിച്ചിരിക്കുന്ന ഫിത്‌നകളില്‍ ഏറ്റവും വലുതാണ്‌. നബി -ﷺ- യുടെ അനേകം ഹദീസുകള്‍ക്ക് എതിരാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. റൌദ്വയില്‍ പ്രവേശിക്കുന്ന പലരും നബി -ﷺ- യുടെ ഖബറിന്റെ പരിസരത്ത് അനേകം ശിര്‍ക്കന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുന്നത് മസ്ജിദുന്നബവിയിലെ സ്ഥിരം കാഴ്ചകളില്‍ ഒന്നാണ്.

എന്നാല്‍ മക്കയുടെയും മദീനയുടെയും പരിപാലകരായ, സഊദ് ഭരണകൂടം ഇത്തരം ശിര്‍ക്കുകളില്‍ നിന്ന് സമൂഹത്തെ രക്ഷിക്കാന്‍ നടത്തുന്ന പരിശ്രമം ഏതൊരു സുന്നത്തിന്റെ വക്താവിനെയും സന്തോഷിപ്പിക്കുന്നതാണ്. അല്ലാഹു -تَعَالَى- അവര്‍ക്ക് അതിന് തക്ക പ്രതിഫലം നല്‍കുകയും, അവരുടെ നന്മകള്‍ നിലനിര്‍ത്തുകയും, അതില്‍ വര്‍ദ്ധനവ് വരുത്തുകയും, അവരുടെ അബദ്ധങ്ങള്‍ ശരിയാക്കുകയും, അവര്‍ക്കെതിരെ കുതന്ത്രം നടത്തുന്നവരെ നശിപ്പിക്കുകയും ചെയ്യട്ടെ.

ഖബറുമായി ബന്ധപ്പെട്ട നബി -ﷺ- യുടെ ചില ഹദീസുകള്‍ ഇത്തരുണത്തില്‍ ഓര്‍മ്മപ്പെടുത്തട്ടെ.

عَنْ عَائِشَةَ، وَعَبْدِ اللَّهِ بْنِ عَبَّاسٍ قَالاَ: لَمَّا نَزَلَ بِرَسُولِ اللَّهِ -ﷺ- طَفِقَ يَطْرَحُ خَمِيصَةً لَهُ عَلَى وَجْهِهِ، فَإِذَا اغْتَمَّ بِهَا كَشَفَهَا عَنْ وَجْهِهِ، فَقَالَ وَهُوَ كَذَلِكَ: «لَعْنَةُ اللَّهِ عَلَى اليَهُودِ وَالنَّصَارَى، اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ» يُحَذِّرُ مَا صَنَعُوا.

  • ഇബ്‌നു അബ്ബാസും ആഇഷയും -ِرَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- ക്ക് മരണം ആസന്നമായപ്പോള്‍ അവിടുന്ന് ഒരു വിരിപ്പ് മുഖത്തേക്ക് ഇടാന്‍ ആരംഭിച്ചു. അവിടുത്തേക് ബോധം നഷ്ടപ്പെട്ടാല്‍ അത് മുഖത്ത് നിന്ന് നീക്കും. ഈ അവസ്ഥയിലായിരിക്കെ അവിടുന്ന് പറഞ്ഞു കൊണ്ടിരുന്നു: “അല്ലാഹു യഹൂദരെയും നസ്വാറാക്കളെയും ശപിക്കട്ടെ! അവര്‍ തങ്ങളുടെ നബിമാരുടെ ഖബറുകളെ ആരാധനാ കേന്ദ്രങ്ങളാക്കി.” ആഇഷ -ِرَضِيَ اللَّهُ عَنْهَا- പറയുന്നു: “നബി -ﷺ- അവര്‍ ചെയ്തതു പോലെ ചെയ്യുന്നതില്‍ നിന്ന് (തന്റെ സമൂഹത്തെ) താക്കീത് ചെയ്യുകയായിരുന്നു.” (ബുഖാരി: 435, മുസ്‌ലിം: 531)

عَنْ عَائِشَةَ أُمِّ المُؤْمِنِينَ، أَنَّ أُمَّ حَبِيبَةَ، وَأُمَّ سَلَمَةَ ذَكَرَتَا كَنِيسَةً رَأَيْنَهَا بِالحَبَشَةِ فِيهَا تَصَاوِيرُ، فَذَكَرَتَا لِلنَّبِيِّ -ﷺ- فَقَالَ: «إِنَّ أُولَئِكَ إِذَا كَانَ فِيهِمُ الرَّجُلُ الصَّالِحُ فَمَاتَ، بَنَوْا عَلَى قَبْرِهِ مَسْجِدًا، وَصَوَّرُوا فِيهِ تِلْكَ الصُّوَرَ، فَأُولَئِكَ شِرَارُ الخَلْقِ عِنْدَ اللَّهِ يَوْمَ القِيَامَةِ»

  • ആഇഷ -ِرَضِيَ اللَّهُ عَنْهَا- നിവേദനം: അബ്സീനിയില്‍ ഞങ്ങള്‍ കണ്ട ഒരു നസ്വ്റാനി പള്ളിയെ കുറിച്ചും അതിലുള്ള ചിത്രങ്ങളെ കുറിച്ചും, ഉമ്മു ഹബീബയും ഉമ്മു സലമയും നബി -ﷺ- യുടെ സാന്നിധ്യത്തില്‍ -അവിടുന്ന് രോഗിയായിരിക്കെ- സ്മരിക്കുകയുണ്ടായി. അപ്പോള്‍ നബി -ﷺ- പറഞ്ഞു: “തീര്‍ച്ചയായും അക്കൂട്ടര്‍; അവരില്‍ ഒരു സല്‍കര്‍മ്മിയായ വ്യക്തി മരണപ്പെട്ടാല്‍ അയാളുടെ ഖബറിന് മീതെ മസ്ജിദ് (ആരാധനാ കേന്ദ്രം) പണിയുകയും, അവിടെ (നിങ്ങള്‍ കണ്ടതു പോലുള്ള) ചിത്രങ്ങള്‍ വരച്ചു വെക്കുകയും ചെയ്യും. ഖിയാമത് നാളില്‍ അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും മോശം കൂട്ടര്‍ അവരാണ്.” (ബുഖാരി: 427, മുസ്‌ലിം: 528)

عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا، عَنِ النَّبِيِّ -ﷺ- قَالَ فِي مَرَضِهِ الَّذِي مَاتَ فِيهِ: «لَعَنَ اللَّهُ اليَهُودَ وَالنَّصَارَى، اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسْجِدًا»، قَالَتْ: وَلَوْلاَ ذَلِكَ لَأَبْرَزُوا قَبْرَهُ غَيْرَ أَنِّي أَخْشَى أَنْ يُتَّخَذَ مَسْجِدًا.

  • ആഇഷ -ِرَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- അവിടുന്ന് മരണപ്പെടാന്‍ കാരണമായ അസുഖത്തില്‍ കിടക്കവെ പറഞ്ഞു: “അല്ലാഹു യഹൂദരെയും നസ്വ്റാനികളെയും ശപിക്കട്ടെ; അവര്‍ തങ്ങളുടെ നബിമാരുടെ ഖബറുകളെ മസ്ജിദുകള്‍ (ആരാധനാ കേന്ദ്രങ്ങള്‍) ആക്കി.” ആഇഷ -ِرَضِيَ اللَّهُ عَنْهَا- പറയുന്നു: “ഇക്കാര്യം (ഭയന്നിരുന്നി) ല്ലെങ്കില്‍ നബി -ﷺ- യുടെ ഖബര്‍ (എല്ലാവര്‍ക്കും) കാണാവുന്ന രൂപത്തില്‍ പുറത്തേക്ക് പ്രകടമാക്കുമായിരുന്നു. എന്നാല്‍, അത് മസ്ജിദായി മാറ്റപ്പെടുമോ എന്ന് ഞാന്‍ ഭയക്കുന്നതിനാലാണ് അപ്രകാരം ആകാതിരുന്നത്.” (ബുഖാരി: 1330)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ -ﷺ-: «اللهُمَّ لَا تَجْعَلْ قَبْرِي وَثَنًا، لَعَنَ اللَّهُ قَوْمًا اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ»

  • അബൂ ഹുറൈറ -ِرَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “അല്ലാഹുവേ! എന്റെ ഖബറിനെ നീ ഒരു വിഗ്രഹമാക്കരുതേ! തങ്ങളുടെ നബിമാരുടെ ഖബറുകളെ ആരാധനാ കേന്ദ്രങ്ങളാക്കി ഒരു സമൂഹത്തെ അല്ലാഹു ശപിക്കട്ടെ!” (അഹമദ്: 2/246)

عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «لَا تَجْعَلُوا بُيُوتَكُمْ قُبُوراً، وَلَا تَجْعَلُوا قَبْرِي عِيداً، وَصَلُّوا عَلَيَّ فَإِنَّ صَلَاتَكُمْ تَبْلُغُنِي حَيْثُمَا كُنْتُمْ»

  • അബ്ബാസ് -ِرَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “നിങ്ങള്‍ എന്റെ ഖബറിനെ ആഘോഷ സ്ഥലമാക്കരുത്! നിങ്ങളുടെ വീടുകള്‍ ഖബറുകള്‍ ആക്കുകയുമരുത്! നിങ്ങള്‍ എന്റെ മേല്‍ സ്വലാത് ചൊല്ലുക; നിങ്ങള്‍ എവിടെയാണെങ്കിലും നിങ്ങളുടെ സ്വലാതും സലാമും എനിക്ക് എത്തുന്നതാണ്.” (ഇബ്‌നു അബീ ശൈബ: 2/83)

മേലെ നല്‍കിയവയില്‍ ഓരോ ഹദീസുകളും റസൂലുള്ളയെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഏതൊരാളെയും ഖബറുമായി ബന്ധപ്പെട്ട അനാചാരങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ മതിയായതാണ്. അപ്പോള്‍ ഈ ഹദീസുകള്‍ മുഴുവനും വായിച്ചവരുടെ അവസ്ഥ എന്തായിരിക്കണം?! മേലെ നല്‍കിയ ഹദീസുകളില്‍ ഈ വിഷയത്തില്‍ വന്ന ചില ഹദീസുകള്‍ മാത്രമാണെന്നും, മുഴുവനുമല്ലെന്നും മനസ്സിലാക്കുന്നവന്റെ അവസ്ഥ അപ്പോള്‍ എന്തായിരിക്കും?!

എന്നാല്‍ നമ്മുടെ നാട്ടിലും മറ്റു പല നാടുകളിലുമുള്ള അവസ്ഥ എത്ര ഭയാനകമാണ്! ഖബറുകളുമായി ബന്ധപ്പെട്ട അനാചാരങ്ങള്‍ എത്ര വ്യാപകമായിരിക്കുന്നു! അജ്മീറിലും മമ്പുറത്തും മറ്റു ദര്‍ഗകളിലും ജാറങ്ങളിലും മഖാമുകളിലും സംഭവിക്കുന്നത് മേല്‍ ഹദീസുകളില്‍ ആക്ഷേപിക്കപ്പെട്ട തനിച്ച തിന്മകളല്ലാതെ മറ്റെന്താണ്?

റസൂലുല്ലയോടുള്ള നിന്റെ സ്നേഹം യഥാര്‍ത്ഥമാണെങ്കില്‍ അവ പിന്‍പറ്റുക! അല്ലാഹു എനിക്കും നിനക്കും മുസ്‌ലിമീങ്ങള്‍ക്കേവര്‍ക്കും ഹിദായത്ത് നല്‍കുമാറാകട്ടെ!

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

  • നിശ്ചയം ഈമാൻ മദീനയിലേക്ക് ചുരുണ്ടകൂടുമെന്ന ഹദീസ് അറിയുമല്ലോ? പിന്നെ എന്തിനാണ് മദീനയേ സ്നേഹിക്കുന്നവരോട് ഒരു പുച്ഛം?

Leave a Comment